ആദർശം; പുതിയ വ്യാഖ്യാനവും പഴയ നിലപാടുകളും

മൂസ സ്വലാഹി കാര

2024 നവംബർ 02, 1446 റ. ആഖിർ 30

ഇസ്‌ലാമിന്റെ കരുത്തുറ്റതും കളങ്കപ്പെടാത്തതുമായ ആദർശത്തെ നെഞ്ചേറ്റിയവർക്ക് മാത്രമെ അതിന്റെ യഥാർഥ പ്രചാരകരും സേവകരുമാകാനുള്ള സൗഭാഗ്യം സിദ്ധിക്കുകയുള്ളൂ. മുസ്‌ലിംകൾക്കിടയിൽ പലവിധ കാരണങ്ങളാൽ മതാശയങ്ങളോടുള്ള നിലപാടുകളും പ്രമാണങ്ങളോടുള്ള സമീപനങ്ങളും വ്യത്യസ്ത വീക്ഷണങ്ങളിലേക്ക് ഗതിമാറ്റപ്പെട്ടത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ഗതകാല ചരിത്രം പരതിയാൽ ആദർശ സംരക്ഷണത്തിനുവേണ്ടി പണ്ഡിതന്മാർ നടത്തിയ സത്യസന്ധവും ധീരോദാത്തവുമായ മുന്നേറ്റങ്ങൾ കാണാനാകും. അടിസ്ഥാന വിഷയമായ തൗഹീദിന് ഭംഗം ഭവിക്കുന്ന ഒരു വിചാരത്തിലേക്കും അവരാരും ചാഞ്ഞിട്ടില്ല.

സിഹ്‌റിനെ പേടിച്ച് ജീവിക്കുക, അത് പഠിക്കുക, പഠിപ്പിക്കുക, ചെയ്യുക, ചെയ്യിക്കുക... ഇതെല്ലാം ശിർക്കും കുഫ്‌റും വൻപാപവുമാണ്. കണ്ണേറിനെ ഭയന്ന് പല കോലങ്ങൾ കെട്ടിത്തൂക്കുന്നവരും തെറ്റായ ക്രിയകൾ നടത്തുന്നവരും സമൂഹത്തിലുണ്ട്. എല്ലാം പൈശാചികതയായതിനാൽ മന്ത്രവാദ കേന്ദ്രങ്ങളിൽ ജനങ്ങൾ ആകൃഷ്ടരാവുകയും ശിർക്കിൽ ആപതിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ തീരുമാനമുണ്ടെങ്കിൽ പരീക്ഷണമായി കണ്ണേറും മാരണവും ഫലിക്കുമെന്നും അതിനുള്ള പരിഹാരം ഇസ്‌ലാം പഠിപ്പിച്ച മന്ത്രങ്ങളാണെന്നും ഒരു നൂറ്റാണ്ട് കാലമായി വിശ്വാസികൾ പഠിപ്പിക്കപ്പെട്ടതും ഉൾക്കൊണ്ട് പോന്നതുമായ കാര്യമാണ്. എന്നാൽ ഇതിനെയെല്ലാം പാടെ നിഷേധിക്കുകയും അതെല്ലാം അന്ധവിശ്വാസങ്ങളും പുത്തൻവാദങ്ങളുമാണെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്യുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്.

അഹ്‌ലുസ്സുന്ന വൽജമാഅയുടെ ആദർശധാരയോട് കൂറും വിധേയത്വവുമില്ലാതെ 2000ത്തിൽ ഇസ്വ്‌ലാഹി പ്രസ്ഥാനത്തെ വിട്ടുപോയ മർക്കസുദ്ദഅ്‌വക്കാർ തൗഹീദിന്റെ നിർവചനത്തെ മാറ്റിയും അതിന്റെ പ്രബോധനത്തിന് പ്രാധാന്യം കൽപിക്കാതെയും പ്രമാണങ്ങളെ ദുർവ്യാഖ്യാനിച്ചും നിഷേധിച്ചും മുന്നോട്ടു പോവുകയാണ്. അല്ലാഹുവിന്റെ സൃഷ്ടികളായ മലക്കുകളും ജിന്നുകളും അഭൗതിക ശക്തികളാണെന്ന് ജൽപിക്കുക വഴി അവയെല്ലാം കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യരുമായി ഇടപെടുമെന്ന തെളിവുകൾക്ക് മുമ്പിൽ കുടുങ്ങിയപ്പോൾ അതെല്ലാം തള്ളാൻ അവർ നിർബന്ധിതരായി. അവസാനം ശക്തമായ നിഷേധവും വഹ്‌യിനെ വെല്ലുവിളിക്കലും വ്യാപകമാക്കി. ഇത്തരം പിഴച്ച ചിന്തകൾക്ക് പ്രമാണങ്ങളെതന്നെ കൂട്ടു പിടിക്കുന്നു എന്നതും കെ.എം മൗലവി, എം.സി.സി മൗലവിമാർ, അമാനി മൗലവി, ഉമർ മൗലവി എന്നിവരെ കുറ്റത്തിന് കരുവാക്കുന്നു എന്നതും വളരെ വലിയ അപരാധമാണ്! ഇവരുടെയെല്ലാം ഫോട്ടോകൾ ശബാബിന്റെ പ്രചാരണത്തിനായി ഉപയോഗിച്ച് അനുയായികളെ കബളിപ്പിക്കുന്ന മർക്കസുദ്ദഅ്‌വയുടെ നേതൃത്വത്തിന് അവർ കാത്തുസൂക്ഷിച്ച ആദർശത്തോട് വല്ല പ്രതിബദ്ധതയുമുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.

