ശീഇസവും ‘ആയത്തുല്ലാഹ്,’ ‘ശഹീദ്’ പദവികളും

മൂസ സ്വലാഹി കാര

2026 ഏപ്രിൽ 04, 1447 ശവ്വാൽ 16

ലോകം അടക്കി ഭരിക്കാമെന്ന് വ്യാമോഹിക്കുന്ന സാമ്രാജ്യത്വശക്തി അമേരിക്കയും അധിനിവേശ ശക്തിയായ സയണിസ്റ്റ് ഇസ്രായേലും ശുദ്ധ ശിയാരാജ്യമായ ഇറാനും പല കാരണങ്ങളാലും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. 1989 മുതൽ ഇറാനിന്റെ തലവനും ശിയാ ആത്മീയ നേതാവുമായ ഖാംനഈ യുദ്ധത്തിനിടെ കൊല്ലപ്പെടുകയുണ്ടായി.

ഇസ്‌ലാമിനോട് കടുത്ത വിരോധം പരസ്യമാക്കിയവരാണ് മൂന്ന് രാജ്യക്കാരും. ഇസ്‌ലാമിന്റെ പേരിൽ അറിയപ്പെടുന്ന, എന്നാൽ യഥാർഥ ഇസ്‌ലാമിനെ ശത്രുപക്ഷത്ത് കാണുന്ന ശിയാക്കളെ പുകഴ്ത്തൽ അഹലുസ്സുന്നയുടെ നയമല്ല. ഈ നിലപാട് ചൂണ്ടിക്കാട്ടി വിമർശിക്കുന്നവർ ജുത, ശിയാ വിഭാഗങ്ങളെ അനുമോദിക്കുകയും ഇസ്‌ലാമിന്റെ മഹത്ത്വത്തെ അവമതിക്കുകയുമാണ് ചെയ്യുന്നത്.

കലാപം നടത്തിയും വിപ്ലവത്തിലൂടെയും ആധിപത്യം നേടേണ്ട മതമാണ് ഇസ്‌ലാമെന്നത് ഖുമൈനിയൻ സിദ്ധാന്തമാണ്. അതിരുവിട്ട വാദങ്ങൾ നടത്തിയ, അതിനായി പ്രമാണ ദുർവ്യാഖ്യാനം ചെയ്ത വ്യക്തിയാണ് സയ്യിദ് ഖുതുബ്. ഇവരുടെ ആശയങ്ങളെ സ്വാംശീകരിച്ച വ്യക്തിയായിരുന്നു കൊല്ലപ്പെട്ട ഇറാൻ നേതാവ് ഖാംനഈ. അതിനാൽ ഖുമൈനിയുടെയും സയ്യിദ് ഖുതുബിന്റെയും ആശയങ്ങളെ ആവാഹിച്ച് ജീവിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്കാർ ഇറാനെ പരിശുദ്ധ രാജ്യവും ഖാംനഈയെ വിശുദ്ധ നേതാവുമായിട്ടാണ് കാണുന്നത്! അവർ എഴുതിയത് കാണുക:

“ആയത്തുല്ലാ ഖുമൈനിയുടെ മരണശേഷം 1989ൽ ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റത് മുതൽ ഇറാന്റെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്നത് ഖാംനഈയാണ്. വിലായത്തുൽ ഫഖീഹ് എന്ന ശീഈ മതസംജ്ഞയെ വികസിപ്പിച്ചപ്പോൾ പരമോന്നത നേതാവിന് നൽകപ്പെട്ടത് വിപുലമായ അധികാരങ്ങൾ’’ (പ്രബോധനം/2026 മാർച്ച് 13/പേജ് 11).

“ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം സയ്യിദ് ഖുത്വുബിന്റെ രണ്ട് പുസ്തകങ്ങൾ (ഭാവി ഈ മതത്തിന്, ഇസ്‌ലാമും നാഗരികതയുടെ പ്രശ്‌നങ്ങളും) അറബിയിൽനിന്ന് പാർസിയിലേക്ക് വിവർത്തനം ചെയ്തത് ഖാംനഈയാണ്. സാംസ്‌കാരിക അധിനിവേശം പോലുള്ള പ്രയോഗങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ കടന്നുവരുന്നത് സയ്യിദ് ഖുത്വുബ് ആശയപരമായി സ്വാധീനിച്ചതുകൊണ്ട് കൂടിയാകാം’’ (പ്രബോധനം/2026 മാർച്ച് 13/പേജ് 12).

