ആദർശത്തിനു പരിക്കേൽപിച്ചവർ ആര്?
മൂസ സ്വലാഹി കാര
2024 സെപ്തംബർ 14, 1446 റ. അവ്വൽ 11

ഇസ്‌ലാമിന്റെ പ്രഭയും പ്രത്യേകതയും വിളിച്ചോതുന്ന ഇസ്വ‌്ലാഹിൽ ‘ഇഫ്‌സാദ്’ എന്ന വിഷം കലർത്താൻ മിനക്കെട്ടിറങ്ങിയ മർക്കസ്സുദ്ദഅ്വ നേതൃത്വം പാലിൽ വെള്ളം ചേർത്ത് കരിഞ്ചന്ത നടത്തുന്നവർക്ക് സമമായിട്ടാണ് അനുദിനം സമൂഹത്തിൽ പ്രവർത്തിക്കുന്നത്. മതത്തിന്റെ അടിത്തറയായ തൗഹീദിനെ അവമതിച്ചും അടിസ്ഥാന പ്രമാണങ്ങളെ അവഹേളിച്ചും നെട്ടോട്ടമോടുന്ന ഇവരുടെ പിഴവുകൾ ചൂണ്ടിക്കാട്ടി സത്യത്തിലേക്ക് തിരിച്ച് വിളിക്കാൻ നിർവ്വഹിക്കപ്പെടുന്ന പ്രയത്നങ്ങളോട് ‘പല്ലിളിച്ച്’ സമാധാനപ്പെടേണ്ട അവസ്ഥയിലാണിവർ.
നേർപഥം 2024 ജൂൺ 15-21 ലക്കത്തിൽ ‘ഇസ്വ്‌ലാഹ്; പ്രസക്തിയും പ്രയോഗവും’ എന്ന വിഷയത്തിൽ ഈയുള്ളവൻ എഴുതിയ ലേഖനവും അതിൽ എടുത്ത് കാണിച്ച തെളിവുകളും മർകസുദ്ദഅ്‌വക്കാരെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുന്നു. മറുപടിയെന്ന മട്ടിൽ ശബാബിൽ എഴുതിവിടുന്ന ന്യായീകരണ ങ്ങൾക്കും ഇപ്പോഴും ഇവർ ജീവൻ നൽകുന്ന വ്യതിയാനങ്ങൾക്കും വ്യക്തമായ തെളിവ് ഹാജറാക്കുകയോ, പിഴവ് പിൻവലിക്കുകയോ ചെയ്യുന്നതുവരെ ചർച്ചകൾ തുടരേണ്ടതുണ്ട്.
അഹ്‌ലുസ്സുന്ന വൽജമാഅയുടെ ആദർശ നിലപാടുകളെ സത്യസന്ധമായി സംരക്ഷിച്ച് പോരുന്ന വിസ്ഡം കൂട്ടായ്മയെ ശബാബുകാരൻ കല്ലെറിഞ്ഞ് അരിശം തീർക്കാൻ ശ്രമിക്കുന്നത് കാണുക:
“പ്രമാണബദ്ധമായ പ്രതിരോധത്തിനു മുന്നിൽ ചെറുത്തു നിൽക്കാനാവാതെ കടപുഴകി പഴങ്കഥകളായ വികല വിശ്വാസങ്ങൾക്ക് പുതുജീവനേകി മുജാഹിദ് വിലാസത്തിൽ പുനരാനയിച്ച്, ഇസ്‌ലാഹീ കേരളത്തോട് കടുത്ത വഞ്ചന നടത്തിയവരാണിവർ. ഏതൊരു ആദർശത്തിന്റെ കരുത്തിലാണോ മുജാഹിദ് പ്രസ്ഥാനം പിറവിയെടുത്തതും പിച്ചവെച്ചതും കുതിച്ച് മുന്നേറിയതും, അതേ ആദർശത്തെ മാരകമായി പരിക്കേൽപിച്ച് സ്വാർഥലാഭങ്ങൾ ലാക്കാക്കി പ്രസ്ഥാനത്തിന് കേട്ടുകേൾവി പോലുമില്ലാത്ത പുത്തൻ വാദങ്ങളും പുത്തനാചാരങ്ങളും നട്ടുമുളപ്പിച്ചത് വൃഥാവിലാവുമോ എന്നാണ് അവരുടെ ആധി’’ (ശബാബ്/2024 ആഗസ്റ്റ് 16/പേജ് 32).
