ഏത്‌?

മുഫീദ്‌ പാലക്കാഴി

2017 ജനുവരി 14 1438 റബിഉൽ ആഖിർ 15

ഞാൻ ഇരുമ്പിലേക്കു നോക്കി,

അപ്പോൾ ഞാനതിനെ ഏറ്റവും ശക്തിയുള്ള അനുഗ്രഹമായി കണ്ടു.

പിന്നെ ഞാൻ തീയിലേക്ക്‌ നോക്കി.

അപ്പോൾ ഞാൻ അതിനെ ഇരുമ്പിനെ ഉരുക്കുന്നതായി കണ്ടു!

അന്നേരം ഞാൻ പറഞ്ഞു:

`തീയാണ്‌ ഏറ്റവും ശക്തിയുള്ള അനുഗ്രഹം.`

പിന്നെ ഞാൻ വെള്ളത്തിലേക്ക്‌ നോക്കി.

അപ്പോൾ ഞാനതിനെ തീയിനെ കെടുത്തുന്നതായി കണ്ടു!

അന്നേരം ഞാൻ പറഞ്ഞു:

`വെള്ളമാണ്‌ ഏറ്റവും ശക്തിയുള്ള അനുഗ്രഹം.`

പിന്നെ ഞാൻ മേഘത്തിലേക്ക്‌ നോക്കി.

അപ്പോൾ ഞാനതിനെ വെള്ളത്തെ വഹിക്കുന്നതായി കണ്ടു!

അന്നേരം ഞാൻ പറഞ്ഞു:

`മേഘമാണ്‌ ഏറ്റവും ശക്തിയുള്ള അനുഗ്രഹം.`

പിന്നെ ഞാൻ വായുവിലേക്ക്‌ നോക്കി.

അപ്പോൾ ഞാനതിനെ മേഘത്തെ തെളിച്ചുകൊണ്ടുപോകുന്നതായി കണ്ടു!

അന്നേരം ഞാൻ പറഞ്ഞു:

`വായുവാണ്‌ ഏറ്റവും ശക്തിയുള്ള അനുഗ്രഹം.`

പിന്നെ ഞാൻ മലയിലേക്ക്‌ നോക്കി.

അപ്പോൾ ഞാനതിനെ വായുവിനെ തടുത്തു നിർത്തുന്നതായി കണ്ടു.

അന്നേരം ഞാൻ പറഞ്ഞു:

`മലയാണ്‌ ഏറ്റവും ശക്തിയുള്ള അനുഗ്രഹം.`

പിന്നെ ഞാൻ മനുഷ്യനിലേക്ക്‌ നോക്കി.

അന്നേരം ഞാനവനെ മലയുടെ ഉച്ചിയിൽ നിൽക്കുന്നതായും

മലയെ തുരക്കുന്നതായും കണ്ടു.

അന്നേരം ഞാൻ പറഞ്ഞു:

`മനുഷ്യനാണ്‌ ഏറ്റവും വലിയ അനുഗ്രഹം.`

പിന്നെ ഞാൻ മനുഷ്യനെ നിശ്ശബ്ദനാക്കുന്നതിലേക്ക്‌ നോക്കി.

അത്‌ ഉറക്കമാണെന്ന്‌ ഞാൻ കണ്ടു.

അന്നേരം ഞാൻ പറഞ്ഞു:

`ഉറക്കമാണ്‌ ഏറ്റവും ശക്തിയുള്ള അനുഗ്രഹം.`

പിന്നെ ഞാൻ ഉറക്കം നഷ്ടപ്പെടുത്തുന്ന കാര്യത്തിലേക്ക്‌ നോക്കി.

അത്‌ ദുഃഖവും മനോവേദനയുമാണെന്ന്‌ ഞാൻ കണ്ടു.

അന്നേരം ഞാൻ പറഞ്ഞു:

ദുഃഖവും മനോവേദനയുമാണ്‌ ഏറ്റവും ശക്തിയുള്ള അനുഗ്രഹം.`

പിന്നെ ഞാൻ നോക്കിയപ്പോൾ ദുഃഖത്തിന്റെയും മനോവേദനയുടെയും

സ്ഥാനം ഹൃദയമാണെന്ന്‌ കണ്ടു.

അന്നേരം ഞാൻ പറഞ്ഞു ഹൃദയമാണ്‌ ഏറ്റവും ശക്തിയുള്ള അനുഗ്രഹം.`

ഹൃദയം അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണകൊണ്ടല്ലാതെ

ശാന്തമാകില്ലെന്ന്‌ ഞാൻ കണ്ടു.

അന്നേരം ഞാൻ പറഞ്ഞു:

`അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാണ്‌ ഏറ്റവും ശക്തിയുള്ള അനുഗ്രഹം.`

“ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓർമ കൊണ്ടത്രെ

മനസ്സുകൾ ശാന്തമായിത്തീരുന്നത്‌” (ക്വുർആൻ 13:28).