സമസ്തയുടെ വിചിത്രമായ തൗഹീദ്!
മൂസ സ്വലാഹി കാര
2026 ഒക്ടോബർ 17, 1448 ജമാദുൽ അവ്വൽ 06

ഇസ്ലാമിന്റെ ആധാരശിലയായ തൗഹീദിനെ വക്രീകരിച്ച് അവതരിപ്പിക്കുന്ന പ്രവണത പുതിയ രൂപത്തിലും ഭാവത്തിലും മുസ്ലിയാക്കന്മാർ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം തങ്ങളാണ് യഥാർഥ തൗഹീദിന്റെ വക്താക്കൾ എന്നു സമുദായത്തെ വിശ്വസിപ്പിക്കാൻ സമസ്ത കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്. ‘സുന്നിവോയ്സ്’ 2026 ജൂലൈ 16-31 ലക്കത്തിൽ ഒരു മുസ്ലിയാർ എഴുതിയ ‘ഇതാണ് തൗഹീദ്’ എന്ന ലേഖനം ഇതിനു തെളിവാണ്.
തൗഹീദും മുസ്ലിയാരുടെ വ്യാമോഹങ്ങളും
സമസ്തയുടെ ആദർശം യഥാർഥ വിശ്വാസമാണെന്ന് സ്ഥാപിക്കാൻ മുസ്ലിയാർ ശ്രമിക്കുന്നത് നോക്കൂ: “തൗഹീദാണ് ഇസ്ലാമിന്റെ ജീവൻ. കറകളഞ്ഞ ഏകദൈവ വിശ്വാസമാണത്. അല്ലാഹു അല്ലാതെ ഒരു ഇലാഹും (ഈശ്വരൻ, ദൈവം) ഇല്ല. (ലാഇലാഹ ഇല്ലല്ലാഹ്) എന്നാണ് അതിന്റെ സാക്ഷ്യവാക്യം. പ്രപഞ്ചത്തിന്റെ പരിപാലകനും സ്രഷ്ടാവും നിയന്താവും പരമാധികാരിയും അല്ലാഹു മാത്രമാണ്’’ (പേജ് 8).
തൗഹീദിൽ നിന്നും ജനങ്ങളെ അകറ്റി ജാറപൂജയിലേക്ക് നയിക്കുന്നവരുടെ ഈ വാക്കുകളിലെ സത്യസന്ധത ഊഹിക്കാവുന്നതേയുള്ളൂ. യഥാർഥ ആരാധ്യൻ അല്ലാഹു മാത്രം എന്ന് ഉദ്ഘോഷിക്കുന്ന ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്നതിന് ആ അർഥം നൽകാതെ, പ്രപഞ്ചത്തിന്റെ പരിപാലകനും സ്രഷ്ടാവും നിയന്താവും പരമാധികാരിയും അല്ലാഹു മാത്രമാണ് എന്നു വിശദീകരിച്ചത് ശ്രദ്ധിക്കുക! ഇക്കാര്യം അംഗീകരിക്കുന്നവരായിരുന്നു മക്കയിലെ മുശ്രിക്കുകൾ പോലും. എന്നാൽ ആരാധന അല്ലാഹുവിനോടേ പാടുള്ളൂ എന്നത് അംഗീകരിക്കാൻ അവർ തയ്യാറായില്ല. ഇതേ ചിന്താഗതിയിലേക്കാണ് മുസ്ലിയാക്കൻമാർ സമുദായത്തെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിയാർ തുടരുന്നു:
“അപ്പോൾ, അല്ലാഹുവല്ലാതെ ഏതൊരു വിഷയത്തിനും സ്രഷ്ടാവും സംരക്ഷകനും നിയന്താവുമായി (സ്വയം കഴിവുള്ളവനായി) ആരുമില്ല. ആ വിശ്വാസത്തോടെ താഴ്മ അർപ്പിക്കപ്പെടാനും ആരുമില്ല. എന്നാണ് ലാഇലാഹ ഇല്ലല്ലാഹുവിന്റെ അർഥം’’ (പേജ് 14).
