മൗദൂദിസം; അകത്തെ അപകടങ്ങളും പുറത്തെ പുതുമകളും 2
മൂസ സ്വലാഹി കാര
2024 ജനുവരി 27, 1445 റജബ് 15

ഭാഗം: 02
അബുൽ അഅ് ലാ മൗ ദൂദി സാഹിബിന്റെ ആദർശം പിൻപറ്റുന്ന ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ഹൽഖയുടെ രാഷ്ട്രീയ മുഖവും മീഡിയ മേഖലയിലെ മികവും സമരമുറകളും മാത്രം കണ്ടും കേട്ടും പരിചയിച്ചവരാണ് സമൂഹത്തിൽ അധികപേരും. സാമൂഹികവും കുടുംബപരവും വൈയക്തികവുമായ മേഖലകളിൽ ഇസ്‌ലാം അനുവദിച്ച നിലയ്ക്കുള്ള അനുസരണവും സ്‌നേഹവും വിധേയത്വവുമൊക്കെ ശിർക്കും അവിശ്വാസവുമാണെന്ന പുതിയവാദം ഉന്നയിച്ചുകൊണ്ടായിരുന്നു മൗദൂദി സാഹിബിന്റെ രംഗ പ്രവേശം. ഇതൊന്നും പുതുതലമുറക്ക് അറിയില്ല.
തൗഹീദിനെ വികലമാക്കി, പ്രമാണ ദുർവ്യാഖ്യാനം നടത്തി തീവ്രചിന്തകൾക്ക് ചൂടുകൂട്ടി അദ്ദേഹം തന്റെ ലക്ഷ്യത്തിനായി പ്രയത്‌നിച്ചു. പൊതുവിടങ്ങളിൽ മിനുങ്ങി, സാമൂഹ്യസംരക്ഷകരാണെന്ന മട്ടിൽ ഇസ്‌ലാമിന്റെ തനിമ നിലനിർത്തുന്നവർ എന്ന ലേബലിൽ വിലസുന്ന ജമാഅത്തുകാർ ഇപ്പോഴും മൗദൂദിയുടെ ആശയധാര മുറുകെ പിടിക്കുന്ന ‘ശുദ്ധമൗദൂദിസ്റ്റുകൾ’ തന്നെയാണെന്ന് നിരവധി രേഖകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മൗദൂദിസ്റ്റുകളുടെ അവകാശവാദം കാണുക: “ഇസ്‌ലാമിന്റെ ആശയാടിത്തറയിലാണ് മൗദൂദി ജമാഅത്തെ ഇസ്‌ലാമിയെ കെട്ടിപ്പടുത്തത്. ക്വുർആനും സുന്നത്തുമാണ് (നബിചര്യ) അതിന്റെ അടിസ്ഥാന പ്രമാണങ്ങൾ. ഇത് രണ്ടും തന്നെയാണ് ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെയും അടിസ്ഥാന പ്രമാണങ്ങൾ. ക്വുർആനും സുന്നത്തുമാണ് ഓരോ മുസ്‌ലിമിന്റെയും ജീവിതത്തിൽ വെളിച്ചം കാണിക്കേണ്ടത്’’ (ഇസ്‌ലാം പ്രതിനിധാനത്തിന്റെ ഏഴരപ്പതിറ്റാണ്ട്, പേജ് 6).
