തൗഹീദ് തിരുത്തിയവർക്ക് തിരിച്ചടിയാകുന്ന ‘ശബാബ്’ നിലപാടുകൾ
മൂസ സ്വലാഹി കാര
2026 ആഗസ്റ്റ് 01, 1448 സ്വഫർ 18

ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിനെ നെഞ്ചേറ്റിയും അതിന്റെ അടിസ്ഥാന പ്രമാണങ്ങൾ മുറുകെ പിടിച്ചും അന്ധവിശ്വാസങ്ങൾക്കെതിരെ പടപൊരുതിയും ഒരു നൂറ്റാണ്ടിലധികമായി സമൂഹത്തിൽ നിലയുറപ്പിച്ചവരാണ് മുജാഹിദുകൾ.
‘കേരള ജംഇയ്യത്തുൽ ഉലമ അഹ്ലുസ്സുന്നത്തി വൽജമാഅ’യെന്ന പ്രഥമ പണ്ഡിത സഭയുടെ ആദർശ സാരഥ്യം ‘ജംഇയ്യത്തുൽ ഹിക്മ അൽഇസ്ലാമിയ്യ’ (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ) എന്ന സംവിധാനം വഴി ഇന്നും തുടരുകയും അതിന്റെ ഗുണഫലം സമുദായം അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ജൈത്രയാത്രക്ക് ഇടംകോലിട്ടും അതിന്റെ കണിശമായ ആദർശ നിലപാടുകളോട് യോജിപ്പില്ലാതെയും പലപ്പോഴായി പലരും അതിൽനിന്ന് പടിയിറങ്ങിയിട്ടുണ്ട്. ഇഖ്വാനിസത്തോട് ഇഷ്ടമേറി, പൊതുതാൽപര്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് തൗഹീദിനെക്കാൾ പ്രാമുഖ്യം നൽകിയ മർകസുദ്ദഅ്വ വിഭാവവും അവരോടൊപ്പം ചേർന്ന് ആദർശം കളഞ്ഞുകുളിച്ച സിഡി ടവർ വിഭാഗവും അവരിൽ പ്രധാനികളാണ്.
പേരിൽ മാത്രം ‘മുജാഹിദുക’ളായി അറിയപ്പെടാനാഗ്രഹിക്കുന്ന മർകസുദ്ദഅ്വക്കാർ പ്രബോധനത്തിന്റെ മുൻഗണനക്രമം തകിടം മറിക്കുകയും തൗഹീദീ പ്രയാണത്തെ പുച്ഛിച്ച് പിന്തള്ളുകയുമുണ്ടായി. പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട ധാരാളം വിഷയങ്ങളെ അവഗണിക്കുവാനും അഹ്ലുസ്സുന്നയുടെ വഴി പിന്തുടരുന്നവരെ ആരോപണങ്ങൾകൊണ്ട് വേട്ടയാടുവാനും അവർ മടികാട്ടിയില്ല. കാൽ നൂറ്റാണ്ട് പഴക്കമുള്ള തങ്ങളുടെ പിഴവുകളെ പുതിയ ന്യായീകരണങ്ങൾകൊണ്ട് നിലനിർത്തുവാൻ ശബാബ് സുവർണ ജൂബിലി പതിപ്പിലൂടെ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെടുകയുണ്ടായി.
വ്യത്യസ്ത തിന്മകൾ നടമാടിയിരുന്ന സമൂഹങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാർ ആദ്യമായി അവരെ ക്ഷണിച്ചത് തൗഹീദിലേക്ക് തന്നെയായിരുന്നു. അന്ത്യനാൾവരെ അണമുറിയാതെ നടക്കേണ്ടതും അതുതന്നെയാണ്. അല്ലാഹു പറയുന്നു: “നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയക്കുകയു ണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുവിൻ. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും നിങ്ങൾക്കില്ല. തീർച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങൾക്കു (വന്നുഭവിക്കുമെന്ന്) ഞാൻ ഭയപ്പെടുന്നു’’ (ക്വുർആൻ 7:59).
മതത്തിന്റെ തനതായ ഈ പ്രബോധന രീതിക്ക് മുടക്കം വരുത്താൻ ഇഖ്വാനികളുടെ ശൈലി സ്വീകരിച്ച ഇവരുടെ നീക്കത്തെ പണ്ഡിതന്മാർ അന്നുതന്നെ വിമർശിച്ചിരുന്നു. അതിന്റെ അരിശം ഇപ്പോഴും അവരിൽ അവശേഷിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് സിൽവർ ജൂബിലി പതിപ്പിലെ ലേഖനം.
