നരച്ച മുടി വിളിച്ചുപറയുന്നത്

ഉസ്മാന്‍ പാലക്കാഴി

2019 നവംബര്‍ 09 1441 റബിഉല്‍ അവ്വല്‍ 12

ശിരസ്സില്‍ വെളുത്തനൂലിഴകള്‍ പരക്കുന്നു

പരുക്കന്‍ യാഥാര്‍ഥ്യമെന്നുറക്കം കെടുത്തുന്നു

കാലത്തിന്‍ കറക്കത്തില്‍ പൊലിഞ്ഞതെത്ര വര്‍ഷം

കോലത്തില്‍ വന്ന മാറ്റം കാലക്കേടല്ല, സത്യം!

 

ഇന്നലെ കുഞ്ഞിക്കാലാല്‍ പള്ളിക്കൂടത്തില്‍ പോയ-

തിന്നുമെന്‍ മനസ്സിലെ നനവുള്ളയോര്‍മകള്‍

മാമ്പഴം പെറുക്കുവാന്‍ മത്സരിച്ചോടിയതും

തടഞ്ഞു വീണു മുട്ടില്‍ നിന്ന് ചോരവന്നതും

 

ഓര്‍ക്കുമ്പോള്‍ ഇന്നും നീറ്റല്‍ പടര്‍ന്നു കയറുന്നു

ഓര്‍മയായ് മുറിപ്പാട് മായാതെ കിടക്കുന്നു.

എത്രവേഗത്തില്‍ കാലം കടന്നുപോയി, കൂടെ

മേനിയില്‍ വിദഗ്ധമായ് എത്ര മാറ്റമുണ്ടാക്കി!

 

നരച്ച മുടിയൊന്ന് തെറിച്ചു നിന്നീടുന്നു

മുന്നറിയിപ്പ് നല്‍കും സേനാധിപതി പോലെ!

അറിയിപ്പെന്താണെന്നോ, അവസാനിക്കാറായി

അവനി തന്നില്‍ നിന്റെ വാസത്തിന്‍ കാലമെന്ന്!

 

മൃത്യുവേ നിന്നെ പുല്‍കാന്‍ എനിക്കു സമ്മതമെ-

ന്നുറക്കെ പറയുന്നോരാരുണ്ടീയുലകത്തില്‍?

നമ്മുടെ സമ്മതത്താലല്ലനാം വന്നതെങ്കില്‍

സമ്മതമില്ലാതെ താന്‍ യാത്രയായീടും നമ്മള്‍!