സ്ത്രീ പള്ളി പ്രവേശനവും മുസ്‌ലിയാക്കന്മാരുടെ ‘ഹറാം’ ഫത്‌വയും

മൂസ സ്വലാഹി കാര

2026 ജനുവരി 03, 1447 റജബ് 14

വിശ്വാസിനികൾക്ക് ജുമുഅ-ജമാഅത്തുകളിൽ പങ്കെടുക്കാൻ പള്ളികളിൽ പോകാം എന്നത് മത പ്രമാണങ്ങൾ അനുവദിച്ച് കൊടുത്ത ഒന്നാണ്. നബിﷺയുടെ കാലം തൊട്ടേ ഉള്ളതാണത്. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സമസ്തയുടെ മുസ്‌ലിയാക്കന്മാർ ഈ വിഷയത്തിന്റെ പ്രാമാണിക വിധി ‘ഹറാം’ ആണെന്ന് വിധിച്ചു. അത് അനുവദനീയമാണെന്നു പറയുന്നത് പുത്തൻവാദമാണെന്നു പറഞ്ഞ് പരിഹസിക്കുന്നവരായി രംഗത്തിറങ്ങുകയും ചെയ്തു. അനിഷേധ്യമായ തെളിവുകൾക്ക് മുമ്പിൽ പതറുമ്പോൾ നിലപാടുറപ്പിക്കാൻ കഴിയാതെ പരക്കം പായുന്ന അവസ്ഥയും അവരിൽ സംജാതമായിട്ടുണ്ട്.

പ്രമാണങ്ങളുടെ മുമ്പിൽ നിൽക്കക്കള്ളിയില്ലാതാകുമ്പോൾ അണികളുടെ കണ്ണിൽ തങ്ങൾ പ്രമാണനിഷേധികളല്ലെന്നു വ്യക്തമാക്കാനായി ‘സ്ത്രീകളുടെ നിസ്‌കാര സ്ഥലം,’ ‘യാത്രക്കാരികളായ സ്ത്രീകൾക്ക് നിസ്‌കരിക്കാനുള്ള സൗകര്യം’ എന്നൊക്കെ ബോർഡ് വെക്കാൻ തുടങ്ങി. ‘മര്യാദകൾ പാലിച്ചുകൊണ്ട് പോകാം,’ ‘പള്ളിയിൽ പ്രവേശിക്കുന്നതിന് കുഴപ്പമില്ല’ എന്നിങ്ങനെയും പറയേണ്ടിവന്നിട്ടുണ്ട്. ഇ.കെ വിഭാഗം പുറത്തിറക്കിയ ‘മർമ്മരം സ്‌പെഷ്യൽ മാഗസിനി’ൽ എഴുതിയത് വായിക്കാം:

“ഇന്നത്തെ ചുറ്റുപാടിൽ മുസ്‌ലിം സ്ത്രീക്കും യാത്ര ചെയ്യേണ്ടി വന്നിരിക്കുന്നു. ന്യൂക്ലിയർ ഫാമിലി(അണുകുടുംബം)യുടെ കാലമാണിത്. ഭർത്താവിനോടൊപ്പം യാത്ര ചെയ്യാനും അവനെ അനുഗമിക്കാനും സ്ത്രീ നിർബന്ധിതയാകുന്നു. ഇത്തരം സന്ദർഭങ്ങളിൽ ആരാധന ചെയ്യാനുള്ള അവകാശത്തെ നിഷേധിക്കുന്നത് മിതമായ വാക്കിൽ പറഞ്ഞാൽ പീഡനം തന്നെയാണ്. വഖ്ത് ആയാൽ പുരുഷന് നിസ്‌കരിക്കാൻ പള്ളികളും മറ്റു സൗകര്യങ്ങളുമുണ്ട്. സ്ത്രീക്ക് അതില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. നാട്ടിൻപുറങ്ങൾ പോലും നഗരങ്ങളായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ആശുപത്രികൾ, യാത്രാകേന്ദ്രങ്ങൾ, പട്ടണങ്ങൾ ഇവിടങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേകം പ്രാർത്ഥനാസൗകര്യം ഏർപ്പെടുത്തേണ്ടത് അത്യാവശ്യം തന്നെ. പള്ളികളോടനുബന്ധിച്ചാകുമ്പോൾ പരിപാലന ചെലവു കുറയ്ക്കാം. സുരക്ഷിതത്വവും കൂടും’’(പേജ് 11).

