വ്യാജത്വരീക്വത്തുകൾക്കെതിരെ വാചാലരാകുന്നതെന്തിന്?

മൂസ സ്വലാഹി കാര

2026 ഏപ്രിൽ 25, 1447 ദുൽഖഅദ് 07

(സമസ്ത ശതാബ്ദി ആഘോഷവും പിന്തിരിപ്പൻ പ്രമേയങ്ങളും 2)

സമസ്തയുടെ പക്കലുള്ള ത്വരീക്വത്തുകളുടെ അസ്തിത്വവും ആശയങ്ങളും എന്താണോ അതിൽ തന്നെ ഊന്നിപ്പോകുന്ന ഏകദേശം ഇരുപതിലധികം ത്വരീക്വത്തുകൾ മുസ്‌ലിയാക്കന്മാരുടെ ദൃഷ്ടിയിൽ വ്യാജമാണ്. പലരുടെയും വ്യക്തി പ്രഭാവത്താൽ ഉണ്ടായതും നാളും നേരവും നോക്കി പിഴച്ചതെന്ന് സമസ്ത വിധിയെഴുതിയവയും അതിലുണ്ട്. പ്രമേയം വായിക്കാം:

“പരിശുദ്ധ ശരീഅത്തിനെ വെല്ലുവിളിച്ചും ഇസ്‌ലാമിക പ്രമാണങ്ങളെ വികലമായി വ്യാഖ്യാനിച്ചു കൊണ്ടും മുസ്‌ലിം സമൂദായത്തിൽ രംഗത്തുവരുന്ന പിഴച്ച ആത്മീയവാദികൾക്കെതിരെ വിശ്വാസി സമൂഹം അതീവ ജാഗ്രത പാലിക്കണമെന്ന് ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു. ശരീഅത്തിന് വിരുദ്ധമായ ആത്മീയത ഇസ്‌ലാമിലില്ലെന്നിരിക്കെ, ഉലമാക്കൾ കാണിച്ചുതന്ന പരിശുദ്ധമായ തസവ്വുഫിന്റെ വഴിയിൽ നിന്ന് വ്യതിചലിച്ച് സ്വയം പ്രഖ്യാപിത ശൈഖുമാരായി ചമയുന്നവർ സമുദായത്തെ വഴിതെറ്റിക്കുകയുമാണ്.

ആത്മീയതയുടെ പേരിൽ ശരീഅത്തിനെ അവഗണിക്കുന്നതും ഫിഖ്ഹീ നിയമങ്ങളെ നിസ്സാരപ്പെടുത്തുന്നതുമായ ഇത്തരം വികല ചിന്താഗതികളെയും കേന്ദ്രങ്ങളെയും വിശ്വാസികൾ തിരിച്ചറിയണമെന്നും ഇവ്വിഷയത്തിൽ സമസ്തയുടെ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും വ്യാജ പ്രചരണങ്ങളിൽ വീണുപോകാതെ അഹ്‌ലുസ്സുന്നയുടെ ശുദ്ധമായ ആത്മീയ പാതയിൽ അടിയുറച്ചു നിൽക്കണമെന്നും നൂറാം വാർഷിക സമ്മേളനത്തിലെ ആത്മീയ സംഗമ പ്രമേയം ഉദ്‌ബോധിപ്പിക്കുന്നു.’’

അദ്വൈത, അവതാര വിശ്വാസങ്ങളുള്ള ‘തസവ്വുഫ്’ ഒരു നിലയ്ക്കും പരിശുദ്ധമാവുകയില്ല. ചേലും കോലവും നോക്കി ത്വരീക്വത്തുകളെ വ്യാജമാക്കാൻ പ്രമേയം തയ്യാറാക്കുക വഴി മുസ്‌ലിയാക്കന്മാർ സ്വയം അപഹാസ്യരാകുന്നതും അതിന് വേണ്ടി അഹ്‌ലുസ്സുന്ന വൽജമാഅയെ മറയാക്കുന്നതും ഒഴിവാക്കി എല്ലാ ത്വരീക്വത്തുകളും ആത്മീയ തട്ടിപ്പിന്റെ തട്ടകങ്ങാളെന്ന് പ്രമാണങ്ങൾ പഠിപ്പിച്ച പ്രമേയത്തിലേക്ക് മടങ്ങുക എന്നതാണ് സത്യസന്ധമായ സമീപനം. അല്ലാഹു പറയുന്നു: “ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റുമാർഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽനിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങൾ സൂക്ഷ്മത പാലിക്കാൻ വേണ്ടി അവൻ നിങ്ങൾക്ക് നൽകിയ ഉപദേശമാണത്’’ (6:153).

