സമസ്ത ‘കേരള യാത്രകൾ’ സമൂഹത്തിന് സമ്മാനിച്ചതെന്ത്?

മൂസ സ്വലാഹി കാര

2026 മാർച്ച് 14, 1447 റമദാൻ 24

ഇരു സമസ്തകളും വ്യത്യസ്ത താൽപര്യങ്ങൾ മുന്നിൽക്കണ്ടും പലജാതി ആഭ്യന്തര പ്രശ്‌നങ്ങൾക്ക് പ്രതിവിധി കാണുന്നതിനുമായി ഈയിടെ ‘കേരള യാത്ര’ നടത്തുകയുണ്ടായി. പുറമെനിന്ന് വീക്ഷിക്കുന്നവർ ഒരുപക്ഷേ, അവയെ കെങ്കേമമായ യാത്രകളായി വിലയിരുത്തിയേക്കാം. എന്നാൽ അകത്തെ അവസ്ഥ നിരീക്ഷണ വിധേയമാക്കപ്പെട്ടാൽ മതത്തിന്റെ യഥാർഥ ആദർശത്തിന് വിരുദ്ധമായ പല നിലപാടുകളും ആ യാത്രകളിൽ ആവർത്തിച്ചതായി കാണാൻ കഴിയും.

സമസ്തയുടെ ശതാബ്ദി സമ്മേളന പ്രചാരണം, സംഘടനക്കകത്തെ തിരുത്തൽവാദികളായ ‘ശജറ’ വിഭാഗത്തിന്റെ മേധാവിത്വം ഉറപ്പിക്കൽ, നവോത്ഥാനത്തിന്റെ മുഖം മൂടിയണിയൽ തുടങ്ങിയവയായിരുന്നു ജിഫ്രി തങ്ങൾ നടത്തിയ യാത്രകൊണ്ടുള്ള പ്രധാന ലക്ഷ്യങ്ങൾ.

കാന്തപുരത്തിന്റെ മൂന്നാമത്തെ യാത്രയായിരുന്നു ഇക്കഴിഞ്ഞത്. ചേകനൂർ മൗലവിയുടെ തിരോധാന ചർച്ചകളുടെ ചുരുൾ കൂടുതൽ അഴിയാതിരിക്കാൻ 1999ൽ ‘മനുഷ്യ മനസ്സുകൾ കോർത്തിണക്കാൻ’ എന്ന പ്രമേയത്തിലായിരുന്നു ഒന്നാം യാത്ര. ബോംബെയിലെ ജാലിയൻ വാലയിൽനിന്ന് കിട്ടിയ മുടിക്കെട്ട് നബിﷺയുടെ തിരുകേശമാണെന്ന നിലയിൽ പ്രദർശിപ്പിച്ചപ്പോൾ നേരിടേണ്ടി വന്ന ശക്തമായ പ്രാമാണിക വിചാരണ സഹിക്കവയ്യാതായ നേരം (2012ൽ) ‘മാനവികതയെ ഉണർത്തുന്നു’ എന്ന വിഷയത്തിലായിരുന്നു രണ്ടാം യാത്ര. സമസ്തയിൽനിന്ന് പിരിയയഞ്ഞ് പോയി ‘സാവിയതുസ്സൂഫിയ്യ’ എന്ന പേര് സ്വീകരിച്ച കുരുവട്ടൂർ വിഭാഗത്തെക്കൊണ്ടുള്ള ആദർശ വെല്ലുവിളിക്ക് എന്തെങ്കിലും പരിഹാരമാകും എന്നു നിനച്ച് 2026ന്റെ തുടക്കത്തിൽ ‘മനുഷ്യർക്കൊപ്പം’ എന്ന മുദ്രാവാക്യത്തിൽ നടത്തിയ യാത്രയാണ് മൂന്നാമത്തെത്.

