ഇംഗ്ലീഷ് ഭാഷയെ എതിർത്തതെന്തിന്?

മൂസ സ്വലാഹി കാര

2026 ഫെബ്രുവരി 28, 1447 റമദാൻ 10

(നവോത്ഥാനവും സമസ്തയും തമ്മിലെന്ത്?-2)

പണ്ടത്തെ മുസ്‌ലിയാക്കന്മാർ ഇംഗ്ലീഷ് ഭാഷയോട് വെറുപ്പ് കാണിച്ചതും അതിനെ നരകത്തിലെ ഭാഷയാക്കി അവതരിപ്പിച്ചതും ഇപ്പോഴത്തെ മുസ്‌ലിയാക്കന്മാർക്ക് ഓർക്കുന്നതുപോലും മാനക്കേടുണ്ടാക്കുന്നതാണ്. അതൊക്കെ പഴയ നിലപാടല്ലേ, ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തിൽ നമ്മൾ എത്രയോ പുരോഗതി കൈവരിച്ചിട്ടുണ്ടല്ലോ എന്ന് സ്വയം ആശ്വസിക്കുകയാണവർ.

“ഒരു കാലത്ത് ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നു പറഞ്ഞവർക്ക് മതം അനുശാസിക്കുന്ന നിഷ്‌കളങ്കതയുണ്ടായിരുന്നു. ഇംഗ്ലീഷ് മീഡിയം ഇസ്‌ലാമിക് നഴ്‌സറി സ്‌കൂൾ നടത്തുന്ന പുതുതലമുറയെ നയിക്കുന്നത് പൂർണമായും കച്ചവടതാത്പര്യങ്ങളല്ലെന്നു പറയാമോ?’’ (രിസാല/2007 ഡിസംബർ 14/പേജ് 32).

“നമുക്കു മാത്രമെ ധൈര്യപൂർവ്വം വിസമ്മതത്തിന്റെ മുദ്രാവാക്യം മുഴക്കാൻ അവകാശമുള്ളൂ. കാരണം നാമാരിൽ നിന്നും അച്ചാരം വാങ്ങിയിട്ടില്ല. സാമ്രാജ്യത്വാധിനിവേശങ്ങൾക്കെതിരെ എന്നും വിസമ്മതം പ്രകടിപ്പിച്ചവരാണ് നമ്മൾ. ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് നമ്മുടെ പണ്ഡിതന്മാരെക്കൊണ്ട് പറയിപ്പിച്ചത് ഈ വിസമ്മതത്തിന്റെ കരുത്താണ്’’ (സുന്നി വോയ്‌സ്/2006 ജനുവരി 1-30).

‘സമസ്ത’യുടെ പോഷകഘടകങ്ങളുടെ പേരുകൾ പോലും ഇംഗ്ലീഷ് ഭാഷയിലാകും വിധം പരിവർത്തിക്കപ്പെട്ട ഇവർക്ക് അത് നരകത്തിലെ ഭാഷയല്ലാതായത് എന്ന് മുതലാണെന്ന് അണികളെയെങ്കിലും ഒന്നറിയിക്കാമായിരുന്നു! നവോത്ഥാന പരിശ്രമങ്ങളെ അടിച്ചമർത്താൻ കച്ചകെട്ടിയിറങ്ങിയ മുസ്‌ലിയാക്കന്മാർക്ക് അവരുടെ മുന്നോട്ടുള്ള യാത്രയിൽ ക്ലേശകരമായ അനുഭവങ്ങൾ ഉണ്ടാകുമെന്നായപ്പോൾ നിലപാടുകൾ മാറ്റേണ്ടിവന്നു. അങ്ങനെ, ഞങ്ങളാണ് നവോത്ഥാനത്തിന് നേതൃത്വം നൽകിയവരെന്ന് അവകാശവാദം ഉന്നയിക്കുന്നതിലേക്ക് അവരെത്തി.

ഇംഗ്ലീഷ് ഭാഷയോടുണ്ടായിരുന്ന പഴയ നിലപാട് പുതുതലമുറ അറിയുന്നതിലുള്ള മാനക്കേട് മറച്ചുവെക്കാൻ നടത്തുന്ന ന്യായീകരണം കാണുക:

“സമസ്ത ഇന്നുവരെ ഔദ്യോഗികമായ ഫത്‌വയിലൂടെയോ പ്രസ്താവനയിലൂടെയോ ഇംഗ്ലീഷ് ഭാഷയെ എതിർത്തതായി കാണാൻ സാധിക്കില്ല’’ (സുപ്രഭാതം/2026 ജനുവരി 30 വെള്ളി/പേജ് 7).

