സമസ്ത ‘കേരള യാത്രകൾ’ സമൂഹത്തിന് സമ്മാനിച്ചതെന്ത്? 2

മൂസ സ്വലാഹി കാര

2026 മാർച്ച് 21, 1447 ശവ്വാൽ 02

ബന്ധവിഛേദന നയത്തിന് ബലക്ഷയം ബാധിച്ച യാത്രകൾ

തൗഹീദിലും സുന്നത്തിലും അടിയുറച്ച്, പ്രമാണങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന അഹ്‌ലുസ്സുന്നയെ സമസ്തയുടെ നൂതന വാദങ്ങൾക്ക് വഴങ്ങുന്നില്ലെന്ന ഒറ്റക്കാരണത്താൽ നവീന വാദികളാക്കി മുദ്രകുത്തുകയും അവർക്കെതിരെ ‘ബന്ധവിഛേദന പ്രമേയം’ പാസ്സാക്കുകയുമുണ്ടായി.

“ചോദ്യത്തിൽ വിവരിച്ച ഇരു കക്ഷികളും ദീനിന്റെ അഇമത്തുകളെ തെറ്റാക്കിയവരും അവരുടെ കിതാബുകളിൽ സ്ഥിരപ്പെടുത്തിയ ഹുകുമുകളെ റദ്ദാക്കിയവരും അതിനെതിരെ പുതിയത് കൊണ്ടുവന്ന് ജനങ്ങളെ വഴിപിഴപ്പിക്കുകയും ചെയ്യുന്നതിനാൽ അവർ സംശയം തീർന്ന മുബ്തദിഈങ്ങളും മുഫ്‌സിദീങ്ങളുമായത് കൊണ്ട് അവരോട് മുബ്തദിഈങ്ങളോട് പെരുമാറേണ്ട നിലയിൽ പെരുമാറൽ നിർബന്ധമാണ്. മുബ്തദിഈങ്ങളുമായി പെരുമാറേണ്ട ചുരുക്ക സംഗതികൾ അവരുമായി കൂടി പെരുമാറാതിരിക്കുക, അവരുമായി കണ്ടുമുട്ടിയാൽ സലാം ചൊല്ലാതിരിക്കുക, അവർ സലാം ചൊല്ലിയാൽ മടക്കാതിരിക്കുക, അവരുമായി വിവാഹ ബന്ധം നടത്താതിരിക്കുക, അവരെ പിൻതുടർന്ന് നിസ്‌കരിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ഇതിൽ പെടുന്നു’’ (ഇവരെ എന്തുകൊണ്ട് അകറ്റണം?/ചാലിയം എ.പി അബൂബക്കർ മുസ്‌ലിയാർ/പേജ് 16).

മാനുഷിക പരിഗണന പോലും വിശ്വാസികൾക്ക് നൽകരുതെന്ന നിലപാടായിരുന്നു ഇവരുടെത്!

“മുബ്തദിഉമായി ഒരുമിക്കുക, അവരുമായി കൂടിച്ചേരുക, സ്‌നേഹിക്കുക തുടങ്ങിയവ ചെയ്യുന്നത് ഒരു സുന്നിക്ക് ഭൂഷണമല്ല’’ (പുത്തൻ പ്രസ്ഥാനക്കാരുമായുള്ള ബന്ധം/പിഎസ്എം ബുർഹാനുദ്ദീൻ/ കാന്തപുരം മർകസ് മുദർരിസ്/പേജ് 56).

കാന്തപുരത്തിന്റെ ആശീർവാദത്തോടെ ഒരു സഖാഫി എഴുതിയ പുസ്തകത്തിൽനിന്ന് വായിക്കാം: “മുബ്തദിഇന്റെ വെള്ളം മുടക്കാം. വന്യജീവികളോട് കാണിക്കുന്ന സ്‌നേഹം പോലും മുബ്തദിആയ മനുഷ്യനോട് കാണിക്കരുതെന്നാണ് ഫിക്വ‌്‌ഹ് ഗ്രന്ഥങ്ങളിലുള്ള നിർദേശം’’ (ആധുനിക പ്രശ്‌നങ്ങൾ ഫിക്വ‌്‌ഹിലൂടെ/ഹുസൈൻ സഖാഫി അൽകാമിലി ഓമച്ചപ്പുഴ).

