സമസ്ത; അന്ധവിശ്വാസങ്ങളെ അലങ്കാരമാക്കിയ നൂറു വർഷങ്ങൾ
മൂസ സ്വലാഹി കാര
2026 സെപ്തംബർ 12, 1448 റബീഉൽ ആഖിർ 01

അഹ്ലുസ്സുന്ന വൽജമാഅയുടെ വിശ്വാസത്തിനു വിപരീതമായ ആദർശം സ്വീകരിച്ചും ശിയാക്കളും സ്വൂഫികളും സമൂഹത്തിൽ അരക്കിട്ടുറപ്പിച്ച അന്ധവിശ്വാസങ്ങൾ വാരിപ്പുണർന്നും മുന്നോട്ടു പോകുന്ന സമസ്തക്കാർ ‘നൂറു കൊല്ലമായി സത്യത്തിന് കാവലിരിക്കുന്നു’ എന്ന അവകാശവാദം ഉന്നയിക്കുന്നത് കാണുമ്പോൾ സഹതാപമാണു തോന്നുന്നത്. സമസ്തയുടെ ജിഹ്വയായ ‘സുന്നിവോയ്സ്’ 2026 ജൂൺ 16-31 ലക്കത്തിൽ ‘സമസ്ത: വിശ്വാസത്തിന് കാവലിരുന്ന 100 വർഷങ്ങൾ’ എന്ന ലേഖനത്തിലെ ജൽപനങ്ങൾ സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
അല്ലാഹുവിനു മാത്രം അവകാശപ്പെട്ട കാര്യങ്ങൾ അവന്റെ അടിമകൾക്ക് വകവച്ചുകൊടുക്കുവാനുള്ള പരിശ്രമത്തിലാണ് ഇക്കൂട്ടർ 100 വർഷം ചെലവഴിച്ചത് എന്നതാണു വാസ്തവം. എന്നാൽ തങ്ങൾ അഹ്ലുസ്സുന്നയുടെ വിശ്വാസമാണ് സംരക്ഷിച്ചുപോരുന്നത് എന്നാണ് ലേഖനത്തിലൂടെ സമർഥിക്കാൻ ശ്രമിക്കുന്നത്.
നിർമിത ആശയക്കാരുടെ പൊയ്വെടികൾ
മുസ്ലിയാർ എഴുതുന്നു: “ആദർശ സംരക്ഷണത്തിന് വേണ്ടി രൂപീകരിക്കപ്പെട്ട സമസ്ത ആ ദൗത്യം വളരെ ഭംഗിയായി നിർവ്വഹിച്ചു. അഹ്ലുസ്സുന്നയുടെ വിരോധികളെ പ്രാമാണികമായി പണ്ഡിതർ പരാജയപ്പെടുത്തി. സമസ്തയുടെ ഐതിഹാസികമായ സമ്മേളനങ്ങൾ സുന്നത്ത് ജമാഅത്തിന്റെ വിരോധികൾക്കുള്ള മറുപടിയായിരുന്നു’’ (പേജ് 29).
അഹ്ലുസ്സുന്നയുടെ വക്താക്കളോട് തീരാത്ത വിരോധം തുടരുന്ന സമസ്ത സംരക്ഷിച്ച് പോരുന്ന ആശയത്തിന്റെ അവസ്ഥ എന്താണെന്ന് നമുക്കൊന്ന് നോക്കാം: “ഇതേ കാലഘട്ടത്തിൽ തന്നെയാണ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ മൻഖൂസ്വ് മൗലിദ് രചിക്കുന്നത്. വീടുകളിലും പള്ളികളിലും മറ്റും സ്ഥിരമായി അത് പാരായണം ചെയ്തുവന്നു. മുഹ്യിദ്ദീൻ മാല എന്ന മാലപ്പാട്ട് വരുന്നതും ഇതേ ഘട്ടത്തിലാണ്’’ (പേജ് 26).