സമസ്തയുടെ സിരകളിലോടുന്ന ഇംഗ്ലീഷ് വിരോധത്തിന് പ്രത്യേക ഫത്‌വയും പ്രസ്താവനയും ആവശ്യപ്പെടുന്നതിന്റെ യുക്തി വെടിയൊച്ച ഉണ്ടാക്കലല്ലാതെ മറ്റൊന്നുമല്ല! വലിയ വെല്ലുവിളികൾക്കി ടയിലും, സമസ്തയുടെ പണ്ഡിതന്മാർ ഇംഗ്ലീഷ് വിരോധം വെച്ചുപുലർത്തിയിരുന്നുവെന്ന യാഥാർഥ്യം അംഗീകരിക്കുന്നത് കാണുക:

“എന്നാൽ ഇംഗ്ലീഷ് ഭാഷയോട് വിരോധമുണ്ടായിരുന്ന പണ്ഡിതർ അക്കാലത്ത് സുന്നിസാമൂഹിക ലോകത്തുടനീളം ഉണ്ടായിരുന്നു, സമസ്തയിലും ഉണ്ടായിരുന്നു. അതിന് പ്രേരിപ്പിക്കുന്ന രാഷ്ട്രീയ ചുറ്റുപാടുകളും ഉണ്ടായിരുന്നു. കൊളോണിയൽ വിരുദ്ധത തന്നെയായിരുന്നു അതിൽ പ്രധാനം’’ (സുപ്രഭാതം/പേജ് 7).

കൊളോണിയൽ വിരുദ്ധതയുടെ പേരിൽ ഇംഗ്‌ളീഷ് നരകത്തിലെ ഭാഷയാണെന്ന് കള്ളം പറയാമോ? അതിന് വല്ല തെളിവുമുണ്ടോ? ബ്രിട്ടീഷ് പ്രഭു വിമാനാപകടത്തിൽനിന്ന് രക്ഷപ്പെട്ടപ്പോൾ സന്തോഷം പ്രകടിപ്പിച്ചതും കൊളോണിയൽ വിരുദ്ധതയുടെ ഭാഗമായിരുന്നോ?

സ്ത്രീവിദ്യാഭ്യാസത്തോടുള്ള സമീപനം

സ്ത്രീകൾ വിദ്യ നേടുക, എഴുത്ത് പഠിക്കുക എന്നതെല്ലാം അവർക്ക് നിഷിദ്ധമാക്കിയവരാണ് മുസ്‌ലിയാക്കന്മാർ. അവർ അഭിമാനപുരസ്സരം പാസ്സാക്കിയ പ്രമേയം കാണുക:

“സ്ത്രീകൾക്ക് കൈയെഴുത്ത് പഠിക്കൽ ശറഇൽ മക്‌റൂഹാണെന്നും മറ്റും പല മഹാന്മാരായ ഉലമാക്കൾ മുമ്പ് തന്നെ തീരുമാനിച്ചിട്ടുള്ളതാകയാൽ അവർക്ക് കൈയെഴുത്ത്പഠിപ്പിക്കൽ പ്രത്യേകം പാടില്ലാത്തതാണെന്നും ഈ യോഗം തീരുമാനിച്ചിരിക്കുന്നു’’ (അൽബയാൻ മാസിക/1930).

“ഇക്കാലത്തുള്ള സ്ത്രീ അക്ഷരവിദ്യ അധികവും ദീനിയായ വിഷയത്തിലോ ശറഅ് അനുസരിച്ച തോതിലോ കാര്യമായ ആവശ്യത്തിനോ അല്ലാത്തതോട് കൂടി അതിനാൽ കണക്കില്ലാത്ത പാപങ്ങൾ വന്ന് വശാകുന്നതും അത് പലേ പാപങ്ങൾക്കുള്ള ഉപകരണമാകുന്നതും ദൃഷ്ടിയിൽ അറിയപ്പെട്ടതായും അനുഭവപ്പെട്ടതായും വരുന്നത് കൊണ്ട് സ്ത്രീ അക്ഷരവിദ്യ ശറഅ് അനുസരിച്ച വിധത്തിലും ദീനിയ്യായ വിഷയത്തിലും ആയാൽ അത് അസ്‌ലിൽ മക്‌റൂഹ് മാത്രമാണെങ്കിലും ഇക്കാലത്തുള്ള സ്ത്രീ അക്ഷരവിദ്യ തീർച്ചയായും ഹറാമാകാൻ മാത്രമേ വഴികാണുന്നുള്ളൂ’’ (അൽബയാൻ/1930 ഫെബ്രുവരി/പേജ് 17).

മണ്ണാർക്കാട് വെച്ച് 1930ൽ സമസ്തയുടെ നാലാം വാർഷികത്തിൽ ഇതിന് വേണ്ടി പ്രത്യേക പ്രമേയം തന്നെ അവതരിപ്പിച്ചിരുന്നു.

