ആണ്ട്, ഉറൂസ് അനാചാരങ്ങൾ ശിയാ ആഘോഷങ്ങൾ തന്നെ!

മൂസ സ്വലാഹി കാര

2026 ഒക്ടോബർ 24, 1448 ജമാദുൽ അവ്വൽ 13

ആഘോഷങ്ങൾ ആർക്കും സന്തോഷം നൽകുന്നതും ആനന്ദമുളവാക്കുന്നതുമായ ഒന്നാണ്. വഹ്‌യിലൂടെ പഠിപ്പിക്കപ്പെട്ട ആഘോഷങ്ങളും സന്തോഷ നിമിഷങ്ങളും ആരാധനയുടെ ഭാഗമായതിനാൽ അതിന്റെ നിയമങ്ങളും നിബന്ധനകളും പ്രമാണങ്ങളിൽ വ്യക്തവുമാണ്. എന്നാൽ മതത്തെ ചാരി സമസ്ത മുസ്‌ലിയാക്കന്മാർ സമൂഹത്തിൽ വേരുപിടിപ്പിച്ച നിരവധി നിർമിത ആഘോഷങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് ആണ്ടുനേർച്ചകളും ഉറൂസുകളും. ജാറ-മക്വ‌്‌ബറകളുടെ പെരുമയും പ്രശസ്തിയും പരിഗണിച്ച് ഇവയുടെ വാർഷിക എണ്ണക്കണക്കും നടത്തിപ്പു നിയമങ്ങളുടെ വിസ്താരവും വ്യത്യസ്തമായി കാണുന്നതുതന്നെ ഇതെല്ലാം അനാചാരങ്ങളാണ് എന്നതിനു മതിയായ അടയാളങ്ങളാണ്.

സമ്പൂർണമായ ഇസ്‌ലാമിക ജീവിതം നയിച്ച നബിﷺയിൽനിന്നോ ഉത്തമ തലമുറകളിൽനിന്നോ ചിലർ മരണപ്പെട്ട കൊല്ലം കണക്കാക്കി എന്തെങ്കിലും പറഞ്ഞും ചെയ്തും അവരുടെ സ്മരണ പുതുക്കിയതിന് യാതൊരു മാതൃകയുമില്ല. അവർക്കു വേണ്ടി പ്രാർഥിക്കാനും പാപമോചനം തേടാനും കൽപിച്ചത് പ്രാവർത്തികമാക്കാൻ ആഘോഷങ്ങളുടെ ആവശ്യവുമില്ല.

അന്ധവിശ്വാസങ്ങളുടെ ചരിത്രം ചികഞ്ഞാൽ അവയുടെ മുരടു ചെന്നെത്തുക ശിയാ-സൂഫി വിഭാഗങ്ങളിലാണ്. അവരുടെ നേതാക്കന്മാരുടെ തൃപ്തിക്കായി ഇന്നും നടത്തപ്പെടുന്ന ആഘോഷങ്ങളാണ് ആണ്ട്, ഉറൂസുകൾ. അഹ്‌ലുസ്സുന്നയുടെ പാതയിൽനിന്ന് പിഴച്ചുപോയവരെ അനുകരിച്ച് അവരുടെ വിശ്വാസങ്ങൾക്ക് ശക്തിപകരുക എന്നതു മതത്തെ അവമതിക്കുന്ന ഏർപ്പാടു കൂടിയാണ്.

ആണ്ട്-ഉറൂസുകൾ കൊട്ടിഘോഷിക്കുന്നതും അവ കൊണ്ടാടാൻ സമൂഹം കാണിക്കുന്ന ഉത്സാഹവും നിരീക്ഷിക്കുന്ന ഏതൊരാൾക്കും അനാചാരം വിതച്ച അപകടം കാണാൻ കഴിയും. മതം നിഷിദ്ധമാക്കിയ കാര്യങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ട ആഘോഷങ്ങളാണിതെല്ലാം; കെട്ടിയുയർത്തിയ ജാറങ്ങൾ, പല പ്രത്യേക പോരിശകളും പറയുന്ന വ്യാജ സ്വലാത്തുകൾ-ദിക്‌റുകൾ, മഹത്ത്വം കൽപിക്കപ്പെടുന്ന വ്യക്തി കേന്ദ്രീകൃത സദസ്സുകൾ, തെറ്റായ ആശയങ്ങൾ നിറഞ്ഞ പാട്ടുകൾ പാടിയുള്ള ആട്ടവും ചാട്ടവും, പ്രത്യേക ബറകത്തുള്ളത് എന്നു പറഞ്ഞ് നടത്തുന്ന അന്നദാനം...എന്നിങ്ങനെ ഒട്ടേറെയുണ്ട് എടുത്തു പറയാൻ.

