ആക്ഷേപങ്ങളിൽ ആശ്വാസമടയുന്ന സമസ്തക്കാർ 2

മൂസ സ്വലാഹി കാര

2024 ജനുവരി 20, 1445 റജബ് 8

ഭാഗം: 02

മുസ്‌ലിയാർ എഴുതുന്നു: “പ്രവാചകാനു ചരരായ സ്വഹാബികൾ നക്ഷത്ര സമാനരാണെന്നും അവരെ അനുധാവനം ചെയ്യുന്നവർ സന്മാർഗസ്ഥരാണെന്നും ഹദീസിലുണ്ട്. ഇതുപ്രകാരം അവരെ അനുധാവനം ചെയ്തവരെ സ്വഹാബിയ്യീൻ എന്നോ, ഖുലഫാഉ റാശിദീനെ പിന്തുടർന്നു ജീവിക്കുന്നവരെ റാശിദീൻ എന്നോ വിളിക്കാറില്ല. അതുകൊണ്ടുതന്നെ മുഖ്യധാരയിൽനിന്നു മാറിനിൽക്കാനുള്ള ത്വരയാണ് ഈ നാമപരിണാമങ്ങളിൽ ഒളിഞ്ഞിരിക്കുന്നതെന്ന് കരുതേണ്ടിവരും. സലഫും സലഫിയ്യത്തും തമ്മിൽ ആദർശപരമായി ഒരു ചേർച്ചയുമില്ലെന്നും മനസ്സിലാക്കുക’’ (പേജ് 10).

പൂർവികർ ആരാണെന്ന് തിരിയാത്തതിന്റെ കുഴപ്പമാണിത്. സ്വഹാബികളടങ്ങുന്ന ആദ്യ മൂന്ന് തലമുറയാണല്ലോ ഉത്തമരെന്ന് വിശേഷിപ്പിക്കപ്പെട്ടവർ. അല്ലാഹു പറയുന്നു: “തനിക്ക് സൻമാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും (അല്ലാഹുവിന്റെ) ദൂതനുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്നപക്ഷം അവൻ തിരിഞ്ഞ വഴിക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!’’(4:115).

‘സലഫുകളെ’ പിൻപറ്റുന്നവരെ ‘സലഫികൾ’ എന്നല്ലാതെ എന്താണു വിശേഷിപ്പിക്കുക? വിശ്വാസ, ആചാരാനുഷ്ഠാനങ്ങളിൽ പ്രമാണം നോക്കി നിലപാടെടുക്കുന്നവരാണ് സലഫി സമൂഹമെന്ന് അവരെ അടുത്തറിയുന്നവർക്കെല്ലാം അറിയാം. അത്യാചാരങ്ങൾക്കോ അന്ധമായ അനുകരണത്തിനോ അവർ അടിമപ്പെടുകയില്ല! ഇബ്‌നു മസ്ഊദ്(റ)പറഞ്ഞു: “നിങ്ങൾ പിൻപറ്റുക, പുത്തനാചാരങ്ങൾ ഉണ്ടാക്കരുത്. നിങ്ങൾക്കത് മതിയാകും.’’

മുസ്‌ലിയാർ പറയട്ടെ: “സലഫിന്റെ വിശ്വാസ്യതയായിരുന്നു ഇസ്‌ലാമിന്റെ അവലംബം. സ്വഹാബത്തിന്റെ വിശ്വാസ്യതയെ ഇവർ സംശയത്തിന്റെ കരിനിഴലിൽ നിർത്തി. ഖവാരിജ് മുതൽ വഹാബികൾ വരെയുള്ള എല്ലാ മാർഗഭ്രംശങ്ങളിലും ഈ പ്രവണത കാണാം. കേരളത്തിൽ സ്വഹാബത്ത് വഴിയാണ് ഇസ്‌ലാം മത പ്രചാരണം നടക്കുന്നത്. പക്ഷേ, അവർ ഇസ്‌ലാമിൽ ജൂത-ഇസ്‌റാഈലി പുരാണേതിഹാസങ്ങൾ പ്രചരിപ്പിച്ചവരാണെന്നും കൊള്ളരുതാത്തവരാണെന്നും പറഞ്ഞുവെച്ചു മുജാഹിദ് വിഭാഗം. സ്വഹാബിമാർ മതത്തിൽ അവലംബമല്ലെന്നും അവർ തിട്ടൂരമിട്ടു’’ (പേജ് 11).