സമസ്തയുടെ സ്വരൂപം ഇങ്ങനെയായിരിക്കേ മനുഷ്യർക്കൊപ്പമെന്ന വാചകമടി ആരെയൊക്കെയോ സുഖിപ്പിക്കാനും കയ്യിലെടുക്കാനും വേണ്ടി മാത്രമാണെന്നത് വ്യക്തമാണല്ലോ. യാത്രയുടെ നിഗൂഢ ലക്ഷ്യങ്ങൾ ചുഴിഞ്ഞ് കൊണ്ടുള്ള ചോദ്യങ്ങൾക്ക് ഇരുവരും നൽകിയ പ്രതികരണങ്ങൾ വായിക്കാം:

“എന്നാൽ മനുഷ്യർക്കൊപ്പം എന്നതിൽ ചിലർ ഇല്ല. അഥവാ മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ വിഭാഗങ്ങൾ ഇല്ല എന്ന ആക്ഷേപം വരുന്നുണ്ട്?’’

“മനുഷ്യർക്കൊപ്പം എന്ന സന്ദേശത്തിന്റെ ഭാഷാപരവും പ്രയോഗപരവുമായ അർഥം മനുഷ്യർക്കൊപ്പം എന്നു തന്നെയാണ്. അതിൽ ഒരു മനുഷ്യനും ഒഴിവില്ല. മാനുഷികമായ സേവനങ്ങളുടെയും സഹായങ്ങളുടെയും സഹകരണങ്ങളുടെയും തലത്തിൽ എല്ലാവരെയും ഒരുപോലെ നമ്മൾ കാണുന്നു’’ (രിസാല/2026 ജനുവരി 14/പേജ് 14,15).

“ജമാഅത്തെ ഇസ്‌ലാമി-മുജാഹിദ് പ്രസ്ഥാനങ്ങളോട് ആശയതലത്തിൽ മാത്രമാണ് എതിർപ്പുള്ളതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അല്ലാതെ മനുഷ്യരെന്ന നിലയിൽ അവരോട് വെറുപ്പില്ല. അങ്ങിനെ വെറുക്കാനും പാടില്ല’’ (സുപ്രഭാതം 29/12/2025 തിങ്കൾ/പേജ് 2).

1950കളിൽ അഹ്‌മദ് കോയ ശാലിയാത്തിയും മറ്റു മുസ്‌ലിയാക്കന്മാരും കൊടുത്ത ‘ബന്ധവിഛേദന ഫത്‌വ’ സമസ്തക്കാർക്ക് ഇപ്പോൾ ചങ്കിൽ കുടുങ്ങിയ മുള്ള് പോലെയായിട്ടുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണിത്. കടുത്ത ആദർശവിരോധികളായ മുസ്‌ലിയാക്കൾ മാത്രമെ ഈ ഫത്‌വയെ ഗൗനിച്ചിട്ടുള്ളൂ എന്നതാണ് സത്യം. സാധാരണക്കാർ അതിനെ വിലവെച്ചിട്ടില്ല. അവർ സലാം പറയലും മടക്കലും മയ്യിത്ത് നിസ്‌കരിക്കലും പരസ്പര സഹായങ്ങളിലേർപ്പെടലും കല്യാണം കൂടലും ഒരുമിച്ച് വ്യവഹാരം നടത്തിലും പൊതു ആവശ്യങ്ങളിൽ ഒന്നിച്ചിരിക്കലുമായി സമൂഹത്തിൽ ഇന്നും സജീവമാണ്.

