ജമാഅത്ത് താത്വികാചാര്യന് പിഴച്ചത് തൗഹീദിൽ തന്നെ!

മൂസ സ്വലാഹി കാര

2024 ഫെബ്രുവരി 03, 1445 റജബ് 22

ഭാഗം: 03

ഇസ്‌ലാമിന്റെ കരുത്തും കാതലുമായ തൗഹീദ് വിശ്വാസികളെ ജീവസ്സുറ്റതാക്കുന്നതും അവരെ സദ്പ്രവർത്തനങ്ങൾക്ക് സജ്ജമാക്കുന്നതും സ്വർഗം നേടാൻ അനിവാര്യവുമാണ്. ഇതിനെപ്പറ്റിയുള്ള അജ്ഞതയാണ് ആദർശവ്യതിയാനങ്ങളുടെയെല്ലാം മൂലകാരണം.

തൗഹീദിന്റെ മൂന്ന് ഇനങ്ങളിലേക്ക് പ്രമാണങ്ങൾ സൂചന നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ തൗഹീദിനെ പണ്ടുമുതലേ പണ്ഡിതന്മാർ റുബൂബിയ്യത്ത്, ഉലൂഹിയ്യത്ത്, അസ്മാഉ വസ്സിഫാത്ത് എന്നിങ്ങനെ യഥാക്രമം തരംതിരിച്ചിട്ടുമുണ്ട്.

അല്ലാഹു പറയുന്നു: “ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവൻ. അതിനാൽ അവനെ താങ്കൾ ആരാധിക്കുകയും അവന്നുള്ള ആരാധനയിൽ ക്ഷമയോടെ ഉറച്ചുനിൽക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കൾക്കറിയാമോ?’’(ക്വുർആൻ 19:65).

ശൈഖ് നാസിറുസ്സഅ്ദി(റ) പറയുന്നു: “അതായത്, അവനോട് തുല്യമോ സമാനമോ ആയ യാതൊന്നും നിങ്ങൾക്കറിയില്ല. കാരണം അവൻ സർവലോക രക്ഷിതാവാണ്. മറ്റുള്ളവർ അടിമകളും അവൻ സ്രഷ്ടാവുമാണ്. മറ്റെല്ലാം സൃഷ്ടികളാണ്. അവൻ എല്ലാ അർഥത്തിലും ധന്യനാണ്. മറ്റുള്ളവരാകട്ടെ ദരിദ്രരാണ് (മറ്റുള്ളവരിലേക്ക് ആവശ്യക്കാരാണ്). അല്ലാഹു എല്ലാ വശങ്ങളിലും സമ്പൂർണനാണ്, മറ്റുള്ളവർ അപൂർണരാണ്. അവൻ നൽകിയ പൂർണതയല്ലാതെ അവയിൽ ഇല്ല. സർവശക്തനായ അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹൻ, അവനെ ആരാധിക്കുന്നതാണ് ശരി. മാത്രമല്ല, അവനെയല്ലാതെ മറ്റെന്തിനെയും ആരാധിക്കുന്നത് നിരർഥകമാണ് എന്നതിനുമുള്ള ഖണ്ഡിതമായ തെളിവാണിത്. അത്യുന്നതമായ നാമവിശേഷണങ്ങളാലും മഹത്ത്വങ്ങളാലും സമ്പൂർണനായിട്ടുള്ളത് അവൻ മാത്രമാണ് എന്നതിനാൽ അത് ചൂണ്ടിക്കാണിച്ച് അവനെ മാത്രം ആരാധിക്കാനും അതിൽ ക്ഷമയവലംബിക്കാനും അവൻ കൽപിച്ചു’’ (തഫ്‌സീറുസ്സഅ്ദി).

