ഹദീസ്: ജമാഅത്ത് നിലപാടുകളിലെ വൈകല്യങ്ങൾ
മൂസ സ്വലാഹി കാര
2024 മെയ് 25, 1445 ദുൽഖഅദ് 17

ഇസ്‌ലാമിനോട് കൂറും പ്രതിബദ്ധതയുമുള്ള ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിന് വെളിച്ചം നൽകുന്ന വിളക്കുകളാണ് അടിസ്ഥാനപ്രമാണങ്ങളായ വിശുദ്ധക്വുർആനും നബിﷺയുടെ ചര്യയും. പ്രമാണങ്ങളോട് നമുക്ക് വെറും വാക്കുകളിൽ ഒതുങ്ങുന്ന ബന്ധമോ, വേണമെങ്കിൽ സ്വീകരിക്കുമെന്ന മനോഭാവമോ, നിഷേധനിലപാടോ അല്ല വേണ്ടത്, മറിച്ച് പരലോകവിജയം കൈവരിക്കാൻ കഴിയും വിധമുള്ള വിധേയത്വമാണ്. അല്ലാഹു പറയുന്നു: “തങ്ങൾക്കിടയിൽ (റസൂൽ) തീർപ്പുകൽപിക്കുന്നതിനായി അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും വിളിക്കപ്പെട്ടാൽ സത്യവിശ്വാസികളുടെ വാക്ക്, ‘ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു’ എന്ന് പറയുക മാത്രമായിരിക്കും. അവർതന്നെയാണ് വിജയികൾ. അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുകയും അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലർത്തുകയും ചെയ്യുന്നവരാരോ അവർതന്നെയാണ് വിജയം നേടിയവർ’’ (ക്വുർആൻ 24:51,52).
സംസ്‌കരണ മേഖലയിലും പരിപാലനരംഗത്തും മതവിധി പറയുന്നതിലും വിശ്വാസികൾക്ക് പ്രധാനം പ്രമാണങ്ങൾ തന്നെയാണെന്ന് ഈ വചനങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
ഖവാരിജുകൾ പ്രമാണ ദുർവ്യാഖ്യാനം നടത്തി തെളിവുണ്ടാക്കിയതും മുഅ്തസിലിയാക്കൾ ദുർബല ബുദ്ധിയെ അളവുകോലാക്കി ഹദീസ് നിഷേധം തുടങ്ങിയതും ശിയാ-സൂഫികൾ ദുർബലവും നിർമിതവുമായ വാക്കുകളെ പ്രമാണമാക്കിയതും മൂലം ഇസ്‌ലാമിനേറ്റ പരിക്ക് നിസ്സാരമല്ല. ആശയപരമായി ഇസ്‌ലാമിനെ നേരിടാൻ കഴിയാതെ തളർന്നിരുന്ന മതവിരോധികൾ നാമമാത്രമായ ഇത്തരക്കാരുടെ പണി ഏറ്റെടുത്തതും ‘പ്രമാണ നീരസം’ ലോകമെമ്പാടും പടരാൻ കാരണമായി. അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതന്മാർ ശക്തിയുക്തം ഇവരെ നേരിടുകയും വിശ്വാസി സമൂഹത്തിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പ്രമാണനിഷേധത്തിന്റെ കാരണങ്ങളെയും അതിന്റെ പര്യവസാനത്തെയും സംബന്ധിച്ച് ക്വുർആൻ നൽകുന്ന താക്കീത് കാണുക. അല്ലാഹു പറയുന്നു: “അവർക്കിടയിൽ (റസൂൽ) തീർപ്പുകൽപിക്കുന്നതിനായി അല്ലാഹുവിലേക്കും അവെൻറ റസൂലിലേക്കും അവർ വിളിക്കപ്പെട്ടാൽ അപ്പോഴതാ അവരിൽ ഒരുവിഭാഗം തിരിഞ്ഞുകളയുന്നു. ന്യായം അവർക്ക് അനുകൂലമാണെങ്കിലോ അവർ അദ്ദേഹത്തിന്റെ (റസൂലിന്റെ) അടുത്തേക്ക് വിധേയത്വത്തോടുകൂടി വരികയും ചെയ്യും. അവരുടെ ഹൃദയങ്ങളിൽ വല്ല രോഗവുമുണ്ടോ? അതല്ല അവർക്ക് സംശയം പിടിപെട്ടിരിക്കുകയാണോ? അതല്ല അല്ലാഹുവും അവന്റെ റസൂലും അവരോട് അനീതി പ്രവർത്തിക്കുമെന്ന് അവർ ഭയപ്പെടുകയാണോ? അല്ല, അവർ തന്നെയാകുന്നു അക്രമികൾ’’ (24:48-50).