സ്ത്രീ പള്ളി പ്രവേശനമല്ല പ്രശ്‌നമെന്നോ?

ഭുമിയിൽ അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള സ്ഥലം പള്ളിയാണല്ലോ. അവനെ മാത്രം ആരാധിക്കാനും പ്രാർഥിക്കാനുമുള്ള ഇടങ്ങളാണത്. അവിടെ സംഘടിപ്പിക്കപ്പെടുന്ന ജുമുഅ-ജമാഅത്തുകളിൽ പങ്കെടുത്ത് അല്ലാഹുവിന്റെ പ്രതിഫലം നേടിയെടുക്കുവാനാണ് വിശ്വാസികൾ അങ്ങോട്ടു ചെല്ലുന്നത്. അതിനുള്ള സൗകര്യമൊരുക്കിയാൽ ലഭിക്കുന്ന വമ്പിച്ച പ്രതിഫലമാണ് പള്ളി നിർമിക്കുന്നവർ ആഗ്രഹിക്കുന്നത്.

എന്നാൽ സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിന് കുഴപ്പമില്ലെന്നും അതിനെ സമസ്ത എതിർത്തിട്ടില്ലെന്നും മറിച്ച്, അവിടെ നടത്തപ്പെടുന്ന ജുമുഅ-ജമാഅത്തുകളിൽ അവർ കൂടുന്നതിനെയാണ് വിലക്കിയതും ചോദ്യം ചെയ്തതും എന്നൊക്കെയാണ് മുസ്‌ലിയാക്കന്മാർ കാലങ്ങളായി ജൽപിച്ചുകൊണ്ടിരിക്കുന്നത്.

“സ്ത്രീകളെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാതെ രണ്ടാംകിട പൗരന്മാരായി കാണുന്നവരാണ് സുന്നികളെന്ന തീർത്തും വാസ്തവ വിരുദ്ധമായ ദുഷ്പ്രചാരണം നടത്തുന്ന മുജാഹിദ്, ജമാഅത്ത് തുടങ്ങിയ മതയുക്തിവാദികളുടെ കുൽസിത ശ്രമങ്ങളിൽ ആരും വഞ്ചിതരാകരുതെന്ന് സുന്നി നേതാക്കൾ. സ്ത്രീ പള്ളി പ്രവേശനം ഇസ്‌ലാമിക പ്രമാണങ്ങളിൽ ഒരു വിവാദമോ ചർച്ചാവിഷയമോ അല്ല’’ (സുപ്രഭാതം, 2025 ഡിസംബർ 10, ബുധൻ, പേജ് 2).

“പള്ളികൾ കാഴ്ചബംഗ്ലാവുകളല്ല. കാഴ്ച കാണാൻ പ്രവേശിക്കാനുള്ളതല്ല. അതിനാൽതന്നെ വിവാദത്തിൽ സ്ത്രീകളുടെ പള്ളി പ്രവേശം എന്ന് തലവാചകമാക്കുന്നവർക്ക് ഈ വിഷയത്തിൽ വ്യക്തതയില്ലെന്നാണ് മനസ്സിലാക്കേണ്ടത്’’ (സുപ്രഭാതം, 2025 ഡിസംബർ 10, ബുധൻ, പേജ് 6).

