‘തക്ഫീർ’ വിവാദം; സലഫികളെ അധിക്ഷേപിക്കുന്നവരോട്
മൂസ സ്വലാഹി കാര
2024 ഒക്ടോബർ 26, 1446 റ. ആഖിർ 23

സത്യസന്ദേശത്തിന്റെ പ്രചാരണം സമൂഹത്തിൽ നിർവഹിക്കാനുള്ള ഉത്തരവാദിത്തം ഏൽപിക്കപ്പെട്ട പ്രവാചകന്മാർക്ക് സമൂഹത്തിൽനിന്ന് കേൾക്കേണ്ടിവന്ന ആരോപണങ്ങളിൽ പെട്ടതാണ് ഇവർ വഴികേടിലും വിഡ്ഢിത്തത്തിലും കളവിലും അകപ്പെട്ടിരിക്കുന്നു എന്നത്. നൂഹ് നബി(അ)യുടെ സമൂഹത്തെ കുറിച്ച് അല്ലാഹു പറയുന്നു: “അദ്ദേഹത്തിന്റെ ജനതയിലെ പ്രമാണിമാർ പറഞ്ഞു: തീർച്ചയായും നീ പ്രത്യക്ഷമായ ദുർമാർഗത്തിലാണെന്ന് ഞങ്ങൾ കാണുന്നു’’ (7:60).
ഹൂദ് നബി(അ)യുടെ ചരിത്രം വിശദീകരിക്കവെ അല്ലാഹു പറയുന്നു: “അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാർ പറഞ്ഞു: തീർച്ചയായും നീ എന്തോ മൗഢ്യത്തിൽപെട്ടിരിക്കുകയാണെന്ന് ഞങ്ങൾ കാണുന്നു. തീർച്ചയായും നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങൾ വിചാരിക്കുന്നു’’ (7:66).
നബിﷺക്ക് അനുഭവിക്കേണ്ടി വന്നതും ഇതിൽനിന്ന് വ്യത്യസ്തമല്ല. ക്വുറൈശി പ്രമുഖർ ആശ്ചര്യം പ്രകടിപ്പിക്കുകയും കള്ളവാദി, ജാലവിദ്യക്കാരൻ എന്നെല്ലാം പരിഹസിക്കുകയും പല ദൈവങ്ങളെയും ഒന്നാക്കി മാറ്റിയവനെന്ന് ആക്ഷേപിക്കുകയുമൊക്കെ ചെയ്തു.
ജൂത സൃഷ്ടികളായ ഖവാരിജുകളും ശിയാക്കളും ഇസ്‌ലാമിനെ വേട്ടയാടാനും വികൃതമാക്കാനും കാണിച്ച പരാക്രമങ്ങൾ തെല്ലൊന്നുമല്ല. അവരുടെ വിശ്വാസമനുസരിച്ച് മഹോന്നതരായ സ്വഹാബികളിൽ അധികപേരും കാഫിറുകളും മതഭ്രഷ്ട് സംഭവിച്ചവരുമാണ്. അവരെ പിൻപറ്റിയ താബിഉകളിൽ പലരോടും അടങ്ങാത്ത വെറുപ്പാണവർക്ക്. മതത്തിൽനിന്ന് തെറിച്ചുപോയ ഇവരുടെ അവിശ്വാസങ്ങൾക്ക് കൂട്ടായത് മുശ്‌രിക്കുകളുടെ ചിന്തകൾ തന്നെയായിരുന്നു.
സൂഫികളും ബറേൽവികളും ഒട്ടേറെ കാര്യങ്ങളിൽ ശിയാക്കളെ അനുഗമിക്കുന്നവരാണ്. സൂഫിസത്തെ നിരസിക്കുന്നവരെ അവിശ്വാസികളും പിഴച്ചവരുമായി മുദ്രകുത്തുന്ന സ്വഭാവം അവരിലുണ്ട്. നിരവധി പണ്ഡിതന്മാരെ കാഫിറുകളെന്നു പ്രഖ്യാപിച്ച അഹ്‌മദ് റസാഖാൻ ബറേൽവിയെ അഹ്‌ലുസ്സുന്നയുടെ വലിയ ഇമാമായി അംഗീകരിച്ചും അയാളുടെ ആശയവും കൊടിയുമൊക്കെ സ്വീകരിച്ചുമാണ് സമസ്തക്കാർ മുന്നോട്ടു പോകുന്നത്.
