സമസ്തക്കാർ ചരിത്രം മറയ്ക്കുന്നു
മുബാറക് ബിൻ ഉമർ
2024 മാർച്ച് 23, 1445 റമദാൻ 13

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം ബംഗളൂരുവിൽ നടക്കുന്നതിനോടനുബന്ധിച്ച് പുറത്തിറങ്ങിയ ചന്ദ്രിക വാരാന്തപ്പതിപ്പിൽ 9 ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതായി കണ്ടു. വാരാന്തപ്പതിപ്പിലെ സ്ഥിരം പംക്തികൾ മുഴുവൻ ഒഴിവാക്കിയാണ് 28-1-2024ലെ ഈ ആഘോഷം. പ്രസ്ഥാനത്തിന്റെ ചരിത്രം, വളർച്ച, പുരോഗതി എന്നിവയൊക്കെ ലേഖകർ വരച്ചുവെക്കുന്നുണ്ട്. ചരിത്രം മറന്ന് ആഘോഷിക്കരുത് എന്നേ നമുക്ക് പറയാനുള്ളൂ. മനഃപൂർവം ചരിത്രം മറച്ചുവെക്കലോ? വലിയ വഞ്ചനയാണത്!
മദ്‌റസ പ്രസ്ഥാനത്തെ പറ്റിയും അതിന്റെ മഹാശിൽപിയാണെന്ന് ലേഖകൻ പറയുന്ന ബാഫഖി തങ്ങളെ പറ്റിയുമാണ് ഒരു രചന. മദ്‌റസ പ്രസ്ഥാനം കേരളത്തിൽ ഉണ്ടായത് എങ്ങനെയെന്നും അന്ന് സുന്നികളുടെ (സുന്നികൾ എന്നതുകൊണ്ട് ഉദ്ദേശ്യം സമസ്തക്കാർ എന്നാണിവിടെ. ‘സുന്നത്ത്’ എന്നാൽ ‘നബിചര്യ.’ ആ സുന്നത്തിന്റെ ആൾക്കാരാകണം സുന്നികൾ. എന്നാൽ സുന്നത്തുകളെ പരിഗണിക്കാതിരിക്കുകയും ബിദ്അത്തുകൾ കൊണ്ടുനടക്കുകയും ചെയ്യുന്നവരാണ് സമസ്തക്കാർ. ‘സുന്നികൾ’എന്ന് ആഗോള തലത്തിൽ പറഞ്ഞാൽ ശിയാക്കൾ അല്ലാത്തവർ എന്നാണ് ഉദ്ദേശ്യം. ഈ രണ്ട് അർഥത്തിലുമല്ല ‘സുന്നികൾ’ എന്ന് ഇവിടെ പറയുന്നത്) നിലപാട് എന്തായിരുന്നുവെന്നും എല്ലാവർക്കും അറിയാം.
ഓത്തുപള്ളികളാണ് അക്കാലത്ത് ഇവിടെയുണ്ടായിരുന്നത്. വെറും തറയിലിരുന്ന് പലകകളിൽ ചെവിടി മണ്ണ് തേച്ചൊക്കെയായിരുന്നു എഴുത്ത്. അക്ഷരങ്ങൾ മനസ്സിലാക്കിയാൽ ക്വുർആൻ ഓതാൻ പഠിക്കും. ക്വുർആൻ ഓതിത്തീരുന്നതോടെ ഓത്തുപള്ളി പഠനം തീരും. ഇതായിരുന്നു അവസ്ഥ.
ഓത്തുപള്ളി സമ്പ്രദായം മാറ്റി മദ്‌റസ പ്രസ്ഥാനത്തിന് ആരംഭം കുറിച്ചത് മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. അദ്ദേഹം 1902ൽ വാഴക്കാട് ദാറുൽ ഉലൂം മദ്‌റസ സ്ഥാപിച്ചു. അതിന് അദ്ദേഹം മലയാളത്തിൽ ഒരു സിലബസ് ഉണ്ടാക്കി. ക്ലാസ്സുകളാക്കി തിരിച്ചു. ഓത്തുപലക മാറ്റി കുട്ടികൾക്ക് സ്ലൈറ്റുകൾ നൽകി. ബ്ലാക്ക് ബോർഡ് സ്ഥാപിച്ചു. ചോക്കുകൊണ്ട് എഴുതിത്തുടങ്ങി.