ചർച്ചയുടെ വഴി തിരിച്ചുവിടാനാണ് മുസ്‌ലിയാക്കന്മാർ നോക്കിയതെങ്കിലും യഥാർഥത്തിൽ ചർച്ച എളുപ്പത്തിലാക്കുന്ന പണിയാണവർ എടുത്തത്. കച്ചവടം നടത്തുന്ന ഒരാൾ അയാളുടെ കടയിലേക്ക് ‘സാധന സാമഗ്രികൾ വാങ്ങാൻ ആരും വരേണ്ടതില്ല; എന്നാൽ ഇവിടെ വന്ന് കട കാണുന്നതിനും അതിൽ കയറുന്നതിനും കുഴപ്പമില്ല’ എന്ന് പറഞ്ഞാൽ അവസ്ഥ എന്തായിരിക്കും? സ്ത്രീകൾക്ക് പള്ളിയിൽ പോകാൻ അനുവാദം നൽകിയതിന്റെ ലക്ഷ്യം അവർ പള്ളിയുടെ വിസ്തീർണം അളക്കലോ അവയുടെ ഭംഗി ആസ്വദിക്കലോ മുസ്‌ലിയാക്കന്മാരെ കാണലോ ഒന്നുമല്ല. വീടുകളിൽ വെച്ച് നമസ്‌കരിക്കൽ അവർക്ക് ഉത്തമമാണെന്നു പറഞ്ഞിട്ടും ജുമുഅ-ജമാഅത്തുകളിൽ പങ്കെടുക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിൽ അതിനായി പള്ളിയിൽ പ്രവേശിക്കുക എന്നതിലൂടെ മാത്രമെ ആ സ്വാതന്ത്ര്യം സാധ്യമാവുകയുള്ളൂ. നബിﷺയുടെ പത്‌നിമാരും മറ്റു സ്വഹാബാ വനിതകളും പള്ളികളിൽ പ്രവേശിച്ചിരുന്നതും അതിനുവേണ്ടി തന്നെയായിരുന്നു. മക്കയിലും മദീനയിലുമടക്കം പല പള്ളികളിലും സ്ത്രീകൾ എത്തുന്നുണ്ടല്ലോ എന്ന ചോദ്യക്കുരുക്കിൽ കുടുങ്ങാതിരിക്കാൻ കൂടിയാണ് മുസ്‌ലിയാക്കന്മാരുടെ ഇത്തരമൊരു നീക്കം.

ഇബ്‌നു ഉമറി(റ)ൽ നിന്ന്: “നിശ്ചയം, നബിﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ അടിയാത്തികൾക്ക് അവന്റെ പള്ളികൾ നിങ്ങൾ തടയരുത്’’ (ബുഖാരി, മുസ്‌ലിം).

ഇമാം നവവി(റഹി) ഇതിന്റെ വിശദീകരണത്തിൽ പറയുന്നു: “ഹദീസുകൾ പ്രകാരം പണ്ഡിതന്മാർ പറഞ്ഞ നിബന്ധനകൾ പാലിക്കുന്നവർക്ക് പള്ളികൾ തടയരുതെന്ന് ഇതും ഇതുപോലുള്ള ഹദീസുകളും വ്യക്തമാക്കുന്നു’’ (ശർഹു മുസ്‌ലിം).

വിശ്വാസിനികൾ തുണി മൂടിപ്പുതച്ചുകൊണ്ട് നബി ﷺയോടൊപ്പം സ്വുബ്ഹി നമസ്‌കാരത്തിന് സന്നിഹിതരായിരുവെന്ന് ആഇശ(റ) പറയുന്ന ഹദീസിൽനിന്നുള്ള സുന്നത്തുകൾ വിശദീകരിക്കവെ ഇബ്‌നു ഹജർ അസ്‌ക്വലാനി(റഹി) പറയുന്നു:

“രാത്രിയിൽ സ്ത്രീകൾ നമസ്‌കാരത്തിനായി പള്ളികളിലേക്ക് പുറപ്പെടൽ അനുവദനീയമാണെന്നും പ്രശ്‌നത്തിന് കൂടുതൽ ഇടയുള്ള രാത്രി പറ്റുമെങ്കിൽ പകൽ പുറപ്പെടൽ അതിനെക്കാൾ പറ്റുമെന്നതും ഈ ഹദീസിലുണ്ട്’’ (ഫത്ഹുൽ ബാരി).