അഹ്‌ലുസ്സുന്നയുടെ അട്ടിപ്പേറവകാശപ്പെടുന്നു സമസ്തക്കാർ ഊര നിവർത്തിയതുതന്നെ അഹ്‌ലുസ്സുന്ന വൽജമാഅയുടെ ആദർശവാഹകരായ സലഫികളെ മതം വിട്ടവരും പിഴച്ചുവരുമായി ചാപ്പകുത്താനും കാക്കത്തൊള്ളായിരും മാലകളും ജാറങ്ങളും ത്വരീഖത്തുകളും സമൂഹത്തിൽ പ്രചരിപ്പിക്കാനും വേണ്ടിയാണ്. ഇന്നോളം അവർ ചെയ്തുപോന്ന ‘തക്ഫീർ’ (അവിശ്വാസിയാക്കൽ) വേലയോട് മടുപ്പും മുഷിപ്പും തോന്നിയതിനാലോ മാനക്കേട് സഹിക്കവയ്യാത്തതുകൊണ്ടോ എന്തോ അതെല്ലാം സലഫികളിലുടെ പിരടിയിൽ വെച്ചുകെട്ടി ഓടിയൊളിക്കാൻ നോക്കുകയാണ് മുസ്‌ലിയാക്കന്മാർ. ഒരു മുസ്‌ലിയാർ എഴുതിയത് കാണുക: “സത്യത്തിൽ വഹാബി പ്രസ്ഥാനത്തിന്റെ ജീനുകളുടെ ഘടന മുതൽ ജീവപരിണാമം വരെ മനസ്സിലാക്കിയാൽ ലോക മുസ്‌ലിംങ്ങളെ കാഫിറാക്കുന്ന സമ്പ്രദായം അവരുടെ പ്രപിതാക്കളായ ഖവാരിജുകളിൽ ചെന്നവസാനിക്കുന്നതായി കാണാനാവും’’ (സുന്നിവോയ്‌സ്, 2024 ഒക്ടോബർ 1-15, പേജ് 23).
ഈ വരികൾ അക്ഷരം പ്രതി ആർക്കാണ് ചേരുക എന്നത് തെളിവുകൾ സഹിതം വിശകലനം ചെയ്താൽ വായനക്കാർക്ക് ബോധ്യമാകും. യഥാർഥ ഇസ്‌ലാമികാദർശത്തെ നെഞ്ചേറ്റിയവർ ഇവരുടെ കണ്ണിലെ കരടും വഴിപിഴച്ചവരുമൊക്കെയാണ്. എം.എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ എഴുതുന്നു: “കേരള മുസ്‌ലിംകളിൽ നജ്ദിയിൽ തൗഹീദ് പ്രചരിപ്പിക്കാൻ പിഴച്ചവാദങ്ങളുമായി ചിലർ രംഗത്തുവന്നപ്പോഴാണു സുന്നത്ത് ജമാഅത്തിന്റെ യഥാർത്ഥ വിശ്വാസം ജനങ്ങൾക്കു മനസ്സിലാക്കിക്കൊടുക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ രൂപീകൃതമായത്. ബിദ്അത്ത് വാദം തലപൊക്കിയപ്പോൾ കേരള മുസ്‌ലിംകളെ വിശ്വാസപരമായി പിഴപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ സമസ്തയും അതിന്റെ പണ്ഡിതന്മാരും രംഗത്തിറങ്ങി’’ (തർക്കുൽ മുവാലാത്ത്, പേജ് 26).
കുഫ്‌റാരോപണം തിരിഞ്ഞുകൊത്തുന്നു!