പ്രമാണങ്ങളുടെ നേരവകാശികളാണെന്ന് വാദിക്കുകയും അവയെ അവമതിക്കുന്ന പ്രവണതകൾ തുടരുകയും ചെയ്യുന്നവർ സമൂഹത്തിൽ നല്ലപിള്ള ചമയാൻ ശ്രമിക്കുന്നത് വലിയ അപകടം സൃഷ്ടിക്കും. മുസ്‌ലിംകളുടെ ഭൂരിപക്ഷം അവകാശപ്പെടുന്ന സമസ്തയും, ഇസ്‌ലാമിനെ രാഷ്ട്രീയവത്കരിക്കാൻ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമിയും, സൂഫീജീവിതമാണ് ഇസ്‌ലാമിന്റെ യഥാർഥ വഴിയെന്ന് വരുത്തിത്തീർക്കാൻ തുനിയുന്ന തബ്‌ലീഗ് ജമാഅത്തും കാര്യലാഭത്തിന് മാത്രം സലഫുകളുടെ ഓരം പറ്റുന്നവരും ഇതിനായി നിലയുറപ്പിച്ചവരാണ്. നബിﷺയുടെ താക്കീതിനെ നാം ഗൗരവത്തിൽ കാണണം. അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം: ‘ഒരാൾ വന്ന് നബിﷺയോട് ചോദിച്ചു: ‘അന്ത്യനാൾ എപ്പോഴാണ്?’ ‘അമാനത്ത് നഷ്ടപ്പെട്ടാൽ നീ അതിനെ പ്രതീക്ഷിക്കുക’ എന്ന് നബിﷺ മറുപടി നൽകി. ‘അതെങ്ങനെയാണ് നഷ്ടപ്പെടുക’ എന്ന് ചോദിച്ചപ്പോൾ ‘കാര്യം (അംറ്) അർഹതയില്ലാത്തവരിലേക്ക് ചേർക്കപ്പെട്ടാൽ നീ അതിനെ പ്രതീക്ഷിക്കുക’ എന്ന് അവിടുന്ന് മറുപടി നൽകി’’ (ബുഖാരി).
‘അംറ്’ (കാര്യം) എന്നതിന്റെ വിവക്ഷ ഇബ്‌നു ഹജർ അസ്‌ക്വലാനി(റഹ്) വിശദീകരിച്ചത് കാണുക: “കിതാബുൽ ഇൽമിൽ ഇതുൾപ്പെടുത്തിയത് അജ്ഞത അതിജയിക്കുകയും അറിവ് ഉയരുകയും ചെയ്യുമെന്നതിനാലാണ്. ഭരണം, ഉത്തരവാദിത്തം, വിധിക്കൽ, മറുപടി പറയൽ, മറ്റു മതങ്ങളുമായി ബന്ധപ്പെട്ടത് തുടങ്ങിയതെല്ലാം ഇതിൽപ്പെടും’’ (ഫത്ഹുൽബാരി).
മൗദൂദി സാഹിബിന്റെ അനുയായികളായി ഏകദേശം എഴുപത്തിയഞ്ച് വർഷത്തോളമായി ജമാഅത്തെ ഇസ്‌ലാമിക്കാർ കേരളത്തിൽ പ്രവർത്തിക്കുന്നു. സാമൂഹ്യക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്തും ഇസ്‌ലാമിക രാഷ്ട്രം മോഹിച്ചും സംഘടിച്ച ഇവർ യഥാർഥത്തിൽ ഇസ്‌ലാമിന്റെ ആദർശ മുന്നേറ്റമോ വളർച്ചയോ ലക്ഷ്യം വെച്ചല്ല പ്രവർത്തിക്കുന്നത് എന്ന കാര്യം അവരുടെ പ്രവർത്തനങ്ങളും നയങ്ങളും നിരീക്ഷിക്കുന്നവർക്ക് വ്യക്തമാകും. സാഹചര്യങ്ങളോട് തൊട്ടുരുമ്മി മതങ്ങൾ തമ്മിലുള്ള ലയന സാക്ഷാത്ക്കാരമാണ് ഇവർ ആഗ്രഹിക്കുന്നത്. മൗദൂദി തന്റെ ആശയ സ്ഥാപനത്തിനായി വക്രീകരിച്ച വചനങ്ങളും നിരൂപണമെന്ന പേരിൽ നടത്തിയ ഹദീസ് നിഷേധവും അതേപടി ഇവർ അനുധാവനം ചെയ്യുന്നു.