“മഹത്തായ ഈ ആദർശ പ്രസ്ഥാനത്തെ കുത്തിപ്പിളർത്താൻ അവർ ഉന്നയിച്ച ഓരോ ആരോപ ണങ്ങളും എത്രമാത്രം വ്യർഥമായിരുന്നുവെന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു. മരം നടീലും മരുന്ന് വിതരണവും മുതൽ പാവങ്ങൾക്ക് റേഷൻ നൽകുന്നതും വീട് വെച്ചുനൽകുന്നതും ദുരിതബാധിതർക്ക് താങ്ങാ വുന്നതും വരെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളെ അന്ന് അവർ ഇഖ്വാനിസമെന്ന് പരിഹസിച്ചു’’ (ശബാബ് സുവർണ ജൂബിലി പതിപ്പ്, ഏപ്രിൽ 2026, പേജ് 359).
വ്യക്തമായ തെറ്റുധരിപ്പിക്കലാണിത്. ജീവകാരുണ്യ പ്രവർത്തനങ്ങളെ ആരും എതിർത്തിട്ടില്ല. തൗഹീദ് പ്രബോധനം ചെയ്ത് പോകുന്നതോടൊപ്പം അഗതികൾക്കും അശരണർക്കും തണലേകുന്നതിനെ മുജാഹിദ് പ്രസ്ഥാനം ഇന്നോളം എതിർത്തിട്ടില്ല. എന്നാൽ ഇവർ, ആദ്യം തൗഹീദ് പറഞ്ഞാൽ ഭിന്നിപ്പുണ്ടാകുമെന്നു പറഞ്ഞ് പൊതുതാൽപര്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പ്രഥമസ്ഥാനം നൽകിയതാണ് വിമർശനത്തിന് ഇടവരുത്തിയത്. പ്രബോധിതർക്ക് ഇഷ്ടമുള്ളതു മാത്രം പറഞ്ഞ് ‘സോപ്പിട്ടു’ കൂടെ കൂട്ടുക എന്ന ഇവരുടെ ശൈലി ഇസ്ലാം പഠിപ്പിച്ചതല്ല, അതിനെയാണ് മുജാഹിദുകൾ എതിർത്തത്. ‘ഇഖ്വാനിസമെന്ന് പരിഹസിച്ചു’ എന്നു പറഞ്ഞ് നിരുത്തരവാദപരമായ ശൈലിയെ വെള്ളപൂശുവാനാണ് ഇപ്പോഴും ഇവർ ശ്രമിക്കുന്നത്.
ഈ വിഷയത്തിൽ കെ. ഉമർ മൗലവി(റഹി) എഴുതിയത് വായിച്ചാൽ സംശയങ്ങൾക്ക് അറുതിയാകും: “പ്രബോധന വിജയത്തിന് പൊതുതാൽപര്യമേഖല കണ്ടെത്തുക’ ഈ തലവാചകത്തിൽ 99ന്റെ അവസാനത്തിൽ ഐ.എസ്.എം മുഖപത്രമായ ശബാബിൽ ഒരു പത്രാധിപക്കുറിപ്പ് വന്നു. ഈ തലവാചകം വായിച്ചപ്പോൾ തന്നെ ഞാൻ ഞെട്ടി. സിയോണിസത്തിന് വളവും നീരും നൽകി സംരക്ഷിക്കുന്ന അമേരിക്കയിൽനിന്നും ഇവ്വിഷയകമായി ഏതോ മുസ്ലിം സംഘടനയുടെ ബാനറിൽ ഒരു പുസ്തകം രചിക്കപ്പെട്ടിട്ടുണ്ടെന്ന് ഒരുസുഹൃത്ത് എന്നോട് പറഞ്ഞിരുന്നത് ഓർമവന്നു. മുസ്ലിംകൾ പ്രബോധന വിഷയത്തിൽ ഖുർആനിന്റെയും നബിചര്യയുടെയും ശൈലിയാണ് പിൻപറ്റേണ്ടത് എന്ന കാര്യം എല്ലാവരും സമ്മതിക്കുമെങ്കിലും അതിൽ നിഷ്കർഷ പുലർത്തുന്ന സംഘം സലഫികൾ മാത്രമാണ്’’ (ഓർമകളുടെ തീരത്ത്, പേജ് 162).
