ജമാഅത്തെ ഇസ്‌ലാമിയും സ്വതന്ത്രാന്വേഷകന്റെ നോട്ടവും

മൂസ സ്വലാഹി കാര

2026 ഒക്ടോബർ 03, 1448 റബീഉൽ ആഖിർ 22

ഇസ്‌ലാമിക നിയമസംഹിതയോടും പ്രബോധനത്തോടും നാമമാത്രമായ ബന്ധം പുലർത്തി, രാഷ്ട്രീയ ഭൂപടത്തിന്റെ ഏതെങ്കിലും മൂലയിൽ എങ്ങനെയെങ്കിലും ഇരിപ്പുറപ്പിക്കാൻ പരിശ്രമിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. ഇതിനു വിത്തു വിതച്ച് വളർത്തിയ അബുൽ അഅ്‌ലാ മൗദൂദിയുടെ സ്വപ്‌നമായ ‘മതരാഷ്ട്ര സ്ഥാപനം’ അടിസ്ഥാന ആശയമാക്കിത്തന്നെയാണ് കേരളത്തിലേക്കും ഇതു കയറിക്കൂടിയത്. അദ്ദേഹത്തിന്റെ കണ്ടെത്തലാണ് ഇസ്‌ലാമിന്റെ ശരിയായ ആദർശം എന്നാണ് ഇവരുടെ ധാരണ.

‘പ്രബോധനം’ വാരിക (2026 ആഗസ്റ്റ് 6, പേജ് 18) ‘ജമാഅത്തെ ഇസ്‌ലാമി ഒരു സ്വതന്ത്രാന്വേഷകന്റെ നോട്ടത്തിൽ’ എന്ന ലേഖനത്തിലൂടെ ജമാഅത്തിന്റെ ആശയത്തിന് വേലികെട്ടി കാവലിരിക്കാൻ ലേഖകൻ അങ്ങേയറ്റം പ്രയത്നിക്കുന്നതായും പലതും വെളിപ്പെടുത്തുന്നതായും കണ്ടു.

മൗദൂദിയൻ ചിന്ത ഇസ്‌ലാമിന്റെ സമഗ്രതയോ?

മൗദൂദി സാഹിബിന്റെ ചിന്തകളെ കാത്തുസൂക്ഷിക്കുന്ന ജമാഅത്തുകാർ അവയെ ഇന്നും വാനോളം വാഴ്ത്തുന്നവരാണ്. ലേഖകൻ എഴുതുന്നു: “മൗദൂദിയുടെ ചിന്തയിലാകട്ടെ ഇസ്‌ലാമിന്റെ സമഗ്രതയും പവിത്രമായ ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തവുമാണ് മുന്നിട്ടു വന്നത്. ദേശീയത, ജനങ്ങളാൽ മാത്രം നിർവഹിക്കപ്പെടുന്ന ജനാധിപത്യം എന്നീ പാശ്ചാത്യാശയങ്ങളെ അദ്ദേഹം എതിർത്തു. എന്നാൽ, പാശ്ചാത്യശക്തികളുടെ സാങ്കേതിക വിദ്യയെ സ്വീകരിക്കുകയും ചെയ്തു’’ (പേജ് 20).

ഇബാദത്തിന് ‘അടിമത്തം, അനുസരണം, ആരാധന’ എന്നിങ്ങനെ മൂന്ന് അർഥങ്ങളും നൽകണമെന്നു പറഞ്ഞ്, പുതിയ വ്യാഖ്യാനം നൽകി സാക്ഷ്യവാക്യത്തിന്റെ അർഥത്തെ വികലമാക്കിയ മൗദൂദിയുടെ തെറ്റായ ചിന്തയെയാണ് ലേഖകൻ ഇപ്രകാരം പരിചയപ്പെടുത്തിയത്. ജനാധിപത്യ അന്തരീക്ഷമുള്ള രാജ്യത്ത് ഒരു മുസ്‌ലിമായി ജീവിക്കാനും പ്രവർത്തിക്കാനുമുള്ള ‘സ്വാതന്ത്ര്യം’ എന്ന അനുഗ്രഹത്തെ വെല്ലുവിളിച്ചുകൊണ്ടാണല്ലോ തന്റെ രാഷ്ട്രീയ വീക്ഷണവുമായി മൗദൂദി രംഗത്തിറ ങ്ങിയത്. പുതിയ വ്യാഖ്യാനത്തിനു വേണ്ടി ഖവാരിജുകൾ, ശിയാക്കൾ എന്നീ വ്യതിയാന കക്ഷിക ളെയാണ് യഥാർഥത്തിൽ മൗദൂദി മാതൃകയാക്കിയത്.