ജമാഅത്തെ ഇസ്‌ലാമിയുടെ അവകാശവാദം ആദ്യം നമുക്ക് പരിശോധിക്കാം: “ഇസ്‌ലാമിന്റെ ആശയാടിത്തറയിലാണ് മൗദൂദി ജമാഅത്തെ ഇസ്‌ലാമി കെട്ടിപ്പടുത്തത്. ക്വുർആനും സുന്നത്തുമാണ് (പ്രവാചകചര്യ) അതിന്റെ അടിസ്ഥാന പ്രമാണങ്ങൾ. ഇത് രണ്ടും തന്നെയാണ് ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെയും അടിസ്ഥാന പ്രമാണങ്ങൾ.
ക്വുർആനും സുന്നത്തുമാണ് ഓരോ മുസ്‌ലിമിന്റെയും ജീവിതത്തിൽ വെളിച്ചം കാണിക്കേണ്ടത്. ഇസ്‌ലാമിനെ യുക്തിഭദ്രമായും പ്രമാണബദ്ധമായും അവതരിപ്പിക്കുന്ന മൗദൂദിയുടെ ധാരാളം പുസ്തകങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണാലയങ്ങൾ ഇപ്പോഴും പുറത്തിറക്കിക്കൊണ്ടിരിക്കുന്നുണ്ട്’’ (ഇസ്‌ലാം പ്രതിനിധാനത്തിന്റെ ഏഴരപ്പതിറ്റാണ്ട്/ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്/പേജ് 6).
ഏറ്റവും വലിയ ഹദീസ് പണ്ഡിതനായ ഇമാം ബുഖാരി(റഹ്)യെയും അദ്ദേഹത്തിന്റെ ഗ്രന്ഥത്തെയും പുകഴ്ത്തി എഴുതിയത് കാണുക: “ഹദീസ് പണ്ഡിതന്മാരിൽ അദ്വിതീയനും അഗ്രേസരനുമായ ഇമാം അബൂ അബ്ദില്ലാ മുഹമ്മദ്ബ്‌നു ഇസ്മാഈലിബ്‌നി ഇബ്‌റാഹീമൽ ബുഖാരിയുടെ അൽജാമിഉസ്സ്വഹീഹ് എന്ന ഗ്രന്ഥം ഇസ്‌ലാമിൽ വിരചിതമായ അതിമഹത്തരവും ഏറെ പ്രയോജനകരവുമായ ഗ്രന്ഥങ്ങളിലൊന്നത്രെ. എന്നാൽ അതിലെ ആവർത്തനവിധേയമായ ഹദീസുകൾ വിവിധ അധ്യായങ്ങളിലായി ചിതറിയിരിക്കുകയാണ്. പ്രസ്തുത ഗ്രന്ഥത്തിൽ ഒരു വിഷയത്തെപ്പറ്റി വന്ന ഹദീസ് പരതുന്ന പക്ഷം ഏറെ പ്രയാസപ്പെടും. ദീർഘമായ അന്വേഷണത്തിന് ശേഷം മാത്രമെ അത് കണ്ടെത്താനാവുകയുള്ളൂ.
ആവർത്തനത്തിലൂടെ ഹദീസിന്റെ പ്രചാരവും നിവേദകപരമ്പരകളുടെ ആധിക്യവും സൂചിപ്പിക്കലായിരുന്നു ഇമാം ബുഖാരിയുടെ ലക്ഷ്യം. നമുക്കാകട്ടെ ഹദീസിന്റെ മൂലരൂപം കരഗതമാക്കുന്നതിലെ താൽപര്യമുള്ളൂ. കാരണം, അതിലെ ഹദീസുകൾ മുഴുവൻ പ്രബലമാണെന്ന വസ്തുത സുവിദിതമാണല്ലോ’’ (ഹദീസ്-ഭാഗം ഒന്ന്/സ്വഹീഹുൽ ബുഖാരി/ഐ.പി.എച്ച്).
പ്രസ്ഥാനത്തിന്റെ സ്ഥാപകനായ മൗദൂദിയെ മഹത്ത്വപ്പെടുത്തിയവർ അദ്ദേഹത്തിന്റെ ഹദീസ് വിമുഖത കണ്ണുതുറന്ന് കണ്ടിരുന്നെങ്കിൽ ഈ വാദത്തിന് മുതിരില്ലായിരുന്നു. തഫ്ഹീമുൽ ക്വുർആൻ, തർജുമാനുൽ ക്വുർആൻ, റസാഇൽ വമസാഇൽ എന്നീ ഗ്രന്ഥങ്ങളിലൂടെ ഇബ്‌റാഹീം നബി(അ)യുടെ ജീവിതവുമായി ബന്ധപ്പെട്ട് ക്വുർആൻ പറഞ്ഞതും ഹദീസിൽ വന്നതുമായ കാര്യങ്ങൾ, സുലൈമാൻ നബി(അ)യുടെ വിവാഹം, ഹദീസു ജസ്സാസ, ദജ്ജാലിന്റെ പരീക്ഷണം, മഹ്ദിയുടെ ആഗമനം, സിഹ്‌റിന്റെ യാഥാർഥ്യം തുടങ്ങിയ വിഷയങ്ങളിലുള്ള നിരവധി ഹദീസുകളെയാണ് അദ്ദേഹം തള്ളിയത്. ഇതെല്ലാം പരിഭാഷപ്പെടുത്തി ഇന്നും ജമാഅത്തുകാർ വിൽപന നടത്തുന്നു എന്നത് ഇതിനെല്ലാം അവർ അടിമപ്പെട്ടിട്ടുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്.