വിശുദ്ധ ക്വുർആനിനെക്കാൾ പവിത്രമായിക്കണ്ട് സമസ്തക്കാർ പാടിവരുന്ന മാലകളിൽ പ്രധാനപ്പെ ട്ടവയാണ് മുഹ്യിദ്ദീൻ മാലയും മൻഖൂസ് മൗലിദും. അല്ലാഹുവിന്റെ കഴിവുകളും വിശേഷണങ്ങളും നബിﷺക്കും മുഹ്യിദ്ദീൻ ശൈഖിനും ചാർത്തിക്കൊണ്ടുള്ളതാണ് രണ്ടിന്റെയും ആശയ ഉള്ളടക്കം. പാപമോചനത്തിനായി നാം തേടേണ്ടത് അല്ലാഹുവിനോടാണ്. ക്വുർആൻ പറയുന്നു: “തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനും’’ (39:53).
എന്നാൽ മൻഖൂസ് മൗലിദിൽ നബിﷺയോടു പറയുന്നു: “എന്റെ നേതാവേ, അറ്റമില്ലാത്ത പാപങ്ങൾ ഞാൻ ചെയ്തു. തങ്ങളോട് ആ കാര്യത്തിൽ ഞാൻ ആവലാതി പറയുന്നു.’’
നമ്മുടെ പ്രാർഥന കേട്ട് ഉത്തരം നൽകാൻ കഴിവുള്ളവൻ അല്ലാഹു മാത്രമാണെല്ലോ. ക്വുർആൻ പറയുന്നു: “നിന്നോട് എന്റെ ദാസൻമാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാർഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർഥിച്ചാൽ ഞാൻ ആ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവർ സ്വീകരിക്കുകയും എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്’’ (2:186).
എന്നാൽ മുഹ്യിദ്ദീൻ മാലക്കാരൻ പ്രചരിപ്പിച്ച വിശ്വാസം നോക്കൂ: “ബല്ലേ നിലത്തിന്നും എന്നേ വിളിഫ്ഫോർക്ക് ബായ് കൂടാ ഉത്തിരം ചെയ്യും ഞാനെന്നോവർ.’’
മനുഷ്യനിർമിത കൃതികളിലെ ഇത്തരം മതവിരുദ്ധ ആശയങ്ങളെ പ്രമാണവത്കരിച്ച് തൗഹീദാക്കി അവതരിപ്പിക്കാൻ വേണ്ടിയാണ് സമസ്ത കാവൽ നിന്നതെന്ന് മുസ്ലിയാക്കന്മാർ തന്നെ തുറന്ന് അംഗീകരിക്കുകയാണിവിടെ.
മുസ്ലിയാർ വീണ്ടും എഴുതുന്നു: “സ്വഹാബത്ത് പഠിപ്പിച്ച വിശ്വാസാചാരങ്ങൾ പുലർത്തി പണ്ഡിതരുടെ നേതൃത്വത്തിൽ മുന്നോട്ടുപോയ കേരളത്തിൽ മാലയും മൗലിദുമെല്ലാം നിരാക്ഷേപം തുടർന്നു. അതിൽനിന്നെല്ലാമുള്ള ഗതിമാറ്റം ആരംഭിച്ചത് പാശ്ചാത്യരുടെ രംഗപ്രവേശം മുതൽക്കാണ്. അവർ ഇറക്കുമതി ചെയ്ത വിഷവിത്തായിരുന്നു മതനവീകരണ പ്രസ്ഥാനങ്ങൾ’’(പേജ് 27).
ഉത്തമ തലമുറക്കാർക്ക് ഒട്ടും പരിചയമില്ലാത്ത മാലദൗലിദുകൾ ഇസ്ലാമിന്റെ പേരിൽ സമൂഹത്തിൽ പ്രചരിപ്പിച്ച മുസ്ലിയാക്കന്മാർ എങ്ങനെയാണ് സ്വഹാബത്തിന്റെ വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കുന്ന വിഭാഗമാവുക? സാമ്പത്തിക നേട്ടങ്ങൾക്കായി ജാറങ്ങളുണ്ടാക്കി ആത്മീയചൂഷണം നടത്തിവരുന്നവർക്ക് ഇസ്ലാമിന്റെ പേരിൽ അഭിമാനിക്കാൻ എന്ത് അർഹതയാണുള്ളത്? മുജാഹിദുകൾ മതനവീകരണം നടത്തിയവരല്ല; അതിന് സൃഷ്ടികൾക്കാർക്കും അധികാരമില്ലല്ലോ. എന്നാൽ സമുദായത്തിൽ നിലനിന്നിരുന്ന ശിർക്ക്-ബിദ്അത്തുകളെ തുടച്ചുമാറ്റി സമുദായത്തെ നവീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്; അതിന്റെ സദ്ഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് സമസ്തക്കാരും മറ്റു വിഭാഗങ്ങളുമെല്ലാം.