പ്രമാണങ്ങളോടൊപ്പമുള്ളവർ നവീനവാദികളോ?

മതം പഠിപ്പിക്കാത്ത നവീനനിർമിതികൾ (ബിദ്അത്ത്) മതത്തിന്റെ അവിഭാജ്യകാര്യങ്ങളായി കൊണ്ടു നടക്കുന്നവരാണ് സമസ്തക്കാർ. എന്നിട്ട് പുത്തൻ വാദികൾ എന്നു പേരുനൽകുന്നത് അതിനെതിരെ പടപൊരുതുന്നവർക്കും! പ്രമേയം വായിക്കാം:

“മുസ്‌ലിം ഉമ്മത്തിന്റെ ഐക്യവും ഒത്തൊരുമയും സമസ്ത ആഗ്രഹിക്കുന്നു. എന്നാൽ, ദീനി വിഷയങ്ങളിൽ നവീന ആശയങ്ങൾ കടത്തിക്കൂട്ടി വിശുദ്ധ ശരീഅത്തിനെ വികലമാക്കുന്ന ദുഷ്പ്രവണതയെ സമസ്ത എന്നും എതിർത്തു പോന്നിട്ടുണ്ട്. മുസ്‌ലിം സമൂഹത്തെ ബാധിക്കുന്ന പൊതുവിഷയങ്ങളിൽ ഐക്യപ്പെടുന്നതിന് ഇതുതടസ്സമാവുകയില്ലെന്നുള്ള സമസ്തയുടെ നിലപാട് ഈ സമ്മേളനം ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. വിവിധ ഘട്ടങ്ങളിൽ സമസ്തയിൽനിന്ന് വേർപിരിഞ്ഞു പോയവർ മാതൃസംഘടനയിലേക്ക് തിരിച്ചുവരണമെന്നും ഈ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു’’ (പ്രമേയം18).

ഐക്യം ആഗ്രഹിക്കുന്നവർ എന്തിനാണ് 1924ൽ രൂപീകരിക്കപ്പെട്ട കേരള ജംഇയ്യത്തുൽ ഉലമ അഹ്‌ലുസ്സുന്നത്തി വൽജമാഅയിൽനിന്ന് വേർപിരിഞ്ഞു പോയി മറ്റൊരു സംഘടന തട്ടിക്കൂട്ടിയത്? പൂർത്തിയാക്കപ്പെട്ട ദീനിലേക്ക് കണക്കില്ലാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്ത് അതിനെ പ്രത്യക്ഷത്തിൽ മാത്രം ഒതുക്കിയ മുസ്‌ലിയാക്കന്മാർ തന്നെയല്ലേ നവീന ആശയക്കാർ?

വിശ്വാസികൾക്ക് ആശ്വാസം ക്വുർആനിന്റെ വാഗ്ദാനമാണ്: “നിനക്ക് സന്ദേശം നൽകപ്പെടുന്നതിനെ നീ പിന്തുടരുക. അല്ലാഹു തീർപ്പുകൽപിക്കുന്നത് വരെ ക്ഷമിക്കുകയും ചെയ്യുക. തീർപ്പുകൽപിക്കുന്നവരിൽ ഉത്തമനത്രെ അവൻ’’ (10:109).

നവോത്ഥാനത്തെ നിഷ്പ്രഭമാക്കാൻ ശ്രമിച്ചതിനും പ്രമേയം!

മത, സാമൂഹ്യ മേഖലകളിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് സമസ്തയാണെന്ന് വരുത്തിത്തീർക്കാനും അതുകൊണ്ട് അഭിമാനം കൊള്ളാനും വേണ്ടി പ്രത്യേക പ്രമേയമുണ്ട്:

“സ്ത്രീ സംബന്ധമായി ഇസ്‌ലാമിന് വ്യക്തവും യുക്തവുമായ കാഴ്ചപ്പാടുണ്ട്. കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങൾ ആവശ്യമായി വരാത്തവയാണവ. സ്ത്രീ വിദ്യാഭ്യാസത്തിനോ ന്യായമായ സ്വാതന്ത്ര്യത്തിനോ ഇസ്‌ലാം എതിരല്ല...’’(പ്രമേയം 20).

“സമസ്തയുടെ ദൗത്യങ്ങളും സന്ദേശങ്ങളും സമൂഹം ഏറ്റെടുത്തതിന്റെ ശദാബ്ദി നിറവിലാണ് പ്രസ്ഥാനം. ലോക മുസ്‌ലിംങ്ങൾക്ക് മാതൃകയാം വിധം കേരളീയ മുസ്‌ലിംങ്ങളെ പാകപ്പെടുത്തിയ പൂർവ്വസൂരികളെ നൂറാം വാർഷിക സമ്മേളനം പ്രാർത്ഥനയോടെ സ്മരിക്കുന്നു...’’ (പ്രമേയം 21).