തങ്ങൾക്ക് പിടിക്കാത്തവരോടെല്ലാം ബന്ധം മുറിക്കണമെന്നുള്ള കൽപന പുറപ്പെടുവിക്കൽ ഒരേർപ്പാടായി മുസ്‌ലിയാക്കൾ ഏറ്റെടുത്തിരുന്നു. സമസ്ത വരച്ച കളത്തിൽ നിൽക്കുന്നവർ മാത്രമാണ് നല്ലവരെന്ന മിഥ്യാധാരണ അവരോടൊപ്പം സഞ്ചരിച്ചവരെ തന്നെയും അവിശ്വസിച്ചവരാക്കി പുറത്താക്കുന്നിടത്തേക്ക് അവരെ എത്തിച്ചു. 1930ൽ പ്രസിഡന്റ് പാങ്ങിൽ മുസ്‌ലിയാർക്ക് പത്രാധിപ ചുമതലയുണ്ടായിരുന്ന ‘അൽബയാൻ’ അറബി മലയാളം മാസികയിൽ വന്നത് കാണുക: “ചോറ്റൂർ കൈക്കാർ, കൊണ്ടോട്ടി കൈക്കാർ, വഹാബികൾ മുതലായവരുടെ ദുർവിശ്വാസ നടപടികൾ അഹ്‌ലുസ്സുന്നതി വൽജമാഅയുടെ സുന്ദരമായ വിശ്വാസ നടപടികളോട് കേവലം മാറാകകൊണ്ട് അവരുടെ വിശ്വാസ നടപടികളോട് പിന്തുടരലും അവരോടുള്ള കൂട്ടുകെട്ടും സുന്നി മുസ്‌ലിംകൾക്കു കേവലം പാടുള്ളതല്ലെന്ന് ഈ യോഗം തീർച്ചപ്പെടുത്തുന്നു’’ (തർക്കുൽ മുവാലാത്ത്, പേജ് 27).
ആലുവ, ദസൂഖി വ്യാജ ത്വരീഖത്തുകളെ കുറിച്ച് മുസ്‌ലിയാക്കന്മാർ നിലപാടെടുത്തത് കാണുക: “ഈ രണ്ട് വിഭാഗവും അബദ്ധജഡിലമായ വിശ്വാസത്തിൽ യോജിപ്പുള്ളതുകൊണ്ടാണ് ശിയാക്കൾ പിഴച്ചത് പോലെ ഈ ത്വരീഖത്തും പിഴച്ചതാണ് എന്ന് നാം പറയുന്നത്’’ (ആത്മകഥ, പേജ് 278).
അന്ധവിശ്വാസങ്ങൾ വളർത്താൻ ഇരുപത്തിമൂന്ന് വർഷത്തോളം സമസ്തയുടെ യോഗങ്ങളിലും സമ്മേളനങ്ങളിലും സജീവമായിരുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യ സ്ഥാപകൻ കൂടിയായ നൂരിശാഹ് തങ്ങളെയും അദ്ദേഹത്തിന്റെ ത്വരീഖത്തിനെയും അകറ്റിനിർത്താൻ കൽപിച്ച് 1974ൽ കെ.കെ അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ മുശാവറ ഇറക്കിയ ഫത്‌വയുടെ അനന്തരഫലം കൂടി കാണുക:
“നൂരിഷാ ത്വരീഖത്തിൽ പല അബദ്ധങ്ങളുമുണ്ട്. അതുകൊണ്ടാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേരത്തെ അത് പിഴച്ചതാണെന്ന് പ്രഖ്യാപിച്ചതും പൊതുജനങ്ങളെ ബോധ്യപ്പെടുത്തിയതും’’ (എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, ആത്മകഥ, പേജ് 279).
സമസ്തയുടെ ആദർശ പ്രസംഗകനായിരുന്ന നാട്ടിക മുസ്‌ലിയാർ സലഫികളെ കുറിച്ച് എഴുതിയത് തിരുത്തോ പിൻവലിക്കലോ ഇല്ലാതെ ഇന്നും അവശേഷിക്കുന്നു: “ചുരുക്കത്തിൽ കഴിവ് അല്ലാഹുവിന്റെതും മനുഷ്യന്റെതുമെന്ന് രണ്ടായി വിഭജിച്ച് അല്ലാഹുവിന്റെ ഗുണമാകുന്ന ഖുദ്‌റത്തിൽ ഇവർ മായം ചേർത്തിരിക്കുന്നു. അതിനാൽ ഒറിജിനൽ മുശ്‌രിക്കുകൾ ഇവരാണ്. മാത്രമല്ല ഓരോ മനുഷ്യനും സ്വന്തം കഴിവുണ്ടെന്ന് വിശ്വസിക്കുക വഴി കോടിക്കണക്കിന് സ്രഷ്ടാക്കളെ അംഗീകരിക്കുന്ന ഇവർ മഹാമുശ്‌രിക്കുകളാണ്’’ (തൗഹീദും ശിർക്കും, പേജ് 39, 40).
