മരണമെത്തുമ്പോള്‍

ഷുക്കൂര്‍ കടലുണ്ടി

2019 സെപ്തംബര്‍ 07 1441 മുഹര്‍റം 08

പരലോക ചിന്ത മനസ്സില്‍ നിറയണം

പരന്‍വിധി എന്തെന്നറിഞ്ഞു നടക്കണം

വാനവും ഭൂമിയും സൃഷ്ടിച്ച നാഥനെ

വിനയത്താല്‍ എപ്പോഴുമോര്‍ത്തു കഴിയണം

നന്മകളെല്ലാതും വാരിപ്പുണരണം

തിന്മകളപ്പാടെ വെടിയാന്‍ കഴിയണം

ആവേശമെല്ലാതും കൈവിട്ടുപോകുന്ന

അവസാന നാളുണ്ട് നമ്മള്‍ക്കറിയണം

വെട്ടിപ്പിടിച്ചതും കുത്തിനോവിച്ചതും

വേണ്ടായിരുന്നു എന്നന്നേരമോര്‍ത്തിടും

കെട്ടിപ്പടുത്തതാം കോട്ടകളൊക്കെയും

ശീട്ടുകൊട്ടാരമായ് മാറുമെന്നറിയണം

വേണ്ടാ പണമന്ന്, വേണ്ടാ സ്വന്തക്കാരും

വേണ്ടതോ ജീവിതം തന്നെയീ ഭൂമിയില്‍!

'അല്‍പനേരത്തേക്ക് നീട്ടിത്തരേണമേ

അല്‍പം വിടാതെ ഞാന്‍ നന്മകള്‍ ചെയ്തിടാം'

മരണമെത്തും നേരം ഇങ്ങനെയാര്‍ത്തിടും

മര്‍ത്യര്‍ക്ക് രക്ഷയായ് ഇല്ലയന്നാരുമെ!

വൈകിപ്പോയ്, കാര്യമില്ലാര്‍ക്കുമാ വേളയില്‍

വിലപിച്ചതു മാത്രം മിച്ചമായ് മാറിടും

നാഥന്റെ നിശ്ചയം തന്നെ നടന്നിടും

നന്നായി ജീവിച്ചാല്‍ നേട്ടങ്ങള്‍ കൊയ്തിടാം