ഹദീസ് നിഷേധം വെറും ആരോപണമോ?

മൂസ സ്വലാഹി കാര

2024 സെപ്തംബർ 21, 1446 റ. അവ്വൽ 18

(ആദര്‍ശത്തിനു പരിക്കേല്‍പിച്ചവര്‍ ആര്? (2))

അഹ്]ലുസ്സുന്നയില്‍നിന്ന് വ്യതിചലിച്ച മുഅ്തസിലിയാക്കള്‍ ഹദീസുകളെ തള്ളാന്‍ പ്രധാനമായും പറഞ്ഞ കാരണങ്ങള്‍ അവലംബിച്ച് ചേകനൂര്‍ മൗലവിക്ക് ശേഷം കേരളത്തില്‍ നിഷേധ പ്രവണത തുടര്‍ന്നത് അബ്ദുസ്സലാം സുല്ലമിയായിരുന്നു എന്ന വസ്തുത സമൂഹം അറിഞ്ഞതില്‍ ശബാബുകാരന്‍ സങ്കടപ്പെടുന്നത് കാണുക:

“ഹദീസ് നിഷേധമെന്ന ഗുരുതരമായ ആരോപണം അവര്‍ അദ്ദേഹത്തിനെതിരിലും അദ്ദേഹം നിലകൊള്ളുന്ന പ്രസ്ഥാനത്തെ കുറിച്ചും നാടുനീളെ പാടി നടന്നു. ഇതിനായി മുജാഹിദ് പ്രസ്ഥാനം യഥാസമയം കൃത്യമായി മറുപടി നല്‍കി മുനയൊടിച്ച ആരോപണങ്ങളാണ് അവര്‍ പൊടിതട്ടിയെടുത്തത്.

ചേകനൂര്‍ മൗലവിയുടെ നേതൃത്വത്തില്‍ യഥാര്‍ത്ഥ ഹദീസ് നിഷേധം കേരളത്തില്‍ തല പൊക്കിയപ്പോള്‍ കൃത്യമായ പ്രമാണങ്ങളുടെ ബലത്തില്‍ അതിനെതിരിരില്‍ ശക്തമായി സ്റ്റേജിലും പേജിലും നിറഞ്ഞുനിന്ന അബ്ദുസ്സലാം സുല്ലമിയെ ഹദീസ് നിഷേധിയായി ആരോപിക്കാന്‍ കേരളത്തിലെ മുസ്‌ലിയാക്കന്മാരെ കൂട്ടുപിടിക്കുകയായിരുന്നു’’ (ശബാബ്/2024 ആഗസ്റ്റ് 16/പേജ് 34).

ചേകനൂരിന്റെയും സുല്ലമിയുടെയും ഹദീസ് നിഷേധ സാമ്യതകള്‍ പുറത്തിട്ടപ്പോള്‍ അതിനെയെല്ലാം ‘നിരൂപണം’ എന്ന ഓമനപ്പേരിട്ട് ആദരിക്കാനും അതേ അവസ്ഥ തുടരാനും തുനിഞ്ഞ ഇവര്‍ അവസാനം ചേകനൂരിന് നവോത്ഥാന നായക പട്ടവും നല്‍കി. ഇവരുടെ ഹദീസ് നിഷേധത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടാന്‍ ചില ഉദാഹരണങ്ങള്‍ കൂടി വായിക്കാം:

“ഖുര്‍ആനും ഹദീസും ഒരേ പ്രഭവ കേന്ദ്രത്തില്‍ നിന്നാണെന്നും അവ രണ്ടിന്റെയും പ്രാമാണികതയില്‍ വ്യത്യാസമില്ലെന്നുമുള്ള അത്യന്തം ഗുരുതരമായ വാദമുഖങ്ങള്‍ അവര്‍ സമൂഹത്തില്‍ നിരത്തി’’ (ശബാബ് 2013 ജൂണ്‍ 14/പേജ് 7).

“അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് (അല്ലാഹുവില്‍നിന്നുള്ള) സന്ദേശമായി നല്‍കപ്പെടുന്നത് മാത്രമാകുന്നു’’ (53:3,4) എന്ന ക്വുര്‍ആന്‍ സൂക്തത്തിന്റെ ആശയമെന്താണെന്ന് വായനക്കാര്‍ ചിന്തിക്കുക.