ഇതിൽ കഴമ്പുണ്ടോ ഇല്ലയോ എന്ന പരിശോധന അതിപ്രധാനമാണ്. എഴുത്തുകാരനും പത്രപ്രവർത്തകനുമായി ജീവിച്ച മൗദൂദി സാഹിബ് അഹ്‌ലുസ്സുന്ന വൽജമാഅയുടെ നേർനിലപാടുകളിൽനിന്ന് വ്യതിചലിച്ചിട്ടുണ്ടെന്ന് തുറന്ന് കാണിക്കുന്ന അദ്ദേഹത്തിന്റെ രചനകളെ സംബന്ധിച്ച് ജമാഅത്തുകാരുടെ അഭിപ്രായം കാണുക:
“ഇസ്‌ലാമിനെ യുക്തിഭദ്രവും പ്രമാണബദ്ധമായും അവതരിപ്പിക്കുന്ന മൗദൂദിയുടെ ധാരാളം പുസ്തകങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണാലയങ്ങൾ ഇപ്പോഴും പുറത്തിറക്കിക്കൊണ്ടിരിക്കുന്നുണ്ട്. മൗദൂദിയുടെ മാത്രമല്ല, മറ്റു ലോക ഇസ്‌ലാമിക ചിന്തകരുടെയും. സവിശേഷമായ ഒരു ചരിത്ര ഘട്ടത്തിൽ ഇസ്‌ലാമിന്റെ വിസ്മൃതമായ ആശയലോകത്തെ പുതിയ കാലത്തിന് മനസ്സിലാവുന്ന ഭാഷയിലും ശൈലിയിലും അവതരിപ്പിക്കുകയാണ് മൗദൂദി ചെയ്തത്. അദേഹത്തിന്റെ ചിന്തകൾക്ക് ഇപ്പോഴും വലിയ പ്രസക്തിയുണ്ട്. ഇസ്‌ലാം നേരിടുന്ന ആശയപരമായ പുതിയ വെല്ലുവിളികളെ നേരിടാൻ കഴിയുന്ന രീതിയിൽ ആ ചിന്തകൾക്ക് തുടർച്ചയും പുതിയ വായനകളും ഉണ്ടാവേണ്ടതുണ്ട് എന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ അഭിപ്രായം’’ (ഇസ്‌ലാം പ്രതിനിധാനത്തിന്റെ എഴരപ്പതിറ്റാണ്ട്, പേജ് 6,7).
ജമാഅത്ത് ആദർശത്തിന്റെ അടിസ്ഥാന ആധാരങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന, 1947ൽ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളെയും ജിഹാദിനെയും മുൻനിർത്തി ഇദ്ദേഹം നടത്തിയ അതിതീവ്രതയും വിചിത്ര വാദങ്ങളും നിറഞ്ഞ, പഞ്ചാബിലെ പഠാൻകോട്ട് പ്രഭാഷണവും (അതിന്റെ സമാഹാരമാണ് ‘ഖുതുബാത്ത്) തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതും മത്സരിക്കുന്നതും ജോലിയിലേർപ്പെടുന്നതുമെല്ലാം ശക്തമായി വിലക്കിയ മദ്രാസിലെ പ്രസംഗവുമാണ് വിവാദ ആശയങ്ങളുടെ മുഖ്യ ഉറവിടങ്ങൾ. നിലവിലെ അമീർ പി. മുജീബുറഹ്‌മാൻ സാഹിബ് പറയുന്നത് കാണുക: “സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുസ്‌ലിംകൾ എങ്ങനെ മുന്നോട്ട് പോകണമെന്ന നഖചിത്രം മുന്നിൽവെച്ച് സയ്യിദ് മൗദൂദിയുടെ മദ്രാസ് പ്രസംഗം ഒരാവർത്തി കേട്ടിരുന്നെങ്കിൽ സമുദായത്തിന്റെയും രാജ്യത്തിന്റെയും ഭാഗധേയം മറ്റൊന്നാകുമായിരുന്നു’’ (പ്രബോധനം, 2023 സെപ്തംബർ, പേജ് 22).
തൗഹീദിന്റെ ഇനങ്ങളായ റുബൂബിയ്യത്ത്, ഉലൂഹിയ്യത്ത്, അസ്മാഉ വസ്സ്വിഫാത്ത് അംഗീകരിക്കപ്പെടുമ്പോൾ തന്നെ അടിമകൾക്ക് ആവശ്യമായ മതനിയമങ്ങളും ജീവിതവ്യവസ്ഥകളും വിധിച്ചവൻ അല്ലാഹുവാണെന്നും അവൻ അനുവദിച്ചതായ അനുസരണ സന്ദർഭങ്ങൾ ഉണ്ടെന്നതും ഒരു വിശ്വാസിയിൽ ഉറക്കുകയാണ്.
