ജമാഅത്തെ ഇസ്‌ലാമി; ‘പ്രത്യാശ’യുടെ വഴിയിൽ!

മൂസ സ്വലാഹി കാര

2026 ആഗസ്റ്റ് 08, 1448 സ്വഫർ 25

ഇസ്‌ലാമിന്റെ തനതായ ആദർശത്തിൽ വെള്ളം ചേർക്കുകയും നൂറ്റാണ്ടുകളോളം ലോകത്തുള്ള മുഴുവൻ മുസ്‌ലിംകളും യഥാർഥ ഇസ്‌ലാം എന്തെന്നറിയാതെ ജീവിച്ചുവെന്നും പിന്നീട് മൗദൂദിയാണ് യഥാർഥ ഇസ്‌ലാമിലേക്ക് വഴികാണിച്ചതെന്നും വിശ്വസിക്കുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്‌ലാമി. മൗദൂദിയൻ ആശയങ്ങൾ തങ്ങളെ എത്തിച്ച കുഴിയിൽനിന്ന് കരകയറാനുള്ള തീവ്രശ്രമമാണ് ഇപ്പോൾ ജമാഅത്തുകാർ നടത്തിക്കൊണ്ടിരിക്കുന്നത്. 2026 മെയ് 15ന്റെ പ്രബോധനത്തിൽ വന്ന ‘പ്രത്യാശയാണ് ജമാഅത്തെ ഇസ്‌ലാമി’ എന്ന ലേഖനം ഈ വസ്തുത തുറന്ന് കാണിക്കുന്നുണ്ട്. ലേഖനത്തിലെ ചില വരികൾ വായിക്കാം:

“ജമാഅത്തെ ഇസ്‌ലാമി പ്രതിനിധാനം ചെയ്യുന്ന ആദർശം ഇസ്‌ലാമാണ്. അത് വായുപോലെ, വെള്ളംപോലെ എല്ലാവരുടെതുമാണ്. ഒരു ജാതിയുടെയോ സമുദായത്തിന്റെയോ മാത്രമല്ല. വായുവും വെള്ളവും നാം മനുഷ്യരാരെങ്കിലും ഉണ്ടാക്കിയതല്ലല്ലോ.

അത് ദൈവത്തിന്റെ വരദാനമാണ്. അതുകൊണ്ടാണ് അത് എല്ലാവരുടെതുമാകുന്നത്’’ (പ്രബോധനം, 2026 മെയ് 15, പേജ് 17).

‘ഇബാദത്ത്’ എന്ന പദത്തിന് ‘ആരാധന’ എന്ന് മാത്രമല്ല ‘അനുസരണം,’ ‘അടിമത്തം’ എന്നിവകൂടി നൽകണം. അപ്പോഴേ അതിന്റെ ശരിയായ വിവക്ഷയാകൂ എന്നതാണ് മൗദൂദിയൻ വീക്ഷണം. ഇസ്‌ലാമിൽ അടിസ്ഥാന പ്രാധാന്യമുള്ള ‘ഇലാഹ്,’ ‘റബ്ബ്,’ ‘ദീൻ’ എന്നീ പദങ്ങളുടെ അർഥവും ലക്ഷ്യവും ഇതിനുവേണ്ടി അദ്ദേഹം മാറ്റിമറിച്ചു. ‘ഖുർആനിലെ നാല് സാങ്കേതിക ശബ്ദങ്ങൾ’ എന്ന പേരിൽ പുസ്തകമെഴുതി. ജമാഅത്തുകാർ ആ പുസ്തകം പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നവരാണ്. ആ പുസ്തകത്തിൽ മൗദൂദി, ‘ഇബാദത്തിന്റെ അർഥം പൂജ, ആരാധന എന്നിങ്ങനെ ആക്കിത്തീർത്തു’ എന്ന് പരിഭവം പറയുന്നുണ്ട്.