സ്ഥിരപ്പെട്ടതെന്ന് തനിക്ക് ഉറപ്പുള്ള ഹദീസുകൾ മാത്രം തന്റെ ഗ്രന്ഥത്തിൽ ചേർത്ത ഇമാം ബുഖാരിയെ ഓർത്ത് വാചാലരാകുന്ന ഇവർ അദ്ദേഹം ഉദ്ധരിച്ച എത്രയോ ഹദീസുകളെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നു. ഇരുപക്ഷത്തെയും സുഖിപ്പിക്കുന്ന ഈ ശൈലി തൽക്കാലം രക്ഷപ്പെടാനുള്ള കുറുക്കുവഴി മാത്രമാണ്.
ആരാധനയിലും അതിന്റെ ഇനങ്ങളിലും അല്ലാഹുവിന് പങ്കാളികളെ നിശ്ചയിക്കരുതെന്ന വിലക്കിനെതിരെ പ്രവർത്തിക്കുകയും അനാചാരങ്ങളെ മഹത്ത്വപ്പെടുത്തുകയും ചെയ്യുന്ന പുരോഹിതന്മാരെ പ്രാമാണികമായി തിരുത്തുന്നതിനോടും സമൂഹത്തെ അതിൽനിന്ന് തടയുന്നതിനോടും ജമാഅത്തുകാർക്കുള്ള അസഹിഷ്ണുതയും വെറുപ്പും കാണുക: “അവർ തമ്മിൽ ഭിന്നിപ്പുള്ള പ്രശ്‌നങ്ങൾ കേവലം വിരലിലെണ്ണാവുന്നവ മാത്രമാണ്. അവയിലധികവും താരതമേന്യ ശാഖാപരമാണുതാനും. മരിച്ചുപോയ മഹാന്മാരെ മുൻനിറുത്തി പ്രാർഥിക്കുന്നത് തൗഹീദുമായി പൊരുത്തപ്പെടുമോ ഇല്ലേ? നേർച്ചകളും മാല മൗലിദുകളും കഴിക്കണമോ വേണ്ടയോ? സുബ്ഹി നമസ്‌കാരത്തിൽ ക്വുനൂത്ത് സുന്നത്തുണ്ടോ ഇല്ലേ? നമസ്‌കാരത്തിൽ കൈ മാറത്തോ മാറിനു താഴെയോ കെട്ടേണ്ടത്? ഇതൊക്കെയാണ് മുസ്‌ലിം സമൂഹത്തെ ഭിന്നിപ്പിക്കുകയും പരസ്പരം കാഫിറാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രശ്‌നങ്ങൾ എന്നത് ലജ്ജാവഹമായ വസ്തുതയയത്രെ’’ (സാമുദായിക ഐക്യവും മുസ്‌ലിം സംഘടനകളും/ പേജ്,32)
ശിർക്കിനെയും അനാചാരങ്ങളെയും നേരിടുന്നത് ശാഖാപരമായതുകൊണ്ട് അഹ്‌ലുസ്സുന്ന വൽജമാഅയുടെ നിലപാടിൽ ഇവർക്ക് നിവർന്നു നിൽക്കാൻ കഴിയുന്നില്ല. അഭിപ്രായഭിന്നതകളിൽ നിശ്ശബ്ദരാകാതെ തെളിവുകൾ മാറ്റുരച്ച് പരിഹാരം കാണുകയല്ലേ വേണ്ടത്? അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽനിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും’’ (4:59).