ശിയാ സമൂഹത്തിലെ ഏറ്റവും അപകടകാരികളായ റാഫിളിയാക്കളുടെ(ഇസ്‌നാ അശരിയ്യ) ആചാരങ്ങളും ആശയങ്ങളും ഇറാനിൽ തളംകെട്ടി നിൽക്കുന്നതിനാൽ അവരുടെ പന്ത്രണ്ട് ഇമാമുമാരോടും ആശയങ്ങളിൽ മിക്കതിനോടും താദാത്മ്യം പുലർത്തുന്ന സമസ്തക്കാർക്കും ഇറാൻ ശിയാക്കൾ വേണ്ടപ്പെട്ടവർ തന്നെയാണ്! സമസ്തയുടെ സ്വന്തക്കാരനായ സി. ഹംസ ശിയാക്കളുടെ തീവ്രനിലപാടുകൾ നിറഞ്ഞ പുസ്തകങ്ങൾ മലയാളത്തിലേക്ക് മാറ്റുന്നയാളും ഇറാനിന്റെ ഉത്തരവാദിത്തത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്ന തഖ്‌ലയ്ൻ ഫൗണ്ടേഷന്റെ കാര്യക്കാരനും ഖുമൈനി-ഖാംനഈ ചിന്തകൾ പേറുന്ന വ്യക്തികൂടിയാണ്.

1985ൽ പ്രത്യേക ക്ഷണിതാവായി ഇയാൾ ഇറാൻ പാർലമെന്റിൽ പങ്കെടുത്തിട്ടുണ്ട്. 2018 ഒക്ടോബർ രണ്ടാം ലക്കം ‘കേരളനാട്’ സി. ഹംസയെ പരിചയപ്പെടുത്തിയത് ‘ആയത്തുല്ല ഖുമൈനിയുമായി കൂടിക്കാഴ്ച നടത്തിയ ഏക മലയാളി’ എന്നാണ്.

ഖാംനഈയുമായുള്ള ഇയാളുടെ അടുപ്പം എത്രത്തോളമുണ്ടെന്നത് കൂടി കാണുക: “ഗ്രന്ഥകാരനും പരിഭാഷകനും തമ്മിലുള്ള ബന്ധമായി അതിനെ ചുരുക്കാനാവില്ല. ഒരിക്കൽ പോലും നേരിൽ സംസാരിച്ചിട്ടില്ലെങ്കിലും ഇരുവരും തമ്മിലുള്ള പരിചയത്തിന് നാലര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇറാന്റെ മുൻ പരമോന്നത നേതാവും ഖാംനയിയുടെ ഗുരുവുമായിരുന്ന ഖുമൈനിയുടെ ടെഹ്‌റാനിലെ ഔദ്യോഗിക വസതിയും ഹൈദരാബാദുമെല്ലാം ആ സവിശേഷ ബന്ധത്തിനു പശ്ചാത്തലമായി... 1985ൽ ഇറാൻ വിപ്ലവ വാർഷികത്തിന്റെ ഭാഗമായി ഇന്ത്യയിൽനിന്നു ക്ഷണിക്കപ്പെട്ട അതിഥികളിൽ ഹംസയുമുണ്ടായിരുന്നു. ഇറാൻ പാർലമെന്റായ മജ്‌ലിസിലെ ചടങ്ങിനുശേഷം ഖുമൈനിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചർച്ചയിൽ അന്ന് ഇറാൻ പ്രസിഡന്റായ ഖാംനയി എത്തി. നിലത്ത് വിരിച്ച പായയിൽ ഞങ്ങൾക്കൊപ്പമാണ് അദ്ദേഹമിരുന്നത് -ഹംസ പറയുന്നു. അന്നു തൊട്ടടുത്തു കണ്ടെങ്കിലും പരസ്പരം സംസാരിച്ചില്ല... ഇറാൻ അംബാസഡർമാർ കേരളത്തിലെത്തുമ്പോൾ പേർഷ്യൻ ഭാഷയിലുള്ള അവരുടെ പ്രസംഗം ഏറെക്കാലം പരിഭാഷപ്പെടുത്തിയിരുന്നതു ഹംസയാണ്’’ (മലയാള മനോരമ/2026 മാർച്ച് 2 തിങ്കൾ/പേജ് 3).

