ഖാദിയാനിസത്തിന്റെ വേരറുത്ത ആദ്യ ഫത്‌വയും അല്ലാമാ മുഹമ്മദ് ഹുസൈൻ ബഠാലവിയും

അജ്മൽ ഫൗസാൻ

2024 ഏപ്രിൽ 06, 1445 റമദാൻ 27

ആദ്യം പ്രബോധകനായും പിന്നീട് നവോത്ഥാന നായകനായും നിഴൽനബിയായും വാഗ്ദത്ത മസീഹായുമൊക്കെ സ്വയം പരിചയപ്പെടുത്തി രംഗത്തുവന്ന വ്യാജ പ്രവാചത്വവാദിയായ മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി മുസ്‌ലിംകൾക്കിടയിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലം. ഇസ്‌ലാമിന്റെ അസ്തിവാരം മാന്തുന്ന ഈ കുത്സിത ശ്രമം കണ്ട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പണ്ഡിത കേസരികൾ വെറുതെയിരുന്നില്ല. ശക്തമായി അവരതിനെ നേരിട്ടു.

തീർത്തും ഇസ്‌ലാമിക വിരുദ്ധ ആശയങ്ങൾ പേറുന്ന ഗുലാം അഹ്‌മദ് ഖാദിയാനി കാഫിറാണെന്ന് സ്ഥാപിക്കുന്ന ആദ്യ ഫത്‌വയുടെ പ്രസിദ്ധീകരണത്തിന് പിന്നിലുള്ള മഹാനായിരുന്നു അല്ലാമാ മുഹമ്മദ് ഹുസൈൻ ബഠാലവി (റഹി).

മിർസയെ മൗലാനാ ബഠാലവിക്ക് നേരത്തെതന്നെ അടുത്തറിയാം. തന്റെ അതിവാദങ്ങൾ പരസ്യമായി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ പൊതുസമൂഹത്തിന്റെ അഭിനന്ദനപാത്രവും ജനമനസ്സുകളിൽ സ്വാധീനവുമുള്ളയാളുമായ മൗലാനയെ ചാക്കിലാക്കാൻ മിർസ ശ്രമിച്ചിട്ടുണ്ട്. ലാഹോറിലെ ചീനിയൻവാലി മസ്ജിദിലെ ഖത്വീബായിരുന്ന മൗലാനയുമായി ഒരിക്കൽ അവധിക്ക് നാട്ടിൽ വന്നപ്പോൾ സ്ഥാപിച്ച ബന്ധം മിർസ നന്നായി ഉപയോഗപ്പെടുത്തി. പലപ്പോഴായി മിർസ ലാഹോറിൽ അദ്ദേഹത്തോടൊപ്പം താമസിച്ചിട്ടുമുണ്ട്.

മിർസാ ഗുലാം തന്റെ ‘മസീഹി’ വാദം പ്രഖ്യാപിക്കാനായി എഴുതിയ ‘തൗളീഹേ മറാം,’ ‘ഫത്‌ഹേ ഇസ്‌ലാം’ എന്നീ കൃതികൾ പ്രസിദ്ധീകൃതമാകാൻ പോകുന്നു എന്നറിഞ്ഞ സമയം; മൗലാനാ ബഠാലവി മിർസയെ നേരിട്ട് ബന്ധപ്പെട്ടു. ഈ വാദത്തിന്റെ ഗൗരവവും പൊള്ളത്തരവും സംസാരിച്ച് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ഗുണദോഷിക്കുകയും ചെയ്തു. ദീർഘമായ എഴുത്തുകുത്തുകളും നടത്തി. പക്ഷേ, ഗുലാം അഹ്‌മദ് വഴങ്ങിയില്ല. അവസാനം 1891ൽ ആ കൃതികൾ പുറത്തുവന്നു.

മൗലാനാ ബഠാലവി ഉടനെ ഒരു സാഹസത്തിന് ഇറങ്ങിത്തിരിച്ചു. അദ്ദേഹം മിർസാ ഗുലാമിന്റെ വ്യാജവാദങ്ങളടങ്ങിയ പേപ്പർ കട്ടിംഗ്‌സുകൾ സമാഹരിച്ച് ഒരു ഫയൽ തയ്യാറാക്കി. ശേഷം ഇത്തരം വാദങ്ങൾ നടത്തുന്ന ഒരു വ്യക്തിയെക്കുറിച്ച് ഇസ്‌ലാമിക ശരീഅത്തിന്റെ വിധിയെന്ത് എന്ന ഒരു ചോദ്യത്തോടു കൂടി ഇന്ത്യൻ പണ്ഡിതലോകത്തിന് മുന്നിൽ സമർപ്പിച്ചു.