പ്രമാണ നിലപാടും നിരർഥകമായ ‘ഹറാം’ വിധിയും

നബിﷺ അംഗീകരിച്ച് തന്നൊരു ചര്യയെ യാതൊരു മടിയുമില്ലാതെ നിഷിദ്ധമാക്കുകയും അത് പ്രചരിപ്പിക്കാൻ ഫത്‌വയിറക്കുകയും ചെയ്യുന്നത് സമസ്തക്കാരുടെ ശൈലിയാണ്. കാന്തപുരം എഴുതിയത് കാണുക:

“പൊതുസ്ഥലത്തു വെച്ച് പരപുരുഷന്മാരോടൊപ്പം ഒരു ഇമാമിന്റെ കീഴിൽ നടത്തപ്പെടുന്ന ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കൽ സ്ത്രീകൾക്ക് അനുവദനീയമാണോ അല്ലയോ എന്നത് യഥാർത്ഥ അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ അനുയായികളായ സുന്നികളുടെയും മുജാഹിദു തുടങ്ങിയ പുത്തനാശയക്കാരുടെയും ഇടയിൽ ഇന്ന് ഒരു വിവാദ വിഷയമാണല്ലോ. പ്രസ്തുത ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കൽ അനുവദനീയവും പുണ്യകർമ്മവുമാണെന്ന് പുരോഗമന വാദികൾ വാദിക്കുമ്പോൾ അതു നിഷിദ്ധമാണെന്ന് സുന്നികൾ അവകാശപ്പെടുന്നു’’ (സ്ത്രീകളും ജുമുഅ ജമാഅത്തും, പേജ് 9).

മറ്റൊരു മുസ്‌ലിയാരും ഹറാമാണെന്നു വിധിപറയുന്നത് കാണുക: “എന്നാൽ പള്ളിയിലോ വഴിയിലോ പരപുരുഷ സാന്നിധ്യത്തിന്റെ എന്തെങ്കിലും പ്രശ്‌നത്തെക്കുറിച്ച് ബലമായ ധാരണയോ ഉറപ്പോ ഉണ്ടാകുന്ന പക്ഷം ഹറാമാണ്. കാലങ്ങളായി ഇക്കാര്യത്തിൽ സംശയമില്ല. ഇത് ദീനിന്റെ നിയമമാണ്. കേവല നാട്ടുരീതിയല്ല’’ (സുപ്രഭാതം, 2025 ഡിസംബർ 10, ബുധൻ, പേജ് 6).

ഇവർ പറയുന്ന ‘പരപുരുഷ സാന്നിധ്യം’ എന്ന ‘കാരണം’ നമസ്‌കാരത്തിന് പോകുമ്പോൾ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണോ? സ്ത്രീകൾ പുറത്ത് പോകുമ്പോഴെല്ലാം അന്യപുരുഷന്മാരുമായി ഇടകലരാൻ സാധ്യതയുള്ളതിനാൽ പരീക്ഷിക്കപ്പെടുമോ എന്ന പേടിയുണ്ടാകണം, പരമാവധി സൂക്ഷ്മത പുലർത്തണം. മറ്റു യാത്രകളെ അപേക്ഷിച്ച് പള്ളികളിലേക്ക് അവർ വരുന്നതും പോകുന്നതും അവിടെ വെച്ച് നമസ്‌കരിക്കുന്നതും സുരക്ഷിതത്വം ഉറപ്പുവരുത്തി തന്നെയാണ്. പള്ളികളെ ചുറ്റിപ്പറ്റിയും അല്ലാതെയും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയെന്ന് വിളംബരം ചെയ്തും സമസ്തക്കാർ സംഘടിപ്പിക്കുന്ന നേർച്ച, ആണ്ട് ഉറൂസുകൾ, നബിദിനാഘോഷം, വ്യത്യസ്ത ആത്മീയതട്ടിപ്പ് സദസ്സുകൾ, വ്യാജ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ... ഇവിടെയൊന്നും ഇവർ പള്ളിയിൽ പോകാൻ തടസ്സമായി പറയുന്ന ‘പരപുരുഷ സാന്നിധ്യം’ ഉണ്ടാകാറില്ലേ? ആരെയാണ് ഇവർ കബളിപ്പിക്കാൻ നോക്കുന്നത്?