ലേഖകൻ വീണ്ടും എഴുതുന്നു: “മൗദൂദിയിൽ ആധുനികതയുടെ അംശങ്ങൾ വേണ്ടുവോളമുണ്ടായിരുന്നു. ആധുനികതയുടെ രീതിശാസ്ത്രമായ യുക്തിചിന്തയാണ് മൗദൂദി കൃതികളിൽ പൊതുവെ കാണുന്നത്. സാധാരണ മതപണ്ഡിതരെ പോലെ വിശ്വാസത്തിന്റെ വൈകാരികതക്ക് പകരം സംവാദാത്മകത അദ്ദേഹം മുന്നോട്ടു വെച്ചു’’ (പേജ് 20).

മൗദൂദിക്കു പറ്റിയ പിഴവിന്റെ മൂലകാരണം പ്രമാണങ്ങൾ പഠിപ്പിച്ച വിശ്വാസം പിൻപറ്റാതെ ‘യുക്തി ചിന്ത’ തെളിവാക്കി എന്നതാണ്. മതത്തിന്റെ സ്വതസിദ്ധമായ പ്രബോധന ശൈലി കാത്തുസൂക്ഷിച്ച് പോരുന്ന അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരെ വിലകുറച്ചു കാണിച്ച് സമുദായത്തെ സങ്കീർണതയിലേക്കു തള്ളിയിട്ട മൗദൂദിയുടെ പ്രവർത്തനങ്ങളെ ‘സംവാദാത്മകത’ എന്നു വിശേഷിപ്പിച്ച് നേർപ്പിക്കാനാണ് ലേഖകൻ ശ്രമിക്കുന്നത്.

ലേഖകൻ പറയുന്നു: “ഇസ്‌ ലാം സമഗ്രമാണ്, ഇസ്‌ലാമിക രാഷ്ട്രത്തിലല്ലാതെ വിശ്വാസം പൂർണമാകില്ല എന്ന നിലപാടായിരുന്നു സംഘടനയുടെ മുഖമുദ്ര. സമഗ്ര ഇസ്‌ലാം എന്ന ആശയത്തോട് വിശ്വാസികളിൽ ഭൂരിപക്ഷത്തിനും എതിർപ്പുണ്ടാകാൻ സാധ്യതയില്ല. പക്ഷേ, പ്രകടമായ വ്യത്യാസം ഇസ്‌ലാമിക വിശ്വാസം പൂർണമാകുന്നത് ഇസ്‌ലാമിക രാഷ്ട്രത്തിൽ മാത്രമായിരിക്കും എന്നതിലായിരുന്നു. മൗദൂദിക്ക് മുമ്പും പല ഇസ്‌ലാമിക ചിന്തകരും ഈ ആശയം അവതരിപ്പിച്ചിരുന്നു’’ (പേജ് 21).

‘ഇസ്‌ലാമിന്റെ സമഗ്രത’ക്കു വേണ്ടി പോരാടിയ മൗദൂദി സാഹിബ് ദീനിനെയും ഇബാദത്തിനെയും വ്യാഖ്യാനിച്ചതിന്റെ കോലമൊന്ന് കാണുക: “ദീൻ എന്നാൽ യഥാർത്ഥത്തിൽ സ്റ്റേറ്റ് ആണെന്നും ശരീഅത്ത് എന്നത് ആ സ്റ്റേറ്റിന്റെ നിയമ വ്യവസ്ഥ ആണെന്നും ആ

നിയമപദ്ധതി അനുസരിച്ച് ജീവിതം നയിക്കുന്നതിനാണ് ഇബാദത്ത് എന്ന് പറയപ്പെടുന്നതെന്നുമുള്ള സംഗതി വ്യക്തമായിത്തീ ർന്നതുമാകുന്നു’’ (ഖുതുബാത്).