അദ്ദേഹത്തിന്റെ ഗുരുനാഥനും ഇന്ത്യൻ പണ്ഡിതസമൂഹത്തിൽ അറിയപ്പെട്ടയാളുമായ അല്ലാമാ സയ്യിദ് നദീർ ഹുസൈൻ ദഹ്‌ലവി(റഹി)ക്കാണ് ആദ്യം ഇത് നൽകുന്നത്. ഖാദിയാനിയുടെ വിഷലിപ്തവാദങ്ങളും പൊള്ളത്തരങ്ങളും അറിയുന്ന അദ്ദേഹം പ്രമാണ പിൻബലത്തോടെത്തന്നെ പണ്ഡിതോചിതമായി അതിൽ ഒപ്പുചാർത്താൻ മടിച്ചുനിന്നില്ല. സർവാംഗീകൃതനും സുസമ്മതനും ‘ശൈഖുൽ കുല്ല് ഫിൽ കുല്ല്’ (സർവരുടെയും സർവ വിഷയങ്ങളിലെയും ഗുരു) എന്ന വിശേഷണത്താൽ വിശ്രുതനുമായ അല്ലാമാ സയ്യിദ് നദീർ ഹുസൈൻ ദഹ്‌ലവി(റഹി)യുടെ ഒപ്പു മാത്രം മതിയായിരുന്നു അന്നത്തെ മുസ്‌ലിം ലോകത്തിനു മുന്നിൽ മിർസാഗുലാം എന്ന വ്യാജ പ്രവാചകത്വവാദിയുടെ തനിനിറം വ്യക്തമാകാൻ. പക്ഷേ, അല്ലാമാ ഹുസൈൻ ബഠാലവി അതുകൊണ്ട് മതിയാക്കിയില്ല.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റു പ്രമുഖ പണ്ഡിതന്മാരിൽനിന്നുകൂടി ഈ ഫത്‌വയിൽ ഒപ്പ് സംഘടിപ്പിക്കാൻ അദ്ദേഹം വളരെയധികം ത്യാഗം സഹിച്ചു. അനവധി യാത്രകൾ നടത്തി. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. പക്ഷേ, അല്ലാമയുടെ നിശ്ചയദാർഢ്യത്തിന് ഒരു കോട്ടവും തട്ടിയില്ല. അങ്ങനെയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പ്രശസ്തരും പ്രഗത്ഭരുമായ 200 പണ്ഡിതന്മാരുടെ ഒപ്പുകൾ ആ ഫത്‌വയിൽ പതിയുന്നത്. ഇസ്‌ലാമിന്റെ കടയ്ക്കൽ കോടാലി വയ്ക്കാൻ ശ്രമിക്കുന്ന സർവ വ്യാജവാദികൾക്കുമുള്ള ചെകിടടപ്പൻ മറുപടിയായിരുന്നു ഈ ഫത്‌വ. ഇതു കാരണം കുറച്ചൊന്നുമല്ല മിർസ ബുദ്ധിമുട്ടിയത്. ഇന്ത്യൻ മുസ്‌ലിംകൾക്ക് മുന്നിൽ അയാളുടെ പൊയ്‌മുഖം പിച്ചിച്ചീന്തിയ ഈ ഫത്‌വയെക്കുറിച്ചും ഇത് തയ്യാറാക്കിയ അല്ലാമാ ഹുസൈൻ ബഠാലവിയെക്കുറിച്ചും അല്ലാമാ നദീർ ഹുസൈനെക്കുറിച്ചുമൊക്കെ തന്റെ എഴുത്തുകളിലൂടെ അയാൾ ആവർത്തിച്ചു പ്രകടിപ്പിക്കുന്ന രോഷം കണ്ടാൽ മനസ്സിലാക്കാം ഈ ഫത്‌വ സൃഷ്ടിച്ച പ്രതിഫലനങ്ങളുടെ തോത്. അനേകായിരങ്ങൾ അയാളെ ജൂതനസ്രാണികളെക്കാളും വലിയ സത്യനിഷേധി (കാഫിർ)യാണെന്ന് വിശ്വസിക്കാൻ ഇത് കാരണമായി എന്ന് അയാൾതന്നെ എഴുതുന്നുണ്ട്. കൂർത്തുമൂർത്ത, പ്രമാണഭാരമുള്ള വാക്കുകളാൽ തീർത്ത ഈ ഫത്‌വ ഇസ്‌ലാമിക ചരിത്രത്തിലെ ഒരു അതുല്യരേഖതന്നെയാണ്. വർഷങ്ങൾക്കുശേഷം ശൈഖ് അത്വാഉല്ലാഹ് ഹനീഫ് ഭോജിയാനി (റഹി) ഇത് പുനഃപ്രസിദ്ധീകരിച്ചിരുന്നു; ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പണ്ഡിതന്മാർ ഏകോപിച്ചംഗീകരിച്ച ആദ്യഫത്‌വ എന്ന പേരിൽ. 188 പേജ് ഉണ്ടായിരുന്നു അത്.