അന്നത്തെ മുസ്‌ലിയാക്കൾ മദ്‌റസയെ എതിർത്തുകൊണ്ട് പറഞ്ഞത് ഇപ്രകാരമാണ്: ‘വഖഫ് സ്വത്തു ക്കൾ മദ്‌റസ പഠനത്തിന് ഉപയോഗിക്കൽ ഹറാമാണ്. ബോർഡിൽ ആയത്തും ഹദീസും തജല്ലിയാത്തിന്റെ ഇസ്മുകളും എഴുതാൻ പാടില്ല. കാരണം ആയത്തുകൾ എഴുതിയത് മായ്ക്കുമ്പോൾ അതിന്റെ പൊടി നിലത്തു വീഴും. അത് ഹറാമാണ്.’
അതിനുപുറമെ കൗതുകമുണർത്തുന്ന ഒരു വാദവും മുസ്‌ലിയാക്കൾ ഉന്നയിച്ചു; ഉസ്താദ് നിൽക്കുമ്പോൾ ശിഷ്യന്മാർ ബെഞ്ചിലിരിക്കുന്നത് അദബുകേട് (മര്യാദകേട്) ആണ്, അത് നിഷിദ്ധമാണ്!
മദ്‌റസക്കെതിരിൽ പ്രചാരണായുധമായി അവർ പറഞ്ഞും പാടിയും പരത്തിയ ഒരു പാട്ടുണ്ടായിരുന്നു:
‘ഒരു കാലത്തും ലാ തജ്അലുൽ ബനീന
മദ്‌റസ ബയ്യിൽ യതഅല്ലമൂന
മദ്‌റസയുടെ അവ്വലിലെ മീമാ
ജഹന്നമിന്റെ ആഖിറിലെ മീമാ
മദ്‌റസയുടെ ആഖിറ് ജഹന്നമാ...’
‘കുട്ടികളെ ഒരുകാലത്തും നിങ്ങൾ മദ്‌റസയിൽ പഠനത്തിനായി അയക്കരുത്. കാരണം മദ്‌റസ എന്ന പദത്തിലെ ആദ്യ അക്ഷരമായ ‘മ’ ജഹന്നം (നരകം) എന്ന പദത്തിന്റെ അവസാന അക്ഷരമായ മീമിൽ നിന്നാണ്.’ മദ്‌റസയിൽ പഠിച്ചാൽ അന്ത്യം നരകത്തിലാണ് അവസാനിക്കുക എന്ന് ചുരുക്കം. എങ്ങനെ യുണ്ട് ഇജ്തിഹാദ്?
അന്നത്തെ പൗരോഹിത്യം വാഴക്കാട് ദാറുൽ ഉലൂമിനെതിരെയും ചാലിലകത്തിനെ സഹായിച്ചിരുന്ന സമ്പന്ന കുടുംബത്തിനെതിരെ(വഖഫ്‌സ്വത്ത് ഇതിനു പാടില്ല എന്ന വാദം)യും സംഘടിതമായി ആക്രമണമഴിച്ചുവിട്ടു. നിവൃത്തിയില്ലാതെ ചാലിലകത്തിന് വാഴക്കാട് വിടേണ്ടിവന്നു.
മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ധീരനായിരുന്നു. അദ്ദേഹം മദ്‌റസ പ്രസ്ഥാനവുമായി മുന്നോട്ടുപോയി. ഇസ്വ‌്‌ലാഹി പ്രസ്ഥാനം മദ്‌റസകൾ സ്ഥാപിച്ചു.
ചന്ദ്രികയിലെ ലേഖനത്തിൽ പറയുന്നത് ഇങ്ങനെയാണ്: “1945ൽ സമസ്തയുടെ പതിനാറാം സമ്മേളനത്തിൽ മദ്‌റസ തുടങ്ങുന്ന കാര്യം ബാഫഖി തങ്ങൾ ഉന്നയിച്ചു. ആ ചർച്ച നീണ്ടുപോയി. ആറു വർഷം കഴിഞ്ഞ് 1951ൽ 19ാം വാർഷകത്തിൽ സമസ്ത ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ഉണ്ടാക്കി.’
പല പതിറ്റാണ്ടുകാലം എതിർക്കുകയും മാറിനിൽക്കുകയും ചെയ്ത ഒരു സംഗതിയെക്കുറിച്ച് പുതിയ തലമുറ അറിയുകയെങ്കിലും ചെയ്യേണ്ടേ?

