സമസ്ത ശതാബ്ദി ആഘോഷവും പിന്തിരിപ്പൻ പ്രമേയങ്ങളും

മൂസ സ്വലാഹി കാര

2026 ഏപ്രിൽ 18, 1447 ശവ്വാൽ 30

ശിയാ-സൂഫി സരണികളെ പിൻപറ്റി നിലനിൽക്കുന്ന സമസ്തക്കാർ അവരുടെ നൂറാം വാർഷികം ആഘോഷിക്കുകയുണ്ടായി. കഴിഞ്ഞകാല സമ്മേളനങ്ങളിലെല്ലാം ചെയ്തതുപോലെത്തന്നെ തങ്ങളുടെ വികലമായ ആശയ പരിരക്ഷക്കും സാമൂഹ്യ പ്രശ്‌നങ്ങളിൽ ഇടപെടുന്നുണ്ടെന്ന് അറിയിക്കുന്നതിനുമായി കുറെ പ്രമേയങ്ങൾ അവതരിപ്പിച്ച് പാസ്സാക്കുകയുണ്ടായി. അവയിൽ അഹ്‌ലുസ്സുന്നയുടെ ആദർശത്തോടുള്ള വെറുപ്പും അന്ധവിശ്വാസങ്ങളോടുള്ള താൽപര്യവും പ്രകടമാക്കുന്ന പ്രമേയങ്ങളുണ്ട്. അവയെ പ്രാമാണികമായൊന്ന് വിശകലനം ചെയ്യേണ്ടതുണ്ട്.

അന്ധമായ അനുകരണത്തെ അരക്കിട്ടുറപ്പിക്കുന്നു!

വിശ്വാസ-കർമ വിഷയങ്ങളിൽ അന്ധമായ അനുകരണം പ്രമാണമാക്കുക എന്നത്സമസ്തയുടെ തുടക്ക കാലം തൊട്ടേ മുസ്‌ലിയാക്കന്മാരുടെ ശീലമാണ്. ഹിജ്‌റ നാലാം തലമുറക്ക് ശേഷം ശിയാക്കളും സൂഫികളും കാണിച്ചുതന്ന രീതിയാണിത്. എന്നാൽ മതവിഷയങ്ങൾ പഠിക്കേണ്ടതും അതിലുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതും അടിസ്ഥാന പ്രമാണങ്ങളായ ക്വുർആനും നബിചര്യയും അവലംബിച്ചാണ്. അല്ലാഹു പറയുന്നു:

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽനിന്നുള്ള കൈകാര്യ കർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും’’ (4:59).

ഇത്ര വ്യക്തതയുള്ള കാര്യത്തിനു നേരെ മുസ്‌ലിയാക്കന്മാർ പ്രമേയത്തിലൂടെ കൊഞ്ഞനം കുത്തുന്നത് കാണുക:

“കർമ്മ ശാസ്ത്രപരമായി നാലിൽ ഒരു മദ്ഹബ് പിൻപറ്റുകയും വിശ്വാസപരമായി അശ്അരി, മാതുരീദി സരണികളിൽ ഒന്ന് സ്വീകരിക്കുകയും ചെയ്യുന്നതിലാണ് യഥാർത്ഥ അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ പാരമ്പര്യവും സമസ്തയുടെ മൻഹജും നിലനിൽക്കുന്നത്. എന്നാൽ, സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി പ്രാമാണികരായ പൂർവിക പണ്ഡിതന്മാരുടെ കർമശാസ്ത്രപരമായ അഭിപ്രായങ്ങളെ അവഗണിച്ച് സ്വന്തം അഭിപ്രായങ്ങൾക്ക് മുൻഗണന നൽകി സ്വയം ഇജ്തിഹാദികളാകുന്ന പ്രവണത തികച്ചും ഇസ്‌ലാമിക വിരുദ്ധമാണ്. മഖാസ്വിദുശ്ശരീഅ:, ഫിഖ്ഹുൽ അഖല്ലിയാത്ത് തുടങ്ങിയ സാങ്കേതിക പദങ്ങളെ ദുരുപയോഗം ചെയ്ത് ചിലർ നടത്തിക്കൊണ്ടിരിക്കുന്ന ഈ പുതിയ ഗവേഷണ രീതി പൂർണമായും തള്ളിക്കളയണമെന്നും പൂർവ സൂരികളായ ഇമാമുകൾ വരച്ചുവച്ച മദ്ഹബീപാതയിൽ പൂർണമായും ഉറച്ചുനിൽക്കണമെന്നും സമസ്ത നൂറാം വാർഷിക സമ്മേളനം ഈ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു’’ (പ്രമേയം 1).

