റസൂല്‍

ആര്‍. കെ. ശ്രീകുമാര്‍ പൂജപ്പുര

2019 ജൂണ്‍ 29 1440 ശവ്വാല്‍ 26

മക്കതന്‍ മണ്ണില്‍ പൂത്തു വിടര്‍ന്നൊരു

മുത്ത് റസൂല് തന്റെ

മാതൃകായോഗ്യമാം ജീവിത മാര്‍ഗമെന്‍

മാനസം കീഴടക്കുന്നു!

മാതാവും താതനുമില്ലാതെ ജീവിത

പാതയില്‍ മുന്നോട്ടു നീങ്ങി

സത്യവും സല്‍ഗുണമേറെ നിറഞ്ഞൊരാ

സത്യസ്വരൂപന്റെ ദാസന്‍.

ഹിറാ ഗുഹയിലന്നേകനായ് കഴിയവെ

എത്തി ജിബ്‌രീല്‍ മലക്ക്

അന്നു മുതല്‍ നബിയായി മുഹമ്മദോര്‍

എന്നും വഴികാട്ടിയായി

അല്ലാന്റെ കാരുണ്യമാര്‍ഗത്തെ കാട്ടിയീ

അവനിയില്‍ മര്‍ത്യരെ മാറ്റി.

ആ സത്യമാര്‍ഗത്തെ മുറുകെ പിടിക്കുവാന്‍

അന്ന് സഹിച്ചേറെ ത്യാഗം

അല്ലാഹുവല്ലാതെ ഇല്ല ഇലാഹെന്ന്

ഉച്ചത്തിലുദ്‌ഘോഷമായി.

അന്ധവിശ്വാസങ്ങള്‍, അന്ധമാം ശത്രുത

എല്ലാം വെടിയുവാനോതി,

വിശ്വസ്തനെന്ന് വിളിച്ചവര്‍ പോലുമെ

ശത്രുക്കളായ് മാറി നാട്ടില്‍!

മക്കത്തെയാളുകള്‍ ശത്രുതയേറ്റവെ

മദീനക്കാരേകി സഹായം.

മക്കാവിജയത്തിലൂടെയവസാനം

ശിര്‍ക്കിന്റെ കോട്ട തകര്‍ന്നു.

ലോകാവസാനത്തിന്‍ കാലംവരേക്കുമാ

ദൂതന്റെ നാമം മുഴങ്ങുമെങ്ങും.

ലോകര്‍ക്കതുല്യമാം മാതൃകയാകുമാ

സ്‌നേഹവും ഭൂവില്‍ പരക്കും.