പരലോക ഭയമില്ലാത്തവർക്കേ ഇങ്ങനെ പ്രചരിപ്പിക്കാനാകൂ. ആരാണ് സ്വഹാബിമാരെ ആക്ഷേ പിച്ചത്? വസ്തുതാപരമായി എന്താണിതിലുള്ളത്? ഖവാരിജുകൾ തുടങ്ങിവെച്ച പ്രമാണ ദുർവ്യാഖ്യാനം ഇവിടെ തുടർന്നതാരാണ്? സമസ്ത ആരംഭിച്ചത് മുതൽ അതിന്റെ പ്രവർത്തനങ്ങളിലും പ്രഭാഷ ണങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ശിയാ ആശയങ്ങൾ നിറച്ചതാരാണ്? സ്വഹാബികൾക്ക് പരിച യമില്ലാത്ത ജാറനിർമാണമടക്കം ഇസ്‌ലാമിന്റെ പേരിൽ ഇറക്കുമതി ചെയ്തത് സ്വഹാബികളെ എതി ർക്കലല്ലേ? ജൂത-ക്രൈസ്ത വിഭാഗങ്ങളുടെ മതാചാരങ്ങളെ അനുകരിക്കുന്നവർ ആരാണ്?

അദ്ദേഹം പറയുന്ന മറ്റൊരു കാര്യം കൂടി കാണുക: “മക്കയിലും മദീനയിലും ഒട്ടനവധി സാംസ്‌കാരിക പൈതൃക ചിഹ്നങ്ങൾ തകർക്കപ്പെട്ടു. ലോകത്തേറ്റവുമധികം ഇസ്‌ലാമിക ചരിത്ര സ്മാരകങ്ങൾ ഉണ്ടാകേണ്ടിയിരുന്ന സുഊദി അറേബ്യ ശൂന്യമായി. ബദ്‌റോ ഉഹ്‌ദോ സംരക്ഷിക്കപ്പെട്ടില്ല. ഇസ്‌ലാമിന്റെ ത്രസിപ്പിക്കുന്ന ചിഹ്നങ്ങൾ മായ്ക്കപ്പെട്ടു. അനേകമനേകം ഓർമ ചിഹ്നങ്ങളുടെ ശവക്കാവായി ആ രാജ്യം പരിണമിച്ചു’’ (പേജ് 12).

മക്കത്തും മദീനത്തും മക്വ‌്‌ബറ വ്യവസായവും ജാറ പൂജയുമാണ് മുസ്‌ലിയാർ സ്വപ്നം കാണുന്നത്. ശവകുടീരങ്ങളിൽ ചെന്ന് ആരാധന നടത്തുന്നവർ ‘ശവക്കാവി’നോട് എന്തിനു വെറുപ്പുകാണിക്കണം? നബിﷺ അടക്കമുള്ള ആരുടെയും ക്വബ്‌റുകൾ അവിടെ കെട്ടിയുയർത്തി അലങ്കരിച്ചിട്ടില്ല എന്ന വസ്തുത സാധാരണക്കാരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് പുരോഹിതന്മാർക്ക് വല്ലാത്ത അങ്കലാപ്പുണ്ടാക്കുന്നതാണ്. ആദരിക്കപ്പെടേണ്ട പൈതൃകങ്ങൾക്ക് ഇന്നും യാതൊരു കേടും സംഭവിച്ചിട്ടില്ലെന്നും ശിർക്കിന് വഴിവെക്കുന്ന ഒന്നിനുമവിടെ സ്ഥാനമില്ലെന്നും നാം മനസ്സിലാക്കണം.

മുസ്‌ലിയാർ വീണ്ടും പറയുന്നു: “കേരള നവോത്ഥാനം പരസ്പരം ശിർക്കാരോപിക്കുന്നു. ജിന്നും മലക്കും പിശാചും വരെ തൗഹീദ് പ്രസ്ഥാനത്തിന്റെ തിണ്ണനിരങ്ങുന്നു. ആഗോള തലത്തിൽ സലഫിസം തീവ്രവാദ രാഷ്ട്രീയ മൂവ്‌മെന്റായി മനസ്സിലാക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ വേണം വഹാബിസം സമുദായ ശരീരത്തിലേൽപ്പിച്ച പരുക്കുകൾ പരിശോധിക്കാൻ’’(പേജ് 12).