ദീൻ, ശരീഅത്ത്, ഇബാദത്ത് എന്നീ പദങ്ങൾക്ക് തന്റെതായ രാഷ്ട്രീയ വ്യാഖ്യാനം നൽകിയ മൗദൂദി സ്വപ്നം കണ്ടത് മതരാഷ്ട്രമായിരുന്നു എന്നതിന് ഇതിൽ കൂടുതൽ തെളിവൊന്നും ആവശ്യമില്ല. ഈ പദങ്ങൾക്ക് ഇങ്ങനെയൊരു അർഥവും വ്യാഖ്യാനവും അഹ്‌ലുസ്സുന്നയുടെ ഏതെങ്കിലുമൊരു പണ്ഡിതൻ നൽകിയത് എടുത്തുദ്ധരിക്കാൻ ജമാഅത്തുകാർ സന്നദ്ധരായിട്ടുമില്ല! ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമായാലേ യഥാർഥ മുസ്‌ലിമായി ജീവിക്കാനാകൂ എന്നത് മൗദൂദിക്ക് മുമ്പും പലരും പറ ഞ്ഞിട്ടുണ്ടെന്ന് വീരവാദം മുഴക്കുന്നവർക്ക് അത് തെളിയിക്കേണ്ട ബാധ്യതയുമുണ്ടല്ലോ.

ഏട്ടിൽ കുടുങ്ങിയ ‘മതരാഷ്ട്ര വാദം’

ലേഖകൻ എഴുതുന്നു: “85 കൊല്ലത്തെ ദീർഘ ചരിത്രം സംഘടനക്കുണ്ട്. അത് ഇസ്‌ലാമിക രാഷ്ട്രത്തിനായി ശ്രമിച്ചുവെങ്കിൽ എന്തെങ്കിലും അടയാളങ്ങൾ സാമൂഹിക ശരീരത്തിൽ കാണുമായിരുന്നു. ഇതിനർഥം എല്ലാവരും മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന ഈ രാഷ്ട്രവാദം വെറും ഏട്ടിലെ പശു മാത്രമായിരുന്നു എന്നതാണ്’’ (പേജ് 21).

മതരാഷ്ട്ര വാദം കുത്തിനിറച്ച, മൗദൂദിയുടെ എണ്ണമറ്റ രചനകൾ പുറത്തിറക്കിയവരാണ് ഇങ്ങനെ പറയുന്നതെന്ന് ഓർക്കുക! ആ രചനകളെല്ലാം വെറും ‘ഏട്ടിലെ പശു’വിനെ വ്യാഖ്യാനിച്ചതാണെങ്കിൽ അതെല്ലാം കത്തിച്ചുകളയാനോ പിൻവലിക്കാനോ ജമാഅത്തെ ഇസ്‌ലാമി നേതൃത്വം തയ്യാറാകേണ്ടതല്ലേ?

ജമാഅത്തിന്റെ മൗദൂദിയൻ ചിന്തകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായല്ലേ മൗദൂദി എഴുതിയ ‘തഫ്‌ഹീമുൽ ഖുർആൻ’ ഇന്നും വ്യാപകമായി വിറ്റഴിക്കുന്നത്? മൗദൂദിയുടെ വാദങ്ങൾ ശരിയല്ലെങ്കിൽ അതു വിറ്റ് കാശുണ്ടാക്കുന്നത് ശരിയാണോ? മൗദൂദിയൻ ചിന്തകൾക്ക് മുക്കാൽ നൂറ്റാണ്ടോളം വശംവദരായതിന്റെ ഭവിഷ്യത്ത് സംഘടനയുടെ ഭാവിയെ കൂടുതൽ കുഴപ്പത്തിലാക്കുമെന്ന് തിരിച്ചറിഞ്ഞതു കൊണ്ടല്ലേ നയപരമായ നിലപാടുകൾ പോലും തിരുത്തിയെഴുതേണ്ടി വന്നത്?