ദുർന്യായങ്ങളുടെ പുൽക്കൊടി

വസ്തുതകൾ അംഗീകരിക്കാൻ വൈമനസ്യമുള്ള മുസ്‌ലിയാക്കന്മാരുടെ അവസാനത്തെ അഭയം ദുർന്യായങ്ങളിലാണ്. പറയുന്നത് പതിരാണെങ്കിലും പിടിച്ചുനിൽക്കാൻ എന്തെങ്കിലുമായല്ലോ എന്ന ആശ്വാസത്തിലായിരിക്കും അവർ. മതം അംഗീകരിച്ച സ്ത്രീ പള്ളി പ്രവേശത്തെ എതിർക്കാൻ വേണ്ടി അവർ നിരത്തുന്ന ചില ദുർന്യായങ്ങൾ നമുക്ക് പരിശോദ്ധിക്കാം:

“ഈ ബാധ്യത പുരുഷന്മാരുടെ മേലിലാണുള്ളത്. അതുകൊണ്ടാണ് നബിﷺ പ്രസ്താവിച്ചത്: വീടുകളിലെ സ്ത്രീകളും കുട്ടികളും ഇല്ലായിരുന്നുവെങ്കിൽ പള്ളിയിൽ നിസ്‌കാരത്തിന് വരാത്ത പുരുഷന്മാരുടെ ഭവനങ്ങളിലുള്ള മുഴുവനും തീയിട്ട് കത്തിച്ചു കളയാൻ ഞാൻ ഉത്തരവിടുമായിരുന്നു’’ (സുപ്രഭാതം, 2025 ഡിസംബർ 10, പേജ് 6).

സ്ത്രീകൾ പള്ളിയിൽ പോകരുതെന്നോ, അവരെ തടയണമെന്നോ ഈ ഹദീസിൽ എവിടെയുമില്ല. അത്തരമൊരു വിധി പഠിപ്പിക്കാനുമല്ല ഇത്. തങ്ങൾക്ക് നിർബന്ധമായതിൽ വീഴ്ച വരുത്തിയ പുരുഷന്മാർക്ക് നബിﷺ നൽകിയ ശക്തമായ താക്കീതാണ് ഈ ഹദീസിലുള്ളത്.

എന്നാൽ ഇമാം ബുഖാരി(റഹി), ഇമാം മുസ്‌ലിം(റഹി) എന്നിവർ ഉദ്ധരിച്ച മറ്റൊരു ഹദീസിൽ, ഇശാഅ് നമസ്‌കാരം വളരെ വൈകിയപ്പോൾ ഉമർ(റ) നബിﷺയോട് ‘കുട്ടികളും സ്ത്രീകളുമൊക്കെ ഉറങ്ങി നബിയേ’ എന്നു പറഞ്ഞ ഭാഗമുണ്ട്. അത് മുസ്‌ലിയാക്കന്മാർ കാണാതെ പോയതാകാൻ വഴിയില്ലല്ലോ. കണ്ടില്ലെന്നു നടിക്കലല്ലാതെ മറ്റെന്തു വഴി!

രാത്രി വൈകിയിട്ടും സ്ത്രീകൾ നമസ്‌കാരത്തിന് പള്ളിയിൽ ഉണ്ടായിരുന്നു എന്നല്ലേ ഇത് വ്യക്തമാക്കിത്തരുന്നത്? ഇമാം ബുഖാരി(റ) ഈ ഹദീസ് കൊണ്ടുവന്നത് ‘സ്ത്രീകൾ രാത്രിയിലും സ്വുബ്ഹിക്കും പള്ളികളിലേക്ക് പുറപ്പെടൽ’ എന്ന ഭാഗത്താണ്. സ്ത്രീകൾ പള്ളിയിൽ ഉണ്ടായിരുന്നു എന്ന് ഇതിൽനിന്ന് ഇമാം നവവി(റഹി) എടുത്ത് പറഞ്ഞിട്ടുമുണ്ട്.