അഹ്‌ലുസ്സുന്ന വൽജമാഅയുടെ ആദർശപാതയാണെന്ന് വരുത്തിത്തീർത്തും നവോത്ഥാനത്തിന്റെ പിതൃത്വം അവകാശപ്പെട്ടുമുള്ള ഈ യാത്രകളുടെ ഉള്ളുകള്ളികൾ, സമസ്തയാണ് ശരിയുടെ പക്ഷത്തെന്ന് വിചാരിക്കുന്ന സമൂഹത്തിന് മുമ്പിൽ തുറന്ന് കാണിക്കേണ്ടതുണ്ട്

ശിയാ-സൂഫീ സരണികളെ വെള്ളപൂശുന്ന യാത്രകൾ

ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദിനെ വികലമാക്കി അവതരിപ്പിച്ചും അതിന്റെ അടിസ്ഥാന പ്രമാണങ്ങളോട് വിവേചനം കാണിച്ചും ജാറ-മക്വ‌്‌ബറ സംസ്‌കാരത്തെ സമ്പ്രദായമാക്കിയും വിശ്വാസി സമൂഹത്തെ തെറ്റായ വഴികളിലേക്ക് നയിക്കുന്ന പിഴച്ച വിഭാഗങ്ങളാണ് ശിയാക്കളും സൂഫികളും. അഹ്‌ലുസ്സുന്നയെ വാക്കിൽ മാത്രമൊതുക്കി, വിശ്വാസത്തിലും ആചാരത്തിലും ഈ പിഴച്ച കക്ഷികളെ കൂട്ടുപിടിച്ചു വളർന്ന സംഘടനയാണ് സമസ്ത! ഒരു നൂറ്റാണ്ടിന്റെ നിറവിൽ ആനന്ദിച്ച് നടത്തിയ യാത്രകളിൽ നിഴലിച്ച് നിന്നതും ഇതുതന്നെയായിരുന്നു.

“യഥാർത്ഥത്തിൽ കാലാകാലങ്ങളിൽ സുന്നി-സൂഫി ധാരയുടെ പ്രഖ്യാപിതവും പ്രായോഗികവുമായ നിലപാടും അതുതന്നെയാണല്ലോ. അതേസമയം നവീകരണത്തിന്റെ പേരിൽ മതത്തിന്റെ വിശ്വാസ ആദർശ സംഹിതകളെ വെള്ളം ചേർക്കുകയും രൂപം മാറ്റുകയും ചെയ്യുന്ന മത യുക്തിവാദികളെയും അവരല്ലെന്ന് അവകാശപ്പെട്ടുകൊണ്ട് അവരുടെ ചെയ്തികൾക്ക് ബലം പകരുന്ന പ്രവണതയും തുറന്നുകാണിക്കപ്പെടുകയും കർക്കശമായി എതിർക്കപ്പെടുകയും ചെയ്തു. ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകരണ കാലം തൊട്ട് പിന്തുടരുന്ന നിലപാടും സമസ്തയുടെ രൂപീകരണ ലക്ഷ്യവും തന്നെ ഇതാണല്ലോ’’ (സുന്നിഅഫ്കാർ/2026 ജനുവരി 16-31/പേജ് 37).

“ഇസ്‌ലാമിന്റെ യഥാർത്ഥ രൂപമാണ് സുന്നികൾ പിന്തുടരുന്നത്. അതിനെതിരെ നിന്ന് സമൂഹത്തിൽ ഛിദ്രത സൃഷ്ടിക്കുന്നതുകൊണ്ടാണ് ബിദ്അത്തിനെ ഇക്കാലമത്രയും സമസ്ത എതിർത്തത്. അത് തുടരുക തന്നെ ചെയ്യും. ആദർശത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല’’ (സുന്നിവോയ്‌സ്/2026 ഫെബ്രുവരി 1-15/പേജ് 26).