പ്രസ്ഥാനത്തിന്റെ പൂർവകാല പണ്ഡിതന്മാർ തൗഹീദിന് വേണ്ടി സഹിച്ച ത്യാഗം അയവിറക്കിക്കൊണ്ട് മൗലവി എഴുതുന്നു: “സൈദ് മൗലവിയുടെ ചാരത്ത് സ്വർഗത്തിലൊരു ഇടം കിട്ടാൻ ഞാൻ സദാ പ്രാർഥിച്ചുകൊണ്ടിരിക്കുന്നു. ത്യാഗത്തിന്റേയും സഹനത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നു അദ്ദേഹം. എന്റെ ആദർശ പുത്രന്മാർ ഇതറിയണം. ഈ തൗഹീദ് പ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ ഗുരുതുല്യരായ എന്റെ മിത്രങ്ങൾ അനുഭവിച്ച ത്യാഗത്തിന്റെ കഥകൾ! പ്രബോധന വിഷയത്തിൽ പൊതു താല്പര്യമേഖല കണ്ടെത്തുക എന്ന അനിസ്ലാമിക ചിന്താഗതി മനസ്സിനെ സ്വാധീനിച്ച യുവപണ്ഡിതന്മാർ! അവർക്ക് സൈദ് മൗലവിയെപ്പോലുള്ളവർ ഒരു പാഠമായിരിക്കട്ടെ’’ (പേജ് 210).
പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതും നുഴഞ്ഞുകയറിയതോ?
ക്വുർആനും സുന്നത്തും ജിന്ന്, പിശാച്, സിഹ്റ്, കണ്ണേറ്, മന്ത്രം തുടങ്ങിയ വിഷയങ്ങളിൽ പഠിപ്പിച്ച ചില കാര്യങ്ങളുണ്ട്. അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ തെളിവുകൾ വെച്ച് അതിൽ നടത്തിയചർച്ചകളുമുണ്ട്. ഇവരുടെ വാദപ്രകാരം ഇതെല്ലാം മതത്തിലേക്ക് നുഴഞ്ഞുകയറിയ കാര്യങ്ങളാണ്. ലേഖകൻ എഴുതുന്നു:

“ദുരാരോപണങ്ങളിലൂടെ പ്രസ്ഥാനത്തെ വെട്ടിമുറിച്ചവർ പിന്നീട് എത്തിച്ചേർന്നത് തങ്ങൾ അന്ന് വിതച്ച വിനാശത്തിന്റെ കൊയ്ത്തിലേക്കായിരുന്നു. നെറികേടുകളുടെ നേർക്കാഴ്ചയായി മാറിയ ഈ പിളർപ്പിന്റെ പഴുതിലൂടെ ഏതാണ്ട് പഴങ്കഥയായി മാറിയ ജിന്ന്, കൂടോത്ര, കണ്ണേറ്, കരിനാക്ക്, കണി, മന്ത്രവാദാതി അന്ധവിശ്വാസങ്ങളൊക്കെയും മുജാഹിദുകൾക്കിടയിലേക്ക് നുഴഞ്ഞ് കയറുകയായിരുന്നു’’ (പേജ് 359).
ദിവ്യബോധനം വഴി സ്ഥിരപ്പെട്ട കാര്യങ്ങളെയും സമൂഹത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ അന്ധവിശ്വാസങ്ങളെയും ഒന്നാക്കി ‘പഴങ്കഥ’യെന്ന് പരിചയപ്പെടുത്തുന്നതിലൂടെ ഇവർ പ്രാണങ്ങളെയാണ് യഥാർഥത്തിൽ നിഷേധിക്കുന്നത്. മുൻകാല പണ്ഡിതന്മാർ തൗഹീദിന് നിർവചനം നൽകിയപ്പോൾ സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും കഴിവുമായി ബന്ധപ്പെട്ട് വിശദീകരിച്ച പല പദങ്ങളുടെയും പുറം മാത്രം വായിച്ചതിന്റെ പരിണിത ഫലമാണിത്. സൃഷ്ടികളുടെ കഴിവ് കാര്യകാരണ ബന്ധങ്ങൾക്ക് അധീനമാണെന്ന ആശയത്തിൽ നിന്ന് വ്യതിചലിച്ചപ്പോൾ; ജിന്നുകളും മലക്കുകളും ഇടപെടുന്നതും കണ്ണേറ്, സിഹ്റ് എന്നിവ റബ്ബിന്റെ വിധിയെന്നോണം ഫലിക്കുകയോ ഫലിക്കാതിരിക്കുകയോ ചെയ്യുമെന്നതും മതം അനുവദിച്ച മന്ത്രവും ഇക്കൂട്ടർക്ക് അന്ധവിശ്വാസമായി അനുഭവപ്പെട്ടു!