സിഹ്‌റിന് യാഥാർഥ്യമില്ലെന്നോ?

പിശാചിനെ സേവിച്ചും പൂജിച്ചും നടത്തപ്പെടുന്ന ഈ കാര്യത്തെപ്പറ്റി അല്ലാഹു പറയുന്നു: “അങ്ങനെ അവരിൽനിന്ന് ആളുകൾ ഭാര്യാഭർത്താക്കൻമാർക്കിടയിൽ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങൾ പഠിച്ചുകൊണ്ടിരുന്നു. എന്നാൽ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാൾക്കും ഒരു ദ്രോഹവും ചെയ്യാൻ അവർക്ക് കഴിയില്ല. അവർക്കു തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവർ പഠിച്ചുകൊണ്ടിരുന്നത്. അത് (ആ വിദ്യ) ആർ വാങ്ങി(കൈവശപ്പെടുത്തി)യോ അവർക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവർ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്’’(2:102).

മർക്കസുദ്ദഅ്‌വയുടെ നിഷേധരീതി കാണുക:

“യാഥാർഥ്യമില്ലാത്ത, വളരെ പഴക്കം ചെന്ന ഒരു തട്ടിപ്പാണ് സിഹ്ർ. അതിന്റെ ഭാഷാർഥം കണ്ണു കെട്ടുക എന്നാണ്. സിഹ്‌റിന്റെ നിർവചനത്തിൽനിന്നു തന്നെ അത് യാഥാർഥ്യമില്ലാത്ത തട്ടിപ്പാണെന്നു മനസ്സിലാക്കാം’’ (അത്തൗഹീദ്, ജനുവരി-ഫെബ്രുവരി 2014, പേജ് 42).

കേരള ജംഇയ്യത്തിൽ ഉലമ അഹ്‌ലുസ്സുന്നത്തി വൽജമാഅയുടെ പ്രഥമ പ്രസിഡന്റ് കെ.എം മൗലവി(റഹി)യുടെ വിശ്വാസം കാണുക: “നാലാം ചോദ്യത്തിന്റെ ഉത്തരം: ഭാര്യാഭർത്താക്കന്മാരെ തമ്മിൽ ഭിന്നിപ്പിച്ച് അന്യോന്യം വിരോധികളാക്കിത്തീർക്കുക എന്നത് സിഹ്‌റിന്റെ (ആഭിചാരത്തിന്റെ) ഫലത്തിൽ പെട്ടതാകുന്നു’’ (കെ.എം മൗലവിയുടെ ഫത്‌വകൾ, പേജ് 19).

കേരള ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറിയായിരുന്ന എം.സി.സി അബ്ദുറഹ്‌മാൻ മൗലവിയുടെ വാക്കുകൾ കാണുക: “ഇതുപ്രകാരം തന്നെ സിഹ്ർ ആഭിജാത്യം കൊണ്ടും രോഗശമനം ഉണ്ടാകുന്നതായി അനുഭവം തെളിയിച്ചിട്ടുണ്ടെങ്കിലും അതിൽ അല്ലാഹുവല്ലാത്തവരുടെ-പിശാച്, നക്ഷത്രം, മലക്കു മുതലായവയുടെ-സേവ, അവയെകൊണ്ടു സഹായം തേടൽ, മുതലായ ഉള്ളതുകൊണ്ട് അത് പാടില്ലെന്നും അതു കുഫ്‌റാണെന്നും ഇസ്‌ലാം കൽപിച്ചിരിക്കുന്നു.’’