മുജാഹിദുകളുമായി ഒരുമിക്കുക, പെരുമാറുക, അവർക്ക് വെള്ളം കൊടുക്കാതിരിക്കുക എന്നീ, സുന്നികൾക്ക് ഭൂഷണമല്ലാതിരുന്ന വിഷയങ്ങളെല്ലാം കേരള യാത്രകൾ അവസാനിച്ചപ്പഴേക്ക് അനുവദനീയമായി മാറിയത് ദുഷ്‌പേര് നീങ്ങിക്കിട്ടാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ്. എന്നാലും അങ്ങനെ തിരുത്തിപ്പറയാൻ തയ്യാറായതിൽ അഭിനന്ദിക്കാതെ വയ്യ.

നവോത്ഥാന ചരിത്രത്തെ റാഞ്ചാൻ നോക്കിയ യാത്രകൾ

മുജാഹിദ് പ്രസ്ഥാനം നടത്തിയ നവോത്ഥാന നന്മകളുടെ തുടക്കത്തെ നിഷേധിച്ചും തുടർച്ചയെ നിരീക്ഷിച്ചും അതിന്റെ ഫലങ്ങൾ അനുഭവിച്ചും പിന്നീട് അത് അവകാശപ്പെടാനും മടിയില്ലാതെ പോയവരാണ് സമസ്തക്കാർ. യാത്രകളിലുടനീളം നവോത്ഥാനത്തിന്റെ പൂർണാവകാശം കയ്യടക്കാൻ കയ്യടിപ്പിക്കലായിരുന്നു മുഖ്യം:

“സമൂഹത്തിൽ ഇന്ന് കാണുന്ന പല മാറ്റങ്ങൾക്കും കാരണം സുൽത്വാനുൽ ഉലമയുടെയും പ്രസ്ഥാനത്തിന്റെയും വിദ്യാഭ്യാസ മുന്നേറ്റമാണെന്ന് പ്രഭാഷകർ ആവർത്തിച്ചു പറഞ്ഞു’’ (സുന്നിവോയ്‌സ്/2026 ഫെബ്രു 1-15/പേജ് 18).

കേരള മുസ്‌ലിംകളുടെ മുൻകാല ചരിത്രമറിയാത്തവരെ തെറ്റുധരിപ്പിക്കാൻ ഇതുകൊണ്ടായാക്കാം. എന്നാൽ ചരിത്ര വസ്തുതയെ ഇല്ലാതാക്കിമാറ്റാൻ കഴിയില്ലല്ലോ.

“മത, സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക മേഖലകളിൽ സക്രിയമായ ഇടപെടലുകൾ സാധ്യമാക്കിയ സമസ്ത ഇന്ന് നൂറ്റാണ്ടിന്റെ നിറവിൽ പരിലസിക്കുകയാണ്’’ (സുന്നിഅഫ്കാർ/2026 ജനുവരി 16-31/പേജ്,39)

സമൂഹത്തിന്റെ മതം, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങീ നാനാ മേഖലകളിലുമുള്ള നവോത്ഥാനത്തിന് നേതൃത്വം കൊടുത്തവരെ ഇകഴ്ത്തിയും പിഴച്ചവരെന്ന് മുദ്രകുത്തിയും നൂറ് വർഷം തികച്ചവർ ഇത്തരം അവകാശവാദങ്ങളിലൂടെ സമൂഹത്തെ പരിഹസിക്കുകയാണ് ചെയ്യുന്നത്.

പൂവണിയാത്ത മോഹങ്ങൾ നിറഞ്ഞ യാത്രകൾ

കാന്തപുരത്തിന്റെ യാത്രയെപ്പറ്റിയുള്ള അഭിപ്രായം പ്രകടനം കാണുക: “ഉള്ളാൾ ദർഗാ ശരീഫിൽനിന്ന് ആരംഭിച്ച യാത്ര കാസർകോട് മുതൽ തിരുവനന്തപുരം വരെ 17 സ്വീകരണ സമ്മേളനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. പരിശുദ്ധ ഖുർആനിൽ 17 സ്ഥലങ്ങളിൽ യാത്രയെ കുറിച്ച് പറയുന്നുണ്ടെന്നത് യാദൃച്ഛികമാവാം’’ (സുന്നിവോയ്‌സ് 2026 ഫെബ്രുവരി 1-15/പേജ് 15).