എ.എം ബഷീർ മുസ്‌ലിയാരുടെ മേൽനോട്ടത്തിലുണ്ടായിരുന്ന ‘സുന്നി വേദി’യിൽ 1974ൽ എഴുതിയത് കാണുക: “വഹാബികളും മൗദൂദികളും ഖാദിയാന്മാരും അറുത്ത സാധനങ്ങളൊന്നും നാം തിന്നാൻ പാടില്ലാത്തതാണ്. അതുപോലെ അവർക്ക് സലാം ചൊല്ലുവാനോ, മടക്കുവാനോ പാടില്ല. വഹാബികളും മൗദൂദികളും അസ്‌ലിയ്യായ കാഫിറുകളെക്കാൾ കടുത്ത കാഫിറുകളല്ലേയെന്ന് മുസ്‌ലിമീങ്ങൾ ചിന്തിച്ച് നോക്കുക’’ (പേജ് 3).
ഇസ്‌ലാമിന്റെ അതിർവരമ്പുകൾ ഭേദിച്ച് പുത്തനാചാരങ്ങൾക്കു പിന്നാലെ പായുന്ന ഇവർ മതാധ്യാപനങ്ങൾക്ക് ജീവൻ നൽകുന്നവരെയാണ് പ്രയാസപ്പെടുത്തിയത്. ക്വുർആൻ ഇത്തരക്കാരെ കുറിച്ച് പറഞ്ഞത് കാണുക: “അതല്ല, അവരിൽ അധികപേരും കേൾക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവർ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതൽ വഴിപിഴച്ചവർ’’ (25:44).
സമസ്ത പണ്ഡിതന്മാരും പരസ്പര കുഫ്‌റാരോപണവും

പുരോഹിതന്മാരുടെ ധാർഷ്ട്യത്തിന് അവർക്ക് കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ് ഇനി വായിക്കാൻ പോകുന്ന കാര്യങ്ങൾ. സമസ്തയുടെ ജോയിന്റ് സെക്രടറിയും ക്വുർആൻ പരിഭാഷകനുമായ കൂറ്റനാട് കെ.വി മുഹമ്മദ് മുസ്‌ലിയാരെ കാഫിറും മുർതദ്ദുമാക്കിയത് ജനറൽ സെക്രട്ടറി ഇ.കെ അബൂബക്കർ മുസ്‌ലിയാരാണ്!
“ഖുർആൻ പരിഭാഷ തികച്ചും അബദ്ധജഢിലവും തോന്നിവാസവുമാണെന്നും അതെഴുതിയുണ്ടാക്കിയ വകയിൽ കൂറ്റനാട് മുസ്‌ലിയാർ മുർതദ്ദും കാഫിറുമായിട്ടുണ്ടെന്നും അന്ന് സമസ്ത സെക്രട്ടറി ഫത്‌വ പുറപ്പെടുവിച്ചത് ജനങ്ങൾ മറന്നിട്ടില്ല’’ (സിറാജ്, 1998 നവംമ്പർ 21, ചൊവ്വ).
വിഘടിത വിഭാഗം പ്രസിഡന്റ് ഉള്ളാൾ തങ്ങൾ ഇ.കെ അബൂബക്കർ മുസ്‌ലിയാരെ കാഫിറാക്കുകയും അതിൽ അവരുടെ ‘ലോക നിയന്ത്രകൻ’ സി.എം മടവൂരിനെ പ്രതിയാക്കുകയും ചെയ്തത് കാണുക:
“ഞങ്ങൾ തെറ്റിപ്പോന്ന അവസരം. പണ്ട് മുല്ലക്കോയ തങ്ങൾ പ്രസിഡന്റ്, സമസ്തന്റെ പ്രസിഡന്റ് മുല്ലക്കോയ തങ്ങൾ മഹാനവർകൾ സമസ്തയുടെ പ്രസിഡണ്ടായിരുന്ന കാലത്ത് ആലിമീങ്ങളൊക്കെ മറ്റൊന്ന്. ഇന്ന് ആലിമീങ്ങളുടെ സ്ഥാനൊക്കെ കീപ്പോട്ട് പോകാൻ പോവണ കാലാ! അവിടെയാണ് തകരാറ് പറ്റിയത്. കയ്യ് എവിടെ കെട്ടിയാലെന്താ എന്ന് പ്രസംഗിച്ചു പോയില്ലേ നമ്മുടെ ഉസ്താദ് ഹെ. അപ്പോ പിന്നെ ഓലോട് തെറ്റാതെ കയ്യൂലല്ലോ. അതുകൊണ്ടാണ് അൻത അൻത അലൽഹഖ്, ഉറച്ചുനിന്നോ നീ ഹഖിന്റെ മേലിലാണ്. അപ്പുറം ഇ.കെ എന്റെ ഉസ്താദല്ലേ. അവൻ പിഴച്ചുപോയി എന്നാണ് മടവൂർ പറഞ്ഞത്. ലാസ്റ്റ് പറഞ്ഞത് കഫറ അവൻ കാഫിറായിപ്പോയി എന്നാ അറിയോങ്ങള്’’ (സത്യധാര, 2000 ജൂൺ, പേജ് 48).