“ഒരു ഇലാഹെന്ന നിലക്ക് ലഭിക്കേണ്ട വിനയവും വണക്കവും തേട്ടവും മുഴുവൻ അവനോട് മാത്രമേ പാടുള്ളൂ. അതിൽ ഒരംശവും ഒരു സമയത്തും ഒരു സൃഷ്ടിക്കും വകവെച്ചു കെടുത്തുകൂടാ. അത് സ്രഷ്ടാവായ അല്ലാഹു പൊറുക്കാത്ത കൊടും പാപമാണ്’’ (പേജ്,9)
ജാറങ്ങളിലെ വ്യാജ വലിയ്യുകൾ ഇലാഹുകളാണ് എന്ന വിശ്വാസം ഞങ്ങൾക്കില്ലെന്നും അതിനാൽ അവരോടു സഹായം തേടുന്നത് തെറ്റല്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനാണ് മുസ്ലിയാർ ഇതിലൂടെ ശ്രമിക്കുന്നത്. ആരാധനയുടെ എല്ലാ അടയാളങ്ങളും പ്രകടിപ്പിച്ച് മരിച്ചവരോടു നടത്തുന്ന വിളിച്ചുതേട്ടം ‘ഇലാഹ്’ എന്ന വിശ്വാസമുണ്ടെങ്കിലേ അല്ലാഹുവിൽ പങ്കുചേർക്കലാകൂ അഥവാ ശിർക്കാകൂ എന്നാണ് ഇവരുടെ വാദം. ഇലാഹാണ് എന്ന വിശ്വാസമില്ലെങ്കിൽ കല്ലിനെയും മരത്തെയും മയ്യിത്തിനെയുമൊക്കെ വിളിച്ചു തേടാമെന്നർഥം.
മുസ്ലിയാർ വീണ്ടും പറയുന്നു: “സത്തയിലും ഗുണവിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും ഏകനാണ് അല്ലാഹു എന്നതാണ് തൗഹീദിന്റെ കാതൽ’’ (പേജ് 14).

ആരൊക്കയോ എഴുതിക്കൂട്ടിയ അനേകം മാലകളിൽ അടങ്ങിയ അമിത പ്രശംസകളിലൂടെ വ്യാജ ഔലിയാക്കളെ ഈ മൂന്നു കാര്യങ്ങളിലും ഒരുപോലെ അല്ലാഹുവിന് സമന്മാരെക്കിയവരാണ് ഇക്കൂട്ടർ. അതായത് ഇപ്പറഞ്ഞ ‘തൗഹീദിന്റെ കാതലി’ന് കത്തിവച്ചവർ.
ഇവരും മതയുക്തിവാദികളോ?
പ്രമാണങ്ങൾ അടിസ്ഥാനമാക്കി അഹ്ലുസ്സുന്ന കൈക്കൊണ്ട ആദർശത്തെ മുസ്ലിയാർ ആക്ഷേപിക്കുന്നത് കാണുക: “ഇവിടെ ചില മതയുക്തിവാദികൾ പറയുന്നതുപോലെ മറഞ്ഞ വഴിക്കുള്ളത്, തെളിഞ്ഞ വഴിക്കുള്ളത് എന്ന് വിവേചിച്ചോ, കാര്യങ്ങളിൽ മനുഷ്യ കഴിവിന് അധീനമായത് അതീതമായത് എന്നിങ്ങനെ വിഭജിച്ചോ; ചിലത് അല്ലാഹുവിനോട്, ചിലത് സൃഷ്ടികളോട് എന്ന ഒരു വർഗീകരണവും അല്ലാഹുവും റസൂലും നിശ്ചയിച്ചിട്ടില്ല’’ (പേജ് 12).
എല്ലാ സഹായ തേട്ടവും നടത്തപ്പെടേണ്ടത് അല്ലാഹുവിനോട് മാത്രമാണ്. ക്വുർആൻ പറയുന്നു. “നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോടു മാത്രം ഞങ്ങൾ സഹായം തേടുന്നു’’ (ക്വുർആൻ 1:5).
കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ സഹായം, കാര്യകാരണ ബന്ധങ്ങൾക്ക് അധീനമായ സഹായം, സാധാരണ കഴിവ്, അസാധാരണ കഴിവ് എന്നിവയൊക്കെ, സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും കഴിവുകൾ ചർച്ച ചെയ്യുന്നേടത്ത് മുൻഗാമികളായ പണ്ഡിതന്മാർ പ്രയോഗിച്ച വാക്കുകളാണ്. ആ പണ്ഡിതന്മാരൊക്കെ ഇക്കൂട്ടരുടെ കണ്ണിൽ മതയുക്തിവാദികളാണോ? അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരായ ഇമാം നവവി(റഹി), ഇമാം റാസി(റഹി), ഇബ്നു തൈമിയ്യ (റഹി), ഇബ്നു കസീർ(റഹി) പോലുള്ളവർ മതയുക്തിവാദികളാണോ? ഇത്തരം അടിസ്ഥാനങ്ങൾക്ക് മുമ്പിൽ തങ്ങളുടെ വികല വിശ്വാസങ്ങൾക്ക് നിലനിൽപ്പില്ലെന്നതിനാലാണ് അവയെ നിഷേധിക്കാൻ തയ്യാറാകുന്നത്.
മുസ്ലിയാർ എഴുതുന്നു: “മഹാന്മാരോടുള്ള ചോദ്യവും വ്യത്യസ്തമല്ല. ഉമ്മയെ കാരണമാക്കി നിശ്ചയിച്ച അല്ലാഹു പുണ്യാത്മാക്കളെയും അങ്ങനെ നിശ്ചയിച്ചു’’ (പേജ് 13).
എന്തൊരു അപരാധമാണിത്! അല്ലാഹുവിന്റെ പേരിലാണലോ മുസ്ലിയാർ ഇത്രയും വലിയ കളവ് എഴുതിവിട്ടിരിക്കുന്നത്. മരണപ്പെട്ടവരെ ജീവിച്ചിരിക്കുന്നവർക്ക് സഹായത്തിനുള്ള കാരണമായി അല്ലാഹു നിശ്ചയിച്ചിട്ടുണ്ട് പോലും! അല്ലാഹു പറയുന്നു: “ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ കേൾപ്പിക്കുന്നു. നിനക്ക് ക്വബ്റുകളിലുള്ളവരെ കേൾപ്പിക്കാനാവില്ല’’ (35:22).
മുസ്ലിയാർ വീണ്ടും എഴുതുന്നു: “അങ്ങനെ വരുമ്പോൾ മാതാപിതാക്കളെ ബഹുമാനിച്ചാലും കഅ്ബയെ ആദരിച്ചാലും ഹജറുൽ അസ്വദ് മുത്തിയാലും നബിﷺയുടെ മുടി മുക്കിയ വെള്ളം കുടിച്ചാലും വഴിയറിയാതെ ഉഴറുമ്പോൾ മലക്കുകളോട്/മഹാത്മാക്കളോട് സഹായം ചോദിച്ചാലും അത് അല്ലാഹുവിനോടുള്ള പരമമായ വണക്കത്തിന് (ഇബാദത്തിന്) എതിരല്ല’’ (പേജ് 14).