ജമാഅത്തെ ഇസ്‌ലാമിയുടെ ആശയപരമായ അടിവേര് മതരാഷ്ട്ര വാദം തന്നെയാണ് എന്നത് ലേഖകൻ തുറന്നു പറയുന്നത് കാണുക: “സംഘടനതന്നെ അവരുടെ രാഷ്ട്രീയ നയം ഇസ്‌ലാമിക രാഷ്ട്രം (ഹുകൂമത്തെ ഇലാഹി) എന്നതിൽനിന്ന് ഇഖാമത്തുദ്ദീൻ (മതത്തെ ശക്തിപ്പെടുത്തുക) എന്നതിലേക്ക് മുമ്പേ മാറ്റിയിരിക്കുന്നു. ഇതെല്ലാം കാണിക്കുന്നത് അവരുടെ ഇസ്‌ലാമിക രാഷ്ട്രവാദം വെറും ഏട്ടിലെ പശു മാത്രമായിരുന്നു എന്നാണ്’’ (പേജ്,21)

‘ഹുകൂമത്തെ ഇലാഹി’യിനിന്ന് ‘ഇഖാമത്തുദ്ദീനി’ലേക്കുള്ള ഈ ചാട്ടം പദപരമായി മാത്രമുള്ളതാണെന്നും അടിസ്ഥാനവിശ്വാസം ഒളിപ്പിച്ചുകൊണ്ടുള്ള ഇരട്ടത്താപ്പും പ്രമാണങ്ങൾകൊണ്ടുള്ള വിചാരണയെ പേടിച്ചുള്ള ഒളിച്ചോട്ടവും മാത്രമാണെന്ന് തിരിച്ചറിയാൻ അതിബുദ്ധിയൊന്നും വേണ്ട.

തിരശ്ശീലക്കു പിന്നിലെ താൽപര്യങ്ങൾ!

ജമാഅത്തെ ഇസ്‌ലാമി കേരളത്തിൽ സ്ഥാപിതമായതിന്റെ പിന്നാമ്പുറ കഥ ലേഖകൻ എഴുതുന്നു: “1940കളിൽ ഹാജി സാഹിബ് എന്ന് വിളിക്കപ്പെടുന്ന വി.പി മുഹമ്മദലി മൗദൂദിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി പത്താൻകോട്ട് പോയി അദ്ദേഹത്തെ സന്ധിച്ച്, കുറച്ച് കാലത്തിന് ശേഷം ജമാഅത്തിന്റെ കേരള ഘടകം രൂപീകരിച്ചു’’ (പേജ് 23).

‘മൗദൂദിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി’ എന്ന പ്രയോഗം ശ്രദ്ധിക്കുക. ശിർക്കിനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരിൽ പോരാടാനല്ല, പുതിയ ആശവുമായിട്ടാണ് മൗദൂദി രംഗത്തു വന്നത്. ആ ആശയത്തിന്റെ വിത്തുപാകാനാണ് ഹാജി സാഹിബിന്റെ നേതൃത്വത്തിൽ ജമാഅത്തിന്റെ കേരള ഘടകം രൂപീകരിച്ചത്.

ലേഖകൻ തുടരുന്നു: “ജമാഅത്ത് പാരമ്പര്യ പ്രസ്ഥാനങ്ങളുടെ അന്ധവിശ്വാസങ്ങൾ അംഗീകരിച്ചിരുന്നില്ലെങ്കിലും അത് സ്വന്തമായ വ്യക്തിത്വവും വീക്ഷണവും ഉള്ളതായിരുന്നു. എന്നാൽ, അവ കൈവെടിഞ്ഞ് സലഫിസത്തിന്റെ സ്വാധീനത്തിൽ പെട്ടുപോയതുകൊണ്ട് രണ്ട് തരത്തിലുള്ള ലഘൂകരണങ്ങളാണ് സംഭവിച്ചത്’’ (പേജ്,23)