പല കോണിൽനിന്നും ഇതിന്റെ പേരിൽ പ്രതികരണങ്ങൾ ഉയർന്നു: “ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ ഇസ്‌ലാമിൽനിന്ന് പുറത്താണെന്ന് ഉള്ളാൾ ഉറൂസിൽ വെച്ച് കുഞ്ഞിക്കോയ തങ്ങൾ പ്രസ്താവിച്ചത് അങ്ങേയറ്റം വേദനാജനകവും മുസ്‌ലിം കേരളത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന സംഭവവുമാണെന്ന് മടവൂർ സി.എം വലിയുല്ലാഹി മഖാം ശരീഫ് കമ്മിറ്റി ചൂണ്ടിക്കാട്ടി’’ (സത്യധാര, 2000 ജൂലൈ, പേജ് 25).
കാന്തപുരം വിഭാഗത്തെ ഇ.കെ കാഫിറുകളാക്കി എന്ന പരാതി വായിക്കാം: “മാത്രമല്ല ലീഗ് എന്നാൽ ദീനും ദീനെന്നാൽ ലീഗുമാണ് (നഊദു) എന്നുവരെയെത്തി, അഥവാ ലീഗിൽ ചേരാത്തവൻ കറകളഞ്ഞ കാഫിർ. ലീഗും ദീനും ഒന്ന് എന്ന പരസ്യ പ്രസ്താവന തട്ടിവിട്ട് കൈയ്യടി വാങ്ങിയത് സീതി ഹാജിയോ ഇ അഹമ്മദോ ഒന്നുമല്ല, സാക്ഷാൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ ജനറൽ ആയിരുന്ന ഇ. കെ അബൂബക്കർ മുസ്‌ലിയാരാണ്’’ (സുന്നിവോയ്‌സ്, 1989 ആഗസ്റ്റ് 18-24, പേജ് 5).
കാഫിറാക്കൽ കളിയിൽ ആരാണ് കേമത്തരം കാട്ടിയതെന്ന് കണ്ടെത്താൻ കഴിയാത്തവിധം മുസ്‌ലിയാക്കന്മാർ പരിതപിക്കുന്നത് നോക്കൂ: “ഉള്ളാൾ തങ്ങൾ ബഹു. മടവൂർ പറഞ്ഞത് ഏറ്റുപറയുകയായിരുന്നു. കാഫിർ എന്ന പദത്തിന്റെ അർത്ഥം പോലും ചിന്തിക്കാതെ സുന്നികളെ ഇകഴ്ത്താൻ മൂത്രത്തിൽ പിടിച്ച് കയറാനായിരുന്നു വിഘടിതർ ശ്രമിച്ചത്. അതിന്റെ പേരിൽ തങ്ങളെ അവർ പരസ്യമായി ഇസ്‌ലാമിൽ നിന്ന് പുറത്താണെന്ന് പ്രഖ്യാപിച്ചു. അത് പറഞ്ഞത് സി എം ആണെങ്കിൽ അദ്ദേഹത്തിനെതിരിലും കാഫിർ ആരോപിക്കാൻ അവർ മടിച്ചില്ല’’ (വിഘടിതർക്കു പറ്റിയ 25 അമളികൾ, ഇബ്‌നു അഹമ്മദ്, പേജ് 42).