മലക്കുകൾക്കും പ്രവാചകന്മാർക്കും ഔലിയാക്കൾക്കും അഭൗതിക മാർഗത്തിലൂടെ സഹായിക്കാൻ കഴിയുമെന്നും മരണശേഷം അവർക്ക് ശക്തി കൂടുമെന്നുമുള്ള പിഴച്ച വിശ്വാസമല്ലേ സമസ്തയുടെത്? ക്വുർആൻ വിലക്കിയതാണിത്. അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാൻ വേണ്ടി അവർ അവന്ന് ചില സമൻമാരെ ഉണ്ടാക്കി വെച്ചിരിക്കുന്നു. പറയുക: നിങ്ങൾ സുഖിച്ചുകൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്കുതന്നെയാണ്’’(14:30)

സമസ്തയുടെ മുശാവറയിൽ പെട്ടവർതന്നെ ഇന്നുവരെയുള്ള ആദർശത്തിന് ദുർഗന്ധമുണ്ടെന്ന് ഉന്നയിക്കുമ്പോൾ അത് മാറ്റാൻ ആദ്യം മുന്നിട്ടിറങ്ങുക. എന്നിട്ടാകാം സലഫികളെ പഴിപറയൽ.

“നിങ്ങൾക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങൾ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും അവന്നു കീഴ്‌പെടുകയും ചെയ്യുവിൻ. പിന്നെ (അത് വന്നതിനുശേഷം) നിങ്ങൾ സഹായിക്കപ്പെടുന്നതല്ല’’ (39:54).

തൗഹീദിനോടും അതിന്റെ വക്താക്കളോടും ഇവർ കാണിച്ച അന്യായത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കിത്തരുന്ന, മുസ്‌ലിയാരുടെ വാക്കുകൾ കാണുക: “മുസ്‌ലിംകളുടെ തൗഹീദിലായിരുന്നു ഇബ്‌നു അബ്ദിൽ വഹാബിന്റെ സംശയം. കേരളത്തിൽ മതപരിഷ്‌കരണത്തിനിറങ്ങിയവർക്കും സംശയം തൗഹീദിൽതന്നെയായിരുന്നു. ആരാധന, പ്രാർഥന, സഹായാർഥന തുടങ്ങിയ സാങ്കേതിക ശബ്ദങ്ങളിൽ ചുറ്റിത്തിരിഞ്ഞായിരുന്നു ഏറിയ പങ്ക് പരിഷ്‌കരണങ്ങളും നിർദേശിക്കപ്പെ ട്ടത്. ശ്മാശനങ്ങൾക്ക് ചുറ്റുമായിരുന്നു നശീകരണ നവോത്ഥാനത്തിന്റെ പ്രയോക്താക്കൾ കറങ്ങി നടന്നത്. ശ്മശാന നവോത്ഥാനവും രക്തവിപ്ലവവും ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു?’’ (പേജ് 12).

ആരാധനയിലെ മുഖ്യവിഷയങ്ങളിലെല്ലാം വ്യാജ ഔലിയാക്കളെ പങ്കാളികളാക്കി സമസ്ത കൊണ്ടു നടക്കുന്ന ആശയമെങ്ങനെയാണ് തൗഹീദാവുക? ഇസ്‌ലാമിനെ ശ്മശാനങ്ങളിൽ ഒതുക്കാനും ജനങ്ങളെ ശ്മശാനങ്ങൾക്കു ചുറ്റും കറങ്ങുന്നവരായി മാറ്റുവാനും പതിറ്റാണ്ടുകളായി പണിയെടുക്കുന്ന സമസ്തക്കാർക്ക് അതിനെതിരെ ശബ്ദിക്കുന്നവരോട് അരിശം തോന്നുക സ്വാഭാവികം. അല്ലാഹു പറയുന്നു: “എന്നാൽ ഏക ആരാധ്യനെ (അല്ലാഹുവിനെ) ആരാധിക്കാൻ മാത്രമായിരുന്നു അവർ കൽപിക്കപ്പെട്ടിരുന്നത്. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവർ പങ്കുചേർക്കുന്നതിൽ നിന്ന് അവനെത്രയോ പരിശുദ്ധൻ!’’ (ക്വുർആൻ 9:32).

‘അറിഞ്ഞുകൊണ്ട് നിങ്ങൾ അല്ലാഹുവിന് സമൻമാരെ ഉണ്ടാക്കരുത്’ എന്ന വിശുദ്ധ ക്വുർആനിന്റെ ആഹ്വാനത്തെ തട്ടി മാറ്റി 1933ൽ ഫറോഖ് സമ്മേളനത്തിൽവെച്ച് അന്നത്തെ പുരോഹിതന്മാർ പാസ്സാക്കിയ തലതിരിഞ്ഞ ആശയങ്ങൾ നിറഞ്ഞ എട്ടാം പ്രമേയം ഏത് തൗഹീദിനെയാണ് പ്രതിനിധാനം ചെയ്യുന്നത്?