ജമാഅത്തെ ഇസ്‌ലാമിയുടെയും സമസ്തയുടെയും പത്രങ്ങൾ ഇറാനിന്റെയും ഖാംനഇൗയുടെയും ‘പ്രശംസമാലകൾ’ വേണ്ടുവോളം എഴുതി പ്രതിഫലിപ്പിച്ചിട്ടുണ്ട്.

ഇറാനിന്റെ ഇന്നും ഇന്നലെയും

നിലവിലെ ഇറാൻ ഇസ്‌ലാമിക രാജ്യവും അവിടെ നടക്കുന്ന യുദ്ധം ഇസ്‌ലാമിക വിപ്ലവവുമാണെന്നാണ് അധിക പേരുടെയും ധാരണ. പാമരജനങ്ങൾ വിശ്വാസപരമായി പറ്റിക്കപ്പെടുന്ന അവസ്ഥയുമുണ്ട്. വിപ്ലവം അഴിച്ചുവിടുക എന്നത് ഇസ്‌ലാമിന്റെ നയമല്ല. ഇറാനിലേക്ക് ഇസ്‌ലാം വരുന്നത് വരെ അവിടെ നിലനിന്നിരുന്ന ഔദ്യോഗിക മതക്കാർ മജൂസികളായിരുന്നു.

ഇറാന്റെ ഭൂമിയിൽ വളർന്ന് വലുതായ ക്വുർആൻ വ്യാഖ്യാതിക്കളും ഹദീസ് പണ്ഡിതന്മാരും കർമ ശാസ്ത്ര വിശാരദൻമാരും ഏറെയാണ്. ഇമാം മുസ്‌ലിം (റഹി), ഇമാം ഹാകിം(റ), ഇമാം അബൂനസ്വ‌്‌ർ സിറാജ് അത്തൗസി(റഹി), ഇമാം അബൂഹാത്വിം(റഹി), അബൂസുർഹ (റഹി), ഹാഫിദ് അബൂനുഐം അസ്ഫഹാനി(റഹി), അബുൽ ക്വാസിം അത്ത്വബ്‌റാനി(റഹി), ഇമാം അബൂദാവൂദ്(റഹി), ഇമാം ഇബ്‌നു മാജ(റഹി), ഇമാം റാഫിഈ(റഹി), ഇമാം ബൈദാവി (റഹി), ഇമാം അബൂ ഇസ്ഹാക്വ് ശീറാസി(റഹി), ഇമാം നസാഈ(റഹി), ഇമാം ബൈഹക്വി(റ), ഇമാം ത്വബ്‌രി(റ) എന്നിവർ അവരിൽ ഏറെ പ്രസിദ്ധരാണ്.

പത്ത് തലമുറയോളം ഭൂരിപക്ഷവും അഹലുസ്സുന്നയുടെ വഴിയിലായിരുന്ന ഈ രാജ്യത്ത് ഹിജ്‌റ 906ൽ ശിയാ-സൂഫികൾ അതിക്രൂരമായ അക്രമം നടത്തി അതിന്റെ അധികാരം അവരുടെ ചൊൽപ്പടിയിലാക്കി. ശിയാവിശ്വാസത്തിന് കീഴ്‌പ്പെടാൻ ഒരുക്കമില്ലാത്തവരെയെല്ലാം കൊന്നൊടുക്കിയാണ് അവർ ഇറാനിൽ ശിയാ രാഷ്ട്രം പണിതുയർത്തിയത്. ഇസ്‌ലാമിനെ വിപ്ലവ ശൈലിയിൽ അവതരിപ്പിച്ചും അതിന്റെ അടിസ്ഥാനമായ തൗഹീദിനെ കളങ്കപ്പെടുത്തിയും അനാചാരങ്ങളുടെ അകമ്പടിയോടെയും ശിയാക്കൾ പലയിടങ്ങളിലും ശക്തരാകാൻ ശ്രമിച്ചതുപോലെ ഇറാനിലും ശ്രമിച്ചു, അവിടെ ആധിപത്യമുറപ്പിച്ചു.

