ഒഴുക്കിനെതിരെ...

ഉസ്മാന്‍ പാലക്കാഴി

2019 മാര്‍ച്ച് 02 1440 ജുമാദല്‍ ആഖിര്‍ 25

പാരിന്ന് ഭാരമായ് തീരാതിരിക്കുക

പോരിന്നിറങ്ങുക തിന്മയ്‌ക്കെതിരിലായ്

ഭാരം വഹിക്കുവാനാവതുണ്ടാകുമ്പോള്‍

കാര്യബോധത്താല്‍ കണ്‍തുറന്നീടുക

ഒഴുക്കിനൊപ്പം നീന്തല്‍ സുഖമത്രെ

എതിരിലായ് നീന്തുന്നതേറെ പ്രയാസമാം

ഒഴുക്കിനൊപ്പം നീങ്ങുന്ന ചണ്ടിയായ്

മാറുന്ന ജന്മമായ് തീരാതിരിക്കുക

ആശവേണ്ടാരെങ്കിലും വന്നുണര്‍ത്തുവാന്‍

ആലസ്യമൊക്കെയും മാറ്റിവെച്ചീടുക

ജാതി മതത്തിന്റെ, വര്‍ഗ വര്‍ണത്തിന്റെ

പേരിലുള്ളക്രമപ്പേക്കൂത്ത് കാണുമ്പോള്‍...

കക്ഷി രാഷ്ട്രീയത്തില്‍ മറപറ്റി മര്‍ത്യന്റെ

നെഞ്ചില്‍ കഠാരകളാഴ്ത്തുന്ന കാണുമ്പോള്‍...

പശുവിനെ കൊന്നെന്ന പേരില്‍ മനുജനെ

പേപ്പട്ടി പോല്‍ തല്ലിക്കൊല്ലുന്ന കാണുമ്പോള്‍...

മൗനവും പാലിച്ചിരിക്കുന്ന മൂഢരായ്

കാലം കഴിച്ചിടുന്നോരറിഞ്ഞീടണം

അപരന്റെ നെഞ്ചില്‍ തുളക്കും കഠാരകള്‍

നമ്മിലേക്കെത്തില്ലെന്നാരും നിനയ്ക്കല്ലെ

നീതിക്കു വേണ്ടി നിലകൊള്ളുക നമ്മള്‍

നന്മയാല്‍ ജീവിതം സമ്പന്നമാക്കുക.