തണല്‍

നദ ജബീന്‍ സി.പി

2019 ജൂലായ് 13 1440 ദുല്‍ക്വഅദ് 10

മനുഷ്യന്‍ അങ്ങനെയാണ്...

ഇരുന്നിടം മുറിക്കുക ഒരു ലഹരിയാണവന്ന്!

സ്വാര്‍ഥതയെന്ന വാളിനാല്‍

പുഞ്ചിരിയെന്ന ചതിയാല്‍

പതിയെ അവന്‍ വേരറുത്ത് തുടങ്ങും

നാലാള്‍ കാണ്‍കെ ഒരു മരം നടാനും

ഇരുചെവിയറിയാതെ നൂറെണ്ണം വെട്ടാനും

മിടുക്കുള്ളവന്‍...!

തണലിന് വിലപറയുന്നവന്‍

ചുമലില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ചുമക്കാന്‍ കരുത്തുള്ളവന്‍

പരന്നു കിടക്കുന്ന സമയത്തെ നോക്കി ആശവെക്കുന്നവന്‍

ഹോള്‍ബ്രിക്‌സിട്ട് മിനുക്കിയ മുറ്റത്ത്

ഇനിയൊരു പുല്ലും മുളക്കുന്നില്ലെന്ന് കണ്ട്

ആശ്വാസം കൊണ്ടവന്‍

തിരക്കിനിടയില്‍ കരിഞ്ഞുണങ്ങിയ മാവിനെയോ

അണ്ണാന്‍ കുഞ്ഞിന്റെ രോദനത്തെയോ

കേള്‍ക്കാന്‍ മറന്നവന്‍

മക്കള്‍ മണ്ണിലൊന്നിറങ്ങിയാല്‍

ബാക്ടീരിയയെന്ന് പറഞ്ഞ് കണ്ണുരുട്ടുന്നവന്‍.

ശിതീകരിച്ച മുറിയില്‍ അവന്‍

ചൂടറിഞ്ഞില്ല

മഴയോ വെയിലോ അവനിന്ന്

ഓര്‍മയില്ല...

ഇന്ന് കുടയോ തണലോ

ഇല്ലാതെ ഒറ്റക്കിരിക്കുന്നുണ്ടവന്‍

ഒരു തൈ നടൂ എന്ന്

പറയാതെ പറഞ്ഞു കൊണ്ട്...