അന്ത്യയാത്ര

നസീമ പൂവ്വത്തൂര്‍

2017 ഡിസംബർ 30 1439 റബിഉല്‍ ആഖിര്‍ 12

പോകാനെനിക്കുണ്ടൊരന്ത്യയാത്ര

മറ്റാരും അന്നില്ലാ കൂട്ടിനായി

കാവലെന്‍ ഏകനാം റബ്ബ് മാത്രം

കരുതലായ് കര്‍മങ്ങള്‍ മാത്രം കൂടെ

ഓര്‍ക്കാതെ മരണം വന്നെത്തിടുമ്പോള്‍

തൃപ്തിയാലുത്തരം നല്‍കിടുവാന്‍

നാഥാ നീ എന്നെ തുണച്ചിടേണേ

സ്വര്‍ഗത്തിന്‍ മാര്‍ഗേ നയിച്ചിടേണേ

സാക്ഷ്യത്തിന്‍ വാക്യം മൊഴിയുവാനും

ഭാഗ്യം നീ നല്‍കണേ സര്‍വശക്താ

കട്ടിലിലേറ്റിക്കൊണ്ടെന്നെയന്ന്

ഉറ്റവരുടയവര്‍ നീങ്ങിടുമ്പോള്‍

ഉയരില്ലേ വീട്ടില്‍നിന്നാര്‍ത്തനാദം

കാണുന്നോര്‍ നെടുവീര്‍പ്പുതിര്‍ത്തിടില്ലേ?

ആറടിയുള്ള ക്വബ്‌റിലെന്നെ

വെച്ചിട്ട് മണ്ണിട്ട് മൂടുകില്ലേ?

മെത്തയില്‍നിന്നുമന്നെത്തിടുന്നു

ഏറെ കുടുസ്സുള്ളൊരാ ക്വബ്‌റില്‍

ക്വബ്‌റിന്‍ ഞെരുക്കത്തില്‍നിന്നുമെന്നെ

കാക്കുവാന്‍ കഴിവുള്ളോന്‍ നീയല്ലയോ

മലക്കിന്റെ ചോദ്യത്തിനുത്തരങ്ങള്‍

പറയാന്‍ നീ തോന്നിച്ചിടെന്റെ നാഥാ!

പാപം പൊറുക്കുന്ന പരിപാലകാ

പാപിയാമെന്നെ നീ കാത്തിടേണേ

ഹൃദയം ഭയത്താല്‍ പിടച്ചിടുന്നേ 

സദയം നിന്‍ കാരുണ്യം വര്‍ഷിക്കണേ