അവസാനത്തെ പേജ്

അബൂ ഫായിദ

2019 മാര്‍ച്ച് 23 1440 റജബ് 16

കാലമേയഭംഗുരം നിന്‍രഥമുരുളുന്നു

കാലുകളിടറി ഞാന്‍ നിന്‍കൂടെ ചരിക്കുന്നു

ബാല്യവും കൗമാരവും യൗവനമതും നീങ്ങി

വാര്‍ധക്യപ്പടിവാതില്‍ കടന്നു കഴിഞ്ഞു ഞാന്‍

പിന്നിട്ട ദശകളെന്‍ ചിന്തയില്‍ വരുന്നേരം

എന്നിലെ മോഹപ്പക്ഷി ചിറകു വിടര്‍ത്തുന്നു

തിരിച്ചു വരുമോയെന്‍ കുഞ്ഞിളം ബാല്യമിനി

വെണ്ണിലാവിന്റ നിറ പുഞ്ചിരി പൊഴിക്കുവാന്‍

വര്‍ണങ്ങള്‍ നിറഞ്ഞതാം ചാപല്യക്കൗമാരമേ

നിര്‍ഗമിച്ചല്ലോ നീയും, ചാരെ വന്നണയുമോ?

ലോകത്തെയടിമുടി മാറ്റുവാന്‍ കൊതിക്കുന്ന

കരുത്തിന്‍ യുവത്വമേ വരുമോ തിരിച്ചു നീ?

മുമ്പ് ഞാനുണ്ടായിരുന്നില്ലയിന്നുണ്ടേയിനി

നാളെഞാനുണ്ടാവില്ലെന്‍ ഇണ്ടലിന്‍ ഹേതുവതാം

ജീവിതക്കലണ്ടറിന്‍ അവസാനത്തെ പേജില്‍

എത്തുന്ന നിമിഷവും കാത്തു ഞാനിരിക്കുന്നു

തടുക്കാന്‍ കഴിയാത്ത സത്യമാണല്ലോ മൃത്യു

സത്യവിശ്വാസത്തോടെ മരിക്കാന്‍ കഴിഞ്ഞെങ്കില്‍

എന്നതേയുള്ളൂ ചിന്ത, ആവത് നല്‍കൂ നാഥാ!