ഏതെങ്കിലൊമൊരു പണ്ഡിതനിലേക്ക് ചേർക്കപ്പെട്ട അഭിപ്രായങ്ങളെല്ലാം അതേപടി പിൻപറ്റുകയല്ല, മറിച്ച് തെളിവുകളുടെ വെളിച്ചത്തിൽ പ്രബലമാക്കപ്പെട്ടത് പകർത്തുകയും പകരുകയും ചെയ്യുക എന്നതാണ് അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ കാണിച്ചത്. ഈ സ്വഭാവമില്ലാത്തവർക്ക് അഹ്‌ലുസ്സുന്നയുടെ ‘മൻഹജ്’ ഉണ്ടാകുന്നതെങ്ങനെയാണ് ? ശിയാ-സൂഫീ ചിന്തകളോട് ചേർന്നുണ്ടായ അശ്അരി, മാതുരീദി വഴികൾ യഥാർഥ അഹ്‌ലുസ്സുന്നയോട് ബന്ധമില്ലാത്തതാകയാൽ വിശ്വാസ വിഷയങ്ങളിൽ അവയെ സ്വീകരിക്കാൻ ആഹ്വാനം ചെയ്യുക എന്നത് ശരിയായ പാരമ്പര്യമാകുമോ? ഗവേഷണത്തിന്റെ വാതിലുകൾ കൊട്ടിയടക്കപ്പെട്ടതാണെന്ന് വാതോരാതെ പറഞ്ഞിരുന്നവർ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഗവേഷണം നടത്തി മത്സരിക്കുന്നത് സ്ഥിരം കാഴ്ചയായിട്ടുണ്ട്.

നാല് മദ്ഹബുകളുടെ ഇമാമുമാരിൽ ആരുംതന്നെ അന്ധമായി അവരെ അനുകരിക്കാൻ പറഞ്ഞിട്ടില്ല. ഇമാം അഹ്‌മദ് ബിൻ ഹമ്പൽ(റഹി) പറഞ്ഞു: “നീ എന്നെയോ മാലികിനെയോ ശാഫിഈയെയോ സൗരിയെയോ അനുകരിക്കരുത്. ഞങ്ങൾ പഠിച്ചതുപോലെ നീ പഠിക്കുക. നിന്റെ മതത്തിലുള്ളവരെ നീ അനുകരിക്കരുത്. കാരണം അവർ തെറ്റുകളിൽനിന്ന് മുക്തരല്ല.’’

മരണപ്പെട്ടവരോടുള്ള ഇസ്തിഗാസയും ജാറനിർമാണവുമെല്ലാം നിഷിദ്ധമാണെന്ന ഇമാമുമാരുടെ അഭിപ്രായം സമസ്ത ഉൾക്കൊള്ളുന്നുണ്ടോ? ശാഫിഈ മദ്ഹബിന്റെ പക്ഷംപിടിക്കുന്നവർക്ക് സൂഫിസത്തിന്റെ പൊള്ളത്തരത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ ‘പകലിന്റെ ആരംഭത്തിൽ ഒരാൾ സൂഫിയായാൽ ഉച്ചയാകുമ്പോഴേക്ക് അയാൾ വിഡ്ഢിയാകും’ എന്നതിനോട് യോജിക്കാൻ കഴിയുമോ? മഹാന്മാരുടെ ഹക്ക്വ്, ജാഹ്, ബറകത്ത് എന്നിവ കൊണ്ടുള്ള ഇടതേട്ടവും നിർബന്ധനമസ്‌കാര ശേഷമുള്ള കൂട്ടുപ്രാർഥനയും ശാഫിഈ മദ്ഹബ് പ്രകാരം പാടില്ലെന്നത് ഇവർ വിശ്വസിക്കാൻ തയ്യാറാകുമോ? ശരീഅത്തിന്റെ ലക്ഷ്യങ്ങളെയും ഓരോ സന്ദർഭത്തിലുമുണ്ടാകുന്ന പുതിയ പ്രശ്‌നങ്ങളെയും കർമശാസ്ത്രപരമായി എങ്ങനെ അഭിമുഖീകരിക്കണം എന്നതിനെയും പറ്റി ഉത്തമ ബോധ്യമുള്ള പണ്ഡിതന്മാരുടെ ഏകോപനത്തെ ‘പുതിയ ഗവേഷണ രീതി’ എന്നു പറഞ്ഞ് പരിഹസിച്ച് തള്ളുന്നത് ഒരുതരം രോഗമാണ്.