“സിഹ്‌റിന്റെ മൂന്നാമത്തെ വകുപ്പ് പിശാചുക്കളോടുള്ള ഒരുതരം സേവ സമ്പാദിക്കുന്നതുകൊണ്ടു അവരുടെ സഹായത്താൽ ഉണ്ടായിത്തീരുന്നതാണ് എന്നാകുന്നു’’ (1950ലെ പരപ്പനങ്ങാടി വാദപ്രതിവാദം, പേജ് 47,50). സൂറത്തുൽ ബക്വറയിലെ 102ാം വചനത്തെയും ഇമാം നവവി(റഹി), ഇബ്‌നു ഹജർ അസ്‌ക്വലാനി (റഹി) എന്നിവർ പറഞ്ഞതിനെയും അടിസ്ഥാനപ്പെടുത്തിയാണ് മൗലവി ഇത് വിശദീകരിച്ചത്.

എ.അലവി മൗലവി(റഹി), പി.കെ മൂസ മൗലവി(റഹി), മുഹമ്മദ് അമാനി മൗലവി(റഹി) എന്നിവരെ കെ.എം മൗലവി ചുമതലപ്പെടുത്തിയത് പ്രകാരം അവർ പൂർത്തിയാക്കുകയും കെ.പി മുഹമ്മദ് മൗലവി വായിച്ചു കേൾക്കുകയും ചെയ്ത തഫ്‌സീറിൽ മേൽ ആയത്തിന്റെ വിവരണത്തിൽ സിഹ്‌റിന് ഫലമുണ്ടെന്നതിനെ സംബന്ധിച്ച് വന്നത് വായിക്കാം:

“ഗൂഢവും അദൃശ്യവുമായ മാർഗത്തിലൂടെ ആപത്തുകളിൽനിന്ന് രക്ഷനേടുക, ശത്രുക്കൾക്കും മറ്റും ആപത്ത് വരുത്തുക, മറഞ്ഞ കാര്യങ്ങൾ അറിയുക, വൻകാര്യങ്ങൾ സാധിക്കുക, ആളുകളെ തമ്മിൽ ഇണക്കുകയോ പിണക്കുകയോ ചെയ്യുക, മരണപ്പെട്ടവരുടെ ആത്മാക്കളുമായി ബന്ധപ്പെടുക, അത്ഭുത കാര്യങ്ങൾ കാണിക്കുക മുതലായവയാണ് സിഹ്‌റിന്റെ ലക്ഷണങ്ങൾ. മിക്കവാറും ഇനങ്ങൾ യാഥാർത്ഥ്യമില്ലാത്തതും തനി പകിട്ടും മായയുമായിരിക്കും. ചിലതാകട്ടെ, മാനസികമായ ചില മാറ്റങ്ങൾ ഉണ്ടാക്കുന്നതും അതുവഴി ചില അനുഭവങ്ങൾ പ്രകടമാകുന്നതുമായിരിക്കും’’ (വാള്യം 1, പേജ് 331).

സിഹ്‌റിന്റെ യാഥാർഥ്യത്തെ നിഷേധിക്കുന്നവർ ഉന്നയിക്കുന്ന പ്രധാന ന്യായീകരണത്തെ പൊളിച്ചു കൊണ്ട് സൂറത്തുൽ ഇസ്‌റാഅ് 47ാം വചനം വിശദീകരിക്കവെ ഉമർ മൗലവി(റഹി)എഴുതിയത് കാണുക:

“ഇവിടെ ഒരു കാര്യം ഉണർത്തേണ്ടി വന്നിരിക്കുന്നു. സ്വഹീഹുൽ ബുഖാരിയിൽ കള്ള ഹദീസ് അകപ്പെട്ടിട്ടുണ്ടെന്ന് സ്ഥാപിക്കാൻ താൽപര്യമുള്ള ചില ആളുകളുണ്ട്. പരിശുദ്ധ ഖുർആനിനെതിരായ ഹദീസ് കളവായിരിക്കാനേ നിവൃത്തിയുള്ളൂ. ഈ തത്ത്വത്തിൽ അഭിപ്രായ വ്യത്യാസമില്ല.

