ജനങ്ങളെ കേൾക്കാനിറങ്ങിയ ജമാഅത്തെ ഇസ്ലാമി! 2
മൂസ സ്വലാഹി കാര
2026 ജൂലൈ 11, 1448 മുഹർറം 26

അമീർ വീണ്ടും എഴുതുന്നു: “ജമാഅത്തിന്റെ ആശയ ലോകത്തുനിന്ന് തങ്ങൾക്കാവശ്യമുള്ളതൊന്നും കിട്ടാതെ വന്നപ്പോൾ സന്ദർഭത്തിൽനിന്ന് പലതും അടർത്തിയെടുത്ത് പുകമറ സൃഷ്ടിക്കുകയാണ് ജമാഅത്ത് വിമർശകർ ചെയ്തത്. അതുകൊണ്ടുതന്നെ തറയും താരാപഥവും തമ്മിലുള്ള അന്തരം പോലെ ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്ന ആദർശാത്മക ലോകവും വിമർശകർ പടച്ചുവിട്ട ഭാവനാലോകവും രണ്ടറ്റത്ത് നിൽക്കുന്നു’’ (പേജ് 7).
മൗദൂദിയൻ ആശയത്തിന്റെ അപകടത്തെ മറച്ചു വെക്കാൻ അമീർ വാചകക്കസർത്ത് നടത്തുകയാണിവിടെ. ആർക്കും പരിചയമില്ലാത്തതും പുതിയതുമായ ദർശനമാണ് മൗദൂദി അവതരിപ്പിച്ചതെന്ന് ആദ്യത്തിൽ പറഞ്ഞത് ഇടയിൽ വെച്ച് വിഴുങ്ങിക്കളയുകയാണോ? ആരാധനയെ അനുസരണം, അടിമത്തം എന്നീ അർഥങ്ങളിലേക്ക് ഒതുക്കാൻ ക്വുർആനിലെ സൂറത്തുൽ ഫാതിഹയെ ദുരുപയോഗം ചെയ്ത ജമാഅത്തുകാരുടെ ആശയ അടിത്തറതന്നെ തകരാറ് പറ്റിയതാകയാൽ അതിൽനിന്ന് എന്തെങ്കിലും മുറിച്ചെടുക്കേണ്ട ആവശ്യമില്ല.
“അതുകൊണ്ടുതന്നെ മതരാഷ്ട്രവാദികൾ, മതേതര വിരുദ്ധർ, ജനാധിപത്യവിരോധികൾ, തീവ്രവാദാശയങ്ങളുടെ പ്രചാരകർ എന്നിങ്ങനെ മുദ്ര ചാർത്തി ജമാഅത്തെ ഇസ്ലാമിയെ ദൂരെ മാറ്റി നിർത്താനാണ് പലരും ശ്രമിച്ചത്. മേൽ പറഞ്ഞ നിഷേധാത്മക പ്രവണതകളുടെ നേരിയൊരംശം പോലും ആശയപരമായോ പ്രയോഗതലത്തിലോ ഈ പ്രസ്ഥാനത്തിൽ കണ്ടെത്തുക സാധ്യമല്ല’’ (പേജ് 5).
മതേതരത്വത്തിനും ജനാധിപത്യത്തിനുമെതിരെ ഒരു വാക്കും ഉരിയാടാത്ത പാവങ്ങളാണ് തങ്ങൾ എന്നു പറയുന്നതു കേട്ട് ഐപിഎച്ച് ഇറക്കിയ ചില പുസ്തകങ്ങൾ അമ്പരക്കുന്നുണ്ടാകും! ഒരേ പാതയിലൂടെ നടന്ന് നീങ്ങിയിരുന്ന മൗദൂദി, ഹസനുൽ ബന്ന, ഖുമൈനി, അലി ശരീഅത്തി, സയ്യിദ് ഖുതുബ് തുടങ്ങിയവരിൽ ആരുടെയെങ്കിലും നിലപാടിനോട് എതിരാകാൻ ജമാഅത്തെ ഇസ്ലാമി ഇതിനകം തയ്യാറായിട്ടുണ്ടോ? ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളെ വിപ്ലവശൈലിയിൽ ഇവർ എഴുതിവിട്ടത് മൂലം മുസ്ലിം സമൂഹത്തിനേറ്റ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. തങ്ങളുടെ പുസ്തകങ്ങളിൽ പതിയിരിക്കുന്ന പിഴവുകളെ പൊന്നുപോലെ ജമാഅത്തുകാർ സംരക്ഷിച്ച് പോരുന്നു. ഭരണകൂടത്തിന് തലവേദന മാത്രമായിരുന്ന സിമിയും എൻ.ഡി.എഫും ‘കാലത്തിനുമേൽ യുവതയുടെ വിപ്ലവ മുദ്ര’എന്ന തലക്കുറിയോടെയുള്ള സോളിഡാരിറ്റിയും എസ്.ഡി.പി.ഐയുമൊക്കെ ജമാഅത്തെ ഇസ്ലാമിയുടെ തട്ടകത്തിൽനിന്ന് തന്നെയാണല്ലോ തടിച്ച് തുടിച്ചിട്ടുള്ളത്.

