നിലവിളക്ക് ‘കൊളുത്തലും’ സമസ്തക്കാരുടെ നിലവിളിയും
മൂസ സ്വലാഹി കാര
2026 ജൂൺ 20, 1448 മുഹർറം 05

ആദർശത്തിലും ആചാരത്തിലും അഹ്‌ലുസ്സുന്നയിൽനിന്ന് ബഹുദൂരം വ്യതിചലിച്ച സമസ്ത മുസ്‌ലിയാക്കന്മാർ അവരുടെ ദുർബല നിലപാടുകൾകൊണ്ട് പലപ്പോഴും വലയാറുണ്ട്. സമസ്ത തങ്ങളുടെ മുഖമുദ്രയായി സംരക്ഷിച്ചുപോരുന്ന ജാറങ്ങളിലും മക്വ‌്‌ബറകളിലും നടമാടിക്കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളെ അലങ്കരിക്കുന്നതിനും വർണാഭമാക്കുന്നതിനും വേണ്ടി പലതും കാട്ടിക്കൂട്ടുന്നവരാണ് മുസ്‌ലിയാക്കന്മാർ. എണ്ണ, തിരി, പട്ട്, നിലവിളക്ക്, പൂവ്, ചന്ദനത്തിരി എന്നിവയെല്ലാം അതിൽ പ്രധാനപ്പെട്ടവയാണ്.
ആരാധനയാകുന്ന ഏതെങ്കിലുമൊരു കാര്യം ഇതരമതസ്ഥരുടെ വിശ്വാസങ്ങൾ കടമെടുത്തും പകുത്തെടുത്തും നിലനിർത്തിപ്പോരേണ്ട ആവശ്യം ഇസ്‌ലാമിനോ മുസ്‌ലിംകൾക്കോ ഇല്ല. നബിﷺയിലൂടെ അല്ലാഹു സമ്പൂർണമാക്കിത്തന്ന, ഭദ്രമായൊരു ഘടനയോടെ നിലനിൽക്കുന്ന മതമാണ് ഇസ്‌ലാം. എന്നാൽ ശിയാ-സൂഫീ ആശയങ്ങളുടെ താളത്തിനും ഓളത്തിനുമനുസരിച്ച് ആദർശത്തെ മാറ്റിമറിച്ച് മുന്നോട്ട് പോകുന്ന മുസ്‌ലിയാക്കന്മാർ പ്രമാണങ്ങളെക്കാൾ മറ്റു പലരുടെയും വിശ്വാസങ്ങളെ അണച്ച് പിടിക്കുന്നവരാണ്. നിലവിളക്കിനെ തങ്ങളുടെ വിശ്വാസത്തിന്റെയും ആരാധനയുടെയും മറ്റും ഭാഗമായി വളരെ ആദരവോടെ കണ്ട് വരുന്നവരാണ് ഹൈന്ദവർ. ഇതേ നിലവിളക്കിനെ മതത്തെ മറയാക്കി ജാറങ്ങളിൽ പ്രതിഷ്ഠിച്ചവരാണ് സമസ്ത മുസ്‌ലിയാക്കന്മാർ.
നിലവിളക്കിനെ ഇസ്‌ലാമിന്റെ അടയാളമാക്കി ഇവർ പ്രദർശിപ്പിക്കുമ്പോൾ വിമർശന അസ്ത്രങ്ങളും പ്രതികരണ പ്രഹരങ്ങളും ഏൽക്കുന്നത് അഹ്‌ലുസ്സുന്നക്കും അതിന്റെ വക്താക്കൾക്കുമാണ്. നിലവിളക്ക് കൊളുത്തുന്നതിനോട് സമസ്തയുടെ സമീപനം എന്താണെന്ന് അവരുടെ ഔദ്യോഗിക പത്രത്തിൽ നിന്നുതന്നെ വായിക്കാം:
“ചോ: മഹാൻമാരുടെ മഖ്ബറകളിലും ചില പള്ളികളിലും നിലവിളക്ക് കത്തിക്കുക പതിവുണ്ട്. വൈദ്യുതിവെളിച്ചം ഉള്ളപ്പോഴും ഇത് കത്തിക്കുന്നു. ഇത് അനുവദനീയമാണോ? തദാവശ്യത്തിന് എണ്ണ കത്തിക്കാമോ?’’