ശിയാ-സൂഫീ ചിന്താധാരകളുടെ ചുവടുപിടിച്ച് പോന്ന സമസ്തക്കാർക്ക് എങ്ങനെയാണ് ‘മതത്തിന്റെ വിശ്വാസവും’ ‘ഇസ്‌ലാമിന്റെ യഥാർഥ രൂപവും’ അവകാശപ്പെടാൻ കഴിയുക? അഹ്‌ലുസ്സുന്നയുടെ ആദർശം ജനങ്ങൾക്ക് പകർന്നുകൊടുക്കാനും പ്രമാണങ്ങൾ അവരെ പഠിപ്പിക്കാനും വ്യാജ ത്വരീക്വത്തുകളുടെ ബന്ധനത്തിൽനിന്ന് അവരെ മോചിപ്പിക്കാനും 1924ൽ രൂപീകരിക്കരിക്കപ്പെട്ട പണ്ഡിത സഭയിൽനിന്ന് 1926ൽ തന്നെ പുറത്തു ചാടി ഛിദ്രതയുടെ ചരിത്രം കുറിച്ച സമസ്ത ആ സ്വഭാവം മറ്റുള്ളവരുടെ മേൽ ആരോപിക്കുന്നത് ശരിയാണോ?

അനാചാരങ്ങളുടെ ചൂടും ചൂരുമറിഞ്ഞ മുസ്‌ലിയാക്കന്മാർക്ക് ഒരു നൂറ്റാണ്ട് കാലം പല കോലത്തിലുള്ള പുത്തനാചരങ്ങൾക്കും കാവലും കരുതലുമായി കഴിഞ്ഞുകൂടിയതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വന്നതിലുള്ള ഖേദ പ്രകടനമാണോ ബിദ്അത്തുകളെ എതിർത്തുവെന്ന് ജൽപിക്കാനുള്ള പ്രചോദനം? സമസ്തയുടെ വിശ്വാസ-ആചാരങ്ങളുടെ പട്ടികയിൽ ഭൂരിഭാഗവും പ്രമാണ പിൻബലമുള്ളവയല്ലെന്നിരിക്കെ ഇവർ നബിചര്യയുടെ വക്താക്കളാണെന്ന് അവകാശപ്പെടുന്നതിൽ എന്ത് അർഥമാണുള്ളത്?

അഹ്‌ലുസ്സുന്നയായി അറിയപ്പെടാനുള്ള കാട്ടിക്കൂട്ടൽ

സത്യത്തിലേക്ക് വെളിച്ചം വീശിയവരെ വിമർശിക്കാനും അന്ധവിശ്വാസങ്ങളിൽ അകപ്പെട്ട സമൂഹത്തെ അതിൽത്തന്നെ താഴിട്ട് പൂട്ടാനും രംഗപ്രവേശം നടത്തിയ സമസ്ത അഹ്‌ലുസ്സുന്നയായി അറിയപ്പെടാൻ പലപ്പോഴും കൊതിച്ചിട്ടുണ്ട്. രണ്ടു കൂട്ടരും യാത്രക്കിടയിൽ ഇതിനു വേണ്ടി വെമ്പൽകൊണ്ട് വാചാലരായിട്ടുമുണ്ട്:

“മുഹമ്മദ് നബി(സ) തങ്ങളും സച്ചരിതരായ അവിടുത്തെ പിൻഗാമികളും ജീവിതവഴികളെ പ്രശോഭിതമാക്കിയ അഹ്‌ലുസ്സുന്നയുടെ രാജവീഥികളിലൂടെ കേരളീയ മുസ്‌ലിം ഉമ്മത്തിന് അഭിമാനകരമായ അസ്തിത്വം പകർന്നേകിയ ആത്മീയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ആശയാദർശ മൂല്യച്യുതികളൊന്നുമേ ഇല്ലാതെ ആദർശത്തിലുറച്ച ഒരു നൂറ്റാണ്ട് പിന്നിടുന്ന ഈ പണ്ഡിത പ്രസ്ഥാനം ലോകത്തോളം തന്നെ വളർന്നു കഴിഞ്ഞു. നൂറു വർഷക്കാലം ഉമ്മത്തിന്റെ വിശ്വാസത്തിനു കാവൽ കരുത്തായി നിലകൊണ്ട സമസ്തയുടെ സാന്നിധ്യം അഹ്‌ലുസ്സുന്നയിലുറച്ച പാരമ്പര്യ മുസ്‌ലിം ജീവിതത്തിനു വ്യക്തമായ മാനം കേരളീയ പരിസരത്ത് വിതാനിച്ചേകുകയായിരുന്നു’’ (സുന്നിഅഫ്കാർ/2026 ജനുവരി 16-31/പേജ് 38).