മുസ്ലിം സമുദായത്തിലെ വിശ്വാസപരവും കർമപരവുമായ പുഴുക്കുത്തുകളെ നിർമാർജനം ചെയ്യാൻ അഹോരാത്രം പരിശ്രമിച്ച മഹാനാണ് കെ.എം മൗലവി(റഹി). അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അവമതിച്ചുകൊണ്ട് മുസ്ലിയാർ എഴുതുന്നത് കാണുക:
“ഈജിപ്തിൽ നിന്ന് വഹാബി ആശയമുള്ള പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്ന വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ പ്രസിദ്ധീകരണങ്ങളിലൂടെ ആ നവീന വാദങ്ങൾ അദ്ദേഹം കേരളത്തിലും പ്രചരിപ്പിക്കാൻ തുടങ്ങി. വിശ്വാസത്തിലും ആചാരത്തിലും ഐക്യത്തോടെ പോയിരുന്ന മുസ്ലിം സമുദായത്തിൽ അനൈക്യം വിതക്കാനായി 1922ൽ മുസ്ലിം ഐക്യസംഘം എന്ന പേരിൽ ഒരു സംഘടന അവർ രൂപീകരിച്ചു’’ (പേജ് 27).
മതനിലപാടുകൾ പ്രാമാണികമായി പഠിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങൾ അവലംബിച്ച് മൗലവി ചെയ്ത സംഭാവനകളെ കളിയാക്കാനല്ലാതെ തെളിവുകൾ ചൂണ്ടിക്കാട്ടി അതിനെ ഖണ്ഡിക്കാൻ ഒരു മുസ്ലിയാരും ഇന്നു
വരെ ധൈര്യം കാണിച്ചിട്ടില്ല. ശിയാ-സൂഫീ രചനകൾ ഇറക്കുമതി ചെയ്തും അഹ്ലുസ്സുന്നയുടെ ഗ്രന്ഥങ്ങളെ ദുർവ്യാഖ്യാനിച്ചും പുത്തനാചാരങ്ങളെ നിലനിർത്താൻ പാടുപെടുന്ന സമസ്തക്കാർക്ക് മൗലവിയെ പ്രതിക്കൂട്ടിൽ നിർത്താൻ എന്ത് അർഹതയാണുള്ളത്?
അനാചാരങ്ങളോട് പൊരുത്തപ്പെടാൻ നിർബന്ധിതരായ പാമരജനങ്ങൾക്ക് ശരിയായ വിശ്വാസ, ആചാരങ്ങളിലേക്കുള്ള വാതിൽ അദ്ദേഹം തുറന്നുകൊടുത്തതിനെയാണ് മുസ്ലിയാർ ‘അനൈക്യ’മുണ്ടാക്കൽ എന്നു വിശേപ്പിക്കുന്നത്. ശുദ്ധമലയാളം സംസാരിക്കാനും ഇംഗ്ലീഷ് ഭാഷ പഠിക്കാനും സമൂഹത്തിന്റെ പുരോഗതിയിൽ പങ്കാളികളാകാനും സമസ്തക്ക് വഴിയൊരുക്കിയത് മൗലവിയും അദ്ദേഹത്തിന്റെ പ്രസ്ഥാനവുമാണെന്നത് നൂറിന്റെ നിറവിൽ അഭിമാനിക്കുന്ന സമസ്തക്കാർ മറന്നുപോകരുത്.
