പ്രണാമം

മെഹറുന്നിസ പാടൂര്‍

2017 ഡിസംബർ 16 1439 റബിഉല്‍ അവ്വല്‍ 27

അനന്ത വിഹായസ്സില്‍ പരകോടി ഗോളങ്ങള്‍

അഴിയാചരടില്‍ കോര്‍ത്തവനേ

ഓരോരോ മാര്‍ഗം ഓരോന്നിനും തീര്‍ത്ത്

ഒന്നൊഴിയാതെ കറക്കുന്നോനേ

ലോകൈക നാഥാ നിനക്ക് പ്രണാമം!

മിഴികള്‍ക്ക് വിസ്മയ കാഴ്ചയാം ഭൂമി

മികവോടെ തീര്‍ത്തവന്‍ നീയാണല്ലോ

പുല്‍ക്കൊടിത്തുമ്പിലും പര്‍വതനിരയിലും

നിന്‍ സൃഷ്ടിവൈഭവം കാണുന്നു ഞാന്‍

സംരക്ഷകാ നിന്‍മുന്നിലെന്നും പ്രണാമം!

അര്‍ഥന കേള്‍ക്കണേ, ആലംബമേകണേ

ആത്മചൈതന്യം നീ നല്‍കിടണേ

നിന്‍ മുന്നില്‍ മാത്രം നമിക്കുവാനെന്നും

സന്മനസ്സേകണേ നീ രക്ഷകാ.