ഹദീസുകളോടുള്ള വെറുപ്പ് വെളിവാക്കുംവിധം ജമാഅത്തുക്കാർ ഉപയോഗിച്ച ചില പ്രയോഗങ്ങൾ കാണുക: “പ്രമാണമാത്ര ഇസ്‌ലാമാണ് സലഫിസത്തിന്റെ പ്രത്യേകത. അതായത്, സ്ഥലകാല സാഹചര്യങ്ങളെ പരിഗണിക്കാതെ തങ്ങൾ ശുദ്ധിപത്രം നൽകിയ പ്രമാണങ്ങളെ മാത്രം മനുഷ്യവ്യവഹാരങ്ങളുടെ കേന്ദ്രമായി പരിഗണിക്കുന്ന സമീപനശാസ്ത്രമാണത്. മറ്റൊരർഥത്തിൽ കടുത്ത അക്ഷരപൂജയിലധിഷ്ഠിതമായ ഇസ്‌ലാമിനെയാണ് നവസലഫിസം പ്രതിനിധാനം ചെയ്യുന്നത്. ഇസ്‌ലാമിക ചിന്താപ്രപഞ്ചത്തിലെ ഏറ്റവും യാഥാസ്ഥിതികവും തീവ്രവുമായ ധാരയായിട്ടാണ് അത് ഇന്ന് പരിഗണിക്കപ്പെടുന്നത്’’ (മാധ്യമം/2013 മാർച്ച് 29/പേജ് 6).
തെളിവുകളോട് നീതിപുലർത്തുന്നവർക്കുമേൽ ഇങ്ങനെ അരിശം വെക്കുന്നതും പരിവർത്തനത്തിന്റെ പാഠങ്ങൾ പകർന്നുതന്ന പ്രമാണങ്ങൾക്ക് നേരെ ‘ശുദ്ധിപത്ര’മെന്ന പരിഹാസ സാഹിത്യം ഉപയോഗിച്ചതുമൊക്കെ ഇക്കൂട്ടർക്ക് പ്രമാണ പക്ഷംപിടിക്കാനുള്ള അർഹതയില്ലെന്ന് കൂടുതൽ ബോധ്യമാക്കിത്തരുന്നു. അല്ലാഹു പറയുന്നു: “അവർ ഏതൊരു കാര്യത്തിൽ ഭിന്നിച്ചുപോയിരിക്കുന്നുവോ, അതവർക്ക് വ്യക്തമാക്കി കൊടുക്കുവാൻ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗദർശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നത്’’ (16:64).
വ്യക്തിജീവിതത്തിൽ നാം കാത്തുസൂക്ഷിക്കേണ്ട മര്യാദകളെയും നമസ്‌കാരത്തിൽ ശ്രദ്ധിക്കേണ്ടതായ സുന്നത്തുകളെയും ഇവർ അവഹേളിക്കുന്നത് കാണുക:
“മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന മിനിസ്‌കർട്ടും ഒരു കാലത്തും ബാർബറുടെ കരങ്ങൾ തലോടിയിട്ടില്ലാത്ത താടിരോമങ്ങളും ദന്തങ്ങളിൽ സദാ വിഹരിക്കുന്ന അറാക്കിന്റെ കൊള്ളിയും ഇവരെ വേർതിരിച്ചു നിർത്തുന്നു. സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും ശത്രുക്കളായ ഈ സലഫി മുതശദ്ദിദുകൾ ഏറ്റവുമൊടുവിൽ ഏർപ്പെട്ടിരിക്കുന്നത് നമസ്‌കാരത്തിന്റെ തശഹ്ഹുദിൽ ചുണ്ടുവിരൽ ഇളക്കിക്കൊണ്ടിരിക്കണമോ വെറുതെ നിറുത്തിയാൽ മതിയോ എന്ന വിവാദത്തിലാണ്. നമസ്‌കാരത്തിൽ കൈ നെഞ്ചിനു മീതെ തന്നെ വേണമെന്നതും അലംഘനീയമാണ്’’ (പ്രബോധനം/1992 ജൂൺ 27).
നബിചര്യയോട് എന്ത് പ്രതിബദ്ധതയാണ് ഇവർക്കുള്ളത്? ആരെയാണ്, എന്തിനെയാണ് ഇവരീ പരിഹസിക്കുന്നത്?
ജമാഅത്തെ ഇസ്‌ലാമിയുടെ ആദർശമായി അവർ എഴുതിവെച്ചതും ഈ അപഹസിക്കലും ഒത്തുപോകുന്നതാണോ? അല്ലാഹു വിധിക്കുന്ന നിന്ദ്യതയെ ഭയക്കുന്നവർക്ക് ഒരിക്കലും ഇതിനോട് സമരസപ്പെടാൻ കഴിയില്ല. അല്ലാഹു പറയുന്നു: “തീർച്ചയായും അല്ലാഹുവോടും അവന്റെ റസൂലിനോടും എതിർത്തുനിൽക്കുന്നവരാരോ അക്കൂട്ടർ ഏറ്റവും നിന്ദ്യൻമാരായവരുടെ കൂട്ടത്തിലാകുന്നു’’ (58:20).