വെള്ളത്തോടും വായുവിനോടും ഉപമിച്ചത് ഇസ്‌ലാമിനെയാണെങ്കിൽ അത് ശരിയാണ്. എന്നാൽ ജമാഅത്തെ ഇസ്‌ലാമിയെയാണ് ഉപമിച്ചതെങ്കിൽ അത് അംഗീകരിക്കുവാൻ ഇസ്‌ലാമിനെ പ്രമാണങ്ങളിൽനിന്ന് മനസ്സിലാക്കിയവർക്ക് സാധ്യമല്ല. കാരണം നബിﷺ സ്വഹാബത്തിലൂടെ പകർന്ന വിശ്വാസം അതേപടി പിന്തുടരുന്നവരാണ് ജമാഅത്തെ ഇസ്‌ലാമിയെന്നത് അവരുടെ നിലപാടുകൾ വ്യക്തമാക്കുന്നില്ല.

ലേഖകൻ തുടരുന്നു: “ഇസ്‌ലാമിനെ കേവലം ആചാര മതമായിട്ടല്ല ജമാഅത്തെ ഇസ്‌ലാമി കാണുന്നത്.

ജമാഅത്തെ ഇസ്‌ലാമിയുടെ ഇസ്‌ലാം അവതരണത്തിന്റെ ഒരു പ്രത്യേകത, ജീവിതത്തെ സമഗ്രമായി ചൂഴ്ന്ന് നിൽക്കുന്ന ഒരു ജീവിത വ്യവസ്ഥ അല്ലെങ്കിൽ ലോകവീക്ഷണം എന്ന നിലയിൽ ഇസ്‌ലാമിനെ അവതരിപ്പിക്കുന്നു എന്നതാണ്’’ (പേജ് 21).

ഇസ്‌ലാമിനെ കേവലം ആചാര മതമായിട്ട് മുജാഹിദുകളും കാണുന്നില്ല. ഇസ്‌ലാം പഠിപ്പിക്കുന്ന വിശ്വാസം, സ്വഭാവം, ആരാധനകൾ, ആചാരങ്ങൾ... എല്ലാം മതത്തിന്റെ കാര്യങ്ങൾ തന്നെയാണ്. ജീവിതത്തെ ആകമാനം സ്പർശിക്കുന്ന, മതത്തിന്റെ ജീവനാണ് തൗഹീദ്. ആ തൗഹീദിൽ ഉറച്ച നിലപാടില്ലാത്ത, കർമപരമായ കാര്യങ്ങളിൽ നിലപാടില്ലാത്ത കൂട്ടർക്ക് എങ്ങനെയാണ് തങ്ങൾ ഇസ് ലാമിനെ സമഗ്രമായി ഉൾക്കൊള്ളുന്നവരാണ് എന്ന് അവകാശപ്പെടാനാവുക?

സത്യമാർഗത്തിൽ ഉറച്ചുനിന്നവർക്ക് അല്ലാഹു നൽകിയ സന്തോഷവാർത്ത ഇവർ ഓർത്തുകൊള്ളട്ടെ. അല്ലാഹു പറയുന്നു: “അല്ലാഹു പറയും: ഇത് സത്യവാൻമാർക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവർക്ക് താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുണ്ട്. അവരതിൽ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവർ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം’’ (5:119).

പ്രമാണബദ്ധ നിലപാട് വിഭാഗീയതയോ?

“സാമ്പ്രദായികാർഥത്തിൽ ഒരു മത സംഘടനയല്ല ജമാഅത്തെ ഇസ്‌ലാമി. ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലുള്ള വിഭാഗീയതയാണല്ലോ മതസംഘടനകളുടെ മുഖമുദ്ര. മുസ്‌ലിം സംഘങ്ങളിൽ ആരെയും മതത്തിൽനിന്ന് പുറത്താക്കാനോ ബഹിഷ്‌കരിക്കാനോ ജമാഅത്തില്ല. വിശ്വാസി കളെന്ന നിലയിൽ എല്ലാവരും ചേർന്നുനിന്ന് മനുഷ്യർക്ക് ഇസ്‌ലാമിക സന്ദേശം പ്രബോധനം ചെയ്യണമെന്നാണ് ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്’’ (പേജ് 18).