അഹ്‌ലുസ്സുന്നയും സമസ്തയുടെ അടങ്ങാത്ത അമർഷവും

മുസ്‌ലിയാക്കന്മാർക്ക് ഏറ്റവും വലിയ കുടുക്കും കുരുക്കുമായ പ്രശ്‌നം ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദ് മാറ്റിവെച്ച് ശിയാ-സൂഫീ കൃത്രിമ തൗഹീദിനെ ആദർശമായി തെരഞ്ഞെടുത്തു എന്നതാണ്. മരണപ്പെട്ട മഹാന്മാർക്ക് എന്തും ചെയ്യാനുള്ള കഴിവ് അല്ലാഹു കൊടുത്തിട്ടുണ്ടെന്ന ‘ശിയാക്കളുടെ തൗഹീദിനെ’യും ശരീഅത്തിൽ കയറി, ത്വരീഖത്തിൽ മുങ്ങി അല്ലാഹുവിൽ ലയിക്കാൻ ഹഖീഖത്ത് പ്രാപിക്കണമെന്ന ‘സൂഫികളുടെ തൗഹീദിനെ’യും ഇവർ പുണരുകയാണുണ്ടായത്.

ഈ വികലമായ ആശയങ്ങളെ ആണിയടിച്ചുറപ്പിക്കാനും ഇവർ പ്രമേയം പാസ്സാക്കിയത് കാണുക: “പരിശുദ്ധ ഖുർആനും തിരുസുന്നത്തും സലഫുസ്സ്വാലിഹീങ്ങളും പഠിപ്പിച്ചതന്ന യഥാർത്ഥ തൗഹീദിനെ വികലമായി വ്യാഖ്യാനിച്ച് മുസ്‌ലിം സമുദായത്തിൽ ഭിന്നതയുണ്ടാക്കുന്ന വഹാബി പ്രസ്ഥാനങ്ങളുടെ ആദർശ വൈരുദ്ധ്യങ്ങൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു. മുൻഗാമികളായ പണ്ഡിതന്മാരെയും ഔലിയാക്കളെയും തള്ളിപ്പറഞ്ഞും സുന്നി വിശ്വാസികളെ മുശ്‌രിക്കുകളായി മുദ്രകുത്തിയും രംഗത്തുവന്ന വഹാബിസം കാലക്രമേണ തങ്ങൾ തന്നെ നിർമ്മിച്ചെടുത്ത തൗഹീദ് സങ്കൽപ്പങ്ങളിൽ വെള്ളം ചേർക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ജിന്ന്, സിഹ്‌റ് തുടങ്ങിയ വിഷയങ്ങളിൽ തൗഹീദിലുണ്ടായ ആശയക്കുഴപ്പങ്ങളും ഗ്രുപ്പ് വഴക്കുകളും ഇവരുടെ ആദർശാടിത്തറ എത്രത്തോളം ദുർബലമാണെന്ന് തെളിയിക്കുന്നു. കേവല യുക്തി ചിന്തയുടെയും ഭൗതിക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ അല്ലാഹുവിന്റെ വിശേഷണങ്ങളെയും പ്രവാചക ചര്യയെയും വ്യാഖ്യാനിക്കുന്നതിലൂടെ വിശ്വാസികളെ വഴിതെറ്റിക്കുന്ന ഇത്തരം നവീനവാദികളെ തിരിച്ചറിയണമെന്നും അഹ്‌ലുസ്സുന്നയുടെ പാവനമായ ആദർശ പാതയിൽ അടിയുറച്ചു നിൽക്കണമെന്നും ഈ പ്രമേയം വിശ്വാസി സമൂഹത്തെ ഉണർത്തുകയും ഭക്തിയുടെ വേഷം കെട്ടി വഹാബിസത്തിലേക്ക് വിശ്വാസികളെ റിക്രൂട്ട് ചെയ്യുന്ന തബ്‌ലീഗ് ജമാഅത്തിനെ കരുതിയിരിക്കണമെന്നും സമസ്ത നൂറാം വാർഷിക സമ്മേളനം ആഹ്വാനം ചെയ്യുന്നു’’ (പ്രമേയം 3).