സ്വിറാത്തുൽ മുസ്തക്വീം എന്നത് അല്ലാഹു തുറന്നുതന്ന വഴിയും നബിﷺയുടെ മാതൃകാജീവിതവുമാണ്. മരണംവരെ ആ മാർഗം നഷ്ടപ്പെടാതിരിക്കാൻ ആത്മാർഥമായി അല്ലാഹുവിനോട് നാം പ്രാർഥിക്കണം. വ്യതിയാനങ്ങളിൽ അകപ്പെടാതിരിക്കാനുള്ള യഥാർഥ പരിഹാരം ഇതായതിനാൽ നബിﷺ തന്റെ അവസാന ഉപദേശങ്ങളിൽ അത് പ്രത്യേകം ഉൾപ്പെടുത്തുകയും അനുചരന്മാർക്ക് മുമ്പിൽ വരച്ച് കാണിച്ചുകൊടുക്കുകയും ചെയ്തു. ‘പ്രബോധന’ത്തിൽ (1428 മുഹർറം ഒന്ന്) ജമാഅത്തുകാർ ഇതിനെ കളിയാക്കിയത് ‘സ്‌കെയിൽ മതത്തിന്റെ അനുയായികൾ’ എന്നാണ്.
എന്റെ സമൂഹം എഴുപത് വിഭാഗമാകും, അതിൽ വിജയം വരിക്കുന്ന വിഭാഗം ‘ഞാനും എന്റെ അനുചരന്മാരും ഏതൊന്നിലാണോ അതിൽ നിലകൊള്ളുന്നവരാണ്’ (തിർമുദി) എന്ന നബിവചനത്തെയും ഇവർ വെറുതെ വിട്ടില്ല. ഇമാം ബുഖാരി(റഹ്)യും ഇമാം മുസ്‌ലിമും(റഹ്) റിപ്പോർട്ട് ചെയ്ത പല ഹദീസുകളും ഇതിനെ ബലപ്പെടുത്തുന്നതായിട്ടും ഇവർ എഴുതിയത് കാണുക: “ഇവിടെ പ്രാഥമികമായി മനസ്സിലാക്കേണ്ട കാര്യമിതാണ്; ഈ ഹദീസിൽ പറയുന്നത് സുപ്രധാനമായ ഒരു വിഷയമായിരുന്നിട്ടും ബുഖാരിയോ മുസ്‌ലിമോ ഈ ഹദീസ് തങ്ങളുടെ സമാഹാരങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല. അവരുടെ നിബന്ധനകൾ പ്രകാരം ഇത് പ്രബലമല്ല എന്ന് അത് സൂചിപ്പിക്കുന്നു’’ (പ്രബോധനം/ 2013 മാർച്ച് 23).
ലോകത്ത് നിയോഗിക്കപ്പെട്ട മുഴുവൻ പ്രവാചകന്മാരും അവരുടെ സമൂഹത്തിന് താക്കീത് നൽകിയതും നബിﷺ ഗൗരവകരമായി പറഞ്ഞ വലിയ പരീക്ഷണവുമായ മസീഹുദ്ദജ്ജാലിനെ കുറിച്ച് ഇവർ പ്രചരിപ്പിക്കുന്നത് നോക്കൂ: “ദജ്ജാൽ വിഷയകമായി നബിയിൽനിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസുകൾ മൊത്തത്തിൽ പരിശോധിച്ചാൽ തൽസംബന്ധമായി പ്രവാചകന് അല്ലാഹുവിങ്കൽനിന്ന് ലഭിച്ചിട്ടുള്ള അറിവ് ഒരു പെരും ദജ്ജാൽ (വ്യാജൻ) വരാനിരിക്കുന്നുണ്ടെന്നും അവന്റെ പ്രത്യേകതകളും അവസ്ഥയും ഇന്നിന്നതൊക്കെയാണെന്നുമെന്നതിൽ പരിമിതമാണെന്നാണ് മനസ്സിലാകുക. അവൻ എപ്പോൾ, എവിടെ പ്രത്യക്ഷപ്പെടുമെന്നോ നബിയുടെ കാലത്ത് തന്നെ അവൻ ജനിച്ചിട്ടുണ്ടോ അതോ തിരുമേനിക്കു ശേഷം വിദൂര കാലത്തെങ്ങോ ആണോ ജനിക്കുക തുടങ്ങിയ വിവരങ്ങളൊന്നും അല്ലാഹു പ്രവാചകന് പറഞ്ഞു കൊടുത്തിട്ടില്ല. ഈ വിഷയകമായി ഹദീസുകളിൽ വന്നിട്ടുള്ള വ്യത്യസ്ത വിവരങ്ങളുടെ ഭിന്നതകളിൽ നിന്നും നബിയുടെ വിവരണശൈയിലിയിൽനിന്നുതാനും വ്യക്തമാകുന്ന സംഗതി അവയൊന്നും തന്നെ തിരുമേനി വഹ്‌യിന്റെ (വെളിപാട്) അടിസ്ഥാനത്തിൽ പറഞ്ഞിട്ടുള്ളതല്ലെന്നും മറിച്ച് ഊഹിച്ചു പറഞ്ഞതാണെന്നുമാണ്’’ (ചോദ്യോത്തരം, ഭാഗം 2/മൊഴിമാറ്റം വി. എ. കബീർ/പേജ് 16).