“മണ്ണാർക്കാട് സമ്മേളനത്തിൽ സ്ത്രീകൾ എഴുത്ത് പഠിക്കുന്നത് സംബന്ധിച്ച് ഒരു പ്രമേയം പണ്ഡിത സഭ പാസ്സാക്കി. പുത്തൻകൂറ്റുകാരുടെ എതിർപ്പിന് ഏറെ വിധേയമായ ഒരു തീരുമാനമായിരുന്നു അത്’’ (സമസ്ത, വരക്കൽ മുതൽ കാന്തപുരം വരെ/ അഡ്വ. എ.കെ ഇസ്മാഈൽ വഫ/പേജ് 61).

അപമാനകരമായ ഈ തീരുമാനത്തെ ന്യായീകരിച്ച് മെഴുകുകയാണ് പുതുതലമുറക്കാരായ മുസ്‌ലിയാക്കൾ:

“സമസ്ത സ്ത്രീകളെ വായിച്ചതിലുമില്ല അക്ഷരത്തെറ്റ്. 1930ൽ മണ്ണാർക്കാട്ട് നടന്ന സമസ്ത നാലാം വാർഷിക സമ്മേളനത്തിലാണ് ഈ ആരോപണത്തിന് ഉപോൽബലകമാകുന്ന പെണ്ണിനെ എഴുത്ത് പഠിപ്പിക്കുന്നത് അഭിലഷണീയമല്ല എന്ന് തോന്നിപ്പിക്കുന്ന രൂപത്തിൽ ഒരു പ്രമേയം ഉണ്ടാകുന്നത്. മസ്‌ലഹത്ത് പരിഗണിക്കലും അനിവാര്യത മുഖവിലക്കെടുക്കലും ഫിഖ്ഹുൽ അഖല്ലിയ്യാത്തിന്റെ വക്താക്കൾ പറയുന്നത് പോലെ ആധുനികതയോട് ഒത്ത് പോവലല്ല, മറിച്ച് ഫിഖ്ഹിന്റെ അടിസ്ഥാന തത്വങ്ങൾ നിർദ്ദേശിക്കുന്ന നിയമങ്ങൾ തന്നെയാണ്. കിതാബത്ത് എന്നതിന് ഗുമസ്തപ്പണി, ഓഫീസ് ജോലി എന്ന സാങ്കേതികാർഥം വച്ചാൽ ആ പ്രമേയത്തിനു പിന്നിലും ദേശക്കൂറാണെന്ന് വരും’’ (സുപഭാതം/2026 ജനുവരി 30 വെള്ളി/പേജ് 7).

സമ്മേളനത്തിൽ പാസ്സാക്കിയ പ്രമേയമെങ്ങനെയാണ് തോന്നിപ്പിക്കൽ മാത്രമാവുക? സ്ത്രീകളുടെ ഉന്നമനത്തിനായി ഉയർന്ന പദ്ധതികൾ ആവിഷ്‌കരിക്കുന്നവരാണ് ഞങ്ങളെന്ന് വിളിച്ച് പറയുന്നവർ ശതാബ്ദി വേളയിലും ആ പഴയ പ്രമേയത്തെ തള്ളിപ്പറയാനല്ല, ന്യായീകരിക്കാനാണ് മുതിരുന്നത്.

അഹ്‌ലുസ്സുന്നയുടെ കാവലാളുകളായി കടന്നുവന്ന് സമുദായത്തിന്റെ മത-ഭൗതിക രംഗങ്ങളിലെ അഭിവൃദ്ധിക്കായി കഠിനാധ്വാനം നടത്തിയവരെ കരിവാരിത്തേക്കുന്ന പണി ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടേ? സാധാരണക്കാർ സത്യം മനസ്സിലാക്കുകയും മുജാഹിദ് പ്രസ്ഥാനം സമുദായത്തെ മത-ഭൗതികരംഗങ്ങളിൽ കൈപിടിച്ചുയർത്തിയത് അംഗീകരിക്കുകയും ചെയ്യുന്നുണ്ട് എന്ന കാര്യം മുസ്‌ലിയാക്കൾ തിരിച്ചറിയണം. സത്യത്തെ അംഗീകരിക്കാനും നവോത്ഥാനവെളിച്ചം പകർന്ന് മാതൃക കാട്ടിയവർക്കായി പ്രാർഥിക്കാനുമുള്ള വിനയം ഇവർക്കുണ്ടാകട്ടെ എന്ന് പ്രാർഥിക്കാം.

അല്ലാഹു പറയുന്നു: “അവരുടെ ശേഷം വന്നവർക്കും. അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയു മാകുന്നു’’ (59:10).