ജനങ്ങളെ കേൾക്കാനിറങ്ങിയ ജമാഅത്തെ ഇസ്ലാമി!
മൂസ സ്വലാഹി കാര
2026 ജൂലൈ 04, 1448 മുഹർറം 19

വ്യതിയാന ചിന്തകളുടെ വിത്ത് സമൂഹത്തിൽ വിതറുകയും ലോകത്തുടനീളം അത് മുളച്ചുപൊന്താൻ അവസരമൊരുക്കുകയും ചെയ്ത ഖവാരിജുകളുടെ സിദ്ധാന്തം അബുൽ അഅ്ലാ മൗദൂദിയെ സ്വാധീനിക്കുക വഴി ഇന്ത്യയിൽ ഉണ്ടായി വന്ന സംഘമാണ് ജമാഅത്തെ ഇസ്ലാമി. ഏഴര പതിറ്റാണ്ടിലേറെയായി അതിന്റെ അനുയായികൾ കേരളത്തിൽ പ്രവർത്തിച്ച് വരുന്നു. ഇസ്ലാമിന്റെ അടിസ്ഥാന ആശയത്തോടും പ്രമാണ സമീപനത്തോടും പൂർവസൂരികളോടുമൊപ്പം സഞ്ചരിക്കാൻ കൂട്ടാക്കാത്ത ഇവർ അഹ്ലുസ്സുന്നക്ക് എതിരായി മത്സരിക്കുന്ന മനോഭാവക്കാരും അതിന്റെ നിലപാടുകൾക്ക് നേരെ കൊഞ്ഞനം കുത്തുന്നവരുമാണ്.
ജമാഅത്തെ ഇസ്ലാമിയുടെ നയപരമായ തീരുമാനങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി വിമർശന ശബ്ദങ്ങൾ ഉയരുമ്പോൾ ആർക്കും പിടികൊടുക്കാത്ത മറുപടിയുമായി രംഗത്തുവരുന്നത് അവരുടെ സ്വത്വ സ്വഭാവമാണ്. ‘ജമാഅത്തെ ഇസ്ലാമി നിങ്ങളെ കേൾക്കുന്നു. നിങ്ങളെ കേൾക്കുന്ന പ്രസ്ഥാനമാണിത്’ എന്ന മുദ്രാവാക്യവുമായി ഇറങ്ങിയിരിക്കുകയാണിപ്പോൾ അവർ. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിന് ആരെ വേണമെങ്കിലും കേൾക്കാം. പക്ഷേ, അവരെ കേൾക്കേണ്ടിവന്ന വിശ്വാസി സമൂഹം സഹിക്കേണ്ടി വന്ന പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടുമോ എന്നാണ് അറിയേണ്ടത്.
പ്രബോധനം 2026 മെയ് 15 ലക്കത്തിൽ നിലവിലെ അമീർ എഴുതുന്നു: “ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്തതും പ്രബോധനം ചെയ്തതും ഇസ്ലാമിനെയാണ്. സാമൂഹിക പ്രതിബദ്ധതയിലും സാമൂഹികനീതിയിലും കെട്ടിപ്പടുക്കപ്പെട്ടതാണ് ആ ഇസ്ലാം. അത്തരമൊരു ഇസ്ലാമിനെ അവതരിപ്പിച്ചപ്പോൾ പൊതുസമൂഹത്തിനും മുസ്ലിം സമുദായത്തിനും അത് അപരിചിതമായി തോന്നിയിട്ടുണ്ട്. കാരണം, അവർ പരിചയിച്ച ഒന്നായിരുന്നില്ല ഈ ദർശനം’’ (പേജ് 5).

