നവോത്ഥാനവും സമസ്തയും തമ്മിലെന്ത്?
മൂസ സ്വലാഹി കാര
2026 ഫെബ്രുവരി 14, 1447 ശഅ്ബാൻ 26

നവോത്ഥാനമെന്നത് എല്ലാവിധ അധഃപതനങ്ങളിൽനിന്നുമുള്ള സമൂഹത്തിന്റെ ഉയർത്തെഴുന്നേൽപാണ്. കേരളീയ സമൂഹത്തിൽ-വിശിഷ്യാ മുസ്‌ലിം സമുദായത്തിൽ-നവോത്ഥാനത്തിന് നാന്ദി കുറിച്ചതും വ്യവസ്ഥാപിതമായി അതിനായി പ്രയത്‌നിച്ചതും ഇസ്വ‌്‌ലാഹീപ്രസ്ഥാനമാണെന്നത് അനിഷേധ്യമായ ചരിത്രസത്യമാണ്. എന്നാൽ ഒരു നൂറ്റാണ്ടു മുമ്പേ തുടങ്ങിവച്ച നവോത്ഥാന പരിശ്രമങ്ങളെ അടിച്ചമർത്താനായി രംഗപ്രവേശം ചെയ്ത സമസ്ത എന്ന സംഘടന ഇന്ന് അതിന്റെ അവകാശവാദവുമായി കളംനിറഞ്ഞാടുകയാണ്.
പഴയകാല മുസ്‌ലിയാക്കന്മാരുടെ നവോത്ഥാന നിരുത്സാഹ പ്രവർത്തനങ്ങൾ പുതുതലമുറ തിരിച്ചറിയുന്നത് ഇവരെ വല്ലാതെ ലജ്ജിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് സമുദായത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന്റെ കാരണക്കാർ തങ്ങളാണെന്നു വരുത്തിത്തീർക്കാൻ ഇവർ ശ്രമിക്കുന്നത്.
വിശ്വാസ ജീർണതകളെ ഇല്ലായ്മ ചെയ്യുന്നതിനും മത, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിൽ സമൂഹത്തിന് ഉണർവ് നൽകുന്നതിനും നവോത്ഥാന പ്രസ്ഥാന നായകന്മാർ നടപ്പിലാക്കി സംരംഭങ്ങൾ ഏറെയുണ്ട്. മത പ്രബോധനത്തിന് വേണ്ടിയുള്ള സംഘടന സംവിധാനം, മതപഠനത്തിനായി മദ്‌റസകളും കോളേജുകളും, സ്ത്രീ സമൂഹത്തിന്റെ വിദ്യാഭ്യാസം, അനാഥ സംരക്ഷണം, ചികിത്സ... എന്നിങ്ങനെ എല്ലാ തലങ്ങളിലും അവർ ശ്രദ്ധചെലുത്തിയിരുന്നു എന്നത് എത്രതന്നെ തേച്ചാലും മായ്ച്ചാലും മായാത്ത വസ്തുതയാണ്.
വളരെ വൈകിയെങ്കിലും ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ച് ഭൗതികമായി ഉയരാനുള്ള ശ്രമങ്ങൾ സമസ്ത നടത്തി എന്നത് ശരിയാണ്. തങ്ങളുടെ കാലിന്നടിയിലെ മണ്ണ് പൂർണമായും ഒലിച്ചുപോകുന്നത് തടയാൻ അതേ അവർക്ക് നീവൃത്തിയുണ്ടായിരുന്നുള്ളൂ. മതരംഗത്ത് അവർ നിലനിർത്തിയിരുന്ന ജീർണതകളെ ഇസ്വ്‌ലാഹി പ്രസ്ഥാനം തുറന്നുകാട്ടുകയും സമുദായത്തെ നേരിൻ വഴിയിലേക്ക് ക്ഷണിക്കുകയും ചെയ്തപ്പോൾ ആ വെളിച്ചത്തിലേക്ക് അനേകമാളുകൾ കടന്നുവന്നു. അതിന്റെ പ്രതിഫലനമാണ് കേരളത്തിലെ മുജാഹിദുകളുടെ അഭൂതപൂർവമായ വളർച്ച.