പ്രമാണങ്ങൾ പഠിപ്പിക്കുന്ന ദജ്ജാലിനെപ്പറ്റി ഇവർക്ക് ഒന്നും അറിയില്ലേ? അതല്ല അറിഞ്ഞിട്ടും തങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ നിഷേധിച്ചുതള്ളുകയോ? മക്കയും മദീനയും ഒഴികെ മറ്റെല്ലായിടത്തും അവനെത്തുമെന്നും നാൽപത് ദിവസത്തോളം ഇവിടെ കഴിയുമെന്നും ബൈത്തുൽ മക്വ‌്ദിസിനടുത്തുള്ള ബാബുലുദ്ദിൽവെച്ച് ഈസാനബി (അ) അവനെ കൊല്ലുമെന്നും നബിﷺ വ്യക്തമാക്കിയിട്ടുള്ളതാണ്. നബി ﷺ മതകാര്യം സ്വന്തം ഊഹമനുസരിച്ച് പറഞ്ഞുണ്ടാക്കുമെന്ന ഗുരുതരമായ ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്. അല്ലാഹു പറയുന്നു: “അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല; അത് അദ്ദേഹത്തിന് (അല്ലാഹുവിൽനിന്നുള്ള) സന്ദേശമായി നൽകപ്പെടുന്നത് മാത്രമാകുന്നു’’ (53:24).
‘അവൻ നീങ്ങളിൽ വരുമെന്നത് അസംഭവ്യമല്ലെ’ന്നും (ഇബ്‌നുമാജ) ‘അവൻ വരുമ്പോൾ ഞാനുണ്ടെങ്കിൽ അവനിൽനിന്ന് നിങ്ങളെ തടയുമെന്നും ഞാനില്ലെങ്കിൽ നിങ്ങൾ സ്വയം സുരക്ഷിതരാകണ’മെന്നും (മുസ്‌ലിം) ‘ദജ്ജാലിന്റെ ഫിത്നയിൽനിന്ന് അല്ലാഹുവിനോട് നിങ്ങൾ കാവൽ തേടുക’യെന്നും (തിർമുദി) നബിﷺ ഊഹത്തിന്റെ അടിസ്ഥാനത്തിലാണോ? ഇതെങ്ങനെയാണ് ഊഹിച്ചു പറയാനാവുക?
വൻപാപങ്ങളിലൊന്നായി ഇസ്‌ലാം പഠിപ്പിച്ച മാരണത്തിന് യാഥാർഥ്യമുണ്ടെന്നും അതിൽനിന്നും രക്ഷ നേടാൻ എന്തെല്ലാം ചെയ്യണമെന്നും പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ട്. മൂസാനബി(അ)യുടെ അടുക്കൽ മലക്കുൽ മൗത്ത് മനുഷ്യരൂപത്തിൽ വന്ന സംഭവം പ്രബലമാണ്. ഈ ഹദീസിനെ ഇവർ പരിഹസിക്കുന്നത് നോക്കൂ: “...ഉദാഹരണത്തിന്, മരണത്തിന്റെ ചുമതലയേൽപ്പിക്കപ്പെട്ട മലക്ക് അസ്‌റാഈൽ റൂഹിനെ പിടിക്കാൻ സമ്മതം തേടിക്കൊണ്ട് മൂസാ(അ)യെ സമീപിച്ചപ്പോൾ അദ്ദേഹം മലക്കിന്റെ കണ്ണ് തല്ലിപ്പൊട്ടിച്ചു എന്ന ഒരു പൊട്ടൻ കഥ സ്വീകാര്യമായ നിവേദക പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മറ്റ് ചില ഹദീസുകളിൽ മുഹമ്മദ് ﷺക്ക് സിഹ്ർ ബാധിച്ചിരുന്നതായി പറയുന്നു. നബിﷺ സിഹ്ർ ചെയ്യുന്നവനോ സിഹ്ർ ബാധിച്ചവനോ ആയിരുന്നുവെന്ന ശത്രുക്കളുടെ ആരോപണത്തെ ഖണ്ഡിതമായി നിരാകരിക്കുന്ന ഖുർആൻ സൂക്തങ്ങൾ നിലവിലിരിക്കെയാണ് സിഹ്ർ ബാധിച്ചതിനാൽ കുറെ ദിവസങ്ങളോളം അല്ലെങ്കിൽ മാസങ്ങളോളം മറവി ബാധിച്ചു നടന്നു എന്ന ഹദീസുകൾ. അതും യഹൂദി സിഹ്ർ ചെയ്തുകൊണ്ട്’’ (പ്രബോധനം/ഹദീസ് പതിപ്പ് 2007/പേജ് 129).
