സര്‍വശക്തന്‍
ഉസ്മാന്‍ പാലക്കാഴി
2017 നവംബര്‍ 11 1439 സഫര്‍ 22
ഇക്കാണുമണ്ഡകടാഹം മുഴുവനും
സൃഷ്ടിച്ചു രക്ഷനല്‍കീടുന്ന നാഥന്റെ
കഴിവിന്റെ മുമ്പില്‍ നമിയ്ക്ക നാം മര്‍ത്യരേ
'ആകാശഭൂമി തന്‍ സൃഷ്ടിപ്പിലും തഥാ
രാവുപകലിന്റെ മാറ്റത്തിലും ബുദ്ധി-
യുള്ളോര്‍ക്ക് ദൃഷ്ടാന്തമുണ്ടെ'ന്ന നാഥന്റെ
വാക്കുകളെപ്പോഴുമോര്‍ക്കുവിന്‍ സഹജരേ
വായുവും വെള്ളവും കായും കനികളും
ആര്‍ത്തിരമ്പും സാഗരങ്ങളുമംബര
ചുംബികളാം പര്‍വതങ്ങളും പകലിലും
അന്ധകാരം തിങ്ങും വന്‍കാടുകളും
അതിലെയൊരായിരം വന്യമൃഗങ്ങളും
ഏതൊരു ശക്തി തന്‍ സൃഷ്ടിയെന്‍ കൂട്ടരേ?
തണുത്തുറഞ്ഞു കിടക്കും മഞ്ഞിന്‍മലകളും
ചുട്ടു പൊള്ളും വിശാല മണല്‍കാടും
ഏതുകാലവും വിണ്ണില്‍നിന്നും മഴ
കോരിച്ചൊരിയും വൃഷ്ടി പ്രദേശവും
ഏതൊരു ശക്തിതന്‍ സൃഷ്ടിയെന്‍ സഹജരേ?
ഇരവുണ്ട്, പകലുണ്ട്, കുന്നുണ്ട്, കുഴിയുണ്ട്
കടലുണ്ട്, കരയുണ്ട്, ആണുണ്ട്, പെണ്ണുണ്ട്
ഇണയില്ലാതൊന്നുമേ കാണുവാനില്ലിവിടെ!
കണ്ണിന്നു കാണുവാന്‍ കഴിയാത്ത വൈറസ്സ്
ഫംഗസ്സമീബയും ആറ്റവുമെന്നല്ല
കണ്ടാല്‍ ഭയം തോന്നും കരജീവിയാനയും
അതിലേറെ ഭീമനാം നീലത്തിമിംഗലവും
ഏതു മഹാശക്തിതന്‍ സൃഷ്ടിയെന്‍ കൂട്ടരേ?
തീതുപ്പുമര്‍ക്കന്റെ ചൂടേറ്റു കനലായ്
കിടക്കും മണല്‍ക്കാട്ടില്‍ ദാഹമില്ലാതൊട്ടും
ക്ഷീണവുമില്ലാതെ കാതങ്ങളായിരം
താണ്ടി മുന്നേറും മരുക്കപ്പലുകളും(1)
ജീവികള്‍ക്കൊയെും സ്വഛം വിഹരിക്കു-
വാനൊരു പട്ടു വിരിപ്പായ് തൊട്ടിലായ്
വിതാനിച്ചു നില്‍ക്കുന്നൊരിമ്മഹിതഭൂമിയും
ആരാണ് സൃഷ്ടിച്ചതോര്‍ക്കുവിന്‍ സഹജരേ!
സാഗരങ്ങളില്‍നിന്നുയരുന്നു നീരാവി
സംബരത്തെ(2) ഗര്‍ഭം ധരിക്കുന്നു മേഘങ്ങള്‍
മേഘങ്ങളെ കുളിര്‍മഴയായിറക്കുന്നതും
മഴയേറ്റു ധാന്യങ്ങള്‍ മിഴിതുറക്കുന്നതും
അവയിലൊരായിരം കതിരുയിര്‍കൊള്‍വതും
ധാന്യങ്ങളെ ഭക്ഷ്യയോഗ്യമാക്കുന്നതും
ദൈവല്ലെന്നു ശാസ്ത്രത്തിന്‍ മറചാരി
ഉച്ചത്തിലലറുന്നുവോ നിങ്ങള്‍ മൂഢരേ?
ഹാ...! സര്‍വശക്താ, സര്‍വാധിനാഥാ...!
നിന്നെക്കുറിച്ചുള്ള സ്മരണകൊണ്ടല്ലോ
പാറകള്‍ പോലുമുതിര്‍ക്കുന്നു കണ്ണീര്‍!
ഇക്കാണും സസ്യലതാതികളൊക്കെയും
കീര്‍ത്തനം ചെയ്യുന്നു നിന്നെസ്സദാപി(3)
ബുദ്ധിയില്ലാത്തെല്ലാ, ജന്തുക്കള്‍ പറവക-
ളൊക്കെയും നിന്നെ വണങ്ങുന്നുവെങ്കിലും
ചിന്തിക്കുവാന്‍ കഴിവുള്ള നരര്‍ മാത്രം
നന്ദികേടിലായിട്ടെന്നും ചരിപ്പൂ...!
1. മരുക്കപ്പല്‍: ഒട്ടകം
2. സംബരം= ജലം
2. സദാപി= സദാസമയം