പ്രവാചകന്മാരും അനുയായികളും നിലനിർത്തിയ ആദർശാധിഷ്ഠിത ജീവിതത്തെ അമീർ അയവിറക്കുന്നത് കൂടി വായിക്കാം: “ജീവിതവും ജീവനും അപകടപ്പെടുത്തി വിമോചനപ്പോരാട്ടങ്ങൾ നയിച്ച പ്രവാചകന്മാരുടെയും അനുയായികളുടെയും കഥ പറയുന്നുണ്ട് ഖുർആൻ. അന്ത്യ പ്രവാചകൻ മുഹമ്മദ് നബിﷺവരെ അത്തരമൊരു ദീനിനെയാണ് പ്രതിനിധാനം ചെയ്തത്’’ (പേജ്,6)
വാളുകൊണ്ട് രണ്ടായി പിളർത്തപ്പെട്ടവരും രക്തമൊലിക്കുമാറ് ശാരീരികമർദനങ്ങൾ ഏറ്റവരും അന്യായമായി കൊല്ലപ്പെട്ടവരും പ്രവാചകന്മാരിലുണ്ട്. ഏറ്റവും വലിയ അക്രമമായ ശിർക്കിൽനിന്ന് സമൂഹത്തെ മോചിപ്പിക്കാനും ഏക ആരാധ്യൻ അല്ലാഹു മാത്രമെന്ന സന്ദേശം അവരിൽ ഊട്ടിയുറപ്പിക്കാനുമാണ് അഹോരാത്രം അവർ പ്രയത്നിച്ചത്. ഏത് സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നാലും അത്തരമൊരു പ്രബോധനത്തിന് വേദിയൊരുക്കാൻ ജമാഅത്തെ ഇസ്ലാമി ധൈര്യപ്പെടുമോ? ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ അർഥത്തെ ‘അനുസരിക്കപ്പെടേണ്ടവൻ അല്ലാഹു മാത്രം’ എന്നാക്കി മാറ്റിയവർക്ക് പ്രവാചകന്മാരുടെ പാരമ്പര്യം അവകാശപ്പെടാൻ എന്ത് അർഹതയാണുള്ളത്?
പുതിയ കാൽവെപ്പിന്റെ ലക്ഷ്യം കൂടി അമീർ പറയുന്നു: “കേരളം പോലെ മഴവിൽ ചാരുതയുള്ള ജനാധിപത്യ സമൂഹത്തിൽ സമൂഹത്തെ തിരുത്തി കൂടുതൽ വർണാഭമാക്കാനും സ്വയം നവീകരിക്കാനും ജമാഅത്തെ ഇസ്ലാമി നിങ്ങളെ കേൾക്കുന്നു. നിങ്ങളെ കേൾക്കുന്ന പ്രസ്ഥാനമാണിത്’’ (പേജ് 7).
അഹ്ലുസ്സുന്നയുടെ ശരിയായ പ്രബോധനത്തെയും പ്രാമാണിക തീരുമാനങ്ങളെയും സമൂഹത്തിന്റെ രാഷ്ട്രീയ ബോധത്തെയും പ്രതിക്കൂട്ടിൽ നിർത്തി ചോദ്യം ചെയ്തിരുന്ന ജമാഅത്തുകാർക്കിപ്പോൾ വെളിച്ചം വെച്ച് തുടങ്ങിയിരിക്കുന്നു എന്നതിന്റെ അടയാളമായി ഇതിനെ കണക്കാക്കാം. ഇലക്ഷനിൽ മത്സരിക്കലും വോട്ട് ചെയ്യലും കോടതിയെ സമീപിക്കലുമൊന്നും അവർക്കിപ്പോൾ ശിർക്കല്ലാതെയായി മാറി. ഇനി ‘സ്വയം നവീകരണം’ എന്നത് എല്ലാ അർഥത്തിലും തെളിഞ്ഞു കാണേണ്ടത് പരലോകം ഭാസുരമാ യിത്തീരാനുള്ള മത നിലപാടുകളിലാണ്. അതിലൊരിക്കലും അമാന്തിച്ചുകൂടാ. എങ്കിൽ മാത്രമെ സത്യസന്ധമായി ജനങ്ങളെ കേൾക്കുന്ന പ്രബോധന പ്രസ്ഥാനമായി മാറുകയുള്ളൂ.
അല്ലാഹു പറയുന്നു: “നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികൾ’’ (3:104).