ക്വബ്‌റാരാധനയെ എതിർക്കുന്നതിനെ പോലും ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ വിഭാഗീയതയുണ്ടാക്കുന്ന പ്രവർത്തനമായി മുദ്രകുത്തവർക്ക് എങ്ങനെയാണ് നടുനിവർത്തി തൗഹീദ് പ്രബോധനം ചെയ്യാൻ കഴിയുക?

തൗഹീദിനെ മുൻഗാമികൾക്ക് പരിചയമില്ലാത്ത, തന്റെതായ വീക്ഷണത്തിൽ അവതരിപ്പിച്ച വ്യക്തിയാണ് മൗദൂദി സാഹിബ്. വഹ്‌യിലൂടെ സ്ഥിരപ്പെട്ട പലതിനെയും അദ്ദേഹം പുച്ഛിച്ചുതള്ളിയിട്ടുണ്ട്. ശീഇസത്തിന്റെയും ഇഖ്‌വാനിസത്തിന്റെയും ആശയം കടമെടുത്തിട്ടുണ്ട്. സമൂഹത്തിൽ അരങ്ങേറുന്ന ശിർക്കൻ പ്രവണതകളെയും അനാചാരങ്ങളെയും വെറും ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങളായി അവഗണിക്കുവാൻ മൗദൂദിയുടെ ആദർശം സ്വീകരിക്കുന്നവർക്കേ കഴിയൂ.

ഓരോരുത്തരുടെയും ഇഷ്ടത്തിനും ഒറ്റപ്പെട്ട അഭിപ്രായങ്ങളെ പിന്തുണച്ചും പൊന്തിവന്ന കക്ഷികളുടെ തെറ്റുകളെ ഗുണകാംക്ഷയോടെ ചൂണ്ടിക്കാണിക്കുന്നത് ‘വിഭാഗീയത’യുണ്ടാക്കലാണെങ്കിൽ എങ്ങനെയാണ് പ്രബോധന പ്രവർത്തനങ്ങൾ നടക്കുക? ശിർക്ക് എന്തെന്നും അതിന്റെ അപകടമെന്തെന്നും പറയാതെ എങ്ങനെ തൗഹീദ് പറയും? കർമപരമായ കാര്യങ്ങളിൽ ജമാഅത്തിന്റെ നിലപാടെന്താണ്; നിലപാടില്ലായ്മയല്ലാതെ! സ്ഥിരപ്പെട്ട സുന്നത്തിനെതിരായി ചെയ്യുന്നതും നൂതനാചാരങ്ങൾ മതത്തിൽ കടത്തിക്കൂട്ടുന്നതും കാണുമ്പോൾ ശാഖാപരമെന്നു പറഞ്ഞ് കണ്ണടക്കലാണോ ഇസ്‌ലാമിന്റെ ‘സമഗ്രത’ ഉൾക്കൊള്ളുന്നതിന്റെ ലക്ഷണം?

പ്രത്യാശവാദം നിരാശാജനകം തന്നെ!

“ജമാഅത്തെ ഇസ്‌ലാമിയെ മാറ്റിനിർത്തിയാൽ മതരംഗത്ത് മൂന്നുതരം സംഘടനകളാണ് പൊതുവെ മുസ്‌ലിം സമൂഹത്തിൽ കാണപ്പെടുന്നത്. അതിലൊന്ന് ആചാര സംരക്ഷണം മുഖ്യ ലക്ഷ്യമായ സംഘടനകളാണ്. പാരമ്പര്യ സംരക്ഷണം എന്നും അവർ അതിനെ പറയാറുണ്ട്. എല്ലാ മതങ്ങളെയും പോലെ കേവലം ആചാരബദ്ധമാണ് ഇസ്‌ലാം എന്ന ധാരണയാണ് ഇത്തരം ലക്ഷ്യങ്ങളുള്ള സംഘടനകൾ പൊതുബോധത്തിൽ ഉറപ്പിക്കുന്നത്. അവർ ലക്ഷ്യമായി കാണുന്ന ആചാരം അല്ലെങ്കിൽ പാരമ്പര്യം ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസവുമായോ അനുഷ്ഠാനങ്ങളുമായോ ബന്ധപ്പെട്ടതല്ല; മറിച്ച്, തെറ്റാകട്ടെ ശരിയാകട്ടെ കാലക്രമത്തിൽ സമുദായത്തിലെ ഭൂരിപക്ഷത്തിന്റെയും ആചാരമായി മാറിയതാണ്.