ഇരുചേരികളും വഹിക്കുന്ന ഈ ‘പാപഭാരം’ ഇറക്കിവെക്കാൻ നാട്ടിക പറഞ്ഞ പരിഹാരം ഇപ്പോഴും ചെയ്യാവുന്നതാണ്: “പശ്ചാത്തപിച്ചു സമൂഹത്തോടു മാപ്പുപറയാനും മരണപ്പെട്ട മഹാത്മാക്കളെ വിമർശിക്കുന്നതുപേക്ഷിക്കാനും തയ്യാറാകാത്തിടത്തോളം കാലം വിമതർ മാപ്പർഹിക്കുന്നില്ല തീർച്ച’’ (കേരളനാട് കൂട്ടായ്മ മാസിക, 2000 മെയ് 20-ജൂൺ 20, പേജ് 8).
രണ്ട് ശാപ പ്രാർഥനകൾ
1975ൽ കുറ്റിപ്പുറം മാനൂരിൽ വെച്ച് നൂരിഷ ത്വരീഖത്ത് പ്രശ്‌നം രൂക്ഷമായതിനെച്ചൊല്ലി അതിൽപ്പെട്ട ഹൈദർ മുസ്‌ലിയാർ പ്രാർഥിച്ചത് കാണുക: “അല്ലാഹുവേ, ഈ ജനങ്ങളെ മുഴുവൻ സാക്ഷിയാക്കി ഞാൻ നിന്നോട് ദുആ ചെയ്യുകയാണ്. ഞങ്ങൾ നിലകൊള്ളുന്ന ഈ ത്വരീഖത്ത് തെറ്റാണെങ്കിൽ ഞങ്ങളെ ഇവിടെ നിന്ന് പരാജയപ്പെടുത്തണേ അല്ലാഹ്. അതുപോലെ ഈ ഞാൻ ദുആ ചെയ്യുന്നത് പോലെ എന്റെ ഉസ്താദന്മാർ ദുആ ചെയ്യട്ടെ. ഞങ്ങളീ ത്വരീഖത്തിനെ എതിർക്കുന്നത് ഹഖാണെങ്കിൽ ഞങ്ങളെ വിജയിപ്പിക്കുകയും ഹഖല്ലെങ്കിൽ ഞങ്ങളെ പരാജയപ്പെടുത്തുകയും ചെയ്യേണമേ എന്ന് ദുആ ചെയ്യാൻ നിങ്ങൾ തയ്യാറുണ്ടോ ഉസ്താദന്മാരേ’’ (ഫൈളാനേ നൂരി, വാള്യം 2, പേജ് 459).
1988ൽ സമസ്തയെ പിളർത്തിയവർക്കെതിരെ കണ്ണിയത്ത് നടത്തിയ പ്രാർഥന കാണുക: “സമസ്തക്കെതിരെ കേസ് കൊടുത്തവർക്ക് ആരും ഒത്താശ ചെയ്തു കൊടുക്കരുത്. അവരുടെ യോഗത്തിൽ പങ്കെടുക്കരുത്. സമസ്തക്കെതിരെ കേസു കൊടുത്തവരെ അല്ലാഹു മുഖം കെടുത്തട്ടെ. അവരെയും അവരുടെ അഹ്‌ലുകാരെയും അല്ലാഹു ഖൈറിലാക്കാതിരിക്കട്ടെ’’ (കണ്ണിയത്തിന്റെ പ്രാർത്ഥന, മൊയ്തീൻകുട്ടി ഫൈസി വാക്കോട്, പേജ് 10).
ലോകം നിയന്ത്രിക്കുന്നത് സി.എം മടവൂരാണെന്ന പിഴച്ചവാദംകൊണ്ട് കുഴങ്ങിയ ഇവർ അതിൽനിന്ന് രക്ഷപ്പെടാൻ പല അടവും പയറ്റിനോക്കുന്നുണ്ട്. എന്നാൽ സമസ്തയുടെ പാരമ്പര്യ ആദർശം പൊളിക്കാൻ ആരെയും സമ്മതിക്കില്ല എന്ന് തീരുമാനിച്ചിറങ്ങിയ കുരുവട്ടൂർ തങ്ങളും കൂട്ടരും മുസ്‌ലിയാക്കന്മാർക്ക് വലിയ ഭീഷണിയായപ്പോൾ അവരെയും പിഴച്ചവരാക്കുന്നത് കാണുക: “ശരീഅത്ത് വിരുദ്ധതയും പിഴച്ച വിശ്വാസങ്ങളും പേറി കോഴിക്കോട് കുരുവട്ടൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വ്യാജ ത്വരീഖത്താണ് കുരുവട്ടൂരിസം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആഹ്വാനം ചെയ്തതനുസരിച്ച് വിശ്വാസികൾ അവരുമായി അകലം പാലിക്കുന്നു’’ (സുന്നിവോയ്‌സ്, 2024 ഒക്ടോബർ 1-15, പേജ് 16).