ഒരു യഹൂദി നബി(സ)ക്ക് മാരണം ചെയ്തു എന്ന് ഒരു ഹദീസ് ബുഖാരിയിലുണ്ട്. ഈ ആയത്തിൽ നബി(സ)ക്ക് സിഹ്ർ ഏൽക്കാൻ പാടില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് അവർ പറഞ്ഞു. അപ്പോൾ ആ ഹദീസ് കളവാണെന്ന് പറയാൻ സൗകര്യപ്പെട്ടല്ലോ. അങ്ങനെ സ്വഹീഹുൽ ബുഖാരിക്ക് മുസ്‌ലിം സമുദായത്തിലുള്ള അംഗീകാരം തെറ്റാണെന്ന് വന്നല്ലോ. ഇതാണീ ദുർബുദ്ധികളുടെ ഉന്നം. യഥാർത്ഥത്തിൽ ഇവിടത്തെ വിഷയം സിഹ്ർ ബാധിച്ച ഒരു മനുഷ്യൻ ബുദ്ധിശൂന്യമായി എന്തൊക്കെയോ പറയുന്നത് അന്ധമായി സ്വീകരിച്ചവരാണ് നബിയുടെ അനുയായികൾ എന്ന് അക്രമികൾ ജൽപിച്ചു. അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നുള്ളത് പച്ചപ്പരമാർത്ഥമാണ്. എന്നാൽ ഒരു മഹാദുഷ്ടൻ സിഹ്‌റ് ചെയ്തു, അല്ലാഹു അത് നിഷ്ഫലമാക്കി എന്നാണ് ഹദീസിലുള്ളത്. ഇത് തമ്മിലെന്താണ് പൊരുത്തക്കേട്? യാതൊന്നുമില്ല. സിഹ്‌റ് ബാധിച്ചിട്ട് ബുദ്ധിശൂന്യമായി പറയുന്നത് ആളുകൾ പിൻപറ്റി എന്ന് വന്നാൽ മാത്രമേ ദോഷമുള്ളൂ. അങ്ങനെ ഹദീസിലില്ല. ഒരു ദുഷ്ടനായ യഹൂദി സിഹ്‌റ് ചെയ്തു എന്നും അല്ലാഹു അത് നിഷ്ഫലമാക്കുകയും ചെയ്തു എന്നുമാണ് ഹദീസിലുള്ളത്. അത് ഖുർആനിലെ ഈ വചനത്തിനെതിരാകുന്നില്ല. ആ ഒരൊറ്റ പദമെടുത്തിട്ട് ഈ ഹദീസ് ഖുർആനിനെതിരാണെന്ന് വാദിക്കുന്നത് ശരിയല്ല. അങ്ങനെ വാദിക്കാമെന്ന് വരുന്ന പക്ഷം പുരുഷൻ എന്ന പദത്തേയും കണക്കിലെടുക്കേണ്ടിവരും. നബി(സ) പുരുഷനാണെന്നുറപ്പാണല്ലോ. അപ്പോൾ അത് ഖുർആനിനെതിരാകുമോ? സ്വഹീഹുൽ ബുഖാരിയിൽ കള്ളഹദീസുണ്ടെന്ന് ജൽപിക്കാനുദ്ദേശിക്കുന്നവർ വേറെ വഴി നോക്കേണ്ടിവരും! ഇവിടെ ഈ ആയത്തും ഹദീസും തമ്മിൽ യാതൊരു വൈരുധ്യവുമില്ല’’ (തർജുമാനുൽ ഖുർആൻ, വാള്യം 2, പേജ് 995).

സൂറ ഫുർക്വാൻ 8ാം വചനത്തിലും മൗലവി ഇത് തന്നെ ആവർത്തിച്ചിട്ടുണ്ട്. വിശ്വാസത്തിൽ ഉറച്ചവർക്ക് തിരിയും വിധം പ്രമാണങ്ങൾ വെച്ച് പണ്ഡിതന്മാർ ഇപ്രകാരം പറഞ്ഞിട്ടും ഇവരുടെ അടങ്ങാത്ത ധാർഷ്ട്യവും ധിക്കാരവും കാണുക:

“അല്ലാഹുവിനെയും അവന്റെ ഗ്രന്ഥത്തെയും നിസ്സാരപ്പെടുത്തുന്നവർക്കു മാത്രമെ സിഹ്‌റെന്ന തട്ടിപ്പിനെയും വഞ്ചനയെയും വെള്ളപൂശി ന്യായീകരിക്കാൻ കഴിയൂ. നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്നത് ഇസ്‌റാഅ് സൂറത്ത് 101, ഫുർഖാൻ 8,9 ശുഅ്‌റാ 153,185 എന്നീ വചനങ്ങൾക്കും എതിരാണ്’’ (അത്തൗഹീദ്, പേജ് 46).

മുകളിൽ പറഞ്ഞ ഇസ്വ്‌ലാഹി പണ്ഡിതൻമാർക്കും അഹ്‌ലുസ്സുന്നയുടെ മുൻകാല പണ്ഡിതന്മാർ ക്കുമൊന്നും ഈ ആയത്തുകളുടെ ആശയം മനസ്സിലായില്ല, മർകസുദ്ദഅ്‌വക്കാർക്കാണ് അത് മനസ്സിലായത് എന്നാണല്ലോ ഇപ്പറഞ്ഞതിന്റെ താൽപര്യം!

(അവസാനിച്ചില്ല)