പരിഷ്‌കരണ വാദികൾ എന്നറിയപ്പെടുന്ന ഒരു വിഭാഗം പ്രസ്തുത ആചാരങ്ങൾ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസത്തിന് കളങ്കം ചാർത്തുമെന്നും അതിനാൽ അവ അന്ധവിശ്വാസമാണെന്നും ആരോ പിച്ച് രംഗത്ത് വന്നപ്പോഴാണ് ആചാര സംരക്ഷണത്തിന് ഇത്തരം സംഘടനകൾ പിറവിയെടുത്തത്’’ (പേജ് 20).

കുമിഞ്ഞ് കൂടിക്കിടക്കുന്ന അന്ധവിശ്വാസങ്ങൾ പാരമ്പര്യമായി ഉള്ളതാണെന്ന് തർക്കിച്ച് നടക്കുന്ന പൗരോഹിത്യത്തിനെതിരെ പ്രമാണ പ്രതിരോധം തീർക്കാൻ ജമാഅത്തെ ഇസ്‌ലാമി രംഗത്ത് വരാത്തതിന്റെ ചുരുളഴിയുകയാണിവിടെ. നിർമിത ആചാരങ്ങളോട് ഇത്രത്തോളം അലിവും മമതയുമുള്ള ഇവർക്ക് എങ്ങനെയാണ് യഥാർഥ പ്രത്യാശ പകരാൻ കഴിയുക?

അന്ധവിശ്വാസങ്ങൾ യഥാർഥ വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്ന് പോലും തിരിച്ചറിയാൻ എഴുപത്തിയഞ്ച് വർഷം തികച്ചിട്ടും ജമാഅത്തെ ഇസ്‌ലാമിക്കാർക്ക് സാധിച്ചില്ല എന്നത് അവർ അകപ്പെട്ട ഇരുട്ടിന്റെ ആഴമാണ് അറിയിക്കുന്നത്. ‘ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസവുമായോ അനുഷ്ഠാനങ്ങളുമായോ ബന്ധപ്പെട്ടതല്ല’ എന്ന് ലേഖകൻ തന്നെ പറയുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെന്നും അനാചാരങ്ങളെന്നും ‘പരിഷ്‌കരണവാദികൾ’ വിശേഷിപ്പിക്കുന്നത് ആരോപണം മാത്രമാണെന്ന വരികളിലെ വൈരുധ്യം ലേഖകന് തിരിഞ്ഞിട്ടില്ല! ‘എല്ലാ പുത്തനാചരവും വഴികേടാണ്, എല്ലാ വഴികേടും നരകത്തിലാണ്’ (അഹ്‌മദ്) എന്ന പ്രവാചകവചനം സമുദായത്തോട് വിളിച്ചു പറഞ്ഞാൽ അത് ആരോപണമാണോ ലേഖകന്റെ വീക്ഷണത്തിൽ?

സലഫികളുടെ പ്രബോധന ശൈലിയിൽ ലേഖകൻ കണ്ടെത്തിയ ‘കുഴപ്പം’ കുടി വായിക്കാം: “സമുദായത്തിലെ രണ്ടാമത്തെ വിഭാഗം സംഘടനകൾ മുകളിൽ പറഞ്ഞ പരിഷ്‌കരണവാദികളാണ്. അവരുടെ ലക്ഷ്യം ഖുർആനിലോ പ്രവാചക ചര്യയിലോ(സുന്നത്ത്) ശരിയായ പ്രമാണമില്ലാത്ത, കാലക്രമത്തിൽ വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഭാഗമായി മാറിയ ആചാരങ്ങളും വിശ്വാസങ്ങളും തിരുത്തുകയാണ്. ഈയൊരു ലക്ഷ്യത്തിൽ മാത്രം അവരുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നതിനാൽ ഇസ്‌ലാം ആചാരബദ്ധമായ കേവല മതം എന്ന ധാരണ തന്നെയാണ് അവരുടെ പ്രവർത്തനങ്ങളും പൊതുബോധത്തിൽ ഉറപ്പിക്കുന്നത്’’ (പേജ് 20).