അദ്വൈത-അവതാര വാദങ്ങളെ അടിസ്ഥാനമാക്കി മടവൂരിനെ പടച്ചോനാക്കിയവർക്ക് മതഭ്രഷ്ട് കൽപിച്ച മുസ്‌ലിയാക്കന്മാരുമുണ്ട്.
ശിർക്ക്, കുഫ്ർ, മുർതദ്ദ,് ഇതെല്ലാം സമസ്തക്ക് അകത്തും പുറത്തുമുള്ളവർക്ക് മേൽ വിധിക്കുന്നതിൽ ഇത്രയധികം മുന്നേറ്റം നടത്തിയ ഇവർ സലഫികളെ പഴിചാരി വേട്ടയാടുന്നത് കാണുമ്പോൾ അവരോട് സഹതാപം മാത്രമെ തോന്നുന്നുള്ളൂ.
ഒരു മുസ്‌ലിയാർ എഴുതുന്നു: “ശിർക്കിനെപ്പോലെത്തന്നെ ഗൗരവതരമാണ് ശിർക്കാരോപണവും എന്നിവർ മനസ്സിലാക്കിയിട്ടില്ല. ശിർക്ക് സ്വയമുള്ളതാണെങ്കിൽ ശിർക്കാരോപണം അന്യരെ തേജോവധം ചെയ്യലാണ്. അതിനാലാണ് ശിർക്കാരോപണത്തെ നബി(സ) ശക്തമായി താക്കീത് നൽകിയത്’’ (മജ്മഉസ്സവാഇദ് 1192). “വഹാബിസത്തിന്റെ സ്ഥാപകൻ മുതൽ ഈ രീതി ഇവരിൽ പ്രകടമാണ്’’ (സുപ്രഭാതം, 2024 ഓഗസ്റ്റ് 24, വെള്ളി, എം.ടി അബൂബക്ർ ദാരിമി, പേജ് 6).
നേർമാർഗം പ്രാപിക്കുക എന്നത് നാട്യങ്ങൾകൊണ്ട് നേടാൻ സാധിക്കുന്ന ഒന്നല്ല. വിശ്വാസ വിശുദ്ധിയും പ്രാമാണിക നിലപാടും കണിശമാക്കുന്നവർക്ക് ആസ്വദിക്കാൻ കഴിയുന്നതാണത്. അല്ലാഹു പറയുന്നു: “നിങ്ങൾക്ക് അല്ലാഹുവിന്റെ വചനങ്ങൾ വായിച്ചുകേൾപിക്കപ്പെട്ടുകൊണ്ടിരിക്കെ, നിങ്ങൾക്കിടയിൽ അവന്റെ ദൂതനുണ്ടായിരിക്കെ നിങ്ങളെങ്ങനെ അവിശ്വാസികളാകും? ആർ അല്ലാഹുവെ മുറുകെപിടിക്കുന്നുവോ അവൻ നേർമാർഗത്തിലേക്ക് നയിക്കപ്പെട്ടിരിക്കുന്നു’’(3:101).
വസ്തുതകൾ കാണുമ്പോൾ കണ്ണ് തള്ളുന്ന ഇവർ പ്രവർത്തകർക്ക് മുമ്പിൽ പലപ്പോഴും പിടിച്ച് നിൽക്കാറുള്ളത് ഇബ്‌നു അബ്ദുൽ വഹാബ്(റഹി), കെ.എം മൗലവി(റഹി), ഉമർ മൗലവി(റഹി) എന്നിവർ മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം കാഫിറുകളാക്കിയവരാണ് എന്നു പറഞ്ഞാണ്.