എന്നാൽ ‘തൗഹീദുൽ ഹാകിമിയ്യ’ എന്ന ഒരിനം പ്രത്യേകമായി മൗദൂദി ഉണ്ടാക്കുകയും നിരവധി ആയത്തുകളെ അതിനായി ദുർവ്യാഖ്യാനിച്ച് മതവിരുദ്ധ ആശയം പടക്കുകയും ചെയ്തു. ഇബാദത്തിന് അനുസരണമെന്നും ഹുക്മിന് ഭരണമെന്നും അർഥം നൽകി. തൗഹീദിന്റെ പ്രഖ്യാപനമായ ‘നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു’ എന്നതിന് നൽകിയ വിശദീകരണം നോക്കൂ:
“ഇബാദത്ത് എന്ന പദം അറബി ഭാഷയിൽ മൂന്നർഥങ്ങളിൽ ഉപയോഗിക്കാറുണ്ട്. പൂജ, ആരാധന, അനുസരണം, ആജ്ഞാനുവർത്തനം, അടിമത്തം, ദാസ്യവൃത്തി. ഇവിടെ ഈ മൂന്നർഥങ്ങളും ഒന്നിച്ചുദ്ദേശിക്കപ്പെടുന്നുണ്ട്’’(തഫ്ഹീമുൽ ക്വുർആൻ, വാള്യം1, പേജ് 48).
തൗഹീദിന്റെ ആഹ്വാനം നടത്തപ്പെട്ട ആയത്തിന്റെ അർഥം തന്നെ ഇദ്ദേഹം മാറ്റിയത് കാണുക: “അല്ലയോ മനുഷ്യരേ, നിങ്ങളുടെയും നിങ്ങൾക്കു മുമ്പ് കഴിഞ്ഞുപോയ സകലരുടെയും സ്രഷ്ടാവായ റബ്ബിന്റെ അടിമത്തം അംഗീകരിക്കുവിൻ’’ (പേജ് 59).
‘നീ ബഹുദൈവവിശ്വാസികളിൽ പെട്ടവനായിരിക്കരുതെന്നും (ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു)’ (10:105) എന്നതിന് നൽകിയ വിശദീകരണം നോക്കൂ: “വിശ്വാസത്തിൽ മാത്രമല്ല, പ്രവർത്തനത്തിലും വൈയക്തിക ജീവിത ഇടപാടുകളിലും മാത്രമല്ല, സാമൂഹിക ജീവിത വ്യവസ്ഥയിലും ആരാധനാലയങ്ങളിൽ മാത്രമല്ല, കലാലയങ്ങളിലും കോടതികളിലും നിയമനിർമാണ സഭകളിലും രാഷ്ട്രീയ രംഗങ്ങളിലും ജീവിതോപാധികൾ തേടുന്ന അങ്ങാടികളിലുമെല്ലാം ദൈവവിശ്വാസവും ദൈവനിഷേധവും കൂടിക്കുഴഞ്ഞ ചിന്താഗതികളും കർമങ്ങളും കൈക്കൊണ്ട വിഭാഗങ്ങളുമായി നീ പൂർണമായും അകന്നു നിൽക്കുക. തൗഹീദിൽ വിശ്വസിക്കുന്നവർക്ക് ജീവിതത്തിന്റെ ഏതെങ്കിലും വശത്ത് ശിർക്ക് ചെയ്യുന്നവരുടെ കൂടെച്ചേരാൻ സാധ്യമല്ല എന്നിരിക്കെ അവരെ മുമ്പിൽ നിർത്തി പിന്നിൽ നടക്കുകയും തന്റെ ഏകദൈവവിശ്വാസത്തിന്റെ താൽപര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് സമാധാനിക്കുകയും ചെയ്യാൻ നിനക്ക് എങ്ങനെ സാധിക്കും?’’ (തഫ്ഹീമുൽ ക്വുർആൻ).