മത, സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ നവോത്ഥാനത്തിന്റെ ചാലകശക്തിയായി പ്രവർത്തിച്ച, ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സലഫി പ്രസ്ഥാനത്തിന്റെ പ്രബോധന പ്രവർത്ത നങ്ങളാൽ ഇസ്‌ലാമിനെക്കുറിച്ചുള്ള പൊതുബോധം ‘ആചാരബദ്ധമായ കേവല മതം’ എന്നാണെന്നത് ലേഖകന്റെ തെറ്റുധരിപ്പിക്കലാണ്. സ്വന്തം സംഘടനയെക്കുറിച്ചുള്ള പൊതുബോധം മാറ്റിയെടുക്കാൻ ഇതുകൊണ്ടൊന്നും കഴിയില്ല എന്ന് തിരിച്ചറിയുക.

പ്രമാണങ്ങളുടെ വെളിച്ചത്തിലാണ് യഥാർഥ മുജാഹിദുകൾ പ്രവർത്തിക്കുന്നതെന്ന് ഓർക്കുന്നത് നന്നാകും. അല്ലാഹു പറയുന്നു: “നിങ്ങൾക്ക് ജീവൻ നൽകുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോൾ സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനും റസൂലിനും ഉത്തരം നൽകുക. മനുഷ്യന്നും അവന്റെ ഹൃദയത്തിനുമിടയിൽ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങൾ അറിഞ്ഞു കൊള്ളുക’’ (8:24).

ജമാഅത്തുകാരെ കുറിച്ച് ആരൊക്കെയോ നുണ പറയുന്നു എന്നാണ് ലേഖകന്റെ സങ്കടം: “അവർ ആവർത്തിക്കുന്ന നുണകളാണ് ഇപ്പോൾ ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് ആളുകൾ കൂടുതൽ കേൾക്കുന്നത്. അതിലൊരു നുണയാണ് ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദികളാണെന്നത്. മറ്റൊരു നുണയാണ് അവർ തീവ്രവാദികളാണെന്നത്. വേറെയും പല നുണകളുമുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെ അനുഭവിച്ച ആരും ഈ നുണകൾ വിശ്വസിക്കില്ല. പക്ഷേ, അനുഭവങ്ങളെക്കാൾ കേൾവികൾക്കാണല്ലോ ഡിജിറ്റൽ യുഗത്തിൽ ഗതിവേഗം. അതുകൊണ്ടാണ് എന്താണ് ജമാഅത്തെ ഇസ്‌ലാമി എന്ന് അതിന്റെ വക്താക്കൾക്ക് ഇടക്കെല്ലാം പറയേണ്ടി വരുന്നത്’’ (പേജ് 19,20).

ഇതെല്ലാം നുണക്കഥയാണെന്നു പറഞ്ഞ് പുതുതലമുറയെ വിശ്വസിപ്പിക്കാനായേക്കാം. എന്നാൽ ഇതൊന്നും നുണയല്ലെന്നും ഇതിനെല്ലാം പവൻമാറ്റ് തെളിവുകളുണ്ടെന്നും ഇവർക്കുതന്നെ അറിയാം.ഐ.പി.എച്ച് പുറത്തിറക്കിയ ചില പുസ്തകങ്ങളും പ്രബോധനത്തിന്റെ പഴയ കോപ്പികളും അങ്ങനെയങ്ങ് ഇല്ലാതാക്കാൻ കഴിയില്ലല്ലോ.