ഭൗതിക സൗകര്യങ്ങളിലും ജീവിത വ്യവസ്ഥയിലും നമുക്കനുവദിക്കപ്പെട്ട അനുസരണം ശിർക്കും കുഫ്‌റുമാക്കുന്ന തരത്തിൽ ‘തൗഹീദുൽ ഹാകിമിയ്യത്ത്’എന്ന പുതിയൊരിനം മൗദൂദി സാഹിബ് ഉണ്ടാക്കി. ‘ജമാഅത്തെ ഇസ്‌ലാമി’ എന്ന സംഘടനാസംവിധാനത്തിലൂടെ ഭരണം സ്ഥാപിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

അല്ലാഹു പറയുന്നു: “നൂഹിനോട് കൽപിച്ചതും നിനക്ക് നാം ബോധനം നൽകിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കൽപിച്ചതുമായ കാര്യം-നിങ്ങൾ മതത്തെ നേരാംവണ്ണം നിലനിർത്തുക, അതിൽ നിങ്ങൾ ഭിന്നിക്കാതിരിക്കുക എന്നകാര്യം-അവൻ നിങ്ങൾക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. ആ ബഹുദൈവവിശ്വാസികളെ നിങ്ങൾ ഏതൊരു കാര്യത്തിലേക്ക് ക്ഷണിക്കുന്നുവോ അത് അവർക്ക് വലിയ ഭാരമായി തോന്നിയിരിക്കുന്നു. താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു തന്റെ അടുക്കലേക്ക് തെരഞ്ഞെടുക്കുന്നു. താഴ്മയോടെ മടങ്ങുന്നവരെ അവങ്കലേക്കുള്ള മാർഗത്തിൽ നയിക്കുകയും ചെയ്യുന്നു’’ (42:13).

ഈ ആയത്തിലെ ‘നിങ്ങൾ മതത്തെ നേരാംവണ്ണം നിലനിർത്തുക’ എന്നതിനെ മൗദൂദി തന്റെ താൽപര്യാനുസരണം വ്യാഖ്യാനിക്കുവാൻ ശ്രമിച്ചു. എന്നാൽ അത് പാഴ്ശ്രമം മാത്രമായിരുന്നു.

ഇമാം സഅ്ദി(റഹി) പറയുന്നു: “മതത്തിന്റെ എല്ലാ അടിസ്ഥാന നിയമങ്ങളും അതിന്റെ അനുബന്ധങ്ങളും നിങ്ങൾക്കായി നിലനിർത്തണം. മറ്റുള്ളവർക്കായി നിങ്ങൾ പരിശ്രമിക്കണം. നീതിയിലും ഭക്തിയിലും നിങ്ങൾ സഹകരിക്കുക, പാപത്തിലും അക്രമത്തിലും സഹകരിക്കരുത് എന്നും അവൻ നിങ്ങളോട് കൽപിച്ചു.’’

മതപരമായും പ്രാപഞ്ചികമായും അല്ലാഹു നടപ്പിലാക്കിയ വിധികളിൽ യാതൊരു പങ്കാളിയുമില്ലെന്നതും ആരാധനയാകുന്ന അനുസരണം മറ്റാർക്കും നൽകാൻ പാടില്ലെന്നതും പ്രമാണങ്ങൾ വ്യക്തമാക്കിയതാണ്.

അല്ലാഹു പറയുന്നു: “അവന്നു പുറമെ അവർക്ക് (മനുഷ്യർക്ക്) യാതൊരു രക്ഷാധികാരിയുമില്ല. തന്റെ തീരുമാനാധികാരത്തിൽ യാതൊരാളെയും അവൻ പങ്കുചേർക്കുകയുമില്ല’’(18:26).

ഇമാം സഅ്ദി(റ) പറയുന്നു: “ഇതിൽ മുൻകൂട്ടി നിശ്ചയിച്ച പ്രാപഞ്ചികവും മതപരവുമായ നിയമം ഉൾപ്പെടുന്നു. കാരണം അവൻ സൃഷ്ടിയുടെയും വിധിയുടെയും അത് നടപ്പിലാക്കുന്നതിന്റെയും നിയന്ത്രണത്തിന്റെയും അധിപനാണ്. അവന്റെ കൽപനകൾക്കും വിലക്കുകൾക്കും പ്രതിഫലവും ശിക്ഷയും വിധിക്കുന്നവനുമാണ്.’’