വാസ്തവവിരുദ്ധമായ പ്രമേയമാണിത്! നവോത്ഥാനത്തോട് മുസ്‌ലിയാക്കന്മാർക്കുണ്ടായിരുന്ന വെറുപ്പ് മാറ്റാൻ നിദാനമായ യഥാർഥ നവോത്ഥാന പ്രസ്ഥാനത്തിന്റെ നേതാക്കളോട് ഞങ്ങൾക്ക് വലിയ കടപ്പാടുണ്ടെന്നും അവർ തുറന്നുവെച്ച വഴികളിലൂടെയാണ് ഞങ്ങളുടെ സംഘടനയായ ‘സമസ്ത’ക്ക് സാമൂഹ്യ വളർച്ച സാധ്യമായതെന്നും സ്മരിച്ചുകൊണ്ടുള്ള പ്രമേയമായിരുന്നെങ്കിൽ ഇത് പ്രസക്തമായി രുന്നു. 1930 മാർച്ച് 16ന് മണ്ണാർക്കാട് വെച്ചു നടന്ന, സമസ്തയുടെ നാലാം വാർഷിക സമ്മേളനത്തിൽ സ്ത്രീകൾ എഴുത്ത് പഠിക്കൽ നിഷിദ്ധമാണെന്ന് പ്രമേയമിറക്കിയത് ഇവർ മറന്നുപോയോ? അതിനെ ന്യായികരിച്ചുകൊണ്ട് ഇവർ എഴുതിയത് കാണുക:

“എന്നാൽ സ്ത്രീ എഴുത്ത് പഠിക്കുന്നതിൽ ഭൗതികപരമായ വല്ല ഗുണവുമുണ്ടോ ഇല്ലേ എന്ന് ഇവിടെ പറയേണ്ടതില്ല. ഭൗതികപരമായി വല്ല ഗുണമുണ്ടായാലും അക്കാര്യം ശറഇന് വിരോധിക്കുന്നതിന് തടസ്സമില്ല. കള്ളിൽ ധാരാളം ഗുണങ്ങളുണ്ടെന്ന് പറഞ്ഞ ഇസ്‌ലാം അടുത്ത നിമിഷത്തിൽ അത് ഹറാമാണെന്ന് പ്രഖ്യാപിച്ചുവല്ലോ’’ (സമസ്ത 60-ാം വാർഷികം/പേജ് 67).

കള്ള് നിഷിദ്ധമാക്കിയതിനോട് സ്ത്രീ എഴുത്ത് പഠിക്കലിനെ തുല്യപ്പെടുത്തിയ ഇക്കൂട്ടർ അത് തിരുത്താതെ സ്ത്രീ വിദ്യാഭ്യാസ നവോത്ഥാനം വാദിക്കുന്നതിൽ എന്തർഥമാണുള്ളത്.

മദ്‌റസ സംവിധാനത്തെ എതിർത്ത് ‘ഒരു കാലത്തും ലാ തജ്അലുൽ ബനീനാ മദ്‌റസ വഴിയിൽ യതഅല്ലമൂനാ’ അഥവാ കുട്ടികളെ മദ്‌റസയിൽ പഠിപ്പിക്കാൻ ഒരിക്കലും നിങ്ങൾ മദ്‌റസ ഉണ്ടാക്കരുതെന്ന് പാടി നടന്നവർ, മദ്‌റസക്കെതിരെ ജനങ്ങളെ രംഗത്തിറക്കിയവർ 1950കൾക്ക് ശേഷം ഈ സംവിധാനം പകർത്താൻ തുടങ്ങി. ഇപ്പോൾ മദ്‌റസ പ്രസ്ഥാനത്തിന് പ്രാരംഭം കുറിച്ചവർ തങ്ങളാണെന്ന് പ്രചരിപ്പിക്കുന്നു. മദ്‌റസകളുടെ എണ്ണവും വണ്ണവും ചൂണ്ടിക്കാട്ടി അഭിമാനിക്കുന്നു. ചരിത്രം പഠിക്കുന്ന, വസ്തുനിഷ്ഠമായി കാര്യങ്ങളെ വിലയിരുത്തുന്ന ഒരാളുടെയും കണ്ണിൽ പൊടിയിട്ട് കബളിപ്പിക്കാൻ കഴിയില്ലെന്ന് നൂറിലെത്തിയവർ ഇനിയെങ്കിലും തിരിച്ചറിയട്ടെ!