ഇന്ത്യ ഇന്ത്യക്കാരുടേത്

ടി.കെ ഉസ്മാന്‍

2017 സെപ്തംബര്‍ 09 1438 ⁠⁠ദുൽഹിജ്ജ 18

ഇന്ത്യ ഇന്ത്യക്കാരുടെ രാജ്യം

ഇവിടെ ജനിച്ചവരിന്ത്യക്കാര്‍

വിഭിന്ന ജാതി മതക്കാരെല്ലാം

വസിച്ചിടുന്നൊരു പൂങ്കാവ്

വെള്ളക്കാരുടെയടിമത്തത്തിന്‍

ചങ്ങല പൊട്ടിച്ചെറിയാനായ്

കൈകള്‍ കോര്‍ത്തു പിടിച്ചു

ഭിന്നതയൊക്കെ മറന്നിട്ടിന്ത്യക്കാര്‍

ഹിന്ദു, മുസല്‍മാന്‍, ക്രിസ്ത്യന്‍, ബൗദ്ധര്‍

സിക്ക്, ജിനന്‍മാരൊന്നിച്ച്

ജീവന്‍ നല്‍കി നേടിയെടുത്തു

പിറന്ന മണ്ണിന്‍ സ്വാതന്ത്ര്യം

കറുത്ത കൈകള്‍ തലപൊക്കുന്നു

തമ്മിലടിപ്പിച്ചിടുവാനായ്

ദേശ സ്‌നേഹം ചോദ്യം ചെയ്ത്

ദ്വേഷം നട്ടുവളര്‍ത്തുന്നു

സ്വാതന്ത്ര്യത്തിന്‍ സൂര്യവെളിച്ചം

നിലനില്‍ക്കേണം ഈ മണ്ണില്‍

ആരതിനെതിരില്‍ നിന്നാലും നാം

ഒന്നിച്ചതിനായ് പോരാടാം.


പ്രാര്‍ഥന

ടി.കെ ഉസ്മാന്‍

പാണികള്‍ രണ്ടും നീട്ടി

കേഴുകയാണ് ഞങ്ങള്‍

പാരിതില്‍ സമാധാന

ജീവിതം നല്‍കേണമേ

പരലോകമില്‍ സ്വര്‍ഗം

തന്നനുഗ്രഹിക്കണേ

പരിപാലകാ നിന്നില്‍

അഭയം പ്രാപിക്കുന്നു

കടുത്ത പരീക്ഷണ

കയത്തില്‍ പെടുത്തല്ലേ

കരുണാകടാക്ഷത്താല്‍

കുളിര്‍മ നല്‍കേണമേ

സന്തതം ഈമാന്‍ നില-

നിര്‍ത്തുവാന്‍ കനിയണേ

സങ്കട വേളയില്‍ നീ

സ്ഥൈര്യമാല്‍ നയിക്കണേ

സല്‍വഴി തടയുവാന്‍

ഇബ്‌ലീസ് ശ്രമിക്കുമ്പോള്‍

ശപ്തനാം അവനില്‍ നി-

ന്നഭയം നല്‍കേണമേ.