കേരള ജംഇയ്യത്തുൽ ഉലമയാണ് ആദ്യം രൂപീകരിച്ചത്. പിന്നീടാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉണ്ടാകുന്നത്. ചരിത്രം പുതുതലമുറ ചുരുക്കിയെങ്കിലും മനസ്സിലാക്കണം.
നവോത്ഥാനം ആരംഭിക്കുന്നത് കൊടുങ്ങല്ലൂരിൽനിന്നാണ്. 1922ൽ ‘നിഷ്‌പക്ഷ സംഘം’ രൂപീക രിക്കപ്പെട്ടു. ഇത് കൊടുങ്ങല്ലൂരിൽ മാത്രം പോരെന്നും മുസ്‌ലിംകളുടെ സാമൂഹ്യ പുരോഗതിക്കായി കേരളാടിസ്ഥാനത്തിലുള്ള സംഘടനയാക്കണമെന്നും 1922ൽ എറിയാടുവെച്ച് നടന്ന സംഘത്തിന്റെ ഒരു യോഗത്തിൽ അഭിപ്രായമുണ്ടായി. അങ്ങനെ പേരുമാറ്റി ‘കേരള മുസ്‌ലിം ഐക്യസംഘം’ രൂപീകരിച്ച് വിപുലമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. 1923ൽ ഏറിയാടുവെച്ച് നടന്ന ഐക്യസംഘത്തിന്റെ ഒന്നാം വാർഷികം വക്കം മൗലവിയുടെ അധ്യക്ഷതയിൽ നടന്നു. ‘മുസ്‌ലിം ഐക്യസംഘം’ എന്ന പേരിൽ ഒരു മാസിക തുടങ്ങി. 1924ൽ ആലുവയിൽ രണ്ടാം വാർഷിക സമ്മേളനം ചേർന്നു. കേരളത്തിലങ്ങോളമിങ്ങോളം യാത്രചെയ്ത് മണപ്പാട്ട് കുഞ്ഞുമുഹമ്മദ്, ടി.കെ മുഹമ്മദ് മൗലവി, ഇ.കെ മൗലവി എന്നിവർ മിക്ക ഉലമാക്കളെയും കണ്ട് ക്ഷണിക്കുകയും യാത്രാചെലവും ഭക്ഷണവും ഐക്യസംഘം വഹിക്കുന്നതാണെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. വെല്ലൂർ ബാക്വിയാതുസ്സ്വാലിഹാത്ത് പ്രിൻസിപ്പൽ അബ്ദുൽ ജബ്ബാർ ഹസ്രത്ത് ആയിരുന്നു സമ്മേളന അധ്യക്ഷൻ. സമ്മേളന പിറ്റേന്ന് ഉലമാക്കളുടെ യോഗം ചേർന്നു. ഉലമാക്കളുടെ ഒരു സംഘടന ഉണ്ടാക്കാനായിരുന്നു അത്. സംഘമുണ്ടാക്കാൻ എന്താണ് ദലീൽ (തെളിവ്) എന്ന് ഒരു മുസ്‌ലിയാർ ചോദിക്കുകയും ഇ.കെ മൗലവി ആലുഇംറാനിലെ ആയത്തോതുകയും മുസ്‌ലിയാർ ‘അത് ആയത്തല്ലേ, ദലീൽ എവിടെ’ എന്ന് ആവർത്തിക്കുകയും ചെയ്തുവത്രെ! കർമശാസ്ത്ര കിതാബുകളിലെ ഉദ്ധരണികൾ മാത്രമാണ് അന്ന് മുസ്‌ലിയാക്കന്മാർ ദലീലായി കണ്ടിരുന്നത് എന്നർഥം.
അന്നാണ് കേരള മുസ്‌ലിംകളിലെ ആദ്യത്തെ പണ്ഡിത സംഘടന രൂപീകരിക്കപ്പെടുന്നത്. കർമ പരിപാടികളുമായി ഇസ്വ‌്‌ലാഹി പ്രവർത്തകർ മുന്നോട്ട് പോയി.
കേരളത്തിലെ മുസ്‌ലിം നവോത്ഥാന ചരിത്രം തുടങ്ങുന്നത് ഇങ്ങനെയാണ്. എല്ലാ ചരിത്രകാരന്മാരും അംഗീകരിക്കുന്നതാണിത്. എന്നാൽ ഇത് നവോത്ഥാനമല്ല എന്നു പ്രചരിപ്പിക്കാനും സ്ഥാപിക്കാനും സമസ്തക്കാർ ആസൂത്രിതമായ ശ്രമങ്ങൾ കുറച്ചുമുമ്പ് നടത്തുകയുണ്ടായി. പ്രബന്ധങ്ങളും പ്രഭാഷണ ങ്ങളും വഴിയാണ് ഇതിനു ശ്രമിച്ചത്. അത് വേറൊരു കഥ.
1926 ജൂൺ ആറിനാണ് സുന്നികൾ ഉലമ സംഘടന ഉണ്ടാക്കിയത്. ഒരേ പേരിൽതന്നെ സംഘടന ഉണ്ടാക്കുന്നത് നടക്കില്ല എന്ന് ബോധ്യമായപ്പോഴാണ് സമസ്ത എന്ന് കൂട്ടിച്ചേർത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാക്കുന്നത്.
കഴിഞ്ഞകാലം മറക്കാതിരിക്കാൻ സമസ്തക്കാരുടെ ചില കാര്യങ്ങൾകൂടി പുതിയ തലമുറ ഗ്രഹിക്കേണ്ടതുണ്ട്.
ബ്രിട്ടീഷുകാർക്കെതിരെ എ ല്ലാവരും സമരം നടത്തിയിരുന്ന കാലത്ത് ഇവരുടെ ഒരു ഫത്‌വയിലെ പ്രസക്തഭാഗം ഇങ്ങനെ: “ഭരണകർത്താക്കളോട് എതിർക്കലും അവരുടെ കൽപന അനാദരവ് ചെയ്യലും മതവിരോധം ആയിട്ടുള്ള കാര്യമായിരിക്കും. കോൺഗ്രസ് കക്ഷിക്കാരുമായി യോജിക്കലും അവരോട് സഹകരിക്കലും ഒരിക്കലും യഥാർഥ മുസ്‌ലിംകൾക്ക് ചെയ്യാൻ പാടില്ലാത്തതും ആകുന്നു’’ (ആറാം വാർഷിക സമ്മേളനത്തിലെ പന്ത്രണ്ടാം പ്രമേയത്തിൽ നിന്നും).
‘സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘത്തിൽ അംഗങ്ങളായ മുസ്‌ലിയാക്കന്മാർ എല്ലാവരും കോൺഗ്രസുകാരല്ലാത്തവരും ഗവ ൺമെന്റ് കക്ഷിയും ആയിരിക്കണമെന്നും മുൻ നിശ്ചയത്തെ ഈ യോഗം പുനരാവർത്തിച്ചു ശക്തിപ്പെടുത്തുകയും ചെയ്യുന്നു’ എന്നതാണ് മറ്റൊരു ഫത്‌വ.
1936 മാർച്ച് ആറിന് മണ്ണാർക്കാട് ചേർന്ന സമസ്ത നാലാം വാർഷിക സമ്മേളനത്തിൽ പാസ്സാക്കിയ (ഇവർ മറക്കാനാഗ്രഹിക്കുന്ന) കുപ്രസിദ്ധമായ പ്രമേയം ഇങ്ങനെ വായിക്കാം: “സ്ത്രീകൾക്ക് കയ്യെഴുത്ത് പഠിപ്പിക്കൽ മക്‌റൂഹ് ആണെന്നും പല മഹാന്മാരായ ഉലമാക്കൾ മുമ്പ് തന്നെ തീരുമാനിച്ചിട്ടുള്ളതാകയാൽ അവർക്ക് കയ്യെഴുത്ത് പഠിപ്പിക്കൽ പ്രത്യേകം പാടില്ലാത്തതാണെന്ന് ഈ യോഗം തീരുമാനിക്കുന്നു.’’ പ്രമേയാവതാരകൻ സി.കെ മുഹമ്മദ് മുസ്‌ലിയാരും പിന്താങ്ങിയത് സമസ്ത സ്ഥാപക നേതാവ് എ.പി അഹമ്മദ് കുട്ടി മുസ്‌ലിയാരും (പാങ്ങ്) ആയിരുന്നു.
അടുത്തകാലംവരെ സമസ്തക്കാരുടെ മദ്‌റസകളിൽ പെൺകുട്ടികൾക്ക് വാചിക പരീക്ഷയായിരുന്നു നടത്തിയിരുന്നത്.
ആദ്യകാലത്ത് മലയാളത്തിൽ ഖുത്വുബ നടത്തുന്നതിന് സമസ്തക്കാർ എതിരായിരുന്നില്ല. ധാരാളം പള്ളികളിൽ മലയാള ഖുത്വുബ നടന്നിരുന്നു. 1947ലെ മീഞ്ചന്ത പ്രമേയത്തോടെ മലയാളം മിമ്പറിൽനിന്ന് പുറത്തായി. പിന്നീടും അപൂർവം ചില പള്ളികളിൽ നിലനിന്നിരുന്നു. 1980കളിലാണ് പൂർണമായും നിന്നുപോയത്.
ക്വുർആൻ പരിഭാഷപ്പെടുത്താൻ പാടില്ല എന്നായിരുന്നു സമസ്തക്കാരുടെ നിലപാട്. കൂറ്റനാട് കെ. വി മുഹമ്മദ് മുസ്‌ലിയാരും ടി.കെ അബ്ദുല്ല മൗലവിയും ക്വുർആൻ പരിഭാഷ എഴുതി പ്രസിദ്ധീകരിച്ചു. അതിനെതിരെ ‘തഹ്ദീറുൽ ഇഖ്‌വാൻ മിൻ തർജുമതിൽ ക്വുർആൻ’ (ക്വുർആൻ പരിഭാഷപ്പെടുത്തു ന്നതിൽനിന്ന് സഹോദരന്മാർക്ക് മുന്നറിയിപ്പും താക്കീതും) എന്ന ലഘുലേഖ എഴുതി പ്രസിദ്ധീകരിച്ചത് ഇ.കെ ഹസ്സൻ മുസ്‌ലിയാർ ആയിരുന്നു.
മദ്‌റസയെ നഖശികാന്തം എതിർത്തിരുന്നവർ പിൽക്കാലത്ത് മദ്‌റസയുടെ എണ്ണം കാട്ടി അഭിമാനം നടിക്കുന്നവരായിത്തീർന്നു. പെൺകുട്ടികൾ കയ്യെഴുത്ത് പഠിക്കാൻ പാടില്ലെന്ന് പറഞ്ഞവർ വനിത അറബിക്കോളേജുകളും മറ്റും നടത്തുന്നവരായി മാറി. ഫാതിഹയുടെ അർഥം പോലും സാധാരണക്കാരൻ പഠിക്കേണ്ടതില്ലെന്ന് പറഞ്ഞവർ ക്വുർആൻ ക്ലാസും പഠനവും ഗവേഷണവും നടത്തുകയും പരിഭാഷയും വ്യാഖ്യാനവും എഴുതുകയും ചെയ്യുന്ന അവസ്ഥയിലെത്തി (ദുർവ്യാഖ്യാനങ്ങളാണ് അധികവും).
സ്ത്രീകൾക്ക് പള്ളി ഹറാമാണെന്ന് വാദിച്ചിരുന്നവർ പള്ളിക്കടുത്ത് പ്രത്യേകമുറി ഉണ്ടാക്കി യാത്രക്കാരായ സ്ത്രീകൾക്ക് നമസ്‌കരിക്കാൻ സൗകര്യമൊരുക്കി. നാട്ടുകാരായ സ്ത്രീകൾക്ക് പാടില്ല! ഇങ്ങനെ മാറ്റങ്ങൾ പലതും സംഭവിച്ചു. പിടിച്ചുനിൽക്കാൻ കഴിയാതെ, കാലിന്നടിയിൽനിന്ന് മണ്ണ് ഒലിച്ചു പോകുന്നത് മനസ്സിലാക്കിയായിരുന്നുവെങ്കിലും കാര്യങ്ങൾ ഇവിടംവരെയെങ്കിലും എത്തിയത് നല്ലതുതന്നെ.
പക്ഷേ, ശിർക്കും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പഴയതുപോലെയോ ഒന്നുകൂടി ശക്തമായോ നിലനിൽക്കുന്നു. സി.എം മടവൂർ ‘മുദബ്ബിറുൽ ആലം’ (ലോകത്തെ നിയന്ത്രിക്കുന്നവൻ) ആണെന്ന് പറയുന്നതിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടാൻ പാടില്ലെന്ന് പറയുന്നവരെ പിഴച്ചവരാണെന്ന് മുദ്രകുത്താനും മടിയില്ല!

