എന്തൊരഴക് !!

ഉസ്മാന്‍ പാലക്കാഴി

2017 ജൂലായ് 22 1438 ശവ്വാല്‍ 28

ചലിച്ചിടും ഭൂലോകത്തില്‍

വസിച്ചിടുന്നോരല്ലോ നാം.

തരിച്ചു പോകും ചിന്തിച്ചാല്‍

പടച്ച റബ്ബിന്‍ കഴിവുകളെ!

ജ്വലിച്ചു നില്‍പൂ ആദിത്യന്‍

ചിരിച്ചു നില്‍പൂ പൂവാടി.

തപിച്ചു നില്‍ക്കും ഭൂമിയിതില്‍

ഒലിച്ചിറങ്ങും മഴവെള്ളം.

മുളച്ചിടുന്നു സസ്യങ്ങള്‍

രസിച്ചു മേയും മാടുകളും.

നിലച്ചു പോയ ഉറവുകൡ

തിരിച്ചുവരവായ് ജലധാര.

ചിലച്ചിടുന്നു പക്ഷികളും

മടിച്ചു നീങ്ങൂ ഒച്ചുകളും

മുഷിച്ചിടാത്തീ കാഴ്ചയ്ക്ക്

പടച്ച റബ്ബിനു ശുക്‌റോതാം.


ഗാസയിലെ പൂമൊട്ടുകള്‍

ലാമിയ. കെ, എടത്തനാട്ടുകര

2017 ജൂലായ് 22 1438 ശവ്വാല്‍ 28

തളംകെട്ടിക്കിടക്കുമീ രക്തക്കുളങ്ങളെ

മറികടക്കവെയാരാഞ്ഞു: എവിടെ

ഖാന്‍ യൂനിസിലെ ട്രക്കുകള്‍?

ഈ തെരുവുകളില്‍ ബഹളം കൂട്ടാറുള്ള

നീണ്ട നിരയാല്‍ വഴിനിറയും പെട്ടിവണ്ടികള്‍

കാലുകുത്താനിടയില്ലതില്‍ ചരക്കാല്‍

മനുഷ്യച്ചരക്കാണിതില്‍ നിറയെ!

പിറന്ന നാടും വീടും പിന്നെയോ

ആറടി മണ്ണും വിട്ടേച്ചു പോകുന്നു.

തിരികെ വരുമ്പോള്‍ കാത്തിരിക്കും

(അതൊരു പാഴ്‌സ്വപ്‌നമാകാം)

ഈ മണ്ണ് മാത്രം; ആറടി മണ്ണ്!

തീപ്പുകച്ചുരുളില്ലാത്ത നാടുതേടി

കുഞ്ഞു കണ്ണുകള്‍ പരതുന്നു മേലെ

നക്ഷത്രങ്ങളുണ്ടോ, മഴവില്ലുണ്ടോ?

അല്ല, ഇതെല്ലാം അന്യമായിട്ടുണ്ടിന്ന്.

തേടുന്നത് രാക്ഷസപ്പറവയുടെമുരള്‍ച്ച

ഭീതിയുടെ കരിനിഴല്‍ ചലനം

പറന്നടുക്കുമത,് തീമഴ പെയ്യിക്കും

ചാമ്പലാക്കിടുമെല്ലാം നിമിഷങ്ങള്‍ക്കകം

തോക്കുമുനകളില്‍ പൊഴിയുന്നു ബാല്യങ്ങള്‍

കുഴിമാടങ്ങളിലിറക്കിവെക്കും കുഞ്ഞു

മേനികള്‍ക്കൊപ്പമാ പിതൃഹൃദയങ്ങള്‍

നീറ്റലായൊഴുക്കും അശ്രുകണങ്ങള്‍

എന്തു ചെയ്തിവര്‍ കുരുന്നുകള്‍?

വിടരുംമുമ്പേ ആ മൊട്ടുകള്‍ പറിച്ചെടുക്കും

കരാളതേ, മാപ്പില്ലൊരിക്കലും!

ചരല്‍കല്ലാല്‍ പ്രതിരോധിക്കുമ്പോഴും

മാതാവിന്റെ കൈപിടിച്ച് നടക്കുമ്പോഴും

മൂളിവന്ന വെടിയുണ്ടയാല്‍ 

ചെഞ്ചായമണിഞ്ഞ മൊട്ടുകളേ

നിങ്ങള്‍ക്ക് ലഭിക്കാനുണ്ടൊരുദ്യാനം

ഈ ചെറുതുണ്ടു മണ്ണിനെക്കാള്‍

അനന്തവിശാലവും അലംകൃതവുമായത്.