ആഇശ(റ)യിൽ നിന്നുള്ള ഹദീസ് സൂചിപ്പിച്ചുകൊണ്ട് മുസ്‌ലിയാർ പടച്ചുവിട്ട കളവ് കാണുക: “സ്ത്രീകളുടെ പുതിയ സ്ഥിതിയെങ്ങാനും നബിﷺ കണ്ടിരുന്നുവെങ്കിൽ ഇസ്‌റാഈലി സ്ത്രീകൾക്ക് പള്ളി വിലങ്ങപ്പെട്ടതുപോലെ നബിﷺ അവർക്ക് പള്ളി തടയുമായിരുന്നു(മുസ്‌ലിം 445). അതിനാൽ, സ്ത്രീകളെ തടയരുതെന്ന നിയമം നബിﷺയുടെ കാലത്തേക്കോ അഴകും ആകർഷണവുമില്ലാത്ത വയോധികരെ സംബന്ധിച്ചോ ആണെന്ന് മനസിലാക്കുക(തുഹ്ഫ 2 -252). ആയിശ(റ)വിന്റെ ഈ ഹദീസ് തെളിവല്ലെന്ന് ‘സ്ത്രീപള്ളിപ്രവേശം’ എന്ന തലവാചകത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രബന്ധം എഴുതിയവരുണ്ട്...’’ (സുപ്രഭാതം, പേജ് 6).

ഫിത്‌നക്ക് തിരികൊളുത്തുന്നതായ ഭംഗി, അലങ്കാരം, ലജ്ജയില്ലായ്മ എന്നിവ പ്രകടമായ സ്ത്രീകളുടെ പുതിയ അവസ്ഥ അവരെ പള്ളികളിൽനിന്ന് തടയുന്നതിലേക്ക് വഴിവെക്കുന്നതാകയാൽ സൂക്ഷ്മത പാലിക്കാൻ ആയിശ(റ) പറഞ്ഞ കാര്യമാണിത്. അനുവാദം എന്ന വിധിയെ മൊത്തത്തിൽ ഹനിക്കുന്ന വാക്കായി അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ ആരും തന്നെ ഇതിനെ എടുത്തിട്ടില്ല. പ്രമാണങ്ങൾ അനുവദിച്ച കാര്യത്തെ നിരുപാധികം ഹറാമായി പ്രഖ്യാപിക്കാൻ ആർക്കും അനുവാദമില്ലല്ലോ. ഹദീസ് തുടങ്ങുന്നത് ‘നബിﷺ കണ്ടിരുന്നെങ്കിൽ’ എന്നായതിനാൽ ഇതേ അവസ്ഥ അന്നുണ്ടായിരുന്നെങ്കിൽ അവരെ നബിﷺ തടയുമായിരുന്നു എന്നതും വ്യക്തമാണ്. പള്ളി പ്രവേശനം വയോധികമാർക്ക് മാത്രമാക്കി ചുരുക്കുന്ന ഇവർ ഈ ഹദീസിന് ഇബ്‌നു ഹജർ അസ്‌ക്വലാനി(റഹി) കൊടുത്ത വിശദീകരണം കൂടി ശ്രദ്ധിക്കട്ടെ:

“അവരിൽ പുതുതായി സംഭവിക്കുന്ന(സൗന്ദര്യ പ്രകടനവും ഭംഗിയും) പള്ളികളിൽനിന്ന് തടയൽ അനിവാര്യമാക്കുന്നുവെങ്കിൽ അതുകൊണ്ട് അങ്ങാടികൾ പോലുള്ളവയിൽനിന്ന് അവരെ തടയുന്നതാണ് ഏറ്റവും പ്രാമുഖ്യം’’ (ഫത്ഹുൽ ബാരി).

മുസ്‌ലിയാരുടെ ‘ഗംഭീരമായ’ ഒരു കണ്ടുപിടിത്തം കൂടി കാണുക: “സ്ത്രീകൾ പള്ളിയിൽ ഒരുമിച്ചുകൂടുന്നതോ അവിടെ ജുമുഅ-ജമാഅത്തുകളിൽ പങ്കാളിയാകുന്നതോ ഖുർആൻ പഠിപ്പിക്കുന്നില്ല. പള്ളിയുടെ ആളുകളായി പുരുഷന്മാരെയാണ് ഖുർആൻ പലയിടത്തായി പരാമർശിക്കുന്നത്’’ (സുപ്രഭാതം, പേജ് 6).

ഇതിനുള്ള മറുപടിയായി ക്വുർആൻ സൂക്തങ്ങൾ ഉദ്ധരിച്ചാൽ തന്നെ മതി. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാൽ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങൾ വേഗത്തിൽ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങൾക്ക് ഉത്തമം; നിങ്ങൾ കാര്യം മനസ്സിലാക്കുന്നുവെങ്കിൽ’’ (62:9).