“എന്നാൽ കാര്യകാരണങ്ങൾക്കതീതമായി ഉപകാരമോ ഉപദ്രവമോ വരുത്തിവെക്കാൻ അല്ലാഹുവിനല്ലാതെ കഴിയില്ല എന്ന മൗലിക വിശ്വാസത്തിന് വിരുദ്ധമാണ് കണ്ണേറ് സങ്കൽപം എന്നാണ് ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ നിലപാട്’’ (ഇസ്ലാഹീ പ്രസ്ഥാനം: ദർശനം, ചരിത്രം, ദൗത്യം. പേജ് 82).
മലക്കുകളും ജിന്നുകളും കാര്യകാരണ ബന്ധങ്ങൾക്ക് പുറത്താണെന്നും അവർ സഹായിക്കുമെന്ന് വിശ്വസിച്ചാൽ അത് ശിർക്കും കുഫ്റുമാണെന്നുമുള്ള അബ്ദുസ്സലാം സുല്ലമിയുടെ ‘പുതിയനിയമം’ സ്വീകരിച്ചതിനാലാണ് ഇവർക്ക് ഇങ്ങനെ പറയേണ്ടിവന്നത്. അമാനി മൗലവി(റഹി)യുടെ ‘ക്വുർആൻ വിവരണം,’ ‘ഇസ്ലാമിക ജീവിതം,’ ‘നബിചര്യയും ഇസ്ലാമിക ശരീഅത്തിൽ അതിന്റെ സ്ഥാനവും,’ ഉമർ മൗലവി(റഹി)യുടെ ‘തർജുമാനുൽ ക്വുർആൻ,’ ‘ഫാതിഹയുടെ തീരത്ത്,’ ‘ലാഇലാഹ ഇല്ലല്ലായുടെ അർഥം’ എന്നിങ്ങനെ ആദർശം അരക്കെട്ടുറപ്പിക്കുന്ന ഗ്രന്ഥങ്ങളെല്ലാം മർകസുദ്ദഅ്വക്കാർക്ക് വർജ്യമായി മാറി.
ഉമർ മൗലവി(റഹി) തുറന്നു പറഞ്ഞത് ഇവർക്ക് തുറവി നൽകട്ടെ: “സ്രഷ്ടാവിനെക്കുറിച്ചുള്ള യഥാർഥ ജ്ഞാനത്തിന്റെ അഭാവമാണിതിന് കാരണം. മറഞ്ഞവഴിയിൽ ഗുണം ആശിക്കാനും ദോഷം ഭയപ്പെടാനും സൃഷ്ടികർത്താവ് മാത്രമെ അർഹനായിട്ടുള്ളൂവെന്നും അവനെ മാത്രമെ ആരാധിക്കാവൂ എന്നും പ്രാർഥന ആ സൃഷ്ടികർത്താവിനോട്
മാത്രമെ ആകാവൂ എന്നുമുള്ള യഥാർഥവും ലളിതവുമായ വിജ്ഞാനത്തിന്റെ അഭാവമാണ് കാരണം. സ്വന്തം പേര് പോലും എഴുതാനറിയാത്ത, ഒരു മേൽവിലാസം വായിക്കാനറിഞ്ഞു കൂടാത്ത എത്രയോ വിദ്യാവിഹീനരായ സാധാരണക്കാർ ഈ ജ്ഞാനം നേടിയിട്ടുണ്ട്’’ (ഓർമകളുടെ തീരത്ത്, പേജ് 212).
ശബാബ് ലേഖകന്റെ തെറ്റുധരിപ്പിക്കൽ
ഇഖ്വാനിസത്തോട് അടുപ്പം കാട്ടി, പൂർവികരുടെ പാത (മൻഹജ്ജുസ്സലഫ്) പിന്തുടരുന്നതിനോടുള്ള വെറുപ്പ് പ്രകടമാക്കിക്കൊണ്ടാണ് 2000ൽ പ്രസ്ഥാനത്തെ പിളർത്തി ഇവർ പുറത്ത് പോയത്. അതിന്റെ ഉത്തരവാദിത്തം തങ്ങൾക്കല്ലെന്നു വരുത്തിത്തീർക്കാൻ ലേഖകൻ എഴുന്നള്ളിക്കുന്ന കളവ് കാണുക:
“പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ കോളിളക്കം സൃഷ്ടിച്ച ആദർശ വ്യതിയാനമായിരുന്നു 2007 ഏപ്രിൽ മാസത്തെ ഇസ്വ്ലാഹ് മാസികയിൽ പ്രത്യക്ഷപ്പെട്ട ജിന്ന് തേട്ടവുമായി ബന്ധപ്പെട്ട പരാമർശം. ഇസ്ലാമിക വിശ്വാസത്തിന്റെ ആണിക്കല്ലായ തൗഹീദിനെ കീഴ്മേൽ മറിക്കുന്ന ഈ വാദം പിന്നീട് അപകടകരമായ പല വിശ്വാസ വ്യതിയാനങ്ങളിലേക്കും വഴിതുറന്നു. അദൃശ്യലോകത്തെ ജീവികളായ മലക്കുകളോ ജിന്നുകളോ തന്റെ അർഥന കേട്ട് സഹായത്തിനെത്തുമെന്ന് വിശ്വസിച്ച് അവരോട് പ്രാർഥിക്കുന്നത് ശിർക്കല്ല എന്ന മാരകമായ ആശയമാണ് അന്ന് അവർ ഉയർത്തിവിട്ടത്. മുജാഹിദുകളുടെ ആദർശ വിശുദ്ധിയിലേക്ക് കടത്തിവിട്ട ഈ വിഷം പിന്നീട് പ്രസ്ഥാനത്തിന്റെ അന്തരീക്ഷത്തെയാകെ മലീമസമാക്കി’’ (പേജ് 361).
കൂടെയുള്ളവരെ കൂട്ടിലടക്കാൻ ഒരുപക്ഷേ, ഈ വരികൾ കൊണ്ട് കഴിഞ്ഞേക്കാം. എന്നാൽ ചരിത്ര സത്യത്തെ കറുപ്പിക്കാനൊന്നും ഇതുകൊണ്ട് കഴിയില്ല. ആർക്കുമറിയുന്ന ചരിത്ര വസ്തുതയെ ഇങ്ങനെ തമസ്കരിക്കാൻ ശ്രമിക്കുന്നതിൽ അത്ഭുതമാണ് തോന്നുന്നത്. ആദർശ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നവർക്കുമേൽ അതിനെ തകിടം മറിച്ചവർ ഇത്തരം ആക്ഷേപങ്ങൾ കെട്ടിവെക്കുന്നത് അവരുടെ ദുര്യോഗവുമാണ്. പ്രമാണ നിഷേധം ഇപ്പോഴും തുടരുന്നവരല്ലേ യഥാർഥത്തിൽ വ്യതിയാനക്കാർ? മലക്കുകളെയും ജിന്നുകളെയും സാക്ഷാൽ അഭൗതിക സൃഷ്ടികളാക്കി ശിർക്കിന്റെ പ്രചാരണം സുതാര്യമാക്കാൻ പുരോഹിതന്മാർക്ക് സൗകര്യമൊരുക്കിയവർ പ്രാർഥനയും സഹായതേട്ടവും അല്ലാഹുവിന് മാത്രം നൽകുന്നവരെ ഇപ്രകാരം കളിയാക്കുന്നത് പരലോകം നഷ്ടപ്പെടുത്തുന്ന കളിയാണെന്നത് തിരിച്ചറിയുന്നത് നന്ന്.
ഇസ്വ്ലാഹിലെ ലേഖനവും ശബാബിലെ മറുപടിയും ഒന്നുതന്നെ!