മുസ്ലിയാർ തുടരുന്നു: ‘ഇബ്നു തൈമിയ്യയുടെയും ഇബ്നു അബ്ദുൽവഹാബിന്റെയും പിഴച്ച ആശയങ്ങൾ ഇവിടെ പ്രചരിപ്പിച്ചു. സ്വഹാബത്ത് മുതൽ നടന്നുവന്ന വിശ്വാസാനുഷ്ഠാനങ്ങളെ പരിഹസിക്കുകയും മഹത്തുക്കളായ ഔലിയാക്കൾ കൈമാറിയ മാല മൗലിദുകളെ മോശമായി ചിത്രീകരിക്കുകയും ചെയ്തു’’ (പേജ് 28).
ഹിജ്റ ഏഴാം നൂറ്റാണ്ടുവരെ ലോകം കേട്ട അഹ്ലുസ്സുന്നയുടെ വിശ്വാസവും പ്രമാണ നിലപാടുകളും എന്തെല്ലാമാണോ അതെല്ലാം ഒഴിവാക്കി, ഇബ്നു തൈമിയ്യ(റഹി)യും ശിഷ്യൻ ഇബ്നു അബ്ദിൽ വഹ്ഹാബും(റഹി) ലോകത്ത് പുതുതായി പ്രചരിപ്പിച്ച ഏതെങ്കിലും ഒരു കാര്യം എടുത്തുകാണിക്കാൻ മുസ്ലിയാക്കന്മാർക്ക് സാധിച്ചിട്ടുണ്ടോ? അവരെക്കുറിച്ച് ശിയാക്കളും സൂഫികളും പ്രചരിപ്പിച്ച കുറെ കളവുകളുണ്ട്; അവയ്ക്കെല്ലാം പണ്ഡിതലോകം കൃത്യമായ മറുപടി കൊടുത്തിട്ടുമുണ്ട്. ജാറങ്ങൾ പണിത് ക്വബ്റിലുള്ളവരോടു പ്രാർഥിച്ച് മാതൃക കാണിച്ച ഒരു സ്വഹാബിയുടെയെങ്കിലും പേരു പറയാൻ ഇക്കൂട്ടർക്ക് കഴിഞ്ഞിട്ടുണ്ടോ? നബിﷺയുടെ പേരിൽ കൊണ്ടാടപ്പെടുന്ന ശിയാ-സൂഫീ ആഘോഷമായ നബിദിനാഘോഷം നടത്തിയ സ്വഹാബികൾ ആരൊക്കെയാണെന്ന് എണ്ണിപ്പറയാൻ ഇവർക്ക് കഴിയുമോ? സകല അന്ധവിശ്വാസങ്ങളെയും ഉത്തമതലമുറയുടെ മേൽ കെട്ടിവയ്ക്കാൻ നിർലജ്ജം ശ്രമിക്കുന്ന ഇവരല്ലേ യഥാർഥത്തിൽ സ്വഹാബത്തിനെ പരഹസിക്കുന്നവർ!
സംവാദങ്ങളുടെ കഥ
സമസ്തയുടെ സംവാദ അനുഭവം മുസ്ലിയാർ വിവരിക്കുന്നത് കാണുക: “അഹ്ലുസ്സുന്നയുടെ ആദർശം പ്രൗഢമായി പ്രചരിപ്പിക്കുന്നതിൽ സമസ്തയുടെ നേതൃത്വത്തിൽ നടന്ന സംവാദങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സുന്നി പണ്ഡിതരുടെ പ്രാമാണിക സമർഥനങ്ങൾക്ക് മുന്നിൽ ആദർശ വിരോധികൾ പരാജയപ്പെട്ടുകൊണ്ടിരുന്നു’’ (പേജ് 31).
