പൂച്ചക്ക് ആര് മണി കെട്ടും?

സി.കെ.എം ബഷീര്‍, ആനക്കയം

2019 ഡിസംബര്‍ 07 1441 റബിഉല്‍ ആഖിര്‍ 10

ആര്‍ക്കും ആരെയുമെന്തും പറയാമെന്നൊരു സ്ഥിതി വന്നേ

ആളും തരവും നോക്കാതുള്ളൊരു പെരുമാറ്റം തന്നെ

ആര്‍പ്പും വിളിയും അതിരു വിടുന്നൊരു തലമുറ വളരുന്നേ

ആവിഷ്‌കാരപ്പേരില്‍ തോന്ന്യാസങ്ങള്‍ കാട്ടുന്നേ

ആര്‍ക്കിനി പറ്റും ശ്വാസം വിടുവാന്‍ ശാന്തതയോടൊന്ന്

ആധികളൊഴിയാതുള്ളൊരു നേരം സ്വപ്‌നം ആകുന്നോ?

ആകുലചിത്തം തന്നില്‍നിന്നും മോചനമില്ലെന്നോ

ആനന്ദത്തിന്‍ ലോകം ലഹരിക്കുപ്പിയില്‍ തിരയുന്നോ?

ആഭാസത്തില്‍ ചെളിവെള്ളത്തില്‍ നീന്തിക്കഴിയുന്നോ

ആയുധമേന്തിയ താന്തോന്നികളായ് ആളുകള്‍ മാറുന്നോ

ആദര്‍ശങ്ങള്‍ വാക്കില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നോ

ആകാശത്തിന്‍ ചോട്ടിലഹന്തക്കോട്ടകള്‍ കെട്ടുന്നോ

ആട്ടം ചാട്ടം പാട്ടും കൂത്തും മാത്രം മതിയെന്നോ

ആഹാരത്തിനു വകയില്ലേലും പണിചെയ്യില്ലെന്നോ

ആശ്ചര്യം ഈ മാറ്റങ്ങള്‍ ഇത് നാശം വിതറുന്നേ

ആലോചിക്കുന്നോരേ ഉണരൂ ഈ സ്ഥിതി മാറ്റാനായ്‌