നബിﷺയുടെ നിർദേശപ്രകാരം ആദരിക്കപ്പെടേണ്ടവയെ ആദരിക്കുക എന്നത് അന്ധവിശ്വാസമല്ല. എന്നാൽ പുരോഹിതന്മാർ സ്വന്തം വകയായി ആദരവു കൽപിച്ച വിഷയങ്ങളെ അതിലേക്ക് കൂട്ടിക്കലർത്തി മറ്റൊരു രസായനം ഉണ്ടാക്കുകയും അത് മറ്റുള്ളവരും കുടിക്കണമെന്ന് ശഠിക്കുകയും ചെയ്യുന്നത് ശരിയല്ല. സമസ്ത മുസ്ലിയാക്കന്മാരുടെ തൗഹീദിന്റെ ചേലും കോലവും കൂടി ഒന്ന് പരിചയപ്പെടാം:
‘കൊടുത്ത കഴിവ്’ എന്ന ശിയാ തൗഹീദ്
ശിയാക്കൾ ലോകത്ത് പ്രചരിപ്പിച്ച വിശ്വാസമാണ് അവരുടെ ഇമാമുമാർക്ക് മരണശേഷവും ചോദിക്കുന്നവരുടെ ആവശ്യങ്ങൾ നിർവേറ്റി നൽകാനുള്ള കഴിവ് അല്ലാഹു കൊടുത്തിട്ടുണ്ട് എന്നത്. ഇസ്ലാം അംഗീകരിച്ചിട്ടില്ലാത്ത ഈ വാദത്തെ മുസ്ലിയാക്കന്മാർ അതിന്റെമേൽ വെച്ച് കെട്ടുകയാണ്. സമസ്ത വിശ്വാസം കാണുക: “ഇത്രയും വിശദീകരിച്ചതിൽ നിന്ന് അമ്പിയാ ഔലിയാക്കളാകുന്ന മഹാന്മാരുടെ കാഴ്ച, കേൾവി തുടങ്ങിയ കഴിവുകൾ തികച്ചും അസാധാരണമാണെന്നും അതുകൊണ്ട് തന്നെ സാധാരണക്ക് വിരുദ്ധമായി ഒരേസമയത്ത് തന്നെ വളരെ അകലെനിന്നും വിദൂര സ്ഥലങ്ങളിൽനിന്നും വിവിധാവശ്യങ്ങൾക്ക് വേണ്ടിയുള്ള വിളികൾ അവർക്ക് കേൾക്കാനും ഗ്രഹിക്കാനും പരിഹരിക്കാനും കഴിയുമെന്നും ഈ കഴിവ് അല്ലാഹു അവർക്ക് ഔദാര്യമായി കൊടുത്തതാണെന്നും സ്പഷ്ടമായി’’ (ഫതാവാ മുഹ്യിസ്സുന്ന, പേജ് 469).
ഔലിയാക്കൾക്ക് അല്ലാഹു എന്തിനും കഴിവു കൊടുത്തിട്ടുണ്ട് എന്ന വിശ്വാസം പേറി നടക്കുന്നവർ പ്രാർഥനയും ഇസ്തിഗാസയും നേർച്ചയും ഇടതേട്ടവുമെല്ലാം മരണപ്പെട്ടവരോടു നേരിട്ടും അല്ലാതെയും നടത്തുന്നതിൽ അത്ഭുതപ്പെടാനില്ല. മുഹ്യിദ്ദീൻ ശൈഖിനെ ‘യാ ഗൗസുൽ അഅ്ളം’ (ഏറ്റവും മഹത്തായ സഹായിയേ) എന്ന് അല്ലാഹു വിളിച്ചുവെന്ന് വിശ്വസിക്കുന്നവരാണല്ലോ സമസ്തക്കാർ. അതിനാൽ ‘യാ ഗൗസ്, യാ മുഹ്യിദ്ദീൻ’ എന്ന് ഇവർ ശൈഖിനെ വിളിച്ചു തേടുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു:
“അല്ലാഹുവിനു പുറമെ, ഉയിർത്തെഴുന്നേൽപിന്റെ നാളുവരെയും തനിക്ക് ഉത്തരം നൽകാത്തവരെ വിളിച്ചു പ്രാർഥിക്കുന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാർഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു’’ (46:5). സമസ്തക്കാരുടെയും ശിയാക്കളുടെയും തൗഹീദ് ഒന്നാണെന്ന് അവർ തന്നെ സമ്മതിക്കുന്നതു കാണുക: “അടിസ്ഥാന വിശ്വാസമായ തൗഹീദിൽ സുന്നികളും ശിയാക്കളും യോജിക്കുന്നു’’ (അൽ മുബാറക്, 1989 ആഗസ്റ്റ് 16, പേജ് 5).
സൂഫികളുടെ ത്രികോണ തൗഹീദ്!