ശിയാക്കളും സൂഫികളും വിശുദ്ധ ക്വുർആനിലെ വ്യത്യസ്ത ആയത്തുക്കളെ അവരുടെ താൽപര്യങ്ങൾക്കുവേണ്ടി ദുർവ്യാഖ്യാനിച്ചത് മാതൃകയാക്കി കാന്തപുരം മുസ്‌ലിയാരടക്കം പലരും നടത്തിയ ദുർവ്യാഖ്യാനങ്ങൾ തിരുത്താൻ സമസ്തക്കാർ തയ്യാറുണ്ടോ?

നബിﷺ ശക്തമായി വിലക്കിയതും ശിയാക്കൾ ആരംഭിച്ചതുമായ ജാറനിർമാണം സമസ്ത ഏറ്റെടുത്തപ്പോൾ അതിനെ പ്രാമാണികമായി സലഫികൾ നേരിട്ടതിനെയാണ് ‘നശീകരണ നവോത്ഥാനം,’ ‘ശ്മശാന നവോത്ഥാനം’ എന്നൊക്കെ പറഞ്ഞ് മുസ്‌ലിയാർ പുച്ഛിക്കുന്നത്! അല്ലാഹു പറയുന്നു: “യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിക്കുകയും ധിക്കാരിയായ ഏത് പിശാചിനെയും പിൻപറ്റുകയും ചെയ്യുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്’’ (22:3).

‘പ്രമാണങ്ങളെ ബിദഇകൾ ചെയ്തത്’ എന്ന പേരിൽ ഇതേ സുന്നിവോയ്‌സിൽ മറ്റൊരു മുസ്‌ലിയാർ എഴുതിവിട്ട അന്ധമായ വിമർശനം നോക്കൂ: “പ്രമാണങ്ങളെ മനസ്സിലാക്കുന്നിടത്ത് ബിദഇകൾക്ക് സംഭവിച്ച പിഴവിന്റെ പരിണിതഫലമാണ് ലോകമുസ്‌ലിംകളെ കാഫിറുകളാക്കാനുള്ള ഉത്സാഹം. അതിനുവേണ്ടി അവർ ഖുർആനിലെ സൂക്തങ്ങൾ ദുർവ്യാഖ്യാനം ചെയ്തു. അല്ലാഹു അല്ലാത്തവരെ ആരാധിക്കരുത് എന്ന ആശയം ഉൾകൊണ്ട സൂക്തങ്ങൾ അല്ലാഹുവിന്റെ അമ്പിയാ-ഔലിയാക്കളെ ആദരിച്ച് സഹായാർത്ഥന നടത്തുന്നതിനെ കുറിച്ചാണെന്ന, ഒരു വ്യാഖ്യാതാവും പറയാത്ത ദുർവ്യാഖ്യാനങ്ങൾ നടത്തി ലോക മുസ്‌ലിംകളെ ബഹുദൈവ വിശ്വാസികളാക്കി മതത്തിനു പുറത്താക്കി’’ (പേജ് 26).

മുവഹ്ഹിദുകളെ മുഴുവൻ കാന്തപുരം ‘ദീനിൽനിന്ന് പുറത്താക്കിയ’തിന്റെയും സ്വന്തം സഭയിൽപ്പെട്ട കൂറ്റനാടിനെ ക്വുർആൻ പരിഭാഷപ്പെടുത്തിയതിന്റെ പേരിൽ സമസ്ത സെക്രട്ടറി കാഫിറാക്കിയതിന്റെയും ഇ.കെ മുസ്‌ലിയാരെ സി.എം മടവൂർ കാഫിറാക്കിയതിന്റെയും പൊല്ലാപ്പുതന്നെ ഇതുവരെ സമസ്തയെ വിട്ടുപോയിട്ടില്ല.

ആരാധനയായി പഠിപ്പിക്കപ്പെട്ട പ്രാർഥന, സഹായതേട്ടം, തവക്കുൽ എന്നിവയെല്ലാം വ്യത്യസ്ത കേന്ദ്രങ്ങളിൽ സമർപ്പിക്കുക വഴി ശിർക്കിൽ പതിക്കുന്നവരെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ ആയത്തുകൾ ഉദ്ധരിക്കുന്നതാണോ ദുർവ്യാഖ്യാനം? മരണപ്പെട്ട ‘അമ്പിയാ-ഔലിയാക്കളെ ആദരിച്ച് സഹായാർത്ഥന’ നടത്താൻ പറയുന്ന ക്വുർആൻ ആയത്തൊന്ന് ഉദ്ധരിക്കാമോ?