സമസ്തക്കാർ ഇന്ന് അവരുടെ സംഘടനയുടെ ശതാബ്ദി പൂർത്തിയാക്കിയ സന്തോഷത്തിലാണ്. ഒരു നിശ്ചിത പ്രായമെത്തിയാൽ തിരിച്ചറിവും തിരുത്തലുമൊക്കെ ആർക്കും ഉണ്ടാകുന്നപോലെ സമസ്തക്കാരിലും തിരിച്ചറിവ് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. മുസ്‌ലിയാക്കന്മാർ നവോത്ഥാന പ്രക്രിയയോട് വെച്ച് പുലർത്തിയിരുന്ന വിമുഖത ശരിയല്ലെന്ന് ബോധ്യമായതിനാൽ തങ്ങളുടെ സംഘടന രൂപീകരിച്ചതുതന്നെ നവോത്ഥാനത്തിനു വേണ്ടിയാണെന്ന് ജനങ്ങളെ ബാധ്യപ്പെടുത്തുവാൻ വാമൊഴിയായും വരമൊഴിയായും ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
“ഇസ്‌ലാമിന്റെ തനത് രൂപമായ അഹ്‌ലുസ്സുന്നയുടെ പഠന പ്രബോധനം, വിപരീത വികല ചിന്താഗതികൾക്കെതിരായ അവബോധ സാംക്രമണം, മുസ്‌ലിം സമൂഹത്തിന്റെ അവകാശ സംരക്ഷണം, മതവിരുദ്ധമല്ലാത്ത മതേതര വിദ്യാഭ്യാസവൽക്കരണം, സാമുദായികമായ പൊതു ഐക്യം എന്നീ അഞ്ച് തത്വങ്ങളായി ചുരുക്കെഴുതാവുന്ന ദൗത്യവും ലക്ഷ്യവുമായി 1934 നവംബർ നാലിന് സമസ്ത നിയമപരമായ സംഘടനയായി’’ (സുപ്രഭാതം, 2026 ജനുവരി 30 വെള്ളി, പേജ് 6).

ശിയായിസത്തെയും സൂഫിസത്തെയും അണച്ചുപിടിച്ച് ജാറപൂജയെയും അനാചാരങ്ങളെയും അനവധി അന്ധവിശ്വാസങ്ങളെയും വഹിച്ച് മുന്നേറുന്ന സമസ്തയാണ് തങ്ങൾ അഹ്‌ലുസ്സുന്നയുടെ മാർഗത്തിലാണ് എന്ന് അവകാഷപ്പെടുന്നത് എന്നതോർക്കുക! സമൂഹത്തിന്റെ സമുദ്ധാരണത്തിനും മത-ഭൗതിക വിദ്യാഭ്യാസ രംഗത്തെ അഭിവൃദ്ധിക്കും വേണ്ടി മുജാഹിദുകൾ നടത്തിയ പ്രയത്‌നങ്ങൾക്ക് ആൾബലംകൊണ്ടും കൈയൂക്കുകൊണ്ടും തടയിടാൻ ശ്രമിച്ചവരാണ് ഈ അവകാശവാദം നടത്തുന്നത്! സമുദായ മക്കളുടെ നന്നാകാനുള്ള അവകാശത്തെ തടഞ്ഞതാണ് ഇവരുടെ അവകാശ സംരക്ഷണം! ക്വുർആനിന്റെയും സുന്നത്തിന്റെയും വഴിയിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ വേണ്ടി രൂപീകരിച്ച പണ്ഡിതസഭയിൽനിന്ന് ബിദ്അത്തിന്റെ സംരക്ഷണാർഥം വേറിട്ടുപോയവർ എങ്ങനെയാണ് സത്യത്തിന്റെ വാഹകരാവുക? നവോത്ഥാന വിരോധത്തിന്റെയും അബദ്ധജഡിലമായ ആശയങ്ങളുടെയും നൂറ് കൊല്ലം തികച്ച മുസ്‌ലിയാക്കന്മാർ നവോത്ഥാന പൈതൃകം അവകാശപ്പെടാൻ നടത്തിയ ന്യായീകരണങ്ങൾ ഒന്ന് പരിശോധിക്കാം.