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന സാക്ഷ്യവാക്യത്തിന്റെ അർഥം അല്ലാഹുവല്ലാതെ യഥാർഥത്തിൽ ആരാധനക്കർഹനായി മറ്റാരുമില്ല എന്നാണല്ലോ. അല്ലാഹുവും മലക്കുകളും അറിവുള്ളവരും സാക്ഷിയായ ഈ കാര്യത്തെ ഓരോ വ്യക്തിയും നിർബന്ധമായും അറിഞ്ഞിരിക്കണം.

അല്ലാഹു പറയുന്നു: “ആകയാ ൽ അല്ലാഹുവല്ലാതെ യാതൊരു ആരാധനക്കർഹനുമില്ലെന്ന് നീ മനസ്സിലാക്കുക’’ (47:19).

സഅ്ദി(റഹി) ഇതിന്റെ വിശദീകരണത്തിൽ പറഞ്ഞത് കാണുക: “അല്ലാഹു കൽപിച്ച, അവന്റെ ഏകത്വത്തെപ്പറ്റിയുള്ള ഈ അറിവ് ഓരോരുത്തർക്കും വ്യക്തിബാധ്യതയാണ്. അത് ആരിൽനിന്നും ഒഴിവാക്കപ്പെടാത്ത വിധം അനിവാര്യമാണ്.’’

‘ഇലാഹ്’ എന്നതിനെ ‘സംരക്ഷകൻ’ എന്നതിൽ ഒതുക്കി സമസ്തക്കാർ മരണപ്പെട്ടവരോടു പ്രാർഥിക്കാനും സഹായം തേടാനും ‘ന്യായം’ കണ്ടെത്തി. ‘അടിമത്തം,’ ‘അനുസരണം’ എന്നീ അർഥങ്ങൾ നൽകി അനുസരിക്കപ്പെടുന്നവൻ അല്ലാഹു മാത്രമെന്ന് മൗദൂദിയും വാദിച്ചു.

ആരാധന അല്ലാഹുവിന് മാത്രമെന്ന ആശയത്തിൽനിന്ന് വേറിട്ടു സഞ്ചരിച്ച ഇരുവിഭാഗത്തിനും അവരുടെ പിഴവ് സ്പഷ്ടമായ തെളിവോടെ തുറന്നുകാണിച്ചവരാണ് തൗഹീദിന്റെ ഉറച്ച ശബ്ദങ്ങളായ കെ. എം. മൗലവി(റഹി)യും കെ. ഉമർ മൗലവി(റഹി)യും. അന്നത്തെ ജമാഅത്തെ ഇസ്‌ലാമി നേതാവായ ശൈഖ് മുഹമ്മദ് ഹുസൈനും സമസ്ത നേതാക്കളായ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, എ.പി അബൂബക്കർ മുസ്‌ലിയാർ കാന്തപുരം എന്നിവർക്കും ഉമർ മൗലവി തന്റെ പുസ്തകം നേരിട്ട് അയച്ചുകൊടുത്തിട്ടുമുണ്ട്.

മൗദൂദി സാഹിബ് തന്റെ വിശ്വാസത്തെ വികസിപ്പിക്കാൻ ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്നതിന്റെ അർഥത്തിൽ വരുത്തിയ വലിയ മാറ്റം കാണുക: “നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുർ റസൂലുല്ലാഹ് എന്ന പരിശുദ്ധ വാക്യം ഉച്ചരിച്ചുകൊണ്ട് മുസ്‌ലിംകളാണെന്നു പ്രഖ്യാപിക്കുമ്പോൾ എത്രയും ഗൗരവാവഹമായ ഒരു കരാറാണ് ചെയ്യുന്നത്. അതായത് ഇനി ഞങ്ങൾക്കുള്ള നിയമം അല്ലാഹുവിന്റെ നിയമം മാത്രമാണ്. അവനെ മാത്രമെ ഞങ്ങൾക്കിനി അനുസരിക്കേണ്ടതുള്ളൂ. അവന്ന് മാത്രമെ ഞങ്ങൾ കീഴ്വണങ്ങുകയുള്ളൂ. അവന്റെ വിശിഷ്ട ഗ്രന്ഥം മുഖേനയും പ്രവാചകൻ വഴിയായും അറിയപ്പെട്ടവ മാത്രമെ ഞങ്ങളുടെ അടുക്കൽ സത്യമുള്ളൂ എന്നൊക്കെയാണ് നിങ്ങൾ അല്ലാഹുവിന്റെയും ലോകത്തിന്റെയും മുമ്പിൽ സമ്മതിക്കുന്നത്. ചുരുക്കത്തിൽ നിങ്ങൾ മുസ്‌ലിംകളാകുന്നതിന്റെ അർഥം നിങ്ങളുടെ സ്വാതന്ത്ര്യത്തെ അല്ലാഹുവിന്നായി ബലികഴിക്കുകയും നിങ്ങളുടെ സകലകാര്യങ്ങളെയും അല്ലാഹുവിങ്കൽ അർപ്പിക്കുകയും ചെയ്യുകയെന്നാണ്. അതിന്നുശേഷം ‘എന്റെ അഭിപ്രായം ഇതാണ്, ലോകസമ്പ്രദായവും പൂർവികാചാരവും ഇങ്ങനെയാണ്, ഇന്ന മഹാൻ പറഞ്ഞത് ഇപ്രകാരമാണ്’ എന്നൊന്നും പറയുവാൻ നിങ്ങൾക്കധികാരമില്ല’’ (ഖുതുബാത്ത്, പേജ് 37).