നബിചര്യക്ക് വിരുദ്ധമായ നിലപാടുകളെ സൂക്ഷിക്കണമെന്നത് ക്വുർആൻ മുന്നറിപ്പു നൽകിയതാണ്. അല്ലാഹു പറയുന്നു: “ആകയാൽ അദ്ദേഹത്തിന്റെ കൽപനയ്ക്ക് എതിരു പ്രവർത്തിക്കുന്നവർ തങ്ങൾക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളട്ടെ’’ (24:63).

പ്രമാണങ്ങളിൽനിന്ന് ഒരു പദം പോലും എടുത്തു കാണിച്ച് തെളിയിക്കാൻ പറ്റാത്തതാണ് ഇവരുടെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമെല്ലാം. സമസ്തക്കാർ അവയെ പരിചയപ്പെടുത്തിയത് വായിച്ചാൽ തന്നെ ഇക്കാര്യം ബോധ്യപ്പെടും.

ആണ്ടും ഉറൂസും സമസ്തയുടെ നിലപാടും

“മഹാന്മാരുടെ മഖ്ബറകളുമായി ബന്ധപ്പെട്ടോ അല്ലാതെയോ അവരുടെ നിര്യാണത്തിനോടനു ബന്ധിച്ച് കൊല്ലംതോറും നടന്നുവരുന്ന അനുസ്മരണ ചടങ്ങുകൾക്കാണ് ആണ്ടുനേർച്ച എന്ന് മുസ്‌ലിംങ്ങൾ പറയുന്നത്. ഇതോടനുബന്ധിച്ച് ക്വബ്‌ർ സിയാറത്ത്, ക്വുർആൻ പാരായണം, അന്നദാനം, മൗലിദ് (ഇവരുടെ അപദാനങ്ങൾ അയവിറക്കുക), അനുസ്മരണ പ്രഭാഷങ്ങൾ, ഉത്‌ബോധനം എന്നിവ നടക്കുന്നു. ആണ്ടുനേർച്ചയുടെ പാഠഭേദങ്ങളെക്കുറിച്ച് കെ.എം മുഹമ്മദ് കോയ എഴുതുന്നു: ‘തെക്കൻ കേരളത്തിൽ ചന്ദനക്കുടമെന്നും തമിഴ്‌നാടുകളിൽ ഖന്തൂരി എന്നും വടക്കേ ഇന്ത്യയിൽ ഉറൂസ് എന്നും ഈ ആഘോഷത്തിന് പറയുന്നു. മരണത്തോടെ ആത്മാവ് എന്ന മണവാട്ടി അല്ലാഹു എന്ന മണവാളവനുമായി സന്ധിക്കുന്നുവെന്നാണ് സൂഫിദർശനം. അറൂസ് എന്നാൽ മണവാളൻ എന്നാണർത്ഥം. വിവാഹാഘോഷമാണ് ഉർസ്. ഇതിൽനിന്ന് നിഷ്പന്നമായതായിരിക്കണം ഉറൂസ് എന്ന പദം’’ (രിസാല, 2004 ഫെബ്രുവരി 27, പേജ് 18).

വീണ്ടും എഴുതുന്നു: “മഹാന്മാരുടെ നിര്യാണ ദിനത്തോടനുബന്ധിച്ച് ആണ്ടുതോറും നടക്കുന്ന അനുസ്മരണ ചടങ്ങുകൾക്കാണ് മലബാറിൽ ആണ്ടുനേർച്ചകൾ എന്നറിയപ്പെടുന്നതെന്ന് സൂചിപ്പിച്ചല്ലോ. ആ ദിനത്തെ ആവേശത്തോടെ എതിരേൽക്കുകവഴി ഇവക്ക് ഒരു ആഘോഷത്തിന്റെ വർണം പലയിടത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രാദേശികമോ സാംസ്‌കാരികമോ ഭൂമിശാസ്ത്രപരമോ ആയ കാരണത്താൽ വൈവിധ്യസ്വാധീനങ്ങളുടെ ഫലമായി പല ആണ്ടുനേർച്ചകളും കാലക്രമേണ ഉത്സവങ്ങളായി പരിണമിച്ചിട്ടുണ്ട്. കൊണ്ടോട്ടി നേർച്ചയും പട്ടാമ്പി നേർച്ചയും ഉദാഹരണം. ഇവയെ ഒരു മതചടങ്ങ് എന്നതിലുപരി ഒരു മതേതര ആഘോഷമായിട്ടാണ് പലരും വിലയിരുത്തുന്നത്. ചന്ദനക്കുടം എന്ന പേരിൽ അറിയപ്പെടുന്ന നേർച്ചകൾ ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്’’ (പേജ് 18).