ഖവാരിജുകളിലൂടെ മുളപൊട്ടുകയും പിന്നീട് കാണ്ഡമായി വളർന്ന് പല ശിഖരങ്ങളായി പിരിഞ്ഞ് ‘വിധി കർതൃത്വം അല്ലാഹുവിന് മാത്രം’ എന്ന ആശയത്തോട് ഇഴുകിച്ചേർന്ന മൗദൂദി സാഹിബ് ‘അനുസരണം അല്ലാഹുവിന് മാത്രം’ എന്ന തന്റെ പുതിയ വാദത്തിലേക്ക് ആളെക്കൂട്ടാൻ വേണ്ടിയാണ് 1940 കളിൽ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുണ്ടാക്കിയത്. അത് ഇസ്ലാമിന്റെ ആർക്കും പരിചയമില്ലാത്ത മുഖമാണെന്ന് അമീർ എടുത്ത് പറഞ്ഞത് കൃത്യമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള അഹ്ലുസ്സുന്നയുടെ പാരമ്പര്യത്തിലെ പണ്ഡിതന്മാരിൽ ഒരാളും പഠിപ്പിച്ചിട്ടില്ലാത്ത ദർശനമാണ് മൗദൂദി കൊണ്ടുവന്നതെന്ന് അമീർ തന്നെ അംഗീകരിക്കുകയാണ്. വളരെ നല്ല തിരിച്ചറിവും അഹ്ലുസ്സുന്നയുടെ വക്താക്കൾക്ക് സന്തോഷമുളവാക്കുന്ന കാര്യവുമാണത്. ആരാധനക്കർഹൻ അല്ലാഹു മാത്രമെന്ന മഹിതമായ വിശ്വാസത്തിന്റെ നെടുകെ വെട്ടിയും പച്ചയായ പ്രമാണ ദുർവ്യാഖ്യാനം നടത്തിയുമാണ് തന്റെ വാദത്തെ മൗദൂദി സ്ഥാപിക്കാൻ ശ്രമിച്ചത്. തന്നെയുമല്ല മതത്തെ ചൊവ്വായ നിലയ്ക്ക് നിലനിർത്തു കയെന്ന പ്രവാചകന്മാരുടെ ഉദ്യമത്തെ ‘മതത്തെ സ്ഥാപിക്കുക’ എന്നാക്കി അദ്ദേഹം വ്യാഖ്യാനിക്കുകയുണ്ടായി.
പ്രമാണങ്ങൾ പറയാത്തതും മതം അനുശ്വാസിച്ചതിന് അപ്പുറമുള്ളതുമായ കാര്യത്തെ ‘അപരിചിതം’ എന്ന് വിശേഷിപ്പിച്ചത് യാഥാർഥ്യം തന്നെ!
ഇസ്ലാമിക ആദർശത്തിൽനിന്ന് തെല്ലൊന്നുമല്ല മൗദൂദി തെറ്റിയതെന്ന് ജമാഅത്തുകാർക്ക് തന്നെ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്:
“മൗദൂദിയുടെ ചില പ്രസംഗങ്ങളിൽ ഇസ്ലാമികമായ ഒരു സാമൂഹികഘടന വരാനുള്ള ആഗ്രഹമുണ്ടായിരുന്നു. ഇസ്ലാമികമായ സാമൂഹികഘടനയിൽ ഒരു ചപ്രാസിയാകുന്നതാണ് അല്ലാത്ത ഒരു സ്ഥലത്ത് പ്രധാന മന്ത്രിയാകുന്നതിനെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ആദർശാധിഷ്ഠിതമായ ഒരു സാമൂഹികഘടന നിലവിൽ വരണമെന്ന ആഗ്രഹം മാത്രമാണ് യഥാർഥത്തിൽ ആ വാക്കുകൾ സൂചിപ്പിക്കുന്നത്. അത് സംഘടനയുടെ നിയമമായോ വ്യവസ്ഥയായോ ഒരിക്കലും വന്നി ട്ടില്ല’’ (നിലപാടുള്ള പ്രസ്ഥാനം/ടി.ആരിഫലി/12,13).