ഉമര്‍ സുല്ലമി എഴുതുന്നു: “ശൈത്വാനെക്കുറിച്ച് പല ഹദീസുകളിലും വന്നിട്ടുണ്ട്. എല്ലായിടത്തും ശൈത്വാന്‍ എന്നാല്‍ ഒരേ അര്‍ഥത്തിലല്ല. ബുദ്ധി ഉപയോഗിക്കുന്നതിലൂടെയാണ് അത് മനസ്സിലാക്കാനൊക്കുക. നേരം വൈകുന്നേരമായാല്‍ കുട്ടികളെ പുറത്തിറക്കരുതേ, സ്ത്രീകള്‍ പുറത്തിറങ്ങരുതേ ശൈത്വാനുണ്ടാകും എന്നു ചില ഹദീസുകളില്‍ കാണാം. ഈ ശൈത്വാന്‍ ജിന്ന് വിഭാഗത്തില്‍ പെട്ട ഭൂതം ഉണ്ടാകും എന്ന അര്‍ഥത്തിലാവില്ലല്ലോ. വാതിലടച്ചാല്‍ ഉള്ളില്‍ കേറാന്‍ കഴിയാത്ത ശൈത്വാനെക്കുറിച്ചാണല്ലോ ഇപ്പറഞ്ഞത്. ഉപദ്രവം വരുത്തുന്ന ജീവജാലങ്ങളോ മനുഷ്യരോ ഒക്കെയാണ് ഈ ശൈത്വാന്‍. രക്തം സഞ്ചരിക്കുന്നിടത്തുള്ള, മനസ്സില്‍ വസ്‌വാസുണ്ടാക്കുന്ന ശൈത്വാനെ വാതിലടച്ച് തടയാനാവില്ലല്ലോ. അവിടെയൊക്കെ ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കാന്‍ സാധിക്കണം’’ (ശബാബ് 2024 ഫെബ്രു 9/പേജ് 16).

ഡോ ഇ.കെ അഹ്‌മദ്കുട്ടി എഴുതുന്നു: “എല്ലാ സങ്കേതങ്ങളെയും നന്മയ്ക്കു വേണ്ടി ഉപയോഗിച്ച് സമുദായത്തെ പരിവര്‍ത്തിപ്പിച്ചുകൊണ്ട് ഇസ്‌ലാഹി പ്രസ്ഥാനവും ഒരു നൂറ്റാണ്ടു കാലത്തോളം മുന്നോട്ടു നീങ്ങി. അതിനിടയിലാണ് അനൈക്യത്തിന്റെ കാര്‍മേഘങ്ങളും ജിന്ന്, ശൈത്വാന്‍, സിഹ്‌റ് ബാധകളും പ്രസ്ഥാനത്തിനകത്തുള്ള ചിലരെ പിടികൂടിയത്’’ (ശബാബ് 2024 ഫെബ്രു 9/പേജ് 17).

സ്വീകാര്യയോഗ്യമായ ഹദീസുകളിലൂടെ ലഭ്യമായ ഇത്തരം കാര്യങ്ങളെ ദുര്‍ബലവും പരിമിതവുമായ ബുദ്ധി ഉപയോഗിച്ച് വിലയിരുത്താന്‍ തുനിഞ്ഞ നേരത്ത് ഇമാമുമാരായ ഖുര്‍തുബി(റഹ്), നവവി(റഹ്), ഇബ്‌നു ദഖീഖില്‍ ഈദ്(റഹ്), ഇബ്‌നു ഹജര്‍(റഹ്), ഇബ്‌നു അബ്ദില്‍ ബര്‍റ്(റഹ്), ഇബ്‌നുല്‍ അറബി(റഹ്), ഇബ്‌നു ഉഥൈമീന്‍(റഹ്) പോലുള്ളവര്‍ ഇവയ്ക്കു നല്‍കിയ വിശദീകരണങ്ങള്‍ ഒന്ന് വായിച്ചു നോക്കാമായിരുന്നു. അഹ്]ലുസ്സുന്നയുടെ മുന്‍കാല പണ്ഡിതന്മാരും മുജാഹിദ് പ്രസ്ഥാനത്തിന്റെ പഴയകാല നേതാക്കളുമൊന്നും ഇത്തരമൊരു വ്യാഖ്യാനം നടത്തിയിട്ടില്ല.

