നമ്മുടെ ഉമ്മ
ശുക്കൂര്‍ കടലുണ്ടി
2017 ഒക്ടോബര്‍ 14 1438 മുഹര്‍റം 23
കരുണക്കടലാണ് നമ്മുടെയുമ്മ
കനിവിന്റെ കേദാരം നമ്മുടെയുമ്മ
ഏറെ നാള്‍ ഗര്‍ഭത്തിന്‍ ഭാരം ചുമന്നും
പേറ്റിന്റെ കഠിനമാം നോവു സഹിച്ചും
നമ്മള്‍ക്കു ജന്മം നല്‍കിയതുമ്മ
താരാട്ടു പാടി നമ്മെയുറക്കി
പാലൂട്ടി നമ്മുടെ വിശപ്പവരാറ്റി
പാല്‍കുടിച്ചു നമ്മള്‍ ഏറെ വളര്‍ന്ന്
പാവമാം ഉമ്മയോ ഏറെ തളര്‍ന്ന്
മാമുണ്ണാന്‍ നേരത്ത് മാനത്ത് ചൂണ്ടി
മാമനെ കാണിച്ച് മാമൂട്ടിയില്ലേ?
പനിവന്നു നമ്മള്‍ കരയുന്ന രാവില്‍
പാതിര പകലാക്കി അവര്‍ നമ്മെ നോക്കി
പകലന്തിയോളവും പ്രതിഫലം പറ്റാതെ
പണിയെടുക്കും ഒട്ടും പരിഭവമില്ലാ
അവരുടെ തൃപ്തി നേടണം നമ്മള്‍
അല്ലാഹുവിന്‍ തൃപ്തി നമ്മള്‍ക്കു കിട്ടാന്‍
ലോഭമില്ലാതെ നാം സ്‌നേഹിക്കയവരെ
ജീവിച്ചിരിക്കുന്ന കാലമത്രയും.