മരണം വന്നണയുമ്പോള്‍

സ്വാദിക്വ് ഇബ്‌നു സലീം

2019 മാര്‍ച്ച് 16 1440 റജബ് 11

മരണം വന്നണയുമ്പോള്‍, മിഴി രണ്ടുമടയുമ്പോള്‍

കരയുവാന്‍ അടുത്തുണ്ട് നയനമേറെ-പക്ഷേ

ക്വബ്‌റിലെ സ്ഥിതി ഓര്‍ത്താല്‍ കരയും താനേ

വിടചൊല്ലി അകലുന്ന റൂഹതിന്റെ ഗതിനോക്കി

അധരങ്ങള്‍ വരളുന്നു ജലത്തിനായി-ചുണ്ടില്‍

പതിച്ചതീവിധം വയ്യ ഇറക്കുവാനേ

കരള്‍പൊട്ടിക്കരയുന്ന കുടുംബത്തില്‍ കരച്ചില്‍ ഞാന്‍

ഒരിക്കലും ശ്രവിക്കില്ല ശരിക്കും തീരെ-സ്വന്തം

മരണത്തിന്‍ സമയത്ത് തുണയില്ലാരും

ഒരുതുണ്ട് ചരടിനാല്‍ വിരല്‍ ചേര്‍ത്ത് തടയുന്നു

അധരങ്ങള്‍ അടച്ചിട്ട് ശിരസ്സില്‍ കെട്ടി-പിന്നെ

തുണി മൂടിപ്പുതച്ചെന്നെ കിടത്തി നീളെ

ക്വബ്‌റിലേക്കെടുക്കുവാന്‍ ഒരുക്കങ്ങള്‍ നടക്കുന്നു

മുഖം കണ്ട് മടങ്ങുന്നു പലരും വേഗം-എന്റെ

ഹയാത്തിലെ കറുപ്പെല്ലാം പൊറുക്കൂ കോനേ

ക്വബ്‌റിലെ അദാബുകള്‍; അതില്‍നിന്നും തുണയേകി

കബീറായ പുരാനെ നീ കരകേറ്റണെ-എന്റെ

ബറ്‌സഖില്‍ സമാശ്വാസം കനിഞ്ഞിടണേ

പരലോക ഭവനത്തില്‍ വിജയത്തിന്‍ വഴി നല്‍കി

ഫിറ്ദൗസില്‍ ഇടം നല്‍ക് റഹീമായോനെ-എന്റെ

മുറാദെല്ലാം ക്വബൂലാക്കി തരേണേ നീയേ