ദർഗയിൽനിന്ന് തുടങ്ങിയ യാത്രയെയാണ് ക്വുർആൻ പരിചയപ്പെടുത്തുന്ന യാത്രകളുമായി തുലനം ചെയ്യുന്നത്! ശിർക്കിന്റെയും കുഫ്‌റിന്റെയും ആളുകളുടെ പര്യവസാനം എങ്ങനെയെന്ന് നോക്കിക്കാണുവാനും അതിൽനിന്ന് ഗുണപാഠം ഉൾക്കൊള്ളുവാനുമാണ് അല്ലാഹു പറയുന്നത് എന്ന കാര്യം ഓർക്കുക.

ജിഫ്രി തങ്ങളുടെ യാത്രക്കുള്ള പോരിശകൂടി വായിക്കാം: “ആദം നബി(അ) മുതലുള്ള അമ്പിയാക്കൾ വിശ്വാസപരമായി സ്വീകരിച്ചുപോന്ന ശൈലി, നിലപാട് ഇതിന്റെയെല്ലാം തുടർച്ചയായിട്ടാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉത്ഭവം. ഈ വിശ്വാസ ധാരയുടെ മർമ്മം മനസ്സിലാക്കിയ മുൻഗാമികളായ മഹാന്മാരാണ് സമസ്തക്ക് രൂപം നൽകിയത്’’ (സുന്നിഅഫ്കാർ/ 2026 ജനുവരി 16-31/പേജ് 40).

വഴി പിഴച്ച ശിയാ-സൂഫീ മാർഗങ്ങളായിരുന്നുവോ ആദം നബി(അ) മുതലുള്ള അമ്പിയാക്കളുടെ മാർഗം?

നിർമിത ആദർശത്തെ താൽക്കാലികമായി ഇങ്ങനെയൊക്കെ ഏച്ചുകൂട്ടി നിലനിർത്താൻ സാധിച്ചേക്കാം. ആളുകളുടെ ബാഹുല്യം ചൂണ്ടിക്കാട്ടി ആഹ്‌ളാദിക്കുകയും ചെയ്യാം. എന്നാൽ മത വിശ്വാസത്തിന്റെ കരുത്ത് പ്രമാണങ്ങളാണ്, അത് ആൾബലത്തിൽ അധിഷ്ഠിതമല്ല എന്ന് തിരിച്ചറിയുന്നത് നല്ലതാണ്.

അല്ലാഹു പറയുന്നു: “അവൻ (അല്ലാഹു) പറയും: ‘ജിന്നുകളിൽനിന്നും മനുഷ്യരിൽനിന്നുമായി നിങ്ങൾക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തിൽ നരകത്തിൽ പ്രവേശിച്ചുകൊള്ളുക.’ ഓരോ സമൂഹവും (അതിൽ) പ്രവേശിക്കുമ്പോഴൊക്കെ അതിന്റെ സഹോദര സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാവരും അവിടെ ഒരുമിച്ചുകൂടിക്കഴിഞ്ഞാൽ അവരിലെ പിൻഗാമികൾ അവരുടെ മുൻഗാമികളെപ്പറ്റി പറയും: ‘ഞങ്ങളുടെ രക്ഷിതാവേ, ഇവരാണ് ഞങ്ങളെ വഴിതെറ്റിച്ചത്. അതുകൊണ്ട് അവർക്ക് നീ നരകത്തിൽ നിന്ന് ഇരട്ടി ശിക്ഷ കൊടുക്കേണമേ.’ അവൻ പറയും: ‘എല്ലാവർക്കും ഇരട്ടിയുണ്ട്.’ പക്ഷേ, നിങ്ങൾ മനസ്സിലാക്കുന്നില്ല’’ (7:38).