ആദർശത്തിൽ പിഴച്ചതാർക്ക്?
മൂസ സ്വലാഹി കാര
2026 ആഗസ്റ്റ് 22, 1448 റബീഉൽ അവ്വൽ 09

പ്രപഞ്ചസ്രഷ്ടാവ് ഏകനാണ്, ആരാധിക്കപ്പെടാൻ അർഹനായി മറ്റാരുമില്ല.’ ഇത് ഇസ്ലാമിന്റെ മൗലികാടിത്തറയാണ്. പ്രാർഥനയും ആരാധനയുടെ പരിധിയിൽ വരുന്ന മറ്റു കാര്യങ്ങളും ആ സ്രഷ്ടാവിനോടു മാത്രമെ പാടുള്ളൂ എന്ന കാര്യം ഓരോ മുസ്ലിമും മനസ്സിലാക്കി പ്രാവർത്തികമാക്കേണ്ടത് അനിവാര്യമാണ്. അത്തരം വ്യക്തികളാണ് തൗഹീദ് ഉൾക്കൊണ്ടവർ. അതിനു വിരുദ്ധമായ പ്രവർത്തനമാണു ശിർക്ക്.
‘സുന്നിവോയ്സ്’ 2026 ജൂൺ 16-30 ലക്കത്തിൽ ‘ശിർക്ക് തളം കെട്ടിനിൽക്കുന്ന സലഫി തൗഹീദുകൾ’ എന്ന പേരിലുള്ള ഒരു ലേഖനം കാണാനിടയായി. അഹ്ലുസ്സുന്നയുടെ പാതയിൽ ഉറച്ചുനിൽക്കുന്ന മുജാഹിദുകൾ തൗഹീദിന് കോട്ടം തട്ടിയവരാണെന്നും തങ്ങളുടെ മാർഗമാണ് ഒരു കേടും ബാധിച്ചിട്ടില്ലാത്തതെന്നും സ്ഥാപിച്ചെടുക്കാൻ വേണ്ടി പ്രസ്തുത ലേഖനത്തിൽ ഒരു മുസ്ലിയാർ നടത്തിയ തട്ടിപ്പുകൾ സമുദായത്തിനു മുന്നിൽ തുറന്നുകാട്ടേണ്ടത് അനിവാര്യമാണ്.
മുഖ്യധാരാ മുസ്ലിംകളും ഇതരധാരകളും
മുസ്ലിംകളെ ചുറ്റിപ്പറ്റിയും സമൂഹത്തിന്റെ നാനാതുറകളിൽ ഇടപ്പെട്ടും പ്രവർത്തിക്കുന്ന പ്രധാന മുസ്ലിം സംഘടനകളെ സംബന്ധിച്ചുള്ള മുസ്ലിയാരുടെ വിലയിരുത്തൽ കാണുക: “കേരളത്തിലേക്ക് വരിക. തൗഹീദ് സംബന്ധമായി ഇവിടെ പ്രധാനമായും മൂന്ന് ധാരകൾ നിലനിൽക്കുന്നു. അഹ്ലുസ്സുന്നത്തി വൽ ജമാഅ (മുഖ്യധാരാ മുസ്ലിംകൾ), സലഫികൾ, ജമാഅത്തെ ഇസ്ലാമി. ഇതിൽ സലഫികൾക്ക് തന്നെ മൂന്നു ധാരകളുണ്ട്. അവർ തന്നെ പരസ്പരം മുശ്രിക്കാക്കുകയും അവരവരുടെ തൗഹീദിലേക്ക് മറ്റു ഗ്രൂപ്പുകാരെ ക്ഷണിക്കുന്നുമുണ്ട്’’ (പേജ് 12).
ശിയാ-സ്വൂഫീ വിഭാഗങ്ങളുടെ വഴിപിഴച്ച വിശ്വാസാചാരങ്ങളെ പിന്തുണക്കുന്നവരാണ് അഹ്ലുസ്സുന്നയുടെ വക്താക്കൾ തങ്ങളാണെന്നു ജൽപിക്കുന്നത്! ശിയാക്കൾ അവരോടൊപ്പം നിൽക്കാത്തവരെയൊക്കെ കാഫിറുകളായി മുദ്രകുത്തുന്നവരാണ്. അതേപോലെ സമസ്തക്കാർ അവരുടെ കൂടെ സഞ്ചരിക്കാത്തവരെ പിഴച്ചവരും മതനിഷേധികളുമാക്കി അവതരിക്കുന്നു. ആശയത്തിൽ ഒരു മുഖവും സംഘടനാപരമായി പല ചേരികളുമായി പിരിഞ്ഞു നിൽക്കുന്നവരാണ് മറ്റുള്ളവരിൽ വ്യത്യസ്ത ധാരകളുണ്ടെന്ന് ആക്ഷേപിക്കുന്നത്! വഴിപിഴവും മതനിഷേധവുമൊക്കെ തമ്മിൽതമ്മിൽ ഇവർ ആരോപിക്കുന്നതിന്റെ തെളിവുകൾ സോഷ്യൽ മീഡിയകളിൽ പോലും നിറഞ്ഞുനിൽക്കെയാണ് മറ്റുള്ളവരെ ആക്ഷേപിച്ച് തൃപ്തിയടയുന്നത്.
‘മുഖ്യധാരാ മുസ്ലിം’കളായി സമസ്തക്കാരെ വിശേപ്പിച്ചത് എന്തുകൊണ്ടാണാവോ? ഒരുപക്ഷേ, ‘ആൾപെരുപ്പ’മായിരിക്കാം കാരണം. എങ്കിൽ ഒരു കാര്യം മനസ്സിലാക്കുക; ലോകത്ത് എക്കാലത്തും സത്യത്തിന്റെ പക്ഷക്കാരായി കാണപ്പെടുക ന്യൂനപക്ഷമായിരിക്കും, അസത്യത്തിന്റെ വക്താക്കൾ ഭൂരിപക്ഷവുമായിരിക്കും! ചരിത്രം അതാണു പഠിപ്പിക്കുന്നത്. സത്യത്തിന്റെ വഴിയിൽ നിലകൊള്ളുന്ന ഒരു കൊച്ചുസംഘം എപ്പോഴും ഉണ്ടായിരിക്കുമെന്നാണ് നബിവചനം, ഭൂരിപക്ഷം എന്നല്ല.
അല്ലാഹു പറയുന്നു: “അതല്ല, അവരിൽ അധികപേരും കേൾക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവർ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതൽ വഴിപിഴച്ചവർ’’ (25:44)
ഇബ്നു കസീർ(റഹി) പറയുന്നു: “മേയ്ക്കുന്ന കന്നുകാലികളെക്കാൾ മോശമായ അവസ്ഥയിലാണ് അവർ. കാരണം, ആ കന്നുകാലികൾ എന്തിനാണു സൃഷ്ടിക്കപ്പെട്ടതെന്ന് അവയ്ക്കറിയാം. എന്നാൽ ഈ ആളുകൾ സൃഷ്ടിക്കപ്പെട്ടത് യാതൊരു പങ്കുകാരുമില്ലാതെ അല്ലാഹുവിനെ മാത്രം ആരാധിക്കാനാണ്. തെളിവുകൾ അവർക്കുമേൽ നിലനിന്നിട്ടും ദൂതന്മാർ അവരിലേക്ക് നിയോഗിക്കപ്പെട്ടിട്ടുംഅവർ അല്ലാഹുവിന് പങ്കുകാരെ സ്ഥാപിക്കുന്നു.’’
ബാലിശമായ ചോദ്യങ്ങൾ
‘തൗഹീദ്’ എന്ന ലേബലിൽ ശിർക്കൻ ആശയങ്ങളാണ് ഇവർ വിതരണം ചെയ്യുന്നത്. തുരുതുരാ ചോദ്യങ്ങൾ നിരത്തി സാധാരണക്കാരെ സംശയത്തിലാഴ്ത്തുകയും അവർക്കിടയിൽ അവ്യക്തത നിലിറുത്തുകയും ചെയ്യൽ ഇവരുടെ കുതന്ത്രമാണ്. മുസ്ലിയാരുടെ ചില ചോദ്യങ്ങളുടെ അവസ്ഥയൊന്ന് പരി ശോധിക്കാം:
“തൗഹീദീ വചനത്തിലെ ഇലാഹ് എന്നതിനെ വ്യാഖ്യാനിക്കുന്നിടത്ത് സംഭവിച്ച അഭിപ്രായ അനൈക്യങ്ങളാണ് ഈ ഛിദ്രതയുടെ തായ്വേര്. അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യൻ ഇല്ലെന്നു തന്നെയാണ് എല്ലാവരും നൽകുന്ന അർത്ഥം. പിന്നെ എവിടെയാണ് പ്രശ്നം?’’ (പേജ് 12).
അല്ലാഹുവിനെ കുറിച്ച് ക്വുർആൻ പഠിപ്പിച്ചത് ഇപ്രകാരമാണ്: “അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാർഥന...’’(13:14).
മരിച്ചവരെ വിളിച്ചു പ്രാർഥിച്ചും അവരോടു നേരിട്ടു സഹായം തേടിയും അവരുടെ ഹഖ്, ജാഹ്, ബറകത്തുകൊണ്ട് ഇടതേട്ടം നടത്തിയും സമൂഹത്തെ നയിക്കാൻ സംഘടനയുണ്ടാക്കിയ മുസ്ലിയാക്കന്മാരാണ് അനൈക്യത്തിന്റെ യഥാർഥ അടിവേര്! ചരിത്രപരമായി ആദ്യത്തെ ഛിദ്രത തന്നെയായിരുന്നു സമസ്തയുടെ പിറവി! അല്ലാഹുവിന് ഞങ്ങൾ ശരീക്കിനെ (പങ്കാളിയെ) വെക്കുന്നില്ലെന്നും ഒന്നിനെയും ഇലാഹ് (ആരാധ്യൻ) ആക്കുന്നില്ലെന്നും പറയുകയും എന്നാൽ ആരാധനയിൽ പെടുന്ന കാര്യങ്ങൾ ദൈവേതരർക്ക് സമർപ്പിക്കാൻ പ്രേരിപ്പിക്കുകയുമാണ് ഇവർ ചെയ്തുവരുന്നത്. ‘ഞാൻ അല്ലാഹുവാണ്,’ ‘ലോകം നിയന്ത്രിക്കുന്നവനാണ്’ എന്നെല്ലാം വിളിച്ചുപറയുന്ന, മാനസികനില തെറ്റിയ വ്യക്തികളെ ഔലിയാക്കളായി അംഗീകരിച്ച് ഇസ്ലാമിന്റെ മുഖത്തെ വികൃതമാക്കാൻ ശ്രമിക്കുന്നവർ ‘എവിടെയാണ് പ്രശ്നം’ എന്ന് ചോദിക്കുമ്പോൾ അതിനുള്ള അനുയോജ്യമായ മറുപടി സമസ്തക്കാർ ആദർശത്തിൽ നടത്തിയ തിരിമറിതന്നെയാണ് പ്രശ്നം എന്നതാണ്.
മുസ്ലിയാർ വീണ്ടും ചോദിക്കുന്നു: “ജിന്നുകളും മലക്കുകളും അവർക്ക് നൽകപ്പെടുന്ന കഴിവുകളും തൗഹീദിൽ ഉൾപ്പെടുകയു മഹാന്മാരും അവരെ ആദരിച്ച് അല്ലാഹു പ്രദാനിക്കുന്ന കഴിവുകളും മാത്രം പുറത്തുപോവുകയും ചെയ്യുന്നത് എങ്ങനെയാണ്?’’ (പേജ് 15).
അല്ലാഹുവിന്റെ കഴിവിൽ ഇടപെടാൻ പറ്റും വിധമുള്ള പ്രകൃതം ഒരു സൃഷ്ടിയിലും അവൻ സംവിധാനിച്ചിട്ടില്ല. എല്ലാറ്റിനുമുള്ള കഴിവും ശക്തിയും അല്ലാഹുവിന് മാത്രമായതിനാൽ ഏതൊരു കാര്യസാധ്യത്തിനും നാം സഹായം തേടേണ്ടത് അവനോടാണ്.
ജിന്നുകൾക്കും മലക്കുകൾക്കും അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ പൊക്കിപ്പിടിച്ച് തൗഹീദിന് വിരുദ്ധമായ വിശ്വാസം അഹ്ലുസ്സുന്ന എവിടെയും പഠിപ്പിച്ചിട്ടില്ല. അല്ലാഹുവിന്റെ സ്ഥാനത്തേക്ക് വ്യാജ വലിയ്യുകളെ ഉയർത്തുകയും അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലും അവരെ സമന്മാരാക്കുകയും ചെയ്യു വാൻ ഇവർക്ക് മടിയില്ല. എന്തിനേറെ, അവർ റബ്ബാകാനും ആധിപത്യമുള്ളവരാകാനും കഴിവു നൽകപ്പെട്ടവരാണെന്ന വിശ്വാസവും പ്രചരിപ്പിച്ചുകഴിഞ്ഞു. പ്രമാണ വിരുദ്ധവും ജൂത, ക്രൈസ്തവ സങ്കൽപത്തിൽ പെടുന്നതുമായ ഈ വിശ്വാസം മനുഷ്യരിൽ ചിലർ സ്വീകരിക്കുമെന്ന് ക്വുർആൻ മുന്നറിയിപ്പ് നൽകുന്നു.
“അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമൻമാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നതുപോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികൾ പരലോകശിക്ഷ കൺമുമ്പിൽ കാണുന്ന സമയത്ത് ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടറിഞ്ഞിരുന്നുവെങ്കിൽ (അതവർക്ക് എത്ര ഗുണകരമാകുമായിരുന്നു!)’’ (2:165).
മുസ്ലിയാരുടെ മറ്റൊരു ചോദ്യം ഇതാണ്: “അപ്പോൾ ഖബ്റിനടുത്തു നിന്നുകൊണ്ട് നാം മരിച്ചവർക്ക് സലാം ചൊല്ലുന്നതും അവരോട് സംസാരിക്കുന്നതുമെല്ലാം അവർ കേൾക്കുമെങ്കിൽ, തങ്ങൾക്ക് വേണ്ടി ചെയ്യാനാവുന്ന കാര്യങ്ങൾ ചെയ്യാനായി അവരോട് ആവശ്യപ്പെടുന്നതിൽ എന്ത് അഭൗതികതയാണുള്ളത്?’’ (പേജ് 17).

പരലോകം പ്രാപിച്ചവരെ ഇഹലോകത്തുള്ളവർക്ക് ഇടപഴകാനുള്ള കാരണക്കാരാക്കി അല്ലാഹു നിശ്ചയിച്ചിട്ടില്ല എന്ന അടിസ്ഥാന അറിവ് മുസ്ലിയാർക്ക് ഇല്ലാതെ പോയി. ക്വബ്റാളികളെ സന്ദർശിക്കുന്നവർ പാലിക്കേണ്ട മര്യാദയാണ് അവരോട് സലാം പറയലും അവർക്കു വേണ്ടി പ്രാർഥിക്കലും. അത് കേൾക്കലും പ്രതികരിക്കലുമെല്ലാം ബർസഖീ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അവരോട് സംസാരിക്കാം എന്നത് പ്രമാണങ്ങളിലില്ല. തങ്ങളെ വിളിച്ചുതേടുന്നതും തങ്ങളോട് ആവലാതി പറയുന്നതും കേൾക്കാനും പരിഹാരം പറയാനും മരണപ്പെട്ടവർക്ക് കഴിയുമെന്ന് ഈ ഹദീസുകളുടെ വെളിച്ചത്തിൽ വിശദീകരിച്ച അഹ്ലുസ്സുന്നയുടെ ഏതെങ്കിലും ഒരു ഇമാമിനെ ചൂണ്ടിക്കാണിക്കാൻ ഇതുവരെ പുരോഹിതന്മാർക്ക് സാധിച്ചിട്ടില്ല! സാധാരണയായി സൃഷ്ടികളുടെ കയ്യാൽ നടന്നുകിട്ടാത്ത കാര്യങ്ങൾ ജാറങ്ങളിൽ പോയി ചോദിക്കാൻ നേതൃത്വം നൽകുന്ന മുസ്ലിയാക്കന്മാർ തന്നെ ‘അവരോട് ആവശ്യപ്പെടുന്നതിൽ എന്ത് അഭൗതികതയാണുള്ളത്’ എന്നു ചോദിക്കുന്നതുതന്നെ അപ്രസക്തമാണ്. അല്ലാഹു പറയുന്നു: “അതിനാൽ നീ അല്ലാഹുവെ ഭരമേൽപിച്ചുകൊള്ളുക. തീർച്ചയായും നീ സ്പഷ്ടമായ സത്യത്തിൽ തന്നെയാകുന്നു. മരണപ്പെട്ടവരെ നിനക്ക് കേൾപിക്കാനാവുകയില്ല; തീർച്ച. ബധിരൻമാർ പുറം തിരിച്ചു മാറിപ്പോയാൽ അവരെയും നിനക്ക് വിളികേൾപിക്കാനാവില്ല’’ (27:79,80). നബിﷺക്ക് ചെയ്യാൻ കഴിയാത്തത് മറ്റുള്ളവർക്ക് ചെയ്യാൻ കഴിയുമെന്നത് വിശ്വസിക്കാൻ സമസ്തക്കാർക്കേ കഴിയൂ.
മുസ്ലിയാർ ചോദിക്കട്ടെ: “അല്ലാഹു നൽകുന്ന കഴിവുകൾ പ്രയോഗിക്കുക മാത്രമാണ് മഹാന്മാരുടെ കാര്യങ്ങളിൽ സംഭവിക്കുന്നത്. അപ്പോഴേക്കും അവർ അല്ലാഹുവിനെപ്പോലെയായി എ
ന്നാണ് വാദമെങ്കിൽ അല്ലാഹുവിന്റെ കഴിവുകളും മറ്റാരിൽനിന്നോ കിട്ടുന്നതാണെന്ന് പറയേണ്ടിവരില്ലേ? അല്ലാഹുവിനെ കൊച്ചാക്കലും സൃഷ്ടികളോട് അവനെ പങ്കുചേർക്കലുമല്ലേ?’’ (പേജ് 17,18).
മുസ്ലിയാരുടെ ഈ ചോദ്യം സമസ്തയുടെ വിശ്വാസത്തിന്റെ അടിവേര് പുഴക്കുന്നതാണ്. ഔലിയാക്കൾക്ക് എന്തിനും ഏതിനുമുള്ള കഴിവ് അല്ലാഹു ഔദാര്യമായി നൽകിയിരിക്കുന്നു എന്ന, ഇന്നുവരെയുള്ള ആശയത്തിൽനിന്ന് ‘അല്ലാഹു നൽകുന്ന കഴിവുകൾ’ എന്നതിലേക്കുള്ള ഈ ചാട്ടം ഒന്നുകൂടി ശക്തമാക്കിയാൽ അല്ലാഹു ഒരിക്കലും അവന്റെ കഴിവ് ഒരാൾക്കും നൽകുകയില്ലെന്ന അഹ്ലുസ്സുന്നയുടെ ആദർശത്തിലേക്ക് കടന്നുവരാൻ ഇടയാക്കിയേക്കാം. കഴിവുകൊടുത്തിട്ടുണ്ട് എന്നു സ്ഥാപിക്കാൻ കാണിച്ച പ്രമാണ ദുർവ്യാഖ്യാനങ്ങളെല്ലാം വൃഥാവിലായല്ലോ എന്ന വ്യഥ ചില മുസ്ലിയാന്മാർക്കെങ്കിലും ഉണ്ടാകും. അല്ലാഹുവിന്റെ സവിശേഷതകളെ മറ്റുള്ളവർക്ക് പകുത്തുനൽകുന്ന പുരോഹിതന്മാർ തന്നെയല്ലേ യഥാർഥത്തിൽ അല്ലാഹുവിനെ അവഹേളിക്കുന്നവർ? ‘അവന് തുല്യമായി യാതൊന്നുമില്ല. അവൻ എല്ലാം കാണുന്നവനും എല്ലാം കേൾക്കുന്നവനുമാകുന്നു’ (42:1) എന്ന വചനം മുസ്ലിയാർ ഉൾക്കൊണ്ടിരുന്നെങ്കിൽ ഇത്തരം നിസ്സാര ചോദ്യങ്ങൾക്ക് ഉന്നയിക്കുമായിരുന്നില്ല.
മുസ്ലിയാർ ചോദിക്കുന്നു: “അങ്ങനെ വിശ്വസിക്കാതെ ഞാൻ ഈ വിളിക്കുന്നത് കേൾപിക്കാൻ അല്ലാഹുവിന് സാധിക്കും, ഈ വിളിയെ എനിക്ക് സഹായം ലഭിക്കാൻ അല്ലാഹു കാരണമാക്കും എന്നെല്ലാം കരുതി മരിച്ചുപോയതോ ജീവിച്ചിരിക്കുന്നതോ ആയ മഹാനോട് വല്ലതും ആവശ്യപ്പെടുന്ന സുന്നി മുശ്രിക്കാകുമോ?’’ (പേജ് 18).
ചെറിയൊരു വിചാരം കൊണ്ടുപോലും അടുക്കാൻ പാടില്ലാത്ത പാപമായ ശിർക്ക് ഏതു വഴിയിലൂടെ ആരിൽ സംഭവിച്ചാലും അത് ശിർക്കാണെന്നു ബോധ്യപ്പെടുത്തുകയല്ലാതെ മുശ്രിക്കാക്കി മുദ്രയടിക്കുന്ന പണി അഹ്ലുസ്സുന്ന ഏറ്റെടുത്തിട്ടില്ല. ക്വുർആൻ ചോദിക്കുന്നത് കാണുക: “അതല്ല, അവർക്ക് അല്ലാഹു വല്ലാത്ത വല്ല ആരാധ്യനുമുണ്ടോ? അവർ പങ്കുചേർക്കുന്നതിൽനിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനായിരിക്കുന്നു’’ (52:43).
മുസ്ലിയാരുടെ അടുത്ത ചോദ്യം കാണുക: “അല്ലാഹു കേൾപ്പിക്കാനുദ്ദേശിച്ചാൽ മാത്രമേ, ഉദ്ദേശിച്ച കാര്യം മാത്രമേ, കേൾപ്പിക്കാനുദ്ദേശിച്ച സമയത്ത് മാത്രമേ, ഉദ്ദേശിച്ച അളവിൽ മാത്രമേ ഏത് മഹാനും കേൾക്കുകയുള്ളൂ എന്നാണ് ഏതൊരു സുന്നിയും വിശ്വസിക്കുന്നത്. എങ്കിൽ ശിർക്ക് സംഭവിക്കുന്നതെ ങ്ങനെ?’’ (പേജ് 18).
അല്ലാഹു ഉദ്ദേശിച്ചതേ നടക്കൂ എന്നതിൽ സംശയമില്ല. എന്നാൽ അല്ലാഹു മനുഷ്യർക്ക് അവന്റെ മാത്രം കഴിവുകളിൽ പെട്ടത് ഏതെങ്കിലും അവസരത്തിൽ നൽകുമോ? പ്രവാചകന്മാർ പ്രകടിപ്പിച്ച മുഅ്ജിസത്ത് അവരിലൂടെ അല്ലാഹു വെളിവാക്കിയതാണ്. അത് പ്രവാചകന്മാരുടെ സത്യതക്ക് തെളിവായി കാണിച്ചുകൊടുക്കാനായിരുന്നു. അങ്ങനെ വല്ല ആവശ്യകതയും ഇവർ പറയുന്ന ഔലിയാക്കൾക്ക് ഉണ്ടോ? അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാൻ വേണ്ടി അവർ അവന്ന് ചില സമൻമാരെ ഉണ്ടാക്കിവെച്ചിരിക്കുന്നു. പറയുക: നിങ്ങൾ സുഖിച്ചുകൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്കു തന്നെയാണ്’’ (14:30).
മുസ്ലിയാരുടെ മറ്റൊരു ചോദ്യം ഇതാണ്: “ഇനി, ആര് എവിടെനിന്ന് എപ്പോൾ വിളിച്ചാലും കേൾപ്പി ക്കാൻ അല്ലാഹുവിന് കഴിയുകയില്ലെന്നാണോ ഇവർ വിശ്വസിക്കുന്നത്? ഇത്ര ദുർബലനും അശക്തനുമാണോ വഹാബികളുടെ ദൈവം?’’ (പേജ് 18).
“നിസ്സംശയം അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാണ്’’ (2:20). ഇതാണ് മുജാഹിദുകളുടെ വിശ്വാസം. എന്നാൽ ലോകം നിയന്ത്രിക്കാനും പ്രാപഞ്ചികമായ മറ്റു കാര്യങ്ങൾ നിർവഹിക്കാനും അല്ലാഹു ഏതെങ്കിലും മനുഷ്യന് കഴിവു നൽകി അവനെ അക്കാര്യങ്ങൾ ഏൽപിക്കുന്നവനല്ല പ്രമാണങ്ങൾ പഠിപ്പിക്കുന്ന അല്ലാഹു. ആ അല്ലാഹുവിലാണ് മുജാഹിദുകൾ വിശ്വസിക്കുന്നത്.
മുസ്ലിയാരുടെ അടുത്ത ചോദ്യം കാണുക: “ഇനി, അങ്ങനെ കേൾക്കാൻ അല്ലാഹു ഒരാൾക്ക് കഴിവു നൽകിയെന്ന് സങ്കൽപ്പിക്കുക. എങ്കിൽതന്നെ അയാളെ ദൈവമാക്കി എന്ന് പറയാമോ? മറ്റൊരാളുടെ ഇച്ഛയിൽ മാത്രം നിലനിൽക്കുന്ന കഴിവിനെ ദൈവികമെന്നു വിളിച്ചാൽ ദൈവത്തിന്റെ കഴിവും അങ്ങനെ ലഭിച്ചതല്ല എന്ന് എങ്ങനെ പറയും?’’ (പേജ് 18).
ഇല്ലാത്ത വിശ്വാസം സങ്കൽപിച്ച് ഉത്കണ്ഠാകുലരായതിന്റെയും അല്ലാഹുവിന്റെ വിശേഷണങ്ങളെ തർക്കശാസ്ത്രക്കാരുടെ വീക്ഷണപ്രകാരം വായിച്ചതിന്റെയും അനന്തരഫലമാണിത്. അല്ലാഹുവിന്റെ അവകാശത്തിൽ എന്തിനെ പങ്കുചേർത്താലും അത് അതിനുള്ള ആരാധനയാകും. അവിശ്വാസികൾ അവരുടെ ആരാധ്യവസ്തുക്കളെ ഏതു ലക്ഷ്യത്തിലാണോ വെച്ചത് അതേ ലക്ഷ്യത്തിലാണ് സമസ്തക്കാർ വ്യാജ ഔലിയാക്കളെ കാണുന്നത്. അവർക്കു സംഭവിച്ച ശിർക്കിനെ അവർ ന്യായീകരിച്ച അതേരീതിയിൽ സമസ്തക്കാരും ശിർക്കിനെ വെളുപ്പിക്കുന്നു. അല്ലാഹു ഇതിൽനിന്നെല്ലാം പരിശുദ്ധനാണ്. ക്വുർആൻ പറയുന്നു: “അപ്പോൾ ഇക്കൂട്ടർ ആരാധിച്ചുവരുന്നതിനെ സംബന്ധിച്ച് നീ യാതൊരു സംശയത്തിലും അകപ്പെടരുത്. മുമ്പ് ഇവരുടെ പിതാക്കൻമാർ ആരാധിച്ചിരുന്ന അതേരീതിയിൽ ആരാധന നടത്തുക മാത്രമാണിവർ ചെയ്യുന്നത്. തീർച്ചയായും അവർക്കുള്ള ഓഹരി കുറവൊന്നും വരുത്താതെ നാമവർക്കു നിറവേറ്റിക്കൊടുക്കുന്നതാണ്’’ (11:109).
അർഥത്തിലും ആശയത്തിലും വ്യത്യാസമുള്ള സഹായതേട്ടവും ഇടതേട്ടവും ഒന്നാക്കാനും മുസ്ലിയാർ ശ്രമിച്ചിട്ടുണ്ട്: “അത് കൊണ്ടാണല്ലോ ഇക്കാര്യം നിരന്തരം പ്രസംഗിച്ചു നടക്കുന്ന വഹാബികൾക്ക് ബിലാലുബിൻ ഹാരിസ്(റ) ചെയ്ത തവസ്സുൽ (ഇസ്തിഗാസ) ശിർക്കല്ലെന്ന് സമ്മതിക്കേണ്ടിവന്നത്’’ (പേജ് 17).
മുസ്ലിയാർ സമസ്തയുടെ മറ്റൊരു നിലപാടുകൂടി തകർത്തിരിക്കുകയാണ്. തവസ്സുലും ഇസ്തിഗാസയും രണ്ടായി വ്യാഖ്യാനിച്ചിരുന്ന ഇവർക്ക് എന്നുമുതലാണ് അവ രണ്ടും ഒന്നായത്? മാലകളിലെ ഇസ്തിഗാസാവരികളുടെ ആശയവും ഇതോടെ മാറ്റപ്പെടുമോ? മഹാന്മാരോട് സഹായം തേടാനും അവരെക്കൊണ്ട് ഇടതേട്ടം നടത്താനും മുസ്ലിയാക്കന്മാർക്ക് ആകെയുണ്ടായിരുന്ന കച്ചിത്തുരുമ്പാണ് നബിﷺ യുടെ ക്വബ്റിനരികിൽ വന്ന് മഴയ്ക്കു വേണ്ടി തേടിയെന്ന ഈ ദുർബല കഥ.
മുസ്ലിയാരുടെ കൗതുകകരമായൊരു കണ്ടെത്തൽ കാണുക: “രോഗശമനത്തിനായി വൈദ്യനോട് ആവശ്യപ്പെട്ടവനും വലിയ്യിനോട് ആവശ്യപ്പെട്ടവനും തമ്മിൽ ഒരു വ്യത്യാസമേ ഉള്ളൂ. ഒരാൾ വ്യക്തമായ കാരണമാണ്, മറ്റേയാൾ ഗുപ്തമായ കാരണമാണ്’’ (പേജ് 20).
രോഗം വന്നാൽ പ്രാർഥനകൊണ്ടും ചികിത്സയിലൂടെയും ശമനം തേടണമെന്നത് വഹ്യിലൂടെ സ്ഥിരപ്പെട്ട പരസ്യ കാരണമാണ്. മരണപ്പെട്ടവരെ രോഗം സുഖപ്പെടുത്താനുള്ള കാരണമാക്കി എന്നത് പ്രമാണങ്ങളിൽ എവിടെയുമില്ല. അതിനാൽ മതത്തിലില്ലാത്ത ഈ ‘ഗുപ്ത കാരണം’ വെറും പുരോഹിതമതം മാത്രമാണ്.
ഒരു കെട്ടിക്കുടുക്കുമില്ലാത്ത വിശ്വാസത്തിലേക്ക് കല്ലുകൾ വാരിയെറിഞ്ഞതുമൂലമുണ്ടായ പ്രയാസമാണ് ആശയപരമായി മുസ്ലിയാക്കന്മാർ അനുഭവിക്കുന്നത്. പ്രമാണങ്ങളിലേക്ക് മടങ്ങൂ എന്നാണ് ഇവരോടു പറയാനുള്ളത്.