ആദർശ ശൈഥില്യം ബാധിച്ച്, പുതിയ ‘ചിന്താധാര’യുമായി മുജാഹിദ് പ്രസ്ഥാനത്തിൽനിന്ന് 2000ൽ വേറിട്ടു പോയ ഇക്കൂട്ടർ പതിനാറ് വർഷങ്ങൾക്ക് ശേഷം അതേ ആശയത്തോട് ഭ്രമം മൂത്ത് കൂട്ടുകൂടാൻ വന്ന സിഡി ടവർ വിഭാഗവുമായി ലയിച്ച് നടത്തിയ ‘ഐക്യപ്പെരുന്നാൾ’ ഈ ലേഖകൻ മറന്നതുകൊണ്ടായിരിക്കും ഇത്ര ദേഷ്യത്തോടെ ചാടിവീഴുന്നത്. ഇവർക്ക് ചുക്കാൻ പിടിച്ചിരുന്ന എ അസ്ഗറലി 2016 ഡിസംബർ 16ലെ ശബാബിൽ ‘ആദർശ പൊരുത്തത്തിലൂടെ സംഘടനാ ഐക്യത്തിലേക്ക്’ എന്ന തലവാചകത്തിൽ എഴുതിയത് വായിക്കാം: “മിക്കവാറും സംഘടനകളുടെ ചരിത്രത്തിൽ ഒരു ഇരുണ്ട കാലഘട്ടം പിന്നിടാതിരുന്നിട്ടില്ല. 2000 മുതൽ 2015 വരെ മുജാഹിദ് പ്രസ്ഥാനത്തിന് അത്തരമൊരു ഇരുണ്ട കാലമായിരുന്നു. ഈ ഇരുട്ടിൽനിന്ന് നാം വെളിച്ചത്തിലേക്ക് വരികയാണ്’’ (പേജ് 21).
ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ പണ്ഡിതന്മാർ ജ്വലിപ്പിച്ച ആദർശ വെളിച്ചം ഇട്ടെറിഞ്ഞ് ഇരുട്ടിലേക്ക് പോയവരാണ് ഞങ്ങളെന്ന് പരസ്യമായി പറഞ്ഞ ഇവർക്ക് ആ പൈതൃകത്തിൽ ഉറച്ച് നിൽക്കുന്നവരെ ആക്ഷേപിക്കാൻ എന്തർഹതയാണുള്ളത്? ഇരുട്ടിലാണെന്ന് തിരിച്ചറിഞ്ഞ് തിരികെ വന്നപ്പോൾ അതേ ഇരുട്ടിനെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാൻ സർവസജ്ജരായി നിൽക്കുന്നവരെ വാരിപ്പുണർന്നവർ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദർശ കരുത്ത് അവകാശപ്പെടുന്നതിൽ എന്തർഥമാണുള്ളത്? ഒരു തോണിയിലേറി ഒന്നിച്ച് തുഴയാൻ തുടങ്ങിയപ്പോഴുണ്ടായ ‘കോലാഹലങ്ങൾ’ കാരണം വ്യതിയാനത്തിന്റെ വ്യാപ്തി കൂട്ടാൻ ഇരുവരും പഴയ രൂപം പ്രാപിച്ചും ചിലരൊക്കെ ‘പേര് നന്നാക്കി’യും മുന്നോട്ട് പോകുന്നുണ്ടെങ്കിലും ‘ആദർശ വ്യതിയാന ഐക്യം’ കാത്തുസൂക്ഷിക്കുന്നതിൽ ഇവർ കേമന്മാരാണെന്നത് പറയാതെ വയ്യ. ഇരു വിഭാഗങ്ങളെയും യഥാർഥ പ്രകാശത്തിലേക്ക് നയിക്കുകയെന്ന വിശ്വാസികളുടെ ബാധ്യതയാണ് റബ്ബിന്റെ അനുഗ്രഹത്താൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും പോഷക ഘടകളും നിർവഹിച്ചുകൊണ്ടിരിക്കുന്നത്.
അല്ലാഹു പറയുന്നു: “അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളിൽനിന്ന് അവൻ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു’’ (5:16).