എതിർക്കപ്പെടുന്നതിനെ ‘സ്വീകാര്യമായ നിവേദക പരമ്പര’എന്ന് വിശേഷിപ്പിച്ചാൽ അതെങ്ങനെയാണ് പൊട്ടൻകഥയാവുക? പ്രവാചകനെ കളിയാക്കാൻ അവിശ്വാസികൾ ഉന്നയിച്ച മാരണവും ജൂതനായ ലബീദ് അദ്ദേഹത്തിനുനേരെ ചെയ്ത സിഹ്‌റും രണ്ടാണെന്ന് മനസ്സിലാക്കാനുള്ള വകതിരിവാണ് ആദ്യം വേണ്ടത്. സിഹ്‌റിന്റെ വസ്തുതയെ നിഷേധിക്കാൻ ടി. മുഹമ്മദ് സാഹിബ് എഴുതിയ ‘സിഹ്‌റിന് യാഥാർത്ഥ്യമോ?,’ ഇമാം മഹ്ദിയുടെ വരവിനെ നിഷേധിച്ചുകൊണ്ട് സലീം മൗലവി മൊറയൂർ രചിച്ച ‘മഹ്ദിയെന്ന മിഥ്യ’ എന്നീ പുസ്തകങ്ങൾ ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇസ്‌ലാമിക ഭരണാധികാരികൾക്കെതിരെ വിപ്ലവത്തിനു തിരിയാൻ പാടില്ലെന്ന പ്രവാചക നിർദേശത്തോടും ഇവർക്കു പുച്ഛമാണ്. ‘സലഫിസം; ചരിത്രം, വർത്തമാനം’ എന്ന പുസ്തകത്തിൽനിന്ന് വായിക്കാം: “സ്വേച്ഛാധിപതികളായ ഭരണാധികാരികൾക്കുനേരെ മൗനം പാലിക്കുകയും അവരെ അധികാരത്തിൽനിന്നു മാറ്റിനിർത്തുവാൻ നടത്തുന്ന ശ്രമങ്ങളെ നിഷിദ്ധമാക്കുകയും ചെയ്യുന്ന സമീപനമാണ് സലഫിസം സ്വീകരിച്ചുവരുന്നത് എന്നത് മറ്റൊരു പ്രധാന പ്രശ്‌നമാണ്. അതാണ് സലഫി മാതൃക എന്നവർ വിശ്വസിക്കുന്നു’’ (ഡോ.അബ്ദുസ്സലാം വാണിയമ്പലം/പേജ് 37).
തങ്ങൾ പ്രമാണങ്ങളുടെ കൂടെയാണെന്ന അവകാശവാദമുന്നയിക്കാൻ ഇവർക്കെന്ത് അർഹതയാണുള്ളത്? പ്രമാണങ്ങളോടുള്ള സമീപനത്തിൽ പ്രസ്ഥാനം വെച്ചുപുലർത്തുന്ന വൈകല്യങ്ങളെ ന്യായീകരിച്ച് തടിതപ്പുകയല്ലാതെ തിരിച്ചറിഞ്ഞ് തിരുത്താൻ ഇതുവരെ ഇക്കൂട്ടർ സന്നദ്ധരായിട്ടില്ല. അല്ലാഹുവിന്റെ മുന്നറിയിപ്പ് കാണുക: “അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) തടയുകയും, തങ്ങൾക്ക് സന്മാർഗം വ്യക്തമായിക്കഴിഞ്ഞതിനുശേഷം റസൂലുമായി മാത്സര്യത്തിൽ ഏർപെടുകയും ചെയ്തവരാരോ തീർച്ചയായും അവർ അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്തുകയില്ല. വഴിയെ അവൻ അവരുടെ കർമങ്ങൾ നിഷ്ഫലമാക്കിക്കളയുകയും ചെയ്യും’’ (47:32).