മൗദൂദി തന്റെ മനസ്സിലെ മോഹം പൂവണിയിക്കാൻ വേണ്ടി സമൂഹം കേൾക്കെ ഒച്ചവെക്കുകയും അതിനായി അനവധി ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു എന്നതും നഗ്ന സത്യമാണ്. അതിൽ നല്ലൊരു ശതമാനം പുസ്തകങ്ങളും ജമാഅത്തുകാർ മൊഴിമാറ്റം നടത്തി ഇന്നും ഔദ്യോഗികമായിത്തന്നെ കച്ചവടം ചെയ്യുന്നുമുണ്ട്. മൗദൂദി ഉയർത്തിക്കാട്ടിയ തൗഹീദിന് അടിമപ്പെടുന്നതിലൂടെ ഭൗതിക ക്രമീകരണമാകുന്ന ഗവൺമെന്റ് ദുർമൂർത്തിയും അതിനെ അനുസരിക്കൽ അല്ലാഹുവിൽ പങ്ക് ചേർക്കലുമാണ്. ഇത് കേട്ട എത്ര പേരാണ് ഗവൺമെന്റിന്റെ പരസ്യ
ശത്രുക്കളായി സർക്കാർ ജോലികളിൽ നിന്നടക്കം പിന്മാറിയത്! മാനസാന്തരമോ അതോ പ്രായച്ഛിത്തമോ എന്നറിയില്ല; ഇന്ന് സർക്കാർ കസേരകൾക്ക് വേണ്ടി കിടമത്സരം നടത്തുന്ന സംഘടന കൂടിയാണ് ജമാഅത്തെ ഇസ്ലാമി! ആയുസ്സിന്റെ മുക്കാൽ ഭാഗവും ശിർക്കായിരുന്നൊരു നയത്തിൽ നിന്ന് ഒരു കൂസലുമില്ലാതെ ഇറങ്ങി ഓടാനും ചരിത്ര വസ്തുതകളെ വിസ്മരിക്കാനും ഇവർക്കെങ്ങനെ സാധിക്കുന്നു?
അമീർ എഴുതുന്നു: “ഈ പ്രസ്ഥാനത്തിന്റെ വിശ്വാസ സംഹിതയും ഇതിന്റെ ലക്ഷ്യസ്ഥാനവും അതിലേക്കുള്ള വഴിയും ദൈവത്താൽ നിർണിതമാണ്. ഇക്കാര്യത്തിൽ കരിവീട്ടിക്കാതലിനെ മറികടക്കുന്ന വിശ്വാസം ഈ പ്രസ്ഥാനത്തിനുണ്ടായിരിക്കെത്തന്നെ സംവാദത്തിന്റെ സമസ്ത സാധ്യതകളെയും തുറന്നുവെച്ചുകൊണ്ടാണ് സമൂഹത്തോട് ഇക്കാര്യം പറഞ്ഞത്’’ (പേജ് 7).
1956 ഏപ്രിൽ 13 മുതൽ നടപ്പിലാക്കിയ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഭരണഘടന 2023 ഏപ്രിൽ 30 മുതൽ ഔദ്യോഗിക ഭേദഗതിയോടെ പുറത്തിറക്കേണ്ടിവന്നത് എന്തുകൊണ്ടാണ്? കരിവീട്ടിക്കാതലായ വിശ്വാസത്തിൽ പുഴുവരിച്ച് അകം പുഴുത്ത് പോയത് ‘കേന്ദ്ര മജ്ലിസ് ശൂറ’ ശ്രദ്ധിക്കാൻ വൈകിയത് കൊണ്ടാകാം. സ്വിറാത്തുൽ മുസ്തക്വീമിന് നിരക്കാത്ത നിലപാട് സ്വീകരിക്കുകയും അല്ലാഹുവിന്റെ വിധിയെ മറയാക്കി അതിൽ അഭിമാനിക്കുകയും ചെയ്യുക എന്നത് അഭിലഷണീയമായ കാര്യമാണോ?
(അവസാനിച്ചില്ല)