“ഉ: മഹാന്മാരുടെ മഖ്ബറകളിൽ നിലവിളക്ക് കത്തിക്കുന്നത് വെളിച്ചത്തിന് വേണ്ടി മാത്രമല്ല, മഹാന്മാരോടുള്ള ആദരവ് കൂടി അതിന്റെ പിന്നിലുണ്ട്. അത് കൊണ്ടാണ് വൈദ്യുതി വെളിച്ചം ഉള്ളപ്പോഴും പ്രസ്തുത വിളക്ക് കത്തിക്കുന്നത്. അനുവദനീയമാണെന്ന് മാത്രമല്ല പുണ്യകർമ്മവും കൂടിയാണ്. അപ്പോൾ അതിന് എണ്ണയും നേർച്ചയാക്കാവുന്നതാന്നല്ലോ’’ (സുന്നിവോയ്‌സ്/1986 നവംബർ 21-27/പേജ് 10).

മറ്റൊരു മുസ്‌ലിയാർ എഴുതിയത് കൂടി വായിക്കാം: “മഖ്ബറകളിൽ ആവശ്യത്തിനു വെളിച്ചം ഏർപ്പെടുത്തണം. സിയാറത്ത് ചെയ്യുന്നവർക്കോ മറ്റോ പ്രയോജനപ്പെടുമെങ്കിൽ വിളക്കു കത്തിക്കൽ സുന്നത്താണ്. വലിയ്യുകളാണെന്ന് പ്രസിദ്ധരായ മഹാത്മാക്കളുടെ ഖബറിടങ്ങളിൽ രാപകൽ ഭേദമന്യേ സിയാറത്തിനാളുകളുണ്ടായേക്കാം. അവരുടെ സൗകര്യാർത്ഥം നിരന്തരമായി വിളക്കുകത്തിക്കൽ അനിവാര്യതയും പുണ്യകർമ്മവുമാണ്. അപ്രകാരം ആവശ്യത്തിനു മാത്രം വിളക്കുകത്തിക്കുന്നതിന് നേർച്ചയാക്കലും പുണ്യം നിറഞ്ഞതാണ്’’ (മഖ്ബറ; ആചാരവും അനാചാരവും/പി.എസ്.കെ മൊയ്തു ബാഖവി മാടവന/പേജ് 35).
ജാറങ്ങളിൽ കത്തിക്കപ്പെടുന്ന നിലവിളക്കിന്റെ ‘വിശ്വാസ രഹസ്യം’ ഒരു മുസ്‌ലിയാർ തുറന്നെഴുതി യത് കാണുക: “അന്നത്തെ വിളക്കത്തിരിക്കൽ ഇന്നില്ല. എന്നാൽ, വിളക്ക് നീക്കം ചെയ്യുകയോ കത്തിക്കാതിരിക്കുകയോ ചെയ്യുന്നുമില്ല. ആ വിളക്ക് ഇന്നും കത്തിക്കുന്നുണ്ട്. അത് ആസാറും തബർറു(മഹാന്മാർ ഉപയോഗിച്ചത് എന്ന മഹത്തവും)ക്കും നിലനിർത്താനാണ്. അല്ലാതെ, തെറ്റായ ഒരു വിശ്വാസവും ആചാരവും ആ വിളക്കിന്റെ പേരിൽ ഒരാളും വിശ്വസിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല’’ (സുന്നി അഫ്കാർ/2015 ആഗസ്റ്റ് 19/പേജ് 13). ക്വബ്‌റിങ്കൽ കത്തിച്ചു വെക്കുന്ന വിളക്ക് അതിൽ കിടക്കുന്ന മഹാന്മാർ ഉപയോഗിച്ചതാണത്രെ!
നിലവിളക്ക് കൊളുത്തുന്നതിനെക്കുറിച്ച് ഇസ്‌ലാമിൽ ‘അനിവാര്യം,’ ‘അനുവദനീയം,’ ‘പുണ്യം’ എന്നിങ്ങനെ വിധി പുറപ്പെടുവിക്കണമെങ്കിൽ അതിന് പ്രമാണ പിൻബലം അനിവാര്യമല്ലേ? നബിﷺ ക്കോ സ്വഹാബത്തിനോ പരിചയമില്ലാത്ത ഒരു കാര്യം എങ്ങനെയാണ് മതത്തിൽ അനിവാര്യവും പുണ്യ കർമവുമൊക്കെ ആയിത്തീരുക?