ശൈഖ് ഇബ്‌നു അബ്ദുൽ വഹാബിനെ വലിയ കുറ്റവാളിയായി അവതരിപ്പിക്കുന്ന ഇവർ 1995 മുതൽ 2004 വരെ സമസ്തയുടെ പ്രസിഡന്റായിരുന്ന അസ്ഹരി തങ്ങൾ അദ്ദേഹത്തിന്റെ ‘മിൻ നവാബിഗി ഉലമൈ മലൈബാർ’ എന്ന ഗ്രന്ഥത്തിന്റെ നൂറ്റിപതിനൊന്നാം പേജിൽ ശൈഖിന്റെ മഹത്ത്വങ്ങൾ എടുത്തു പറഞ്ഞത് കാണാത്തവരാണോ? ശൈഖ്, ബുദ്ധിയെയും മനസ്സിനെയും സ്വാധീനിച്ച പ്രബോധനം, എല്ലാ ഗ്രാമത്തിലും പള്ളികൾ നിർമിച്ചു, പല നാടുകളും അദ്ദേഹത്തിലേക്ക് ചേർന്നു എന്നൊക്കെയാണ് അദ്ദേഹം നൽകുന്ന അംഗീകാരങ്ങൾ. 1998ലെ സുന്നി അഫ്കാറിൽ അതിനെ അനുകൂലിച്ച് മുസ്തഫൽ ഫൈസി നൽകിയ മറുപടി ഇപ്രകാരമാണ്: “അതിനാൽ ലോക പണ്ഡിതന്മാരെപ്പോലെ മേൽപ്പറഞ്ഞവരുടെ രണ്ടാം മുഖം കാണാനും പരിഗണിക്കാനും അദ്ദേഹത്തിന് കഴിഞ്ഞത് സ്വാഭാവികം മാത്രമാണ്. എല്ലാ അർഥത്തിലും മുസ്‌ലിംകൾ യോജിച്ചു പോകേണ്ട ഇക്കാലത്ത് ഇങ്ങനെയുള്ള ആശയ വിശാലതയുടെ പ്രസക്തി ആർക്കും ബോധ്യപ്പെടും’’ (പേജ് 21).
ഇതിനെതിരെ വല്ല സമരവും സമസ്ത നടത്തിയോ? മുസ്‌ലിയാക്കന്മാരുടെ കണ്ണിൽ വലിയ അപരാധമായ ഈ വിഷയത്തിൽ പ്രതിഷേധിച്ച് മുശാവറയിൽ നിന്ന് ആരെങ്കിലും രാജിവെച്ചോ? അസ്ഹരി തങ്ങൾ കാണിച്ച ‘ആശയ വിശാലത’ സ്വപ്നം കാണാനെങ്കിലും ഇന്നുള്ളവർക്കാകുമോ?
ഉമർ മൗലവി(റഹി)യുടെ സൽസബീലിൽ നിന്ന് ചില വരികൾ അടർത്തിയെടുത്ത് എത്ര കാലമായി ഇവർ സമൂഹത്തെ പറ്റിക്കുന്നു! ജീവിത കാലത്ത് ശിർക്കും ബിദ്അത്തും സമൂഹത്തിൽ ഊട്ടിയുറപ്പിക്കാൻ പരിശ്രമിച്ച ഹസൻ മുസ്‌ലിയാർക്ക് മരണവേളയിൽ തീർത്തും ഗുണകാംക്ഷയോടെ അദ്ദേഹം അയച്ച കത്താണ് ഇവർ കാര്യമായി വിവാദമാക്കിയിട്ടുള്ളത്. കത്തിനെപ്പറ്റി ഉമർ മൗലവിതന്നെ പറഞ്ഞതാണ് അതിനുള്ള മറുപടി: “നന്മയുടെ സാധ്യത നമുക്കൊരിക്കലും തള്ളാവതല്ലല്ലോ. ഹൃദയ രഹസ്യങ്ങൾ സൂക്ഷ്മമായി അറിയുന്നവനും ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനും സർവജ്ഞനായ റബ്ബ് മാത്രമാണ്. അസ്‌ലിം തസ്‌ലിം എന്ന പ്രയോഗമാണ് കത്തിൽ ഉണ്ടായിരുന്നത്. നബി(സ)യുടെ പ്രയോഗമാണത്. സുന്നികൾ ഒന്നാകെ ഇളകിവശായി. അഥവാ മുസ്‌ലിയാക്കൾ അവരെ ഇളക്കിയെന്നതാണ് ശരിയായത്’’ (ഓർമകളുടെ തീരത്ത്, പേജ് 500).