ഈ ഫത്‌വ യത്‌നത്തിൽനിന്ന് വിരമിച്ചയുടനെ 1891 ജൂലൈ 20 മുതൽ 31 വരെ അല്ലാമാ ബഠാലവി ഗുലാം അഹ്‌മദുമായി ലുധിയാനയിൽവച്ച് നീണ്ട ഒരു വാദപ്രതിവാദം നടത്തി. അദ്ദേഹത്തിന്റെ മുമ്പിൽ എഴുന്നേറ്റു നിൽക്കാൻ പോലും ത്രാണിയില്ലാത്ത മിർസാഗുലാം തോറ്റമ്പി. ഈ സംവാദത്തിന് ശേഷം മൗലാനാ ബഠാലവി ഇരിക്കുന്ന സദസ്സിൽവച്ച് മറ്റുള്ളവരോടുപോലും സംസാരിക്കാൻ ഗുലാം അഹ്‌മദിന്റെ നാവ് പൊങ്ങിയിരുന്നില്ല. അത്രക്ക് ഭയമായിരുന്നു മിർസക്ക് അദ്ദേഹത്തെ. ലുധിയാനയിൽവച്ചു നടന്ന പ്രസ്തുത സംവാദം മുസ്‌ലിംകൾക്ക് ഖാദിയാനിസത്തിന്റെ ഉള്ളുകള്ളികൾ മനസ്സിലാക്കാനും ഖാദിയാനിസത്തിൽ പെട്ടുപോയവർക്ക് യാഥാർഥ്യം ഗ്രഹിക്കാനും ഉതകുന്നതായി മാറി. മൗലാനാ ബഠാലവി തന്നെ പത്രാധിപസ്ഥാനം അലങ്കരിക്കുന്ന ‘ഇശാഅത്തുസ്സുന്ന’ മാസികയുടെ നിരവധി ലക്കങ്ങളിലായി ഈ വാദപ്രതിവാദം ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുകയും ചെയ്തു. അഞ്ഞൂറിലേറെ താളുകളിലായി ആ സംഭവബഹുലമായ സംവാദചരിത്രം നീണ്ടുകിടക്കുകയാണ്.

വൈജ്ഞാനിക രംഗത്ത് അനവധി ഗ്രന്ഥങ്ങളുടെ കർത്താവുകൂടിയാണ് മൗലാനാ ഹുസൈൻ ബഠാലവി (റഹി). സ്വഹീഹുൽ ബുഖാരിയിലെ സ്വലാത്ത്, മഗാസി, തഫ്‌സീർ എന്നീ അധ്യായങ്ങൾക്കും അതുപോലെതന്നെ മിശ്കാത്തുൽ മസ്വാബീഹിന്റെ ആദ്യപകുതിക്കും എഴുതിയ അനുബന്ധങ്ങൾ അവയിൽ പെടുന്നു.

1841 ഫെബ്രുവരി 10ന് ഗുരുദാസ്‌പൂരിനടുത്തുള്ള ബഠാലയിൽ ജനിച്ച അല്ലാമാ മുഹമ്മദ് ഹുസൈൻ ബഠാലവി (റഹി) 1920 ജനുവരി 29നാണ് മരണപ്പെടുന്നത്.

മൗലാനാ ബഠാലവിയുടെ മരണശേഷം ഖാദിയാനി പത്രമായ ‘അൽഹകമി’ന്റെ എഡിറ്റർ എഴുതി: “മൗലവി മുഹമ്മദ് ഹുസൈൻ ബഠാലവിയുടെ മരണവാർത്ത യഥാർഥത്തിൽ എന്നെ വല്ലാതെ ദുഃഖിപ്പിക്കുകയും വേദനിപ്പിക്കുകയുമുണ്ടായി. എല്ലാ നിലയ്ക്കും അദ്ദേഹം ഞങ്ങളുടെ സംഘടനയുടെ പ്രഥമശത്രുവായിരുന്നു. പക്ഷേ, ഒരു കാര്യത്തിൽ യാതൊരു സംശയവുമില്ല. അദ്ദേഹം ഒരു പ്രഗത്ഭനായ പണ്ഡിതനും തന്റെ കാലഘട്ടത്തിലെ വിജ്ഞാനിയായ സംവാദകനും തൂലികയുടെ ഉടമയുമായിരുന്നു...സംഘടനാ ചരിത്രത്തിൽ അദ്ദേഹത്തിന്റെ എതിർപ്പ് ഒരു ഹൃദ്യമായ അധ്യായമാണ്. സുദീർഘമായ 28 വർഷത്തെ സംഭവബഹുലമായ വൃത്താന്തമാണത്.’’


അവലംബം:

1. അവ്വലിയാത്തു അഹ്‌ലിൽ ഹദീസ് - മുഹമ്മദ് ഇസ്ഹാഖ് ഭത്തി(റഹി).

2. ഖാദിയാനിസം-സ്വഫിയ്യുർറഹ്‌മാൻ മുബാറക്പൂരി.