ഈ കൽപന പൊതുവായതായതിനാൽ ആണിനും പെണ്ണിനും ബാധകമാണ്. അല്ലെങ്കിൽ സാമാനമായ അനവധി ആയത്തുകളിലുള്ള നിയമങ്ങളിൽനിന്ന് സ്ത്രീകൾ പുറത്താണെന്ന് വാദിക്കേണ്ടി വരും. പള്ളിയെ പറയുമ്പോൾ മാത്രമല്ല മറ്റു പലയിടത്തും ‘രിജാൽ’ (ആളുകൾ) എന്ന പ്രയോഗം ക്വുർആനിൽ വന്നിട്ടുണ്ട്. അതിൽനിന്നെല്ലാം സ്ത്രീകൾ മാറ്റി നിർത്തപ്പെടുമോ? അതുപോലെ ‘നാസ്’ (ജനങ്ങൾ) എന്ന പദവും ക്വുർആനിൽ ധാരാളമായി കാണാം. അതും സ്ത്രീകളെ അകറ്റി നിർത്തിയുള്ളതാണോ?

ഇമാം ശാഫിഈ(റഹി)യെ ഉദ്ധരിച്ച് മുസ്‌ലിയാർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് കാണുക: “സച്ചരിതരായ മുൻഗാമികളിൽനിന്നാരെങ്കിലും തങ്ങളുടെ സ്ത്രീകളോട് ജുമുഅക്കോ ജമാഅത്തിനോ രാത്രിയിലോ പകലിലോ പുറപ്പെടാൻ കൽപ്പിച്ചതായി എനിക്ക് വിവരം കിട്ടിയിട്ടില്ല. അതിൽ വല്ല പുണ്യവുമുണ്ടായിരുന്നുവെങ്കിൽ അവർ തീർച്ചയായും അതിലേക്കു പ്രേരിപ്പിക്കുകയും അനുവാദം കൊടുക്കുകയും ചെയ്യുമായിരുന്നു’’ (സുപ്രഭാതം, പേജ് 6).

നാല് മദ്ഹബുകളുടെ ഇമാമുമാരും ‘അനുവാദം’ എന്ന വിധിയെ എതിർക്കാത്തവരാണ്. ശാഫിഈ(റഹി) തന്റെ ‘ഇഖ്തിലാഫുൽ ഹദീസ്’ എന്ന ഗ്രന്ഥത്തിൽ നടത്തിയ ചർച്ചയെ തെറ്റിച്ചാണ് മുസ്‌ലിയാർ ഇവിടെ ഉപയോഗിച്ചത്. മാത്രവുമല്ല, അദ്ദേഹത്തിന്റെ ‘മുസ്‌നദുശ്ശാഫിഈ’ എന്ന പ്രസിദ്ധ ഹദീസ് ഗ്രന്ഥത്തിൽ ഈ വിഷയകമായി വന്നിട്ടുള്ള മിക്ക ഹദീസുകളും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുമുണ്ട്. അതിൽ എവിടെയും ഇതിനെ എതിർത്തൊരു വാക്ക് അദ്ദേഹത്തിന്റെതായി ചേർത്തിട്ടുമില്ല.

ഇബ്‌നു റജബ്(റഹി) അദ്ദേഹത്തിന്റെ ഫത്ഹുൽ ബാരിയിൽ പറയുന്നു: “ഭർത്താവിന്റെ അനുവാദമില്ലാതെ ഒരു സ്ത്രീ പള്ളിയിൽ പോകാൻ പാടില്ല എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായാന്തരമില്ലെന്ന് നമുക്കറിയാം. ഇബ്‌നുൽ മുബാറക്(റഹി), ശാഫിഈ(റഹി), മാലിക്(റഹി), അഹ്‌മദ്(റഹി) തുടങ്ങിയവരുടെ അഭിപ്രായമാണിത്. എന്നാൽ, തടസ്സം കൂടാതെ ഭാര്യ പുറപ്പെടുന്നുണ്ടെന്ന ഭർത്താവിന്റെ അറിവ് അനുവാദത്തിന് പര്യാപ്തമായതാണെന്ന് മുൻകാല പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.’’