മുസ്‌ലിയാക്കന്മാരുടെ ആഘോഷത്തെ മുസ്‌ലിംകളുടെ മേൽ വെച്ചുകെട്ടിയതുതന്നെ അപരാധമാണ്! ക്വബ്ർ സിയാറത്തിനെക്കുറിച്ച് പരാമർശിച്ച സ്വീകാര്യമായ ഏതെങ്കിലും ഒരു ഹദീസിൽ അത് ആഘോഷ രൂപത്തിലാകണമെന്നുണ്ടോ? സിയാറത്തിന്റെ ലക്ഷ്യം മരണചിന്തയും പരലോകത്തെ ഓർക്കലുമാണല്ലോ. ആഘോഷിച്ചും ആടിത്തിമിർത്തുമാണ് സിയാറത്തെങ്കിൽ ഈ കാര്യം നേടാനാകുമോ? പ്രമാണങ്ങൾ സാങ്കേതിക പദങ്ങളിലൂടെ പഠിപ്പിച്ച സ്വലാത്ത്, ദുആഅ്, ഈദ്, ദിക്ർ എന്നിവയെല്ലാം തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മലബാറിലും ലോകമെമ്പാടും ഒരേ പ്രയോഗത്തിലും രൂപത്തിലുമാണ് നിലനിൽക്കുന്നത്. ആണ്ട്, ഉറൂസുകൾ മഹല്ലുകൾക്കും അതിന് നേതൃത്വം നൽകുന്നവർക്കും സംഘടനാ സംവിധാനങ്ങൾക്കനുസരിച്ചും മാറിമറിഞ്ഞുകൊണ്ടിരിക്കും. ഇതെങ്ങനെയാണ് ഇസ്‌ലാമിന്റെ ആഘോഷമാവുക? മരണത്തോടെ ആത്മാവ് അല്ലാഹുവിലേക്ക് ലയിക്കുന്നുവെന്ന ഇസ്‌ലാം വിരുദ്ധ വാദവും ഇസ്‌ലാമും തമ്മിൽ എന്തു ബന്ധമാണുള്ളത്?

അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: ഇതാണ് എന്റെ മാർഗം. ദൃഢബോധ്യത്തോടുകൂടി അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു; ഞാനും എന്നെ പിൻപറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധൻ! ഞാൻ (അവനോട്) പങ്കുചേർക്കുന്ന കൂട്ടത്തിലല്ലതന്നെ’’ (12:108).

സമസ്ത നേതാവ് ജിഫ്രി തങ്ങൾ എഴുതുന്നു: “അതുകൊണ്ട് അവരുടെ ഉറൂസുകൾ നടത്തപ്പെടുമ്പോൾ ഈ സ്ഥലം വളരെ പുണ്യമായ സ്ഥലമാണെന്ന് മനസ്സിലാക്കിക്കൊണ്ട് സർവ്വ മുഖദ്ദസത്തായ അർവാഹുകളും ഈ സ്ഥലത്ത് വന്നിട്ടുണ്ട്. അതുതന്നെയാണ് ഈ സ്ഥലത്തിന്റെ പുണ്യമെന്ന് പറയുന്നത്. ഉറൂസിൽ നമ്മൾ ചെയ്ത് പോരുന്ന സർവ്വ സംഗതികളും അടിസ്ഥാനപരമായി നബി ﷺ തങ്ങൾ ചെയ്ത് കാണിച്ചുതന്നതാണ്. ഉറൂസിൽ നമ്മൾ ചെയ്യുന്നതെന്താ? ഉറൂസ് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അല്ലാഹുവിന്റെ മഹത്തുക്കളായ ഔലിയാഅ്, അമ്പിയാഅ് അവരെ വർഷത്തിലൊരിക്കലോ രണ്ട് വർഷത്തിലോ മൂന്ന് വർഷത്തിലൊരിക്കലോ അവരെ സ്നേഹിക്കുന്നതായ ആളുകൾക്ക് സിയാറത്തിന് വേണ്ടി പ്രത്യേകമായ ഒരു ദിവസം ഒരുക്കിക്കൊടുക്കുക എന്നുള്ളതാണ്. അതാണ് ഉറൂസ് എന്ന് പറഞ്ഞാൽ’’ (നിലപാട്, പേജ് 65,66).