മുസ്ലിയാക്കന്മാരുടെ വിതണ്ഡവാദങ്ങൾക്ക് പ്രാമാണികമായി മറുപടി നൽകിയിരുന്ന പണ്ഡിതനായിരുന്നു തുറക്കൽ പി.അബ്ദുൽ ജബ്ബാർ മൗലവി. 2007 ഏപ്രിൽ മാസം ഇസ്വ്ലാഹിൽ ‘അമ്പലക്കടവിന്റെ അതിഗംഭീര ചോദ്യങ്ങൾ’ എന്ന പേരിൽ അദ്ദേഹം എഴുതിയ ലേഖനത്തിലെ ഏതാനും വരികൾ മാത്രം എടുത്തുകാട്ടി മുജാഹിദുകൾക്ക് നേരെ ശക്തമായ ശിർക്കാരോണം ഉയർന്നു. സമസ്തക്കാർ തിരി കൊളുത്തിയ ആരോപണം ഇവരും ചേർന്ന് ആളിക്കത്തിച്ചു. ആരോപണവുമായി മുക്കുമൂലകളിൽ ഓടിനടന്നെങ്കിലും ഒരു പദംകൊണ്ട് പോലും ആ ലേഖനം ശിർക്കിന് കളമൊരുക്കിയിട്ടുണ്ടെന്ന് തെളിയിക്കാൻ ആർക്കും കഴിഞ്ഞില്ല.
മൗലവി ലേഖനത്തിൽ പരാമർശിച്ച അതേ ആശയം ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി(റഹി) 2005 ഫെബ്രുവരി 4ലെ ശബാബിൽ എഴുതിയതും അത് ‘പ്രാർഥന, തൗഹീദ്, ചോദ്യങ്ങൾക്ക് മറുപടി’ എന്ന പേരിൽ പുസ്തകമായി പുറത്തിറക്കിയതുമാണ്. ശബാബിലെ മറുപടി ഉപയോഗിച്ച് ആരോപണത്തെ പ്രതിരോധിച്ചപ്പോൾ ശരിക്കും ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു ഇക്കൂട്ടർ. ശബാബ് സിൽവർ ജൂബിലി പതിപ്പിലെ ലേഖകനും ഉരുണ്ട് മറിയുന്നത് കാണുക:
“ജിന്നിനോടും മലക്കിനോടും സഹായം തേടുന്നത് തെറ്റല്ലെന്ന് വ്യക്തമാക്കാനാണ് ഇസ്വ്ലാഹ് മാസികയിലെ ഉദ്ധരണിയെങ്കിൽ അത് പൂർണമായും തെറ്റാണെന്ന് സ്ഥാപിക്കാനാണ് ശബാബിന്റെ വരികൾ. എന്നിട്ടുകൂടി തങ്ങളുടെ പിഴച്ചവാദത്തിന് ശബാബിന്റെ വരികളെ കൂട്ടുപിടിക്കാൻ സാഹസപ്പെടു കയാണ് നവയാഥാസ്ഥിതികർ’’ (പേജ് 362).
മരണപ്പെട്ടവരോട് നടത്തുന്ന പ്രാർഥനയും സഹായതേട്ടവും ശിർക്കാണെന്ന് സ്ഥാപിക്കുന്ന ലേഖനത്തിൽ മലക്ക്, ജിന്ന് തുടങ്ങിയ സൃഷ്ടികളോട് തേടുന്നത് ശിർക്കല്ലെന്ന് പറയുമോ?
ചെറിയമുണ്ടം എഴുതിയതും അബ്ദുൽ ജബ്ബാർ മൗലവി എഴുതിയതും ഒരുമിച്ചൊന്ന് വായിക്കാം. ചെറിയ മുണ്ടം എഴുതുന്നു:
“അതുപോലെ വിജന പ്രദേശത്ത് ഉണ്ടായേക്കാൻ ഇടയുള്ള ജിന്നുകളും മലക്കുകളും ഉൾപ്പെടെയുള്ള സൃഷ്ടികളോട് അവർക്ക് കഴിവു നൽകപ്പെട്ട വിഷയത്തിൽ സഹായം ആവശ്യപ്പെട്ടാൽ അതും പ്രാർഥനയാണെന്ന് പറയാവുന്നതല്ല’’ (പേജ് 37).
ഇനി ഇസ്വ്ലാഹിലെ വരികൾ വായിക്കുക:
“പകൽ വെളിച്ചത്തിൽ വിജനമായ മരുഭൂമിയിലൂടെ വഴിയറിയാതെ നടന്നുനീങ്ങുന്ന ഒരാൾ പരിസരത്ത് ആരെയും കാണിന്നില്ല, ഇവിടെ എന്റെ ശബ്ദം കേൾക്കുന്ന ആരെങ്കിലും (മനുഷ്യൻ, മലക്ക്, ജിന്ന്) എന്നെ സഹായിക്കട്ടെ എന്ന് നിനച്ച് പടപ്പുകളേ എന്നെ സഹായിക്കണേ, എനിക്കു വഴി കാണിച്ചു തരണേ എന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നുവെങ്കിൽ അഭൗതിക മാർഗത്തിലുള്ള സഹായതേട്ടം അതിലില്ല’’ (പേജ് 42).