സൂഫികളിൽനിന്ന് മുസ്ലിയാക്കന്മാർ കൈയൊപ്പിട്ട് കൈപ്പറ്റിയതാണ് ത്രികോണ തൗഹീദ്; ശഹാദത്ത് കലിമ പറയുക, പിന്നീട് അത് ചൊല്ലിനടക്കുക, ശേഷം അല്ലാഹുവിലേക്ക് ലയിച്ച് ഞാനും അല്ലാഹുവാണെന്ന് പ്രഖ്യാപിച്ച് അടിമയെ ഉടമയായി അവരോധിക്കുക! യഥാക്രമം ശരീഅത്ത്, ത്വരീക്വത്ത്, ഹഖീഖത്ത് എന്നാണ് ഇതിന്റെ ഓരോ ഘട്ടത്തിനും പേരു നൽകപ്പെട്ടിട്ടുള്ളത്. സൂഫീതൗഹീദിന്റെ അനിവാര്യ ഘടകങ്ങൾ കൂടിയാണിവ. ഉത്തമ തലമുറയിൽ തൗഹീദ് പഠിപ്പിക്കാൻ ഈ പദങ്ങൾ ഉപയോഗിച്ചവരോ, അതിനെ നിർവചിച്ചവരോ ആയി ആരെങ്കിലുമുണ്ടോ? സമസ്തയുടെ വിശ്വാസം നോക്കൂ:
“ബഹുമാനപ്പെട്ട ഇമാമുകൾ പഠിപ്പിച്ചത് ശരീഅത്ത് പൂർണമായി പഠിക്കുകയും അറിയുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ അതിൽനിന്നുള്ള രണ്ടാംഘട്ടം എന്ന നിലയിൽ ത്വരീഖത്തിലേക്കും അവിടെനിന്ന് മൂന്നാംഘട്ടം എന്ന നിലയിൽ ഹഖീഖത്തിലേക്കും എത്തിച്ചേരാൻ കഴിയുകയുള്ളൂ എന്നാണ്’’ (രിസാല വാരിക, 2025 ജൂലൈ 30, പേജ് 20).
ഈ തൗഹീദിന്റെ പരമ്യമായ ലക്ഷ്യം അദ്വൈത അവതാരമാണെന്നത് അവർ തന്നെ എഴുതുന്നു: “കണ്ണും മൂക്കും നാവും പല്ലും കല്ലും മുള്ളുമൊന്നുമില്ല. ഉള്ളത് അല്ലാഹു മാത്രം.’’ “അറിയുവിൻ, അവളും അവനും, അവരും ആരും തന്നെയില്ല. ഉള്ളത് അല്ലാഹു മാത്രം’’ (വഹ്ദത്തുമാല വ്യാഖ്യാനം, പേജ് 36).
പഞ്ചസാരയും ഉപ്പുമൊക്കെ വെള്ളത്തിൽ ലയിച്ച് ചേരുന്നപോലെ ഇവരുടെ ഔലിയാക്കൾ അല്ലാഹുവിലേക്ക് ലയിക്കുമത്രെ! മത്സ്യങ്ങൾ വെള്ളത്തിൽ ഊളിയിടുന്നതുപോലെ ഒരു സ്ഥലത്തു മറവ് ചെയ്യപ്പെട്ട ഔലിയ മറ്റു പലയിടങ്ങളിലും പ്രത്യക്ഷപ്പെടുമെന്നതും ഇവരുടെ വിശ്വാസമാണ്. കാരണം, അവർ ‘മഅ്രിഫത്ത്’ എന്ന പദവി ഏറിയവരാണത്രെ!
അല്ലാഹു പറയുന്നു: “അവരുടെ പണ്ഡിതൻമാരെയും പുരോഹിതൻമാരെയും മർയമിന്റെ മകനായ മസീഹിനെയും അല്ലാഹുവിനു പുറമെ അവർ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാൽ ഏക ആരാധ്യനെ (അല്ലാഹുവിനെ) ആരാധിക്കാൻ മാത്രമായിരുന്നു അവർ കൽപിക്കപ്പെട്ടിരുന്നത്. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവർ പങ്കുചേർക്കുന്നതിൽനിന്ന് അവനെത്രയോ പരിശുദ്ധൻ!’’ (9:31).