വഹ്‌യിലൂടെ കിട്ടിയ വിവരമനുസരിച്ച് നബി ﷺ പറഞ്ഞുതന്ന സംസം വെള്ളത്തിന്റെയും അജ്‌വ കാരക്കയുടെയും ശ്രേഷ്ഠത, ഇസ്‌ലാമിക മന്ത്രം, സിഹ്‌റിന്റെ യാഥാര്‍ഥ്യം പോലുള്ളതിനെയെല്ലാം പരസ്യമായി നിഷേധിക്കുന്നതിനെ ഹദീസ് നിഷേധം എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക?

സലഫികളെ ആദര്‍ശവിരോധികള്‍ക്ക് പ്രബോധന രംഗത്ത് അടിച്ചമര്‍ത്താന്‍ മുട്ടന്‍ വടി കൊടുത്തത് ഇക്കൂട്ടരാണ്. പിന്നെ എന്തിനാണത് മറ്റുള്ളവരുടെ മേല്‍ വെച്ചുകെട്ടുന്നത്? സലഫി വിരോധികളായ പുരോഹിതന്മാര്‍ ആളുകളെ പറ്റിക്കാന്‍ വേണ്ടി മുറിച്ചെടുത്ത ക്ലിപ്പുകളല്ലേ ഇവരിപ്പോഴും മുജാഹിദുകളെ എതിര്‍ക്കാനായി പ്രദര്‍ശിപ്പിക്കുന്നത്? ശിര്‍ക്കിന്റെ നിലനില്‍പ്പിനായി പണിയെടുക്കുന്നവരെ പരാജയപ്പെടുത്തിയ മഞ്ചേശ്വരം, കോട്ടക്കല്‍ സംവാദങ്ങളെ കുറിച്ച് സുല്ലമി സമസ്തയോട് പറഞ്ഞത് സെന്‍സിംഗില്‍ നിന്ന് വായിക്കാം: “തോറ്റമ്പിപ്പോയി, സുന്നികള്‍ ഓതിയ ആയത്തിനും ഹദീസിനും മറുപടി പറയാന്‍ അവര്‍ക്കു സാധിച്ചില്ല’’(പേജ് 20).

കടുത്ത സംഘടനാവിരോധം എന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന് ആ സംവാദങ്ങള്‍ കേട്ടവര്‍ക്കറിയാം.

പൊള്ളലും കുരുക്കും

പുരോഹിതന്മാര്‍ പടച്ചുണ്ടാക്കിയ, അസാധാരണ-അഭൗതിക മാര്‍ഗത്തിലൂടെ സഹായിക്കാന്‍ ജീവിത കാലത്തും മരണശേഷവും അമ്പിയാക്കള്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍ എന്നിവര്‍ക്ക് സാധിക്കുമെന്ന പുതിയ ആശയത്തില്‍ വിശ്വസിച്ച് പാമരജനങ്ങള്‍ പ്രാര്‍ഥനയും സഹായ തേട്ടവുമൊക്കെ സൃഷ്ടികളിലേക്ക് തിരിച്ച സാഹചര്യമുണ്ടായി. അക്കാലത്ത് അതിനെതിരെ പടവെട്ടിയ കെ.എം മൗലവി(റഹ്) എഴുതിയത് വായിക്കാം:

“അപ്പോള്‍ ഒരാള്‍ ഏതെങ്കിലും ഒരു സൃഷ്ടിക്ക് തന്റെ മേല്‍ മറഞ്ഞ നിലയിലുള്ള അധികാര ശക്തി ഉണ്ടെന്നു ധരിച്ചുകൊണ്ട് ആ സൃഷ്ടിയെ വന്ദിക്കുവാന്‍ ഉദ്ദേശിച്ചോ ആ സൃഷ്ടിയുടെ അടുക്കല്‍ സാമീപ്യം ലഭിക്കുവാന്‍ ഉദ്ദേശിച്ചോ അവനെ ഭയപ്പെട്ടോ അവന്റെ അടുക്കല്‍ ശരണം തേടിയോ അവനെ സ്‌നേഹിച്ചോ മറ്റോ അവന്റെ അടുക്കല്‍ അത്യധികമായ, അങ്ങേയറ്റമായ താഴ്മ കാണിക്കുന്നതിനെ സൂചിപ്പിക്കുന്നതായി ചെയ്യുന്ന ധ്യാനവും കര്‍മ്മവും വചനവും എല്ലാം അവനെ ആരാധിക്കലത്രെ, അവന്ന് ഇബാദത്ത് ചെയ്യലത്രെ’’