“പാരമ്പര്യ വിശ്വാസാദർശങ്ങളിൽ അണു അളവ് വിട്ടുവീഴ്ചക്ക് തയ്യാറാവാതെയും എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കാനുള്ള ഉസ്താദിന്റെ ശ്രമങ്ങൾ പരക്കെ പ്രകീർത്തിക്കപ്പെട്ടു’’ (സുന്നിവോയ്‌സ്/പേജ് 19).

സ്ഫുടം ചെയ്ത സൂഫീ സരണിയിലാണ് ഞങ്ങളെണെന്ന് തൊണ്ടകീറുമാറ് പ്രസംഗിച്ചും വലിച്ച് വാരി എഴുതിയും അവരുടെ കള്ളക്കഥകളെ അപ്പടി ഏറ്റെടുത്തും ആദർശം പടുത്തുയർത്തിയ ഇവർക്കെന്ത് മൂല്യമാണുള്ളത്? സൂഫികളോടൊപ്പം കൂടിയതിനാൽ അവരുടെ പാരമ്പര്യ വിശ്വാസത്തിൽ അണു അളവ് വിട്ടുവീഴ്ച കാണിച്ചിട്ടില്ലെന്നത് ശരിതന്നെയാണ്. നൂറ് വർഷക്കാലം സമൂഹത്തെ ത്വരീക്വത്തുകളിൽ കുടുക്കിയിട്ടത് ആ പാരമ്പര്യത്തിൽതന്നെ തുടരാനാണല്ലോ.

മതത്തിന്റെ അധ്യാപനങ്ങൾ പൂർത്തിയാക്കിത്തന്ന നബിﷺയുടെയോ അതിന് സാക്ഷികളായ സ്വഹാബത്തിന്റെയോ ജാറങ്ങൾ എവിടെയെങ്കിലുമുണ്ടോ? ആണ്ട്-ഉറൂസുകളോ, ദുശ്ശശകുന വിശ്വാസമോ, നിർമിത സ്വലാത്തുകളോ ഉത്തമ തലമുറയിൽപെട്ടവർക്ക് പരിചയമില്ലാത്തവയാണ്. ഇതെല്ലാം ‘ഉള്ളതാണ’ല്ലോ ‘സമസ്ത!’ എങ്കിൽ, എങ്ങനെയാണിവർ അഹ്‌ലുസ്സുന്നയിലുറച്ച പാരമ്പര്യം സമൂഹത്തിന് പകരുന്നവരാവുക?

ജാറ, മക്വ‌്‌ബറ വിശ്വാസം വന്ന വഴിയെപ്പറ്റി അവർ എഴുതിയത് കാണുക: “ചരിത്ര പ്രസിദ്ധമായ ധാരാളം മക്വ‌്‌ബറകളുടെയും സ്മാരകങ്ങളുടെയും നാടാണ് ഈജിപ്ത്. സൂഫിവര്യന്മാരുടെയും അഗ്രേസ്യരായ പണ്ഡിത മഹത്തുക്കളുടെയും നാമങ്ങളിൽ അറിയപ്പെടുന്ന ഒട്ടേറെ സ്ഥലങ്ങളുള്ള ഈ ഭൂമി സുന്നി പൈതൃകത്തിന്റെ പ്രതീകമായി നിലനിൽക്കുന്നു’’ (അൽമുനീർ 2026/പേജ് 321). പവിത്രവും വഹ്‌യിന്റെ നാടുകളുമായ മക്കയിൽനിന്നും മദീനയിൽനിന്നും ഒരു മഹാന്റെ ജാറവും പൈതൃകമായി എടുത്ത് കാണിക്കാൻ കിട്ടാത്തതിൽ ഇവർ വല്ലാതെ വിഷമിക്കുന്നുണ്ട്. (തുടരും)