ഒലിച്ചുപോയ ഗ്രാമം

നിയാല ബിന്‍ത് സുബൈര്‍
(അറബിക് അക്കാദമി, പെരിന്തൽമണ്ണ )

2019 സെപ്തംബര്‍ 14 1441 മുഹര്‍റം 15

സുന്ദര ഗ്രാമമേ നീയിന്നെവിടെയാ-

ണോര്‍ക്കുമ്പോഴുള്ളം പിടഞ്ഞിടുന്നു

ഇടിദാനമായ് മലകുത്തിയൊലിച്ചപ്പോള്‍

നിന്നുടേതെല്ലാം കവര്‍ന്നെടുത്തു

ശാലീനസുന്ദരിയായിരുന്നന്നു നീ

ഇന്നു നീ വികൃതമാം മണ്‍കൂനയായ്

വീടുകളില്ലൊരു പച്ചപ്പതുമില്ല

പേടിപ്പെടുത്തുന്ന കോലമായ് നീ

നിന്‍മാറിലോടിക്കളിച്ചതാം പൈതങ്ങള്‍

ആണുങ്ങള്‍, പെണ്ണുങ്ങളെത്ര പേരെ

മലവന്നു മൂടിയാ മണ്ണിന്നടിയിലായ്

ആണ്ടുകിടക്കുന്നുണ്ടിന്നും ചിലര്‍

ഒക്കെയും നഷ്ടമായോരുടെ രോദന-

മല്ലയോ കാതില്‍ മുഴങ്ങിടുന്നു

'മര്‍ത്യകരങ്ങള്‍ തന്‍ ചെയ്തിയാല്‍ കരയിലും

കടലിലും കുഴപ്പങ്ങള്‍ പ്രകടമായി'

നാഥന്റെ വാക്കുകളോര്‍ക്കുക മലകളെ

കുത്തിപ്പിളര്‍ത്താതെ കാത്തുകൊള്‍ക

ദുരമൂത്തു ഭൂമിയിലക്രമം കാട്ടിയാല്‍

ഇമ്മട്ടിലൊക്കെയും സംഭവിക്കാം