മലയാള ഭാഷയും സമസ്ത സ്വഭാവവും
വരമൊഴിയായി ഉപയോഗിച്ച് വരുന്ന ‘ആര്യനെഴുത്ത്’ അഥവാ മാതൃഭാഷ പഠിക്കൽ നിഷിദ്ധമായി കണ്ടിരുന്ന സമസ്തക്കാർക്ക് ഇന്ന് മലയാള പ്രസിദ്ധീകരണങ്ങളുടെയും പ്രസംഗങ്ങളുടെയും പെരുമ പറയാൻ പറ്റുന്നത് ഇസ്വ‌്ലാഹി പ്രസ്ഥാനത്തിന്റെ നവോത്ഥാനത്തിന്റെ പ്രവർത്തനത്തിന്റെ തണൽ പറ്റിയതുകൊണ്ട് മാത്രമാണ് എന്ന വസ്തുത പുതതലമുറക്ക് അറിയില്ല. മലയാള ഭാഷയോട് കലർപ്പില്ലാത്ത കലിപ്പ് സമസ്തക്കുണ്ടായിരുന്നു എന്നതിന് അവരുടെ തന്നെ വാക്കുകൾ വായിക്കുക:
“പക്ഷേ, ജീവിച്ചത് കേരളത്തിലായത് കൊണ്ടുതന്നെ നിത്യവ്യവഹാരത്തിൽ നിന്ന് മാതൃഭാഷയെ മാറ്റി നിർത്താൻ ബുദ്ധിമുട്ടായിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിക്കാനായി കണ്ടെത്തിയ കുറുക്കുവഴി ഇതിനകം തന്നെ സംസ്‌കൃതാധിനിവേശത്തിന് ആക്കം കൂട്ടാനായി മലയാളത്തിന്റെ തനതു ലിപി വ്യവസ്ഥകളെ പുറം തള്ളിക്കൊണ്ട് ഗ്രന്ഥ ലിപിയുടെ ചുവടു പിടിച്ച് ആവിഷ്‌കരിക്കപ്പെട്ട ആര്യനെഴുത്ത് സ്വീകരിക്കുകയായിരുന്നു. ഇതിനെതിരെ ആദ്യകാലത്ത് ശക്തമായി നിലകൊണ്ട പരമ്പരാഗത മതനേതൃത്വവും അവസാനം നിൽക്കക്കള്ളിയില്ലാതെ പിൻമാറി’’ (രിസാല, 2005 സെപ്തംബർ 30, പേജ് 15).
“മാപ്പിള സമൂഹത്തിനിടയിൽ ആധുനിക പരിഷ്‌കർത്താക്കൾ നടപ്പിലാക്കാൻ ശ്രമിച്ചത് ഈ മാനദണ്ഡപ്രകാരമുള്ള സാമൂഹിക പരിഷ്‌കരണങ്ങളാണ്. അറബി മലയാളമെന്ന മാപ്പിള സമൂഹത്തിന്റെ സ്വത്വം പ്രതിഫലിപ്പിക്കുന്ന ഭാഷയിൽനിന്ന് മലയാളത്തിലേക്ക് മുസ്‌ലിംകളെ കൊണ്ടുവന്നതോടെ മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യതിരിക്തമായ ജീവിതവീക്ഷണം ദുർബലമാ വുകയും പരമ്പരാഗതമായ ആർജ്ജവം ചോർന്നുപോവുകയും ചെയ്തു’’ (അൽ ഇർഫാദ്, 2009 ആഗസ്റ്റ്).