ജാറം കെട്ടിപ്പൊക്കൽ തന്നെ മതവിരുദ്ധമാണ്. എന്നിരിക്കെ, അതിന്റെ ചാരത്ത് നിലവിളക്ക് അനുവദനീയമാണ്, പുണ്യമാണ് എന്നെല്ലാം വിധിക്കുന്നതിൽ എന്ത് അർഥമാണുള്ളത്? ഉത്തമ തലമുറയിൽ പെട്ടവർ ഏതെങ്കിലും നിലക്കൊരു വെളിച്ചം ഏറ്റവും വലിയ മഹാന്മാരായ സ്വഹാബത്തിന്റെ ക്വബ്‌റിടത്തിൽ ആദരവിനായോ മറ്റോ സംവിധാനിച്ചതായി ചരിത്രത്തിലുണ്ടോ? ജാറങ്ങളിലുള്ളവരുടെ കുരുത്തവും പൊരുത്തവും ലക്ഷ്യം വെച്ച് മാത്രം കത്തിക്കപ്പെടുന്നതിനെ സന്ദർശകർക്ക് വെളിച്ചം കിട്ടാൻ എന്നാക്കി അവതരിപ്പിക്കുന്നത് കാപട്യമല്ലേ?
മുസ്‌ലിംകളിൽനിന്ന് രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ ഇടപെടുന്നവർ നിലവിളക്ക് കൊളുത്തുകയോ അതിനെ ന്യായീകരിക്കുകയൊ ചെയ്യുമ്പോൾ അവരെ ഗുണകാംക്ഷയോടെ തിരുത്തുക എന്നത് പണ്ഡിതൻമാരുടെ ബാധ്യതയാണ്. കാരണം അത് തികച്ചും ഹൈന്ദവ ആചാരമാണ്. അത് കൊളുത്തുന്നതിൽ കൃത്യമായ ആചാരപരമായ രീതിയുണ്ട്. വെറുതെയങ്ങ് മെഴുകുതിരി കത്തിക്കുന്നതു പോലെ അവർ നിലവിളക്ക് കൊളുത്താറില്ല. അവരുടെ വിശ്വാസമനുസരിച്ച് ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്.
മുഴുവൻ സമയവും ജാറങ്ങളിൽ നിലവിളക്ക് കത്തിച്ച് വെക്കുന്ന പുരോഹിതന്മാരാണ് നിലവിളക്ക് കൊളുത്തിയ ജനപ്രതിനിധിക്കുനേരെ ഉറഞ്ഞ് തുള്ളി അതിനെ ചോദ്യം ചെയ്യാൻ മുതിർന്നിരിക്കുന്നത് എന്നതാണ് രസകരം! അതോടെ അവർ വെട്ടിലായിരിക്കുകയാണ്!
സമസ്ത മുശാവറയുടെ ‘അനിസ്‌ലാമിക ആചാരങ്ങൾ വർജിക്കുക’ എന്ന പുതിയ പ്രസ്താവന പ്രകാരം മഹാന്മാരോട് ആദരവ് കാണിക്കാനുള്ള ‘പുണ്യ പ്രവൃത്തി’ വെറും ‘വെളിച്ചത്തിന് വേണ്ടിയുള്ള’ വിളക്ക് കത്തിക്കലായി മാറിയിരിക്കുന്നു! സമസ്തക്ക് വല്ലാത്തൊരു പൊല്ലാപ്പ് തന്നെയാണിത്.
“എന്നാൽ ഒരാൾ വെളിച്ചം മാത്രം ഉദ്ദേശിച്ച് മറ്റു വിളക്കുകളെ പോലെ വെളിച്ചം ലഭിക്കാനുള്ള ഒരു ഉപാധി എന്ന നിലയിൽ നിലവിളക്ക് കത്തിച്ച് ഉപയോഗപ്പെടുത്തുകയാണെങ്കിൽ അത് അനുവദ നീയവുമാണ്’’ (സുപ്രഭാതം/ 5/ 6/2026, വെള്ളി).
“നിലവിളക്ക് വിവാദത്തിൽ ഇതര മതക്കാർ അവരുടെ മതാചാരമായി നിർവഹിച്ചുവരുന്ന ചടങ്ങുകളും ആചാരങ്ങളും മുസ്‌ലിംകൾ വർജിക്കണമെന്ന് സമസ്ത മുശാവറ യോഗം ആഹ്വാനം ചെയ്തു. അതേസമയം, ഒരാൾ വെളിച്ചം മാത്രം ഉദ്ദേശിച്ച് മറ്റ് വിളക്കുകളെപോലെ നിലവിളക്ക് കത്തിച്ചാൽ അത് അനുവദനീയമാണെന്നും കേന്ദ്ര മുശാവറ യോഗം വ്യക്തമാക്കി’’ (മാധ്യമം /6/6/2026 ശനി/പേജ് 10).