മഹാൻമാർ എന്ന പദവി ചാർത്തിക്കൊടുക്കപ്പെട്ട വ്യാജ ഔലിയാക്കളോട് നേരിട്ടു പ്രാർഥിക്കാനും സഹായം തേടാനും അവരെക്കൊണ്ട് ഇടതേട്ടം നടത്താനും എന്തിനും ഏതിനുമുള്ള കഴിവ് അവർക്ക് അല്ലാഹു കൊടുത്തിട്ടുണ്ട് എന്നു സ്ഥാപിക്കാനും അന്ധവിശ്വാസങ്ങളിൽ അള്ളിപ്പിടിച്ചിരിക്കാനും നടത്തപ്പെട്ട സംവാദങ്ങൾ ഏതു മാനദണ്ഡപ്രകാരമാണ് അഹ്ലുസ്സുന്നയുടെ ആദർശ പ്രചാരണാർഥം നടത്തപ്പെട്ട സംവാദങ്ങളാവുക? പ്രാർഥനക്കർഹൻ അല്ലാഹു മാത്രമാണെന്നും അഭൗതികമായ നിലയിലുള്ള സഹായതേട്ടം അവനോടു മാത്രമെ ആകാവൂ; ഹഖ്, ജാഹ്, ബറകത്ത് കൊണ്ടുള്ള നിഷിദ്ധമാക്കപ്പെട്ട ഇടതേട്ടം പാടില്ലെന്നും അനാചാരങ്ങൾ നരകത്തിലേക്കുള്ളതാണെന്നും പ്രമാണങ്ങൾ ഉദ്ധരിച്ച് സമൂഹത്തെ തെര്യപ്പെടുത്തിയ സംവാദങ്ങൾ പരാജയപ്പെട്ടവയാകുന്നത് എങ്ങനെയാണ്? അഹ്ലുസ്സുന്നയും സമസ്തയും തമ്മിലുണ്ടായ മുഴുവൻ സംവാദങ്ങളെയും വിലയിരുത്തിയാൽ ഏതു പക്ഷത്തേക്കാണ് ആളുകൾ ചേക്കേറിയതെന്ന് ആർക്കും ബോധ്യമാകും.
1974 ജൂൺ മാസത്തിൽ എഴുതപ്പെട്ട കുണ്ടുതോട് സംവാദ വ്യവസ്ഥ കാണുക: “മുഹ്യിദ്ദീൻ ശൈഖേ രക്ഷിക്കണേ, ബദ്രീങ്ങളേ കാക്കണേ പോലെ, മരിച്ചുപോയ മഹാത്മാക്കളെ വിളിച്ചു പ്രാർഥിക്കൽ ശിർക്കാണ് എന്നു മുജാഹിദുകൾ. ശിർക്കല്ല മുബാഹ് (അനുവദനീയം) ആണെന്ന് സുന്നികൾ’’ (കുണ്ടുതോട് വാദപ്രതിവാദം, പേജ് 1).
മരിച്ചവരെ വിളിച്ചുപ്രാർഥിക്കുന്നത് അനുവദനീയമാണെന്നു പറയാൻ ധൈര്യം കാണിച്ച ഇവർ അഹ്ലുസ്സുന്നയുടെ വിശ്വാസത്തിലാകുമോ? അല്ലാഹു പറയുന്നു: “അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതും അവർക്കുതന്നെ യാതൊരു അറിവുമില്ലാത്തതുമായ വസ്തുക്കളെ അവന്ന് പുറമെ അവർ ആരാധിച്ചുകൊണ്ടിരിക്കുന്നു. അക്രമകാരികൾക്ക് യാതൊരു സഹായിയും ഇല്ല’’ (ക്വുർആൻ 22:71).
പ്രസിദ്ധമായ കൊട്ടപ്പുറം സംവാദം മുസ്ലിയാക്കന്മാർ എന്നും ഞെട്ടലോടെ ഓർക്കുന്ന ഒന്നാണ്. മുസ്ലിയാർ അതിനെ തൂക്കിക്കണക്കാക്കിയ രീതി നമുക്ക് കാണാം: “സുന്നികളുടെ കർമങ്ങളും അവരുടെ വിശ്വാസങ്ങളുമെല്ലാം ശിർക്കിന്റെ കരിമ്പട്ടികയിൽ ചേർക്കാറുള്ള വഹാബികൾ ശിർക്കെന്താണെന്ന് പ്രാമാണികമായി നിർവചിക്കാനാവാതെ കുഴങ്ങി. ഇന്നും അവർക്കതിന് കൃത്യമായ നിർവചനം പറയാൻ കഴിഞ്ഞിട്ടില്ല. ശിർക്ക് നിർവചിക്കുന്നതിന്റെ പേരിൽ വഹാബികൾ നിരന്തരം പിളർന്നുകൊണ്ടേയിരിക്കുകയാണെന്നതാണ് കൗതുകം’’ (പേജ് 35).