മലയാള ഭാഷയോടുള്ള ഈ സമീപനത്തെ ഓർക്കുന്നത് പോലും മുസ്‌ലിയാക്കന്മാർക്ക് പ്രയാസകരമാണെങ്കിലും ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് ഇത് തന്നെയാണ് അവർ വലുതാക്കി കാണിക്കാൻ ശ്രമിച്ചത്.
“ആര്യനെഴുത്ത് അഥവാ സംസ്‌കൃത മലയാളത്തോട് ഉലമാക്കൾ മാത്രമല്ല, അക്കാലഘട്ടത്തിലെ ഭൂരിഭാഗം മലയാളികളും നിരാകരണ സമീപനം തന്നെയാണ് സ്വീകരിച്ചത്. കാരണം കേരളത്തിൽ അന്ന് സവർണ വിഭാഗങ്ങൾക്ക് മാത്രമായിരുന്നു സംസ്‌കൃതം പഠിക്കാനും വേദഭാഷയായ സംസ്‌കൃത മലയാളത്തിൽ എഴുതുവാനും സംസാരിക്കുവാനുമുള്ള അനുമതി ഉണ്ടായിരുന്നത്..... മാത്രവുമല്ല, അറബ് മലയാളത്തെ തകർക്കാൻ കൂടിയാണ് അക്കാലത്ത് സംസ്‌കൃത മലയാളത്തെ ചിലർ ഭരണകൂട ഒത്താശയോടെ തിരുകിക്കയറ്റാൻ ശ്രമിച്ചിരുന്നത് എന്ന്കൂടി പണ്ഡിതന്മാർ മനസ്സിലാക്കിയിരുന്നു’’ (സുപ്രഭാതം, 2026 ജനുവരി 30 വെള്ളി, പേജ് 7).
മലയാള ഭാഷയെ എതിർത്തിരുന്നില്ലെന്ന് തെളിയിക്കാൻ നോക്കിയതാണ്. പക്ഷേ, അതിനോടുണ്ടായിരുന്ന അടങ്ങാതെ കലിപ്പിന്റെ അടയാളമാണ് തെളിഞ്ഞുവന്നത്. ‘മലയാളത്തോട് ഭൂരിഭാഗം മലയാളികളും നിരാകരണ സമീപനം തന്നെയാണ് സ്വീകരിച്ചത്’ എന്ന പ്രസ്താവന സ്വന്തം നിലപാടിനെ ന്യായീകരിക്കാനുള്ള ശ്രമമാണ്. അറബ് മലയാളത്തെ തകർക്കാനാണത്രെ ഭരണകൂടം മലയാളം പഠിപ്പിക്കാൻ ശ്രമിച്ചത്! വലിയ വായയിൽ ‘സമസ്തക്കാർ മലയാള ഭാഷയെ എതിർത്തവരോ’ എന്ന് ചോദിക്കുന്നവർ വിട്ടുപോകാതെ വായിക്കേണ്ട വാക്കുകൾ കൂടിയാണിത്. സമസ്തക്കാർ എല്ലാ കാര്യങ്ങളും മലയാള ഭാഷയിലേക്ക് മാറ്റുകയും അറബി മലയാളത്തെ മദ്‌റസകളിൽ മാത്രമൊതുക്കുകയും ചെയ്തതെന്തിനാണ്? ഒന്നുകിൽ മലയാളഭാഷയെ എതിർത്തത് തെറ്റായിപ്പോയെന്ന് സമ്മതിക്കുക, അല്ലെങ്കിൽ അന്നത്തെ ന്യൂനപക്ഷം നടത്തിയ നവോത്ഥാനത്തെ ഉൾക്കൊണ്ട് ഇന്നത്തെ അതിന്റെ അനുയായികളെ ആക്ഷേപിക്കാതിരിക്കുക.
(തുടരും)