മുസ്‌ലിയാർ എഴുതുന്നു: “നബിയുടെ കാലത്ത് പള്ളിയിൽ സ്ത്രീകൾ നിസ്‌കരിച്ചതായും ഇഅ്തികാഫിരുന്നതായും പുരുഷന്മാരുടെ പിറകിൽ ജമാഅത്തായി നിസ്‌കരിച്ചതായും പറയുന്ന സംഭവങ്ങളുണ്ടല്ലോ എന്നാണ് ചോദ്യം. യഥാർത്ഥത്തിൽ അതെല്ലാം ‘പ്രാവർത്തിക’ സംഭവങ്ങളാണ്, നിർദേശങ്ങളല്ല’’ (സുപ്രഭാതം, പേജ് 6).

നല്ല തമാശ തന്നെ! നിർദേശങ്ങളല്ല, ‘പ്രാവർത്തിക’ സംഭവങ്ങളാണ് പൊലും! സ്വഹാബാ വനിതകളാരെങ്കിലും നബിﷺയുടെ നിർദേശമില്ലാതെ ദീനിൽ ഒരു കാര്യം പ്രാവർത്തികമാക്കുമോ? നബി ﷺയുടെ കാലത്ത് അവർ പ്രാവർത്തികമാക്കിയിട്ടുണ്ടെങ്കിൽ അത് പുത്തൻവാദികളുടെ കണ്ടുപിടിത്തമാകുമോ?

നബിﷺയുടെ കാലത്തു തന്നെ സ്ത്രീകൾ പള്ളിയിൽ ആരാധനകൾക്കായി സംബന്ധിച്ചിരുന്നു എന്നത് മുസ്‌ലിയാന്മാർക്ക് തുറന്ന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ഇതൊന്നും താൽക്കാലിക അനുമതിയായിരുന്നില്ല, തുടർത്തിപ്പോരാനുള്ളതു തന്നെയായിരുന്നു. മുസ്‌ലിയാർ ഉപയോഗിച്ച ‘പ്രാവർത്തികം’ എന്ന വാക്കുതന്നെ അർഥമാക്കുന്നത് പ്രവർത്തിക്കാനുള്ളത് എന്നായിരിക്കെ അതെങ്ങനെയാണ് പ്രവാചക നിർദശേപ്രകാരമാകാതിരിക്കുക?

“പതിനാലു നൂറ്റാണ്ട് മുമ്പ് തിരുനബിﷺ പഠിപ്പിച്ച അതേ നിയമങ്ങൾ എക്കാലവും മുസ്‌ലിംകൾ തുടരും. കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുകയും തിരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രമല്ല ഇസ്‌ലാമെന്നും സ്ത്രീകളുടെ വിഷയത്തിൽ ഇസ്‌ലാം നിശ്ചയിച്ച മാർഗരേഖ അംഗീകരിക്കാൻ മുസ്‌ലിംകൾ ബാധ്യസ്ഥരാണെന്നും നേതാക്കൾ പറഞ്ഞു’’ (സുപ്രഭാതം, പേജ് 2).

ഇപ്പറഞ്ഞത് വളരെ ശരിയാണ്. ഈ പ്രസ്താവനയെ അന്വർഥമാക്കാൻ സമസ്തയുടെ നേതൃത്വം തയ്യാറുണ്ടോ? എങ്കിൽ അതോടെ മതവിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ സാധിക്കും. സ്ത്രീകൾക്ക് മതം അനുവദിച്ച മാന്യമായ അവകാശത്തെ ഇനിയെങ്കിലും ധ്വംസിക്കാതിരിക്കുക. പ്രമാണങ്ങളിലേക്ക് മടങ്ങുക എന്ന ശരിയായ രീതിയെ നിലപാടാക്കി മാറ്റുക. ആചാര, അനുഷ്ഠാന നിയമങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വീകരിക്കുവാൻ, പതിനാലു നൂറ്റാണ്ട് മുമ്പ് തിരുനബിﷺ പഠിപ്പിച്ച അതേ നിയമങ്ങളിലേക്ക് മടങ്ങുവാൻ തയ്യാറാവുക.