സാക്ഷ്യവാക്യത്തിലെ സംശയരഹിത വിശ്വാസത്തെയാണ് ഇദ്ദേഹം ചോദ്യം ചെയ്യുന്നത്. തൗഹീദിന്റെ മഹത്ത്വം പഠിപ്പിച്ച പ്രമാണങ്ങൾ ശഹാദത്ത് കലിമക്ക് ഇത്തരമൊരു വ്യാഖ്യാനം പറഞ്ഞിട്ടില്ല. വാദത്തിനുവേണ്ടി ഇത് പരിഗണിച്ചാൽ ഉത്തമ തലമുറയിൽപെട്ടവരും അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരും ഏതു പട്ടികയിൽ വരും? ‘ഇലാഹ്’ എന്നതിന്റെ സമാനാർഥമായി ‘അനുസരണം’ എടുത്താൽ നബിﷺയെ അനുസരിക്കുകവഴി ശഹാദത്ത് പൊളിയില്ലേ? അല്ലാഹു അവനെമാത്രം ആരാധിക്കണമെന്ന് വിധിച്ചതിനുശേഷം മാതാപിതാക്കളെ അനുസരിക്കണമെന്ന് കൽപിച്ചത് കുഫ്‌റിന്റെ കൽപനയാകില്ലേ? അല്ലാഹു പറയുന്നു: “നിങ്ങളുടെ ആരാധ്യൻ ഏക ആരാധ്യൻ മാത്രമാകുന്നു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ പരമകാരുണികനും കരുണാനിധിയുമത്രെ’’ (2:163).

ഇബ്‌നു കസീർ(റഹി) പറയുന്നു: “അത്യുന്നതനായ അല്ലാഹു ആരാധനകൊണ്ടുള്ള അവന്റെ ഏകത്വത്തെ അറിയിക്കുന്നു. അവന് തുല്യരോ പങ്കാളിയോ ഇല്ല. പരമകാരുണികനും കരുണാനിധിയുമായ ആരാധ്യനുമായിട്ടുള്ള, ഏകനും പരാശ്രയമുക്തനുമാണവൻ’’ (തഫ്‌സീർ ഇബ്‌നു കസീർ).

ഇബാദത്തിനെ സമൂഹത്തിനു മുമ്പിൽ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള ഈ പോക്ക് തൗഹീദിന്റെ വിഷയത്തിൽ ഭീമമായ അബദ്ധത്തിലേക്കാണ് കൊണ്ടെത്തിച്ചത്. മനസ്സിൽ തോന്നിയതെല്ലാം ആദർശമാക്കുകയും തെളിവുകൾ ബലപ്പെടുത്തിയതിനെ ഉൾക്കൊള്ളാതിരിക്കുകയും ചെയ്തതിന്റെ പരിണിത ഫലമായിരുന്നു അത്.

(അവസാനിച്ചില്ല)