ജാറത്തിങ്കൽ നിലവിളക്ക് കത്തിച്ചുവെക്കുന്നത് വെളിച്ചം കിട്ടാൻ വേണ്ടി മാത്രമാണെങ്കിൽ, വൈദ്യു തിയും ജനറേറ്ററും ഇൻവർട്ടറുമൊക്കയുള്ള വർത്തമാനകാലത്തും (പുതുതായി ഉണ്ടാക്കപ്പെടുന്ന ജാറങ്ങളിലും) എന്തിനാണ് നിലവിളക്ക് ഒരുക്കുന്നത്. പല വർണങ്ങളിലുമുള്ള വേണ്ടുവോളം വെളിച്ചം അവിടെ ഏർപ്പെടുത്തുന്നുണ്ടല്ലോ!
പുതിയ പ്രഖ്യാപിത നിലപാട് മാനിച്ച് സമസ്തയുടെ സകല ജാറങ്ങളും ‘നിലവിളക്ക് മുക്ത’ ജാറങ്ങളാക്കാനും ‘അനുവദനീയം’ എന്ന വിധി തിരുത്തിയെഴുതി പ്രചരിപ്പിക്കാനും മുശാവറ തയ്യാറാകുമോ?
സമസ്തയുടെ അംഗീകൃത മുഫ്തി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ എഴുതിയ ഫത്‌വ കൂടി കാണുക: “ഈ വിശദീകരണത്തിൽനിന്ന്, വെളിച്ചത്തിന് വേണ്ടി ട്യൂബുകൾ പ്രകാശിക്കുന്നതോടെ നിലവിളക്ക് കത്തിക്കുന്നത് തെറ്റാണെന്നും അതിലേക്ക് എണ്ണയും മറ്റും നേർച്ചയാക്കുന്നത് സാധുവല്ലെന്നും വ്യക്തമാകും. മാത്രമല്ല ഹൈന്ദവാചാരത്തെ കേവലം അനുകരിക്കലാണുദ്ദേശ്യമെങ്കിൽ ഹ റാമും അനുകരിക്കലുദ്ദേശ്യമില്ലെങ്കിൽ കറാഹത്തുമാണെന്ന് ബിഗ്‌യ പേജ് 156ൽ നിന്ന് വ്യക്തമാകും. ഹറാമും കറാഹത്തുമായ കാര്യം വേണ്ടെന്ന് വെക്കുന്നത് എങ്ങനെ തെറ്റാകും?’’ (ഫതാവാ മുഹ്‌യിസ്സുന്ന: സമ്പൂർണം/പേജ് 395,396).
ഇതര മതസ്ഥർ അവരുടെ മതത്തിന്റെ ഭാഗമായി കാണുന്ന നിലവിളക്ക് കൊളുത്തലിന്റെ മേന്മ പറയുന്ന മുസ്‌ലിയാക്കന്മാർ നബിﷺയുടെ താക്കീത് ശ്രദ്ധിക്കുക: ഇബ്‌നു ഉമറ(റ)ൽ നിന്ന്, നബിﷺ പറഞ്ഞു: ‘ഒരാൾ ഏതെങ്കിലുമൊരു സമൂഹത്തോട് സാദൃശ്യം കാണിച്ചാൽ അവൻ അവരിൽപ്പെടും’ (അബൂദാവൂദ്).
ഇബ്‌നു ഖുദാമ(റ) അദ്ദേഹത്തിന്റെ ‘മുഗ്‌നി’യിൽ ക്വബ്ർ കൊട്ടിപ്പൊക്കുന്നതും അതിനടുത്ത് വിളക്ക് കത്തിക്കുന്നതും അനുവദനീയമല്ലെന്ന് ഉണർത്തിയിട്ടുണ്ട്. ശാഫിഈ മദ്ഹബിലെ, സമസ്തക്ക് സ്വീകാര്യനായ ഇമാമായ ഇബ്‌നു ഹജർ ഹൈതമി തന്റെ ‘അസ്സവാജിർ’ എന്ന ഗ്രന്ഥത്തിൽ ഇതിനെ വൻ പാപമായിട്ടാണ് എണ്ണിയിട്ടുള്ളത്.
ജീവിതത്തെ അല്ലാഹുവിന് സമർപ്പിച്ചും ആത്മാർഥമായി അവനെ ആരാധിച്ചും കഴിയുന്ന ഒരു മുസ്‌ലിമിന്റെ എപ്പോഴത്തേയും നിലപാട് ‘ഞങ്ങൾ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു’ (ക്വുർആൻ 2:136) എന്നായിരിക്കും.