ശൈഖ് നാസ്വിറുസ്സഅ്ദി(റ) ഇരുളും വെളിച്ചവും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു: “അവിശ്വാസം, പുത്തനാചാരം, ധിക്കാരം, അജ്ഞത, അശ്രദ്ധ ഇതെല്ലാം ഇരുളും; വിശ്വാസം, നബിചര്യ, അനുസരണം, അറിവ്, ദിക്ർ എന്നിവ വെളിച്ചവുമാണ്. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ നൽകുകയും അല്ലാത്തവർക്ക് കിട്ടാതാവുകയും ചെയ്യുന്ന സന്മാർഗമാണത്.’’
ശബാബ് ലേഖകൻ തുടരുന്നു: “അസുഖങ്ങളും അനർഥങ്ങളും ഉണ്ടാകുമ്പോൾ ജിന്നുബാധയും കൂടോത്രവുമാണെന്ന് ആശങ്കിക്കുന്നവരും മുജാഹിദ് കുടുംബങ്ങളിൽനിന്ന് ഉണ്ടായിവന്നത് ഇവരുടെ ദുർനയത്തിന്റെയും ദുർവായനയുടെയും ദുരന്തഫലമാണ്. എന്നാൽ, മുജാഹിദ് പ്രസ്ഥാനം നാളിതുവരെ പുലർത്തിപ്പോന്ന ആശയാദർശങ്ങൾ അട്ടിമറിച്ച് താണ്ഡവമാടുമ്പോഴും ഇവർ മുജാഹിദുകളെ ചൂണ്ടി ദേ, ആദർശ വ്യതിയാനം എന്ന് ആർത്തുവിളിച്ച് ആക്ഷേപിച്ചു നടക്കുകയായിരുന്നു’’ (പേജ് 33).
ഇസ്വ്‌ലാഹിന്റെ മുന്നണിപ്പോരാളിയായിരുന്ന കെ.എം മൗലവി(റഹ്)യെ പോലുള്ളവർ പ്രാമാണികമായി പഠിപ്പിച്ച ആദർശ നിലപാടുകളെയാണ് വിസ്ഡത്തോടുള്ള അരിശം തീർക്കാൻ അധിക്ഷേപിക്കുന്നത്. ആരോപിത വിഷയങ്ങളിൽ യഥാർഥ മുജാഹിദുകളുടെ നയം ആരോപകന്റെ സംഘടനതന്നെ അച്ചടിച്ച് വിൽപന നടത്തുന്ന ‘കെ.എം മൗലവി; ഫത്‌വകൾ’ എന്ന പുസ്തകത്തിൽ നിന്ന് വായിക്കാം:
“എന്നാൽ ക്വുർആനിലെ ആയത്തുകൾ, അല്ലാഹുവിന്റെ നാമങ്ങൾ, ഗുണങ്ങൾ, നബി(സ)യിൽ നിന്ന് ലഭിച്ചിട്ടുള്ള പ്രാർത്ഥനകൾ എന്നിവയെക്കൊണ്ട് മേൽപറഞ്ഞ അവസരങ്ങളിൽ മാരണമോ പിശാച് ബാധയോ ഏറ്റിട്ടുണ്ടെന്ന് വിചാരിക്കപ്പെടുന്ന അവസരങ്ങളിൽ ചികിത്സ നടത്തുന്നതുകൊണ്ട് ദോഷമില്ല’’(പേജ് 18).
അമാനി മൗലവി(റഹി)യുടെ വിശുദ്ധ ക്വുർആൻ വിവരണത്തിലും ‘ഇസ്‌ലാമിക ജീവിതം’ എന്ന പുസ്തകത്തിലും ഇതേ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
മുജാഹിദ് തറവാട്ടിലെ പണ്ഡിത മഹത്തുക്കളുടെ ഈ പ്രാമാണിക നിലപാടിനെ വികലമാക്കി അവതരിപ്പിച്ചത് ഇവർ തന്നെയാണ് എന്നത് ഈയൊരു ഉദാഹരണത്തിൽനിന്നുതന്നെ വ്യക്തമാണ്. ‘മുജാഹിദ് പ്രസ്ഥാനം നാളിതുവരെ പുലർത്തിപ്പോന്ന ആശയാദർശങ്ങൾ അട്ടിമറിച്ച് താണ്ഡവമാടുന്നവർ’ എന്ന വിശേഷണം ആർക്കാണു ചേരുക എന്ന് നമുക്കൊന്ന് പരിശോധിക്കാം.
(അടുത്ത ലക്കത്തിൽ: ഹദീസ് നിഷേധം വെറും ആരോപണമോ?)