ഖാംനഈയുടെ യഥാർഥ മുഖം

പുഞ്ചിരിച്ചും അണികളെ അഭിവാദ്യം ചെയ്തും പരിവാരങ്ങൾക്ക് നടുവിലുമായി നിൽക്കുന്ന, പത്രങ്ങളിൽ വന്ന ഫോട്ടോകളിലെ ഖാംനഈയെയാണ് എല്ലാവർക്കും പരിചയം. ഇസ്‌ലാമിക വിരുദ്ധ നയങ്ങൾക്ക് നെടുനായകത്വം വഹിച്ച ഖുമൈനിയുടെ ഉറ്റ പിൻഗാമിയായിരുന്നു അദ്ദേഹമെന്നത് അറിയുന്നവർ വിരളമായിരിക്കും.

“1979ലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ നട്ടെല്ലായിരുന്ന ഖാംനഈ, വിപ്ലവ നേതാവ് ആയത്തുല്ല ഖുമൈനിയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു’’ (ചന്ദ്രിക/2026 മാർച്ച് 2 തിങ്കൾ/പേജ് 5).

ഖവാരിജുകളുടെ പിഴച്ച ചിന്തക്ക് വിപ്ലവമെന്ന് പേരിടുകയും യുവസമൂഹത്തെ തീവ്ര ഭീകരസ്വഭാവങ്ങളിലേക്ക് തിരിച്ച് വിടുകയും ചെയ്ത ഖുമൈനിയെ മാതൃകയാക്കിയ ഖാംനഈ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന നേതാവാകുന്നത് എങ്ങനെയാണ്?

ഉത്തമരായ സ്വഹാബത്തിനെ ചീത്ത പറയുന്നതിൽ പ്രത്യേക പ്രാവീണ്യം നേടി, അതിന് വേണ്ടി ‘അൽ ഖവ്വാസ് വല്ലഹ്ദാത്തുൽ മിസ്‌രിയ്യ’ എന്ന ഗ്രന്ഥമെഴുതിയ വ്യക്തി കൂടിയാണ് ഖാംനഈ എന്നതും പലർക്കുമറിയില്ല.

അബൂബക്കർ(റ), ഉമർ(റ), ആഇശ(റ), സഅദ് ബിൻ അബീവക്വാസ്(റ), അബൂമൂസൽ അശ്അരി(റ), അബ്ദുല്ലാഹ് ബിൻ ഉമർ(റ), അംറുബ്‌നുൽ ആസ്(റ), അബ്ദു റഹ്‌മാൻ ബിൻ ഔഫ്(റ), മുഗീറത്ത് ബിൻ ശുഅ്ബ(റ), ത്വൽഹ(റ), സുബൈർ(റ), അബ്ദുല്ലാഹ് ബിൻ അബ്ബാസ്(റ) എന്നീ പ്രമുഖ സ്വഹാബിമാരെപ്പറ്റി ഭൗതിക മോഹികൾ, രാഷ്ട്രീയം കളിച്ചവർ, ഭിന്നതയുണ്ടാക്കിയവർ, ചതിയന്മാർ, വഞ്ചന കാണിച്ചവർ, കർമങ്ങൾ പൊളിയുന്ന പ്രവർത്തനങ്ങളിലേർപ്പെട്ടവർ എന്നിങ്ങനെയുള്ള തോന്ന്യാസങ്ങൾ ആ പുസ്തകത്തിൽ ഖാംനഈ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. വിശ്വാസി സമൂഹത്തിന് ഇതിനെതിരെ പ്രതികരിക്കാനാവില്ല. സ്വഹാബത്ത് അല്ലാഹുവിന്റെ തൃപ്തി നേടിയവരും മാതൃകായോഗ്യരും ഉത്തമ തലമുറയെന്ന് വിശേഷിപ്പിക്കപ്പെട്ടവരുമാണ്. അല്ലാഹു പറയുന്നു: “മുഹാജിറുകളിൽനിന്നും അൻസ്വാറുകളിൽനിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടർന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകൾ അവർക്ക് അവൻ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതിൽ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം’’ (9:100).

അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ആരാധനയുടെ പ്രധാന ഇനങ്ങളായ പ്രാർഥനയും സഹായ തേട്ടവും ജാറങ്ങളിലും മക്വ‌്‌ബറകളിലും സമർപ്പിക്കുകയും അനിസ്‌ലാമിക ആഘോഷങ്ങളും ശകുന വിശ്വാസവും കർബല ദുഃഖാചരണവും അദ്വൈത-അവതാര വാദങ്ങളുമെല്ലാം കൊണ്ടുനടക്കുന്ന നേതാക്കളെ ‘ആയത്തുല്ലാഹ്’ (അല്ലാഹുവിന്റെ ദൃഷ്ടാന്തം) എന്നു വിശേഷിപ്പിക്കുന്നത് എത്ര വലിയ അപരാധമാണ്!

സ്വഹാബത്തിനെ പരസ്യമായി അസഭ്യം പറഞ്ഞ ഖുമൈനിയോട് ഖാംനഈക്കുള്ള അടുപ്പം ജമാഅത്തുകാർ തുറന്നെഴുതിയത് കാണുക: “ജനമനസ്സുകളെ ഇളക്കിമറിക്കുന്ന പ്രഭാഷണ ചാതുരി ഉണ്ടായിരുന്ന ഖാംനഈ ഖുമൈനിയൻ ആശയങ്ങൾക്ക് പൊതുസ്വീകാര്യത നൽകുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്’’ (പ്രബോധനം/2026 മാർച്ച് 13/പേജ് 15).

“നാലാം വയസ്സിൽ ഖുർആൻ പഠിച്ചു തുടങ്ങിയ അലി ഖാംനഈ ശൈഖ് ഹാശിം ഖസ്വീനിയടക്കം പണ്ഡിതന്മാരിൽനിന്ന് മതപഠനം നടത്തി. ഖുമ്മിൽ പഠന കാലത്താണ് ആയത്തുല്ല ഖുമൈനിയടക്കം നേതാക്കളുമായി ബന്ധം സ്ഥാപിക്കുന്നത്’’ (മാധ്യമം/2026 മാർച്ച് 2 തിങ്കൾ/പേജ് 6).

‘ആയത്തുല്ല’ വിശേഷണം വസ്തുതാപരമോ?

ശിയാക്കളുടെ പരമോന്നത നേതാക്കൾക്ക് അവരുടെ അറിവും അധ്വാനവും അടിസ്ഥാനമാക്കി നൽകപ്പെടുന്ന സവിശേഷ സ്ഥാന നാമമാണ് ‘ആയത്തുല്ല’ എന്നത്. അല്ലാഹുവിങ്കൽ സവിശേഷ സ്ഥാ നമുള്ളവർ എന്ന നിലയിലാണ് ജനങ്ങൾ ഇതിലൂടെ മനസ്സിലാക്കുന്നത്.

“2026 ഫെബ്രുവരി 28(റമദാൻ 10)ന് വൈകുന്നേരം അമേരിക്കൻ - ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിലെ പരമോന്നത നേതാവ് ആയുത്തുല്ലാ അലി ഖാംനഈ വധിക്കപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുന്നു’’ (പ്രബോധനം വാരിക/2026 മാർച്ച് 13/പേജ്10).

“ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും അചഞ്ചലനായ സാമ്രാജ്യത്വ വിരുദ്ധ നായകനും ഇറാൻ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവുമായ ആയത്തുല്ല അലി ഖാംനഈയെ യു.എസ് ഇസ്രായേൽ സഖ്യം വധിച്ചു’’ (മാധ്യമം/2/3/2026 തിങ്കൾ/പേജ്,1)

“ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുള്ള അലി ഖാംനഇ(86) യു.എസ്-ഇസ്രാഈൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം’’ (ചന്ദ്രിക/2/3/2026 തിങ്കൾ/പേജ് 1).

“ഇറാനിൽ ഇസ്‌റാഈലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഇ കൊല്ലപ്പെട്ടിരിക്കുന്നു’’ (സുപ്രഭാതം/2/3/2026 തിങ്കൾ/പേജ് 6).