ആരാധന എന്നതിന്റെ പര്യായ പദം അനുസരണയാണെന്ന വലിയ തെറ്റിദ്ധരിപ്പിക്കലാണ് അദ്ദേഹം ഇവിടെ നടത്തിയത്. അടിസ്ഥാന പ്രമാണങ്ങളിൽ ഏതിന്റെ പിൻബലമാണ് ഇതിനുള്ളതെന്ന് ഇതുവരെയും വ്യക്തമല്ല! ഉത്തമ തലമുറയിലും അഹ്‌ലുസ്സുന്നയുടെ മുൻകാല പണ്ഡിതന്മാരിലും ഇങ്ങനെ അർഥം പറഞ്ഞവരോ പഠിപ്പിച്ചവരോ ഉണ്ടെന്നതിന് പ്രബലമായ തെളിവുകളില്ല! അല്ലാഹുവിന്റെ വിധി പരാമർശിക്കപ്പെട്ട ആയത്തുകളുടെ ലക്ഷ്യം തെറ്റിച്ച് അദ്ദേഹം തന്റെ പുതിയ വിശ്വാസം പാകപ്പെടുത്തുന്നത് കൂടി ശ്രദ്ധിക്കൂ: “വിധികർതൃത്വാവകാശം അല്ലാഹുവിന്നു മാത്രമുള്ളതാകുന്നു. ഏതൊരുവൻ സ്വശക്തികൊണ്ട് നമ്മെ സൃഷ്ടിച്ചുവോ, ആരുടെ കരുണാകടാക്ഷത്തിനും സംരക്ഷണത്തിനും കീഴിലായി നാമിവിടെ ജീവിതം നയിക്കുന്നുവോ അവൻ മാത്രമാണ് ആരാധിക്കപ്പെടുവാൻ അർഹൻ. അവനു മാത്രം അടിമപ്പെട്ടുകൊണ്ടാണ് ജീവിതം നയിക്കേണ്ടത്.
ആകാശ ഭൂമികളിലുള്ള സർവ വസ്തുക്കളും അവന്റെ നിയമത്തിന്നാണ് വിധേയമായിട്ടുള്ളത്. ഒരു കല്ല് മറ്റൊരു കല്ലിനെ ആരാധിക്കുന്നില്ല. ഒരു വൃക്ഷം മറ്റൊരു വൃക്ഷത്തിന്നു കീഴ്‌വണങ്ങുന്നുമില്ല. ഒരു മൃഗം മറ്റൊരു മൃഗത്തിന്റെ കൽപന അനുസരിക്കുന്നില്ല. അവയെല്ലാം അല്ലാഹുവിനെ മാത്രമാണ് ആരാധിക്കുന്നത്. അവന്റെ നിയമത്തിന്നാണ് കീഴ്‌പെട്ടിരിക്കുന്നത്. എന്നിരിക്കെ നിങ്ങൾ അല്ലാഹുവിനെ വിട്ടു നിങ്ങളെപ്പോലുള്ള മനുഷ്യരെയും നിങ്ങളെക്കാൾ താഴ്ന്ന പടിയിലുള്ള ഇതര സൃഷ്ടികളെയും ആരാധിക്കുന്നത് എങ്ങനെ ശരിയാവും? നിങ്ങൾ കല്ലുകളെക്കാളും മരങ്ങളെക്കാളും മൃഗങ്ങളെക്കാളും അധഃപതിച്ചവരാണോ?’’ (ഖുതുബാത്ത്, പേജ് 65,66).
കഴിഞ്ഞ കാലങ്ങളിലെ പണ്ഡിത മഹത്തുക്കൾക്ക് പരിചയമില്ലാത്ത ഈ ‘അതിശയ വാദം’ വീർപ്പിച്ചുകൊണ്ടുവരാൻ ഒന്നുകിൽ ഇദ്ദേഹം ബുദ്ധിക്ക് വഴിപ്പെടണം, അല്ലെങ്കിൽ ദേഹേച്ഛക്ക് കീഴ്‌പ്പെടണം, അതുമല്ലെങ്കിൽ സമ്മർദങ്ങൾക്ക് വഴങ്ങണം. അപ്പോൾ ഏതെങ്കിലും വിധേന അനുസരണം സംഭവിക്കുകവഴി മൗദൂദി സാഹിബ് ശിർക്കിലും കുഫ്‌റിലും അകപ്പെട്ടു എന്നു വരില്ലേ? ഈ വാദത്തിന്റെ ഉള്ളറിയാതെ അതപ്പടി ഏറ്റുപിടിച്ച് മുസ്‌ലിം സമൂഹത്തെ അവിശ്വാസത്തിലകപ്പെടുത്താൻ വ്യഗ്രത കാണിച്ച ജമാഅത്ത് നേതാക്കളുടെ അവസ്ഥയും വ്യത്യസ്തമല്ലല്ലോ!
