പാഴ്ക്കിനാവ്

ഉസ്മാന്‍ പാലക്കാഴി

2019 ജൂലായ് 27 1440 ദുല്‍ക്വഅദ് 24

അനവദ്യസുന്ദരമാകുമീ ഭുവനത്തില്‍

അതിരുവിട്ട് മര്‍ത്യര്‍ അക്രമം നടത്തുന്നു!

നിലനില്‍പിനെക്കുറിച്ചോര്‍ക്കുവാനില്ല നേരം

നിയമങ്ങളെ കാറ്റില്‍ പറത്തി വിലസുന്നു.

വിത്തെറിഞ്ഞതു പാറപ്പുറത്താണല്ലോ വീണു

എത്രമേല്‍ നിനച്ചാലുമെങ്ങനെ മുളപൊട്ടും?

വിഡ്ഢി ഞാനറിവീല വേരൂന്നാനിടമല്‍പം

കിട്ടുകിലല്ലേ ജീവനാളമായുയിര്‍െക്കാള്ളൂ!

ചിതല്‍തിന്നൊരു ചിത്രമായി മാറുന്നു ഭൂമി

നക്ഷത്രച്ചിരി പോലും ഭീതിദമായ്ത്തീരുന്നു.

എപ്പോഴാണിവ പേര്‍ത്തും തീതുപ്പുന്നറിവീല

വേദനയുള്‍ക്കൊണ്ടീടാനെന്നിനി നമുക്കാവും?

മണ്ണിലെ കാഴ്ച കണ്ട് അരിശം പൂണ്ടതാലോ

വിണ്ണില്‍നിന്നര്‍ക്കന്‍ നല്‍കും ചൂടിലുമാരോഹണം?

ചാമരം വീശും കാറ്റില്‍ പാടുന്ന മുളങ്കാടും

ഹരിതനിറം ചാര്‍ത്തും വയലേലയും പിന്നെ

ഗ്രാമീണ സൗന്ദര്യത്തില്‍ മോഹന കാഴ്ചകളും

പാഴ്ക്കിനാവായി മാറിപ്പോകുമോ ഭയക്കണം!

ചാലായി മാത്രം കാണ്‍മൂ പുഴതന്നോരങ്ങളെ

വരണ്ടു വിണ്ടാണല്ലോ കിടപ്പൂ പാടങ്ങളും

എന്നാളും പൂക്കാടായി പുഞ്ചിരിക്കണം നാട്

പാടങ്ങള്‍ പച്ചപ്പട്ട് പുതച്ചു കിടക്കണം

ആശിക്കാന്‍ കാശുവേണ്ട,യതിനാലാശിപ്പു ഞാന്‍

ആനന്ദമേകും സ്വപ്‌നമെങ്കിലും കാണട്ടെ ഞാന്‍