മനുഷ്യനെന്ന സൃഷ്ടിയെ കുറിച്ച് മൊത്തത്തിൽ അല്ലാഹുവിന്റെ ദൃഷ്ടാന്തമെന്ന് പറയുന്നത് പ്രശ്‌നമുള്ളതോ ആരെയെങ്കിലും പ്രത്യേകമാക്കി പ്രശംസിക്കലോ അല്ല. അല്ലാഹു പറയുന്നു: “നിങ്ങളിൽ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്.) എന്നിട്ട് നിങ്ങൾ കണ്ടറിയുന്നില്ലെ?’’ (ക്വുർആൻ 51:21).

മനുഷ്യരല്ലാത്ത സൃഷ്ടികളെ സംബന്ധിച്ചും ക്വുർആൻ പഠിപ്പിച്ചത് ദൃഷ്ടാന്തം എന്ന് തന്നെയാണ്. അല്ലാഹു പറയുന്നു: “നിങ്ങൾക്ക് വേണ്ടി ഭൂമിയിൽ വ്യത്യസ്ത വർണങ്ങളിൽ അവൻ സൃഷ്ടിച്ചുണ്ടാക്കിതന്നിട്ടുള്ളവയും (അവന്റെ കൽപനയ്ക്ക് വിധേയം തന്നെ). ആലോചിച്ച് മനസ്സിലാക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്’’(16:13).

എന്നാൽ ശിയാക്കൾ അവരുടെ അതിര് വിട്ട വാദങ്ങളെ അടിസ്ഥാനമാക്കി തങ്ങളുടെ നേതാക്കൾക്ക് മാത്രം കൊടുത്ത് വരുന്ന ഈ പേര് ഇസ്‌ലാമിന്റെ പ്രമാണങ്ങൾ പഠിപ്പിച്ചതല്ല. പ്രവാചക മാതൃകയിലോ, ഉത്തമ തലമുറ പകർന്നതിലോ ഉള്ളതുമല്ല. മത വിജ്ഞാനവും പ്രബോധനത്തിന് വേണ്ടിയുള്ള പ്രയത്‌നവും മാനദണ്ഡമാക്കി ആർക്കും കൊടുക്കാവുന്ന ഒരു പദവിയാണിതെങ്കിൽ ശ്രേഷ്ഠ തലമുറയിലെ പതിനായിരങ്ങൾ അതിന് അർഹരായിട്ടും അങ്ങനെയൊന്നും അറിയപ്പെട്ട് കാണുന്നില്ല.

ശിയാ നേതാക്കൾ ശഹീദുകളോ?

രക്തസാക്ഷി എന്നത് ഉത്തമമായൊരു സ്ഥാനമാണ്. വിശ്വാസിയായി, അല്ലാഹുവിന്റെ മാർഗത്തിൽ അവന്റെ വാക്കിന്റെ ഉന്നമനത്തിന് വേണ്ടി പോരാടുന്നവർക്ക് അവൻ നിശ്ചയിച്ച സമ്മാനമാണത്. അബൂ മൂസൽ അശ്അരി(റ)യിൽനിന്ന്; നബിﷺ പറഞ്ഞു: “അല്ലാഹുവിന്റെ വാക്കിന്റെ ഉയർച്ചക്ക് വേണ്ടി പോരാടിയ ഒരാൾ അവന്റെ മാർഗത്തിലാണ്’’ (ബുഖാരി, മുസ്‌ലിം).

തെറ്റായ വഴികളിലൂടെ സഞ്ചരിക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നവരെ ശഹീദ് എന്ന് വിശേഷിപ്പിക്കാവതല്ല. ഇസ്‌ലാമികാദർശത്തിന് വിരുദ്ധമായ ആശയങ്ങൾ വച്ചുപുലർത്തുന്ന, അല്ലാഹു തൃപ്തിപ്പെട്ട സ്വഹാബത്തിനെതിരിൽ ശാപ പ്രാർഥന നടത്തുന്ന വിഭാരമാണ് ശിയാക്കൾ. അങ്ങനെയുള്ളവർ കൊല്ലപ്പെട്ടാൽ എങ്ങനെ സ്വർഗപ്രവേശനം ഉറപ്പായ രക്തസാക്ഷികളാകും? കൊല്ലപ്പെട്ട ഖാംനഈയെ സംബന്ധിച്ച് എഴുതിയത് കാണുക:

“ഈ രക്തസാക്ഷ്യത്തെ കൊളോണിയൽ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ധനമാക്കി മാറ്റാൻ അദ്ദേഹത്തിന്റെ അനുയായികൾക്ക് കഴിയുമോ?’’ (പ്രബോധനം/2026 മാർച്ച് 13/പേജ് 17).