രണ്ടിലുമുള്ള ആശയ സാമ്യത പകൽ വെളിച്ചം പോലെ വ്യക്തമാണ്. കണ്ണടച്ച് ഇരുട്ടാക്കുന്നവർക്ക് എല്ലാം ഇരുണ്ടതായിരിക്കും. മറ്റൊരു വിശദീകരണമെന്നോണം ശബാബ് 2009 ഡിസംബർ 11ൽ ആവർ ത്തിച്ചതും തഥൈവ!
ശബാബ് ലേഖകൻ കിടന്ന് മെഴുകുന്നത് കാണുക: “ചുരുക്കത്തിൽ, വിജനപ്രദേശത്തെ ജിന്ന് തേട്ടം സംബന്ധിച്ച ശബാബിലെ ഉദ്ധരണിയും ഇസ്വ്ലാഹ് മാസികയിലെ അപകടകരമായ വാദങ്ങളും തമ്മിൽ അജഗജാന്തരമുണ്ട്. കേവലം പദസാമ്യതകളെ മറയാക്കി ശിർക്കിന് അടിത്തറയിടാനുള്ള ഇവരുടെ ശ്രമങ്ങൾ ബുദ്ധിയുള്ളവർക്ക് മുന്നിൽ ദയനീയമായി പരാജയപ്പെടുകയാണ്’’ (പേജ് 368).
മറുപടി നൽകുമ്പോൾ ഉചിതമായ പദങ്ങൾ ഉപയോഗിക്കുന്നത് അലങ്കാരത്തിനല്ല, മറുപടി മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയാണെന്ന് ആലോചിക്കാനുള്ള ‘ബുദ്ധി’ ലേഖകനുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ദയനീയമായൊരു കുറ്റസമ്മതം നടത്തേണ്ടിവരില്ലായിരുന്നു. രണ്ടും തമ്മിൽ ‘പദസാമ്യത’യുണ്ടെന്ന് ബോധ്യപ്പെട്ടിരിക്കെ ആശയവൈരുധ്യം എന്തെന്ന് വിശദീകരിക്കാത്തതെന്താണ്?
ശബാബിന്റെ പല ലക്കങ്ങളിലും ഇവർ അന്ധവിശ്വാസമെന്ന് മുദ്രയടിച്ച ജിന്ന്, പിശാച്, സിഹ്റ്, കണ്ണേറ്,മന്ത്രം എന്നീ വിഷയങ്ങളിൽ വന്ന ലേഖനങ്ങളും മറുപടികളും അതേപടി അവശേഷിക്കുന്നുണ്ട്. അതെല്ലാം വിശകലനം നടത്തുമ്പോഴും അവർ കുഴങ്ങുകയാണ്. ലേഖകൻ അതിന് കണ്ടെത്തിയ ന്യായം കൂടി വായിക്കാം:
“ജിന്ന് വിഷയത്തിൽ പ്രധാനമായും ശബാബിനെതിരെ പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവയൊക്കെയും ഇത് പോലെ, അബദ്ധങ്ങളോ ഗവേഷണാത്മകമായ വീക്ഷണ വ്യത്യാസങ്ങളോ അറിവുകേടുകളോ തിരുത്തപ്പെട്ടുപോയ അഭിപ്രായങ്ങളോ സന്ദർഭങ്ങളിൽനിന്ന് അടർ ത്തിയെടുക്കപ്പെട്ടവയോ ആണെന്നത് ഒരു വസ്തുതയാണ്’’ (പേജ് 360).
പ്രമാണങ്ങളോടൊപ്പം സഞ്ചരിക്കുന്നവരുടെ കൈകളിൽ ശബാബ് ഉണ്ടായിരുന്നപ്പോൾ എടുത്ത അതിന്റെ നിലപാടുകൾ തങ്കപ്പെട്ടതായിരുന്നു. എന്നാൽ പ്രമാണ ‘നീരസം’ പിടിപെട്ടവരുടെ പിടുത്ത ത്തിലായതിൽ പിന്നെ നിലപാടുകളില്ലാതെ അത് തളർന്ന് പോയിട്ടുമുണ്ട്.