ഒരു ശരാശരി ജമാഅത്തുകാരൻ അന്ധവിശ്വാസങ്ങളെ പ്രതിരോധിക്കാതെ നിശ്ശബ്ദനായി നിലകൊള്ളും എന്നാണ് ഇപ്പറഞ്ഞതിൽനിന്നും വ്യക്തമാകുന്നത്. എന്താണ് ജമാഅത്തിന്റെ, പാരമ്പര്യ പ്രസ്ഥാനങ്ങളുടെ അന്ധവിശ്വാസങ്ങളിലുള്ള ‘സ്വന്തമായ വ്യക്തിത്വവും വീക്ഷണ’വും? അത്, മൗനം തന്നെ! സലഫിസത്തിന്റെ സ്വാധീനത്തിൽ പെട്ടുപോയതുകൊണ്ട് ചിലർക്കെങ്കിലും അന്ധവിശ്വാസ ങ്ങളെയും മറ്റും നിസ്സാരമായി കാണാതിരിക്കാൻ കഴിഞ്ഞല്ലോ!

“ഇക്കാലളവിൽ മറ്റു നവോത്ഥാന പ്രസ്ഥാനങ്ങളും ഇവിടെ വേരാഴ്ത്തിക്കൊണ്ടിരുന്നു. എന്നാൽ, ക്രമേണ നവോത്ഥാന പ്രസ്ഥാനങ്ങളിൽ പലതും ആധുനീകരണ പ്രക്രിയയിൽനിന്ന് പിന്മടങ്ങുകയും സലഫി ആശയങ്ങളാൽ ഏകശിലാത്മകമാവുകയും ചെയ്തു. ജമാഅത്തെ ഇസ്‌ലാമിയിലും ഈ സലഫി സ്വാധീനം ശക്തമായിരുന്നു’’ (പേജ് 23).

പ്രമാണങ്ങളിൽ ഊന്നിയുള്ള സലഫികളുടെ പ്രബോധനം പലരെയും സ്വാധീനച്ചതിനെ ലേഖകൻ എടുത്തുപറഞ്ഞത് അഭിനന്ദാർഹമാണ്. മനസ്സിനെ മരവിപ്പിക്കുന്ന പല രൂപങ്ങളിലുള്ള മ്യൂസിക്കുകളുടെയും വിശ്വാസത്തെ മലിനമാക്കുന്ന സൂഫിസമാകുന്ന ഭ്രാന്തിന്റെയും അപകടത്തിൽ നിന്ന് സലഫികൾ കാരണമായി പലരും രക്ഷപ്പെട്ടതിനെയാണ് ലേഖകൻ വ്യംഗ്യമായി സൂചിപ്പി ക്കുന്നത്. എന്നാൽ ജമാഅത്തെ ഇസ്‌ലാമി ഈ രണ്ടു ഫിത്നകളോട് ഇന്നും ഇണങ്ങിക്കൊണ്ടുതന്നെയാണ് കഴിയുന്നത്!

പ്രബോധന വഴിയിൽ സലഫികൾ ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും മത, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ ചടുലമായ ഇടപെടലുകളിൽനിന്ന് അവർ അണുഅളവ് പിറകോട്ടു പോയിട്ടില്ലെന്നത് അനി ഷേധ്യമായ കാര്യമാണ്. ജമാഅത്ത് നേതാവായിരുന്ന ഒ.അബ്ദുല്ല സാഹിബിന്റെ നിരീക്ഷണം കൂടി വായിക്കാം:

“മുജാഹിദ് പ്രസ്ഥാനത്തിന്റെ സജീവസാന്നിധ്യമുണ്ടായിരുന്നില്ലെങ്കിൽ അയൽഗ്രാമങ്ങളെപ്പോലെ, രോഗം ബാധിച്ചാൽ തങ്ങന്മാരെയും സിദ്ധന്മാരെയും സമീപിച്ച് നൂലും വെള്ളവും മന്ത്രിച്ച് പ്രസവവേദന വന്നാൽ പിഞ്ഞാണം എഴുതിക്കുടിച്ചും ഈ ഗ്രാമം ഘനാന്ധകാരത്തിൽ കഴിയേണ്ടിവരുമായിരുന്നു. 1940കളുടെ ആദ്യത്തിൽ തന്നെ സകല അന്ധവിശ്വാസങ്ങളും വലിച്ചെറിഞ്ഞ് ചുറ്റുപാ ടുകൾക്ക് പേടിസ്വപ്നമാകുമാറ് നവോത്ഥാനത്തിന്റെ വിപ്ലവപതാകയുമായി രംഗത്തിറങ്ങാൻ ഞങ്ങളുടെ ഗ്രാമത്തെ അണിയിച്ചൊരുക്കിയത് മുജാഹിദ് പ്രസ്ഥാനമാണ്. അവർ കാടുവെട്ടിത്തെളിച്ച് ഉഴുതു ശരിപ്പെടുത്തിയതിൽ വിളയിറക്കുക മാത്രമാണ് ജമാഅത്തെ ഇസ്‌ലാമി ചെയ്തത്’’ (ശത്രുക്കളല്ല; സ്നേഹിതർ, പേജ് 43).

ലേഖകൻ വീണ്ടും എഴുതുന്നു: “സലഫിസം എന്ന് ഞാൻ ഉദ്ദേശിക്കുന്നത് ഇസ്‌ലാമിലെ പേഗൻ സ്വാധീനങ്ങളെ കൈവെടിഞ്ഞ് തൗഹീദിനെ മാത്രം ഏകാടിത്തറയാക്കുന്ന ആശയത്തെയാണ്’’ (പേജ് 23).

ജമാഅത്തെ ഇസ്‌ലാമി വച്ചുപുലർത്തുന്ന, എല്ലാ മതവിശ്വാസങ്ങളോടും പൊരുത്തപ്പെട്ടുപോവുക യെന്ന ‘മതമൈത്രി’മുഖമാണ് ലേഖകൻ ഇവിടെ വെളിപ്പെടുത്തിയത്. അതുകൊണ്ടാണല്ലോ സലഫി കളെ ‘പേഗൻ’ (മറ്റു മതവിശ്വാസങ്ങൾ) സ്വാധീനങ്ങളെ കൈവെടിഞ്ഞവർ എന്നു പരിഹസിക്കുന്നത്. ഞങ്ങൾ മാത്രമാണ് ഇസ്‌ലാമിന്റെ സമഗ്രതയെ ഉൾക്കൊള്ളുന്നവർ എന്ന് അഭിമാനിക്കുകയും അതേസമയം ദീനിന്റെ അടിത്തറയാകുന്ന തൗഹീദിനെ നിസ്സാരമായും ജാറപൂജയെ എതിർക്കുന്നതിനെ ശ്മശാന വിപ്ലവമായും കാണുന്നവർ സലഫികളെ നിന്ദിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ഇസ്‌ലാമേതര ഭരണകൂടത്തെ അനുസരിക്കലാണല്ലോ അവരുടെ വീക്ഷണത്തിലെ ശിർക്ക്. സലഫികൾ ഇതരമത സ്ഥരോട് നല്ലബന്ധം വച്ചുപുലർത്തുന്നവർ തന്നെയാണ്; അതിന് അവരുടെ ആദർശവുമായി ഇഴുകിച്ചേരാറില്ലെന്നു മാത്രം.

പ്രവാചകന്മാരുടെ നിയോഗവും വേദഗ്രന്ഥങ്ങൾ അവതരിച്ചതും തൗഹീദിന്റെ പ്രബോധനത്തിനും ഉന്നമനത്തിനും വേണ്ടിയാണ്. അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ, അവനോടു മാത്രമെ പ്രാർഥിക്കാവൂ എന്ന് സലഫികൾ പറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെ ചെയ്യുന്നതിൽ അപകർഷമുള്ളവർക്ക് അതു ചെയ്യാതിരിക്കാം.