“ആയത്തുള്ള സയ്യിദ് അലി ഖാംനഇ. ധൈര്യവും ആത്മാഭിമാനവും മരണത്തിനു മുന്നിലും അപൂർവ മായ നിർഭയത്വവും കൊണ്ട് നിർവചിക്കപ്പെട്ട ജീവിതം. വിശുദ്ധ റമസാനിലെ ആ ധീരരക്തസാക്ഷിത്വം അല്ലാഹു സ്വീകരിക്കുമാറാകട്ടെ’’(ചന്ദ്രിക/2026 മാർച്ച് 2 തിങ്കൾ/പേജ് 4).

“ബങ്കറുകളിലോ മറ്റു രഹസ്യ കേന്ദ്രങ്ങളിലോ ഒളിക്കാതെ അദ്ദേഹം ഇസ്‌റാഈൽ നടത്തിയ ബോംബാക്രമണത്തിൽ രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചു. ഇന്നലെ പുലർച്ചെയാണ് ഇറാൻ ഔദ്യോഗികമായി ഖാംനഇയുടെ രക്തസാക്ഷിത്വം സ്ഥിരീകരിച്ചത്’’

(സുപ്രഭാതം/2026 മാർച്ച് 2 തിങ്കൾ/പേജ് 8).

ശുഹദാക്കളായ സ്വഹാബത്തിനെ വളരെ മോശമായി നിന്ദിച്ച ഒരാളെ ശഹീദാക്കുന്നത് ആഭാസകരം തന്നെയാണ്!

അബൂഹുറയ്‌റ(റ)യിൽനിന്ന്; നബിﷺ പറഞ്ഞു: “അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നവൻ ആരാണെന്ന് ഏറ്റവും അറിയുന്നവൻ അല്ലാഹുവാണ്; നോമ്പെടുക്കുന്നവന്റെയും നമസ്‌കരിക്കുന്നവന്റെയും അവസ്ഥ പോലെ’’ (ബുഖാരി, മുസ്‌ലിം).

ഇവരുടെയെല്ലാം പ്രമാണ പരിജ്ഞാനമില്ലായ്മ സമൂഹത്തിനുണ്ടാക്കുന്ന പരിക്ക് തെല്ലൊന്നുമല്ല. ജൂതസൃഷ്ടിയായ ശീഇസത്തിന്റെ അമരക്കാരനെ ശഹീദ് പദവിയിലേക്കുയർത്താൻ എന്ത് ന്യായമാണുള്ളത്?

പലരും പരിതപിക്കുന്നത് അക്രമിക്കുന്നവരുടെ കൂടെ നിൽക്കുകയല്ലേ വേണ്ടത്, അവരുടെ വിശ്വാസം ചികഞ്ഞ് പരിശോധിക്കുകയല്ലല്ലോ എന്നു പറഞ്ഞാണ്. അന്യായമായി ക്രൂശിക്കപ്പെടുന്നവരുടെ കൂടെ നിൽക്കലും അക്രമികൾക്കെതിരിൽ പ്രാർഥിക്കലും അനിവാര്യമാണ്. അതോടൊപ്പം വിശ്വാസപരമായുള്ള കേടുപാടുകളെ പരിശോധനാ വിധേയമാക്കുകയും അവിശ്വാസംകൊണ്ട് മുതലെടുക്കാൻ നോക്കുന്നവരെ തുറന്ന് കാണിക്കുകയും വേണം. അതൊരിക്കലും വ്യക്തിഹത്യ നടത്തലോ, രാജ്യത്തെ താറടിക്കലോ അല്ല. ഇറാനിലെ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ നമുക്ക് പ്രതിഷേധമുണ്ട്, നമ്മളാരും അതിൽ സന്തോഷിക്കുന്നില്ല. ഇറാന്റെ ആക്രമണത്തിൽ ഗൾഫ് നാടുകളിലെ നിരപരാധികൾ കൊല്ലപ്പെടുന്നതും പ്രതിഷേധാർഹം തന്നെയാണ്.