‘നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക’ എന്ന, ക്വുർആൻ ആണയിട്ട് പറഞ്ഞ സന്ദേശം തന്നെയാണ് എപ്പോഴും പറയാനുള്ളത്. ഇബ്‌നു കസീർ(റഹി) പറയുന്നു: “എല്ലാ സന്ദർഭങ്ങളിലും സമയങ്ങളിലും അടിമകൾക്ക് ശ്രേഷ്ഠതയും അനുഗ്രഹവും നൽകുന്ന അന്നദാതാവും സ്രഷ്ടാവുമായിട്ടുള്ളവനിൽ ഒരാളെയും പങ്കുചേർക്കാതെ ഏകനാക്കി ആരാധിക്കണമെന്നാണ് ഈ കൽപന. സൃഷ്ടികളിൽ ഒന്നിനെയും അവനിൽ പങ്കുചേർക്കരുത്. അവൻ ഏകനാക്കപ്പെടാൻ അർഹനാണ്.’’

ഔലിയാക്കൾക്ക് ലോകം നിയന്ത്രിക്കാൻ കഴിയുമെന്നും അവർക്ക് അല്ലാഹു എന്തും സാധിച്ച് കൊടുക്കാനുള്ള കഴിവ് നൽകുമെന്നും ജൽപിക്കുന്ന പൗരോഹിത്യത്തിന് ഈ തൗഹീദ് ദഹിക്കാൻ സാധ്യതയില്ലല്ലോ.

സത്യത്തിലേക്കുള്ള നിരന്തരമായ ക്ഷണം ജനങ്ങളെ ഉദ്ബുദ്ധരാക്കുന്നുണ്ടെന്നതിന്റെ പ്രകടമായ തെളിവാണ് പല ആത്മീയ കച്ചവട കേന്ദ്രങ്ങളിലും ആളുകൾ കുറഞ്ഞുവരുന്നു എന്നത്. അവർ അകലുന്നതിന്റെ കാരണം പ്രമാണ വെളിച്ചമാണ്. മുസ്‌ലിയാരുടെ പരിഭവം നോക്കൂ: “ആത്മീയ സദസ്സുകൾ ഹൃദയസംസ്‌കരണത്തിലും വിശ്വാസദ്യഢത നൽകുന്നതിലും വലിയ പങ്കുവഹിക്കുന്നു. തിരുനബി (സ)യുടെ കാലം മുതൽ നിലനിൽക്കുന്ന ദിക്ർ ഹൽഖകൾ മുസ്‌ലിം ലോകത്ത് സുപരിചിതവുമാണ്. എന്നാൽ ഇത്തരം സദസ്സുകളെ പാടെ നിരാകരിച്ച് ആത്മീയസത്തയൂരിയ ജീവച്ഛവമായ ഒരു പ്രത്യയ ശാസ്ത്രമാണ് വഹാബികൾ പ്രചരിപ്പിച്ചത്’’ (പേജ് 27).

നബിﷺ അനുചരന്മാർക്ക് ദീൻ പഠിപ്പിക്കാൻ ഒരുക്കിയ സദസ്സിനോട് തങ്ങളുടെ പൊള്ളത്തരങ്ങൾ വ്യാപിപ്പിക്കാനും മതവാണിഭം വളർത്താനും തയ്യാറാക്കുന്ന സംവിധാനങ്ങളെ താരതമ്യം ചെയ്യുക എന്നതുതന്നെ വളരെ മോശമാണ്. ഒന്ന് നബിചര്യയും ഈമാനും അനുസരണവുമാണ്. മറ്റൊന്ന് പുതുനിർമിതിയും സത്യനിഷേധവും ധിക്കാരവുമാണ്. അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല; ദുഷിച്ചതിന്റെ വർധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാൽ ബുദ്ധിമാൻമാരേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’ (5:100).

പുത്തനാചാരങ്ങളെയും ശിർക്കൻ വിശ്വാസങ്ങളെയും സലഫികൾ തുറന്നുകാട്ടുകതന്നെ ചെയ്യും. കാരണം അത് വിശ്വാസികളുടെ ദൗത്യനിർവഹണത്തിന്റെ ഭാഗമാണ്.