വിശ്വാസ സംരക്ഷണത്തിന് വഴിതുറക്കേണ്ടതിനു പകരം ഇസ്‌ലാമിനെയൊട്ടാകെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന സാഹചര്യമാണിവിടെ സൃഷ്ടിക്കപ്പെട്ടത്. ക്വുർആനിലെ ചില പദങ്ങൾക്കുംആശയത്തിനും തെറ്റായ വ്യാഖ്യാനം നൽകി അല്ലാഹു ഉദ്ദേശിക്കാത്തവിധം വിശദീകരിക്കപ്പെടുന്നതിന്റെ ഗൗരവം തിരിച്ചറിയാത്തൊരു വിഭാഗം തത്ഫലമായി വളർന്നുവന്നു.
അല്ലാഹു പറയുന്നു: “(സത്യവിശ്വാസികളേ), നിങ്ങളെ അവർ (യഹൂദർ) വിശ്വസിക്കുമെന്ന് നിങ്ങൾ മോഹിക്കുകയാണോ? അവരിൽ ഒരു വിഭാഗം അല്ലാഹുവിന്റെ വചനങ്ങൾ കേൾക്കുകയും അത് ശരിക്കും മനസ്സിലാക്കിയതിനു ശേഷം ബോധപൂർവംതന്നെ അതിൽ കൃത്രിമം കാണിച്ചുകൊണ്ടിരിക്കുകയുമാണല്ലോ’’ (2:75).
മൗദൂദിയുടെ മതരാഷ്ട്രവാദത്തിൽ ജമാഅത്തുകാർ നന്നായി ആകൃഷ്ടരായിട്ടുണ്ട് എന്നതിന്റെ തെളിവാണ് എ.മുഹമ്മദലി പരിഭാഷപ്പെടുത്തിയ ‘ജമാഅത്തെ ഇസ്‌ലാമി നിലകൊള്ളുന്നത്’ എന്ന പേരിൽ 1968ലും 1998ലും പ്രബോധനത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം. അദ്ദേഹം പറയുന്നു:
“ക്വുർആൻ വ്യക്തമാക്കിയ സത്യദീനിന്റെ സ്ഥാപനമാണ് നാം ലക്ഷ്യമാക്കിയിട്ടുളളത്. പ്രവാചകനിർദേശാനുസൃതമുള്ള ദൈവികാടിമത്തവും അനുസരണവുമാകുന്ന യാഥാർഥ്യത്തിന്മേൽ അധിഷ്ഠാപിതമായ ജീവിതവ്യവസ്ഥയാണ് സത്യദീൻ. ഇതേ അർഥത്തിൽ ഹുകൂമത്തെ ഇലാഹി എന്ന പദവും ചിലപ്പോൾ നാം ഉപയോഗിച്ചിട്ടുണ്ട്. ഇതരരുടെ പക്കൽ അതിന്റെ വിവക്ഷ എന്തുമായിക്കൊള്ളട്ടെ, അല്ലാഹുവെ യഥാർഥ വിധികർത്താവായി സ്വീകരിക്കുകയും വൃഷ്ടിഗതവും സമഷ്ടിഗതവുമായ ജീവിതതുറകളഖിലം അവന്റെ നിയമങ്ങൾക്കനുസൃതമാക്കുകയും ചെയ്യുക എന്നാണ് നാമതുകൊണ്ടർഥമാക്കുന്നത്. ഈ വീക്ഷണത്തിൽ ആ പദം തികച്ചും ഇസ്‌ലാം എന്ന വാക്കിന് തുല്യമാണ്. അടിസ്ഥാനത്തിൽ ഈ മൂന്നു പദങ്ങളും -സത്യദീൻ, ഹുകൂമത്തെ ഇലാഹി, ഇസ്‌ലാം-പര്യായങ്ങളാണ്. ആ മാർഗത്തിലുള്ള പരിശ്രമ പ്രവർത്തനങ്ങളെയാണ് നാം ഇഖാമത്തുദ്ദീൻ, സത്യസാക്ഷ്യം, ഇസ്‌ലാമിക പ്രസ്ഥാനം എന്നെല്ലാം വിളിക്കുന്നത്’’ (പ്രബോധനം, 1998 സെപ്തംബർ, പേജ് 19).
“ഇഖാമതുദ്ദീൻ (ദീനിന്റെ സംസ്ഥാപനം) ആണ് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഖ്യാപിത ലക്ഷ്യം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്‌ലാമിന്റെ മൂല്യങ്ങളും അധ്യാപനങ്ങളും പ്രയോഗത്തിൽ വരുത്തുന്ന വ്യക്തികളെയും അത്തരം വ്യക്തികൾ ഉൾക്കൊള്ളുന്ന സമൂഹത്തെയും വാർത്തെടുക്കാൻ വേണ്ടിയാണ് ജമാഅത്ത് പ്രവർത്തിക്കുന്നത്. അത്തരം സമൂഹനിർമിതിയിലൂടെ ഇസ്‌ലാമിന്റെ സദ്ഫലങ്ങൾ മനുഷ്യർക്ക് ലഭ്യമാക്കുകയും ഈ ലോകത്തും പരലോകത്തും വിജയം വരിക്കാൻ വ്യക്തികളെ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യം. പ്രവാചകന്മാരിലൂടെ നൽകപ്പെട്ട ദൈവിക മാർഗദർശനം സ്വീകരിച്ചുകൊണ്ടും നന്മ പ്രവർത്തിച്ചുകൊണ്ടുമാണ് ദൈവത്തിന്റെ പ്രീതിയും ജീവിതത്തിൽ വിജയും നേടിയെടുക്കാൻ കഴിയുക എന്നാണ് ജമാഅത്തെ ഇസ്‌ലാമി മനുഷ്യരോട് പറയുന്നത്. ഇഖാമതുദ്ദീൻ എന്നത് പ്രവാചകന്മാരുടെ ദൗത്യമായി ക്വുർആനിൽ അല്ലാഹു നിർണയിച്ചതാണ്. അംറുൻ ബിൽ മഅ്‌റൂഫ്, നഹ്യുൻ അനിൽ മുൻകർ(നന്മ കൽപിക്കുക, തിന്മ വിരോധിക്കുക) എന്നും ഇതിനെ വിശദീകരിച്ചിട്ടുണ്ട്. ജനങ്ങൾക്കുവേണ്ടി നിയോഗിക്കപ്പെട്ട, നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്ന ഉത്തമ സമുദായം എന്നാണ് ക്വുർആൻ മുസ്‌ലിംകളെ വിശേഷിപ്പിക്കുന്നത്’’ (ഇസ്‌ലാം പ്രതിനിധാനത്തിന്റെ ഏഴരപ്പതിറ്റാണ്ട്, പേജ് 5).
ഇസ്‌ലാം പഠിപ്പിക്കാത്ത ചിന്താഗതി വാർത്തെടുക്കുമ്പോൾ ഇത്തരം ദുർവ്യാഖ്യാനങ്ങൾ നടത്തി തെളിവുകൾ തട്ടിക്കൂട്ടേണ്ടിവരും. ഒരു ബന്ധവുമില്ലാത്ത ആയത്തുകൾ ഓതി പുരോഹിതന്മാർ ശിർക്കിന് തെളിവുണ്ടാക്കുന്നതിന് സമമായ പണിയല്ലേ മതരാഷ്ട്ര വാദികൾ ഇവിടെ ചെയ്തത്? വിജയിക്കുന്നവരുടെ പ്രത്യേകതകൾ എടുത്തു പറയുന്ന സൂറതു ആലുഇംറാനിലെ ഈ ആയത്തിനെ ഉത്തമ തലമുറയിൽ ആരാണ് ഇപ്രകാരം മനസ്സിലാക്കിയത്? അഹ്‌ലുസ്സുന്നയുടെ ഏത് മുഫസ്സിറാണ് ഇവരുദ്ദേശിക്കും വിധം വിശദീകരിച്ചിട്ടുള്ളത്? പ്രവാചകന്മാർ നിയോഗിക്കപ്പെട്ടതും വേദഗ്രന്ഥങ്ങൾ അവതരിപ്പിക്കപ്പെട്ടതും സമൂഹത്തിന് എത്തിക്കുക, അവരെ സംസ്‌കരിക്കുക, അല്ലാഹുവിലേക്ക് ക്ഷണിക്കുക, നന്മ കൽപിക്കുക, തിന്മ വിരോധിക്കുക,സന്തോഷ വാർത്തയും താക്കീതും നൽകുക, ജനങ്ങൾക്ക് അല്ലാഹുവിനെതിരിൽ ഒരു ന്യായവും ഇല്ലാതിരിക്കുക എന്നീ പ്രധാന ലക്ഷ്യങ്ങൾക്കായിരുന്നു എന്നത് മനഃപൂർവും ഇവർ മൂടിവെക്കുന്നു.
പ്രവാചകന്മാരുടെ പ്രബോധന ലക്ഷ്യം എന്തായിരുന്നു? അല്ലാഹു പറയുന്നു: “ഹേ, റസൂലേ! നിന്റെ രക്ഷിതാവിങ്കൽനിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങൾക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്റെ ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളിൽനിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. സത്യനിഷേധികളായ ആളുകളെ തീർച്ചയായും അല്ലാഹു നേർവഴിയിലാക്കുകയില്ല’’ (5:67).
ശൈഖ് നാസിറുസ്സഅ്ദി(റഹി) പറയുന്നു: “ഇത് അല്ലാഹുവിൽനിന്ന് അവന്റെ ദൂതനായ മുഹമ്മദ് നബിﷺക്ക് ഏറ്റവും മഹത്തായതും പരമ പ്രധാനവുമായ ഒരു കാര്യം നിർവഹിക്കാനുള്ള കൽപനയാണ്. അല്ലാഹു അദ്ദേഹത്തിന് അവതരിപ്പിച്ചു നൽകിയത് പ്രബോധനം ചെയ്യാനുള്ള കൽപനയെത്രെ അത്. ഈ സമൂഹം അദ്ദേഹത്തിൽനിന്ന് പഠിച്ചിട്ടുള്ള എല്ലാ കൽപനകളും-വിശ്വാസ കാര്യങ്ങൾ, കർമങ്ങൾ, വാക്കുകൾ, മതപരമായ വിധി വിലക്കുകൾ, ദൈവിക ദർശനങ്ങൾ തുടങ്ങിയവ-ഇതിൽ ഉൾപ്പെടും. അത് ഏറ്റവും പരിപൂർണമായ രൂപത്തിൽ അവിടുന്ന് എത്തിച്ചു പ്രബോധനം നടത്തി. ആളുകളെ (അല്ലാഹുവിലേക്ക്) ക്ഷണിച്ചു. താക്കീതുകൾ നൽകി. സുഭാഷിതങ്ങളറിയിച്ചു. എളുപ്പം നൽകി. നിരക്ഷരരായ, അറിവില്ലാത്തവരെ പഠിപ്പിച്ച് ഒത്ത പണ്ഡിതന്മാരാക്കിത്തീർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ കൊണ്ടും പ്രവൃത്തികൾകൊണ്ടും എഴുത്തുകൾ കൊണ്ടും, ദൂതന്മാരെ അയച്ചുകൊണ്ടും എത്തിക്കുക എന്ന ദൗത്യം അദ്ദേഹം നിർവഹിച്ചു. തന്റെ സമുദായത്തിന് അറിയിച്ചുകൊടുക്കാത്ത നന്മകളോ അദ്ദേഹം അവരെ താക്കീതുചെയ്യാത്ത തിന്മകളോ ബാക്കിയില്ല! ഈ സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠരായ, അദ്ദേഹത്തിന്റെ അനുചരരും അവർക്കുശേഷം വന്ന ഈ ദീനിന്റെ ഇമാമുമാരും മറ്റു മുസ്‌ലിംകളും അദ്ദേഹം എത്തിച്ചുതന്നു എന്നതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്’’(തഫ്‌സീറുസ്സഅ്ദി).
ക്വുറൈശികൾ, മജൂസികൾ, റോമക്കാർ എന്നീ ശത്രുക്കളിൽനിന്ന് നബിﷺക്കും അനുചരന്മാർക്കും നേരിടേണ്ടിവന്ന അതികഠിനമായ പരീക്ഷണങ്ങൾക്ക് മുമ്പിൽ പ്രാർഥനയും ക്ഷമയും പ്രതീക്ഷയും കൈവിടാതെ ജീവിച്ചത് അത്ഭുതകരമാണ്.
വിശ്വാസികൾക്ക് അല്ലാഹു നൽകിയ വാഗ്ദാനത്തെപ്പോലും ഉൾക്കൊള്ളാത്തവരായല്ലോ ഇക്കൂട്ടർ. അല്ലാഹു പറയുന്നു: “നിങ്ങളിൽനിന്ന് വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവർക്ക് പ്രാതിനിധ്യം നൽകിയതു പോലെതന്നെ തീർച്ചയായും ഭൂമിയിൽ അവൻ അവർക്ക് പ്രാതിനിധ്യം നൽകുകയും, അവർക്ക് അവൻ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തിൽ അവർക്ക് അവൻ സ്വാധീനം നൽകുകയും, അവരുടെ ഭയപ്പാടിനു ശേഷം അവർക്ക് നിർഭയത്വം പകരം നൽകുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവർ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവർ പങ്കുചേർക്കുകയില്ല. അതിനുശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്നപക്ഷം അവർതന്നെയാകുന്നു ധിക്കാരികൾ’’(24:55).
അര നൂറ്റാണ്ടിനുശേഷം ഇവരുടെ നിലപാടിൽ അയവ് വന്നതും 2003ൽ രാഷ്ട്രീയ കളരിയിൽ സോളിഡാരിറ്റിയെ ഇറക്കി കളിച്ചതും അവസാനം ഭരണഘടനയിലെ പഴയ ആദർശം പൊളിച്ച് പുതുക്കിയെഴുതിയതും കാണുമ്പോൾ ‘ജമാഅത്തെ ഇസ്‌ലാമി’ എന്ന പേരിൽനിന്ന് ‘രാഷ്ട്രീയ ജമാഅത്ത്’ എന്ന മാറ്റവും പ്രതീക്ഷിക്കാം.
ഇതെല്ലാം പറയുമ്പോൾ ജമാഅത്തുകാർ മൗദൂദിസ്റ്റുകളാണോ, ജമാഅത്തും മൗദൂദിയും തമ്മിലുള്ള ബന്ധം എന്താണ് എന്നൊക്കെ ചോദിച്ച് ‘നവ ജമാഅത്ത് നേതൃത്വം’ കൈകഴുകി രക്ഷപ്പെടാൻ നോക്കുന്നത് ആശ്ചര്യകരം തന്നെ! 1998 സെപ്റ്റംബർ ലക്കം പ്രബോധനത്തിന്റെ പുറംചട്ടയിൽ മൗദൂദിയെ പരിചയപ്പെടുത്തിയത് ‘മർഹൂം മൗദൂദി ഇസ്‌ലാമിന്റെ നേർശബ്ദം’ എന്നാണ്. അതിൽ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് കാണുക: “ഈ കാലഘട്ടത്തിലെ യഥാർഥ ഇസ്‌ലാമിസ്റ്റുകളിലൊരാളായിരുന്നു അദ്ദേഹം. എന്നുവച്ചാൽ മതവിരുദ്ധരുടെ പ്രതിലോമ ചിന്തകളെ സംബന്ധിച്ച വ്യക്തമായ ധാരണയ്‌ക്കൊപ്പം ഇസ്‌ലാമിന്റെ തനതുചൈതന്യം ഉൾക്കൊണ്ടവരെന്നാണ്. തന്മൂലം കാലത്തിന്റെ ഭാഷയിൽ സന്ദേഹങ്ങൾ അവശേഷിക്കാത്തവിധം നിയതമായ ഒരു തീർപ്പിലെത്താൻ സഹായകമായ വിശദീകരണങ്ങൾ സമർപ്പിച്ച് എതിർവാദമുഖങ്ങളെ തകർക്കാൻ അവർക്കു കഴിഞ്ഞു. വേണ്ട പ്രമാണങ്ങളുടെയോ വ്യക്തമായ ന്യായങ്ങളുടെയോ പിൻബലമില്ലാതെ വെറുതെ വാചാടോപം നടത്തുന്ന പ്രബോധകനായിരുന്നില്ല അദ്ദേഹം’’ (പേജ് 9).
ഇനി പറയൂ; ഇവർ ‘നിഷ്‌കളങ്ക’ മൗദൂദികൾ തന്നെയല്ലേ! ‘പ്രമാണങ്ങളുടെയോ വ്യക്തമായ ന്യായങ്ങളുടെയോ പിൻബലമില്ലാതെ വെറുതെ വാചാടോപം നടത്താത്ത പ്രബോധകനെ’ എന്തിന് ഇവർ തള്ളിക്കളയണം?