കൊട്ടപ്പുറം സംവാദത്തിൽ കാന്തപുരം മുസ്ലിയാർ ചെയ്ത പണി എന്താണെന്ന് അവർ തന്നെ എഴുതിയതു വായിക്കാം: “അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാമെന്നതിനു തെളിവായി ധാരാളം ആയത്തുകൾ ഞാൻ ഓതി. അതിന്റെ അടിസ്ഥാനത്തിൽ ഔലിയാക്കൾക്കു സഹായിക്കാൻ കഴിവുണ്ട്. അവർ സഹായിക്കുന്നവരാണ്’’ (കൊട്ടപ്പുറം സംവാദം, പേജ് 76).
“അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥനയുടെ ഉദാഹരണം ഖുർആനിൽ കാണിക്കണമെന്നായിരുന്നു മൗലവിയുടെ മറ്റൊരു വാശി. മരിച്ചുപോയവരെ വിളിച്ചു പ്രാർത്ഥിക്കാമെന്ന് ഖുർആൻ കൊണ്ട് തന്നെ എ.പി സ്ഥാപിച്ചപ്പോൾ അവിടെയും മൗലവി മുഖംകുത്തി’’ (കൊട്ടപ്പുറം സംവാദം, പേജ് 158).
അല്ലാഹുവല്ലാത്തവരോട് പ്രാർഥിക്കാൻ ക്വുർആനിൽനിന്ന് ആയത്ത് ഓതിയവർ ചെയ്യുന്ന പണി എന്താണോ അതുതന്നെയാണ് ശിർക്ക്. ക്വുർആനിനെ പച്ചയായി ദുർവ്യാഖ്യാനിച്ചുകൊണ്ടാണല്ലോ കാന്തപുരം ശിർക്കിന് തെളിവുണ്ടാക്കാൻ ശ്രമിച്ചത്. എന്താണ് ശിർക്കെന്ന കാന്തപുരത്തിന്റെ ചോദ്യം പോലും ഇതോടെ അപ്രസക്തമാവുകയാണ്.
അല്ലാഹുവിന്റെ അസ്തിത്വത്തിലും പ്രവൃത്തിയിലും വിശേഷണങ്ങളിലും പങ്കുകാരെ വെക്കുന്നതാണ് ശിർക്ക് എന്ന നിർവചനത്തിൽനിന്ന് അന്നും ഇന്നും സലഫികൾക്ക് ഒരു മാറ്റവുമില്ല. കൊട്ടപ്പുറം സംവാദ ശേഷം സമസ്തയെ പിളർത്തി പുതിയ സമസ്ത ഉണ്ടാക്കിയ കാന്തപുരം ടീമിന് സത്യമാർഗത്തിൽ അടിയുറച്ചവരെ അവഹേളിക്കാൻ എന്ത് അർഹതയാണുള്ളത്? നിലയ്ക്കാത്ത കളംമാറൽ പ്രവണത സമസ്തയിൽ ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നുമുണ്ട്.
അല്ലാഹു പറയുന്നു: “സന്തോഷവാർത്ത അറിയിക്കുന്നവരായിക്കൊണ്ടും താക്കീതു നൽകുന്നവരായിക്കൊണ്ടും മാത്രമാണ് നാം ദൂതൻമാരെ നിയോഗിക്കുന്നത്. അവിശ്വസിച്ചവർ മിഥ്യാവാദവുമായി തർക്കിച്ചു കൊണ്ടിരിക്കുന്നു; അതുമൂലം സത്യത്തെ തകർത്തുകളയുവാൻ വേണ്ടി. എന്റെ ദൃഷ്ടാന്തങ്ങളെയും അവർക്ക് നൽകപ്പെട്ട താക്കീതുകളെയും അവർ പരിഹാസ്യമാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു’’ (ക്വുർആൻ 18:56).