മരണപ്പെട്ടവരുടെ ആത്മാക്കൾ മതം പഠിപ്പിച്ച ഏതെങ്കിലും ആരാധനാസന്ദർഭങ്ങളിൽ സന്നിഹിതരാകുമെന്ന് പ്രമാണങ്ങളിൽ എവിടെയുമില്ല. സൂഫി ജൽപങ്ങൾക്ക് വഴിപ്പെട്ടവർക്കല്ലാതെ ഇത്തരത്തിൽ ജൽപിക്കാനും കഴിയില്ല. ഉറൂസിലുള്ള എല്ലാ പ്രവൃത്തികൾക്കും അടിസ്ഥാനം നബിﷺയിൽ നിന്നുണ്ട് എന്നു പറയുന്നത് കലർപ്പില്ലാത്ത കളവാണ്. മതത്തിലെ ഏതാനും പദങ്ങളെ മുന്നിൽ വെച്ച് ഈ പുത്തനാ ചാരങ്ങളെ വെളുപ്പിക്കാൻ നോക്കുന്നു എന്നതാണ് വസ്തുത. ക്വബ്ർ സിയാറത്തിനെ വർഷത്തിലൊരിക്കലോ രണ്ടു വർഷത്തിലൊരിക്കലോ ചുരുക്കുവാൻ എന്ത് അടിസ്ഥാനമാണുള്ളത്?

സൂഫീ ആഘോഷങ്ങൾക്ക് വളമേകുന്ന സമസ്ത

ഉറൂസും ആണ്ടും അനുബന്ധ കാര്യങ്ങളും ഇസ്‌ലാമിന്റെ ആചാരമോ സംസ്‌കാരമോ അല്ലെന്ന് പ്രമാണങ്ങളും ചരിത്ര യാഥാർഥ്യങ്ങളും മുൻനിറുത്തി അഹ്‌ലുസ്സുന്നയുടെ മാർഗത്തിൽ ഉറച്ചുനിൽ ക്കുന്നവർ വിശദീകരിക്കുമ്പോൾ ഞൊണ്ടിന്യായങ്ങൾ നിരത്തി പിടിച്ചുനിൽക്കാനാണ് ഇവർ ശ്രമിക്കാറുള്ളത്. ‘സമസ്തയുടെ പ്രിയപ്പെട്ട’ ചരിത്ര പണ്ഡിതൻ ഹുസൈൻ രണ്ടത്താണി എഴുതിയ ‘മാപ്പിള ഭൂമിക’ എന്ന പുസ്തകത്തിലെ ‘സൂഫി, ശിയാ ബന്ധങ്ങൾ’ എന്ന ഭാഗത്തിലെ പ്രസക്തഭാഗം നമുക്കൊന്ന് വായിക്കാം:

“പേർഷ്യൻ നാടുകളിൽ പ്രചരിച്ച സൂഫിസത്തിന്റെയും ശിയായിസത്തിന്റെയും പ്രചാരണത്തിലൂടെയും പേർഷ്യൻ സംസ്‌കാരം കേരളത്തിലുമെത്തി. സൂഫികളുമായി ബന്ധപ്പെട്ട പല പേരുകളും മാപ്പിളമാരിലും കണ്ടുവന്നു. മഖ്ദൂം, കലന്ദർ, പീർ, ചില്ല, ചീനി, ഖൽവത്, തഖിയ്യ, ദഫ്, അറവന, വാർത്തിയം, ഹദറ, നകാര, ഗസൽ, ഖവാലി, മൗലൂദ്, ഉർസ്, ദർഗ തുടങ്ങിയ പദങ്ങൾക്ക് സൂഫി സ്പർശമുണ്ട്. കൊണ്ടോട്ടിയിലെത്തിയ മുഹമ്മദ് ഷാ എന്ന സൂഫിയാണ് പേർഷ്യൻ-ശിയാ ആചാരങ്ങൾ പലതും മലബാറിലെത്തിച്ചത്. സംഗീതപ്രിയനായ ഷാ പേർഷ്യൻ മസ്‌നവിയും ഗസലുകളും ഇങ്ങോട്ടെത്തിച്ചു’’ (മാപ്പിള ഭൂമിക, ഹുസൈൻ രണ്ടത്താണി, പേജ് 115).

വിണ്ടും പറയുന്നു: “മുഹമ്മദ് ഷായുടെ ഖബറിടത്തിലെ നേർച്ചയ്ക്കാണ് ആദ്യം പേർഷ്യൻ നാമമായ ഉറൂസ് എന്നു പറയാൻ തുടങ്ങിയത്. പേർഷ്യൻ ദേശത്തുള്ള ഉർസുകളിലെ പല ആചാരങ്ങളും കേരളത്തിലും തുടങ്ങിയത് കൊണ്ടോട്ടിയിലെ നേർച്ചയോടനുബന്ധിച്ചാണ്. പുഷ്പാർച്ചന, ദീപം തെളിയിക്കൽ, നസ്ർ (പ്രസാദം), കൊടി (അലം), ചന്ദനക്കുടം, കലാരൂപങ്ങൾ, ക്വബറിടം അലങ്കരിക്കൽ, പെട്ടിവരവ് തുടങ്ങിയവയുടെ കേരളീയ രൂപങ്ങൾ പേർഷ്യൻ സംസ്‌കാരത്തിൽ നിന്ന് വന്നതാണ്. മുസ്‌ലിംകളുടെ അടയാളമായി പച്ചനിറം വന്നതും പേർഷ്യൻ സ്വാധീനമാണ്’’ (പേജ് 115).

അഹ്‌ലുസ്സുന്നയുടെ പാരമ്പര്യത്തിലൂടെ വന്നെത്തെിയതല്ല ഈ സംസ്‌കാരമെന്നും ശിയായിസവും സൂഫിസവും ലോകത്ത് വ്യാപിപ്പിച്ച ഒന്നാണിതെന്നും ചരിത്രമായി തെളിയിക്കപ്പെട്ടു. ജാറങ്ങളും അവയെ പൊതിഞ്ഞ് കിടക്കുന്നതുമെല്ലാം കേരളത്തിലേക്ക് കടന്നുകൂടിയത് ശിയാ-സൂഫികളിലൂടെയാണെന്ന് സമസ്തയുടെ ചരിത്രകാരൻ തന്നെ തുറന്നെഴുതിയ വരികളാണിത്. എല്ലാം പൂർവികർ പകർന്നതാണെന്ന മുസ്‌ലിയാക്കന്മാരുടെ അവകാശവാദത്തിന്റെ പഴക്കം ശിയാക്കളെവരെയാണെന്നതും ഇതോടെ തീരുമാനമായി. വിളക്കു കൊളുത്തലും പച്ച നിറവുമെല്ലാം പേർഷ്യൻ സംസ്‌കാരങ്ങളായതിനാൽ മതപരിവേഷം നൽകി സമസ്ത ഇതിനെ ഉപയോഗിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം.

അനാചാരങ്ങളുടെ പര്യവസാനം മതങ്ങൾ തമ്മിലുള്ള ലയനമാണെന്ന സ്വഭാവവും ആരുടേതാണെന്ന് ചരിത്രകാരൻ തന്നെ പറയുന്നത് കാണുക: “ചുരുക്കത്തിൽ, മാപ്പിളമാരെ മാത്രമല്ല, മലയാളിയെത്തന്നെ പേർഷ്യൻ സംസ്‌കാരം അടിമുടി സ്വാധീനിച്ചിട്ടുണ്ട്. വിദേശ സംസ്‌കാരങ്ങളുമായി സമന്വയിച്ചുകൊണ്ട് തന്റെ കേരളീയമായ കാഴ്ചപ്പാടുകളെ വിശാലമാക്കാനുള്ള മനസ്സ് മലയാളിക്കു സ്വന്തമാണ്. കേരളീയതയെയും മതവിശ്വാസങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ടുതന്നെ ഏതു സംസ്‌കാരവുമായും ഇഴുകിച്ചേരാൻ മലയാളിക്ക് കഴിഞ്ഞിരുന്നു. ഇവിടെ കാലാകാലങ്ങളിലായി നിലനിന്നുപോരുന്ന മതസംസ്‌കാരിക സൗഹൃദത്തിന് മലയാളിയുടെ മനസ്സ് പാകപ്പെടാൻ കാരണം വിദേശസംസ്‌കാരങ്ങളുമായുള്ള നിരന്തരമായ സമ്പർക്കമാവണം’’ (പേജ് 120).

വളവും വക്രതയുമില്ലാത്ത, മതം അനുശ്വാസിക്കുന്ന കാര്യങ്ങൾക്കനുസൃതമായി ജീവിതത്തെ ചിട്ടപ്പെടുത്തുന്നവർക്കേ ആത്യന്തിക വിജയം നേടാനാകൂ എന്ന് തിരിച്ചറിയുക.