സത്യത്തിലേക്ക് സമൂഹത്തെ തിരിച്ചുവിളിക്കാൻ പരിശ്രമിച്ചവരാണ് മുജാഹിദുകൾ. ആദ്യത്തെ പണ്ഡിത സഭയായ കേരള ജംഇയ്യത്തുൽ ഉലമയുടെ നിലപാടുകളെ ഇട്ടെറിഞ്ഞ് പോയ സമസ്തയാണ് ഭിന്നതയുടെ ആളുകളെന്നത് ചരിത്രം മരിക്കാത്തിടത്തോളം മായുകയില്ല. ആരാധനയാകുന്ന പ്രാർഥനയും സഹായ തേട്ടവുമൊക്കെ അല്ലാഹുവിന് മാത്രം നൽകുന്നവർ വികല വാദികളാണെങ്കിൽ അത് കൽപിച്ച പ്രമാണങ്ങളെ വികലവാദ സമാഹാരമായി ഇവർ പരിചയപ്പെടുത്തുമോ? അല്ലാഹു പറയുന്നു: “അല്ലാഹുവിന് പുറമെ അവന്ന് ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത വസ്തുക്കളെ അവൻ വിളിച്ചു പ്രാർഥിക്കുന്നു. അതു തന്നെയാണ് വിദൂരമായ വഴികേട്’’ (22:12).

ഇതിന്റെ വിശദീകരണത്തിൽ ഇബ്‌നു കസീർ(റഹി)പറയുന്നു: “ബിംബങ്ങളും പകരക്കാരുമായ ആരാധ്യന്മാർ. അവയോട് സഹായവും പിന്തുണയും ഉപജീവനവും തേടുന്നു. അവയ്ക്ക് ഒരു ഗുണമോ ദോഷമോ ചെയ്യാൻ കഴിയില്ല.’’

തൗഹീദിന്റെ അന്തസ്സത്തയെ നിരാകരിച്ച്, മരിച്ചുപോയ നബിമാരോടും വലിയ്യുകളോടും സ്വാലിഹുകളോടും നേരിട്ട് സഹായത്തിന്നപേക്ഷിക്കാമെന്ന് 1933ലെ 6-ാം സമ്മേളനത്തിലെ 8-ാം പ്രമേയത്തിലൂടെ പാസ്സാക്കിയ സമസ്തയല്ലേ അക്ഷരാർഥത്തിൽ നവീന വാദികൾ? പ്രാർഥന അല്ലാഹുവിനോട് മാത്രമെന്നത് ഇബ്‌ലീസിന്റെ വാദമാണെന്ന് പ്രചരിപ്പിച്ചവർക്കും അല്ലാഹുവല്ലാത്തവരോട് പ്രാർഥിക്കൽ അനുവദനീയമാണെന്ന് ഫത്‌വ പുറപ്പെടുവീച്ചവർക്കും ‘അഹ്‌ലുസ്സുന്നയുടെ പാവന ആദർശം’ അവകാശപ്പെടാൻ എന്തർഹതയാണുള്ളത്? അല്ലാഹു പറയുന്നു:

“(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർഥിക്കുന്നവരെ ആരാധിക്കുന്നതിൽനിന്ന് തീർച്ചയായും ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: നിങ്ങളുടെ തന്നിഷ്ടങ്ങളെ ഞാൻ പിന്തുടരുകയില്ല. അങ്ങനെ ചെയ്യുന്നപക്ഷം ഞാൻ പിഴച്ചുകഴിഞ്ഞു; സൻമാർഗം പ്രാപിച്ചവരുടെ കൂട്ടത്തിൽ ഞാൻ ആയിരിക്കുകയുമില്ല’(6:56).

തൗഹീദിന്റെ മാർഗത്തിൽ ജീവിക്കുന്നവരെ പിഴച്ചവരെന്ന് മുദ്രകുത്തുന്നവർ വ്യാജ തൗഹീദിന്റെ പേരിൽ കലഹിച്ചുകൊണ്ടിരിക്കുന്നതാണ് നാമിന്നു കാണുന്നത്. അല്ലാഹു പറയുന്നു: “...തീർച്ചയായും അക്രമികൾ (സത്യത്തിൽനിന്ന്) വിദൂരമായ കക്ഷിമാത്സര്യത്തിലാകുന്നു. വിജ്ഞാനം നൽകപ്പെട്ടിട്ടുള്ളവർക്കാകട്ടെ ഇത് നിന്റെ രക്ഷിതാവിങ്കൽനിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കിയിട്ട് ഇതിൽ വിശ്വസിക്കുവാനും അങ്ങനെ അവരുടെ ഹൃദയങ്ങൾ ഇതിന്ന് കീഴ്‌പെടുവാനുമാണ് (അത് ഇടയാക്കുക). തീർച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേരായ പാതയിലേക്ക് നയിക്കുന്നവനാകുന്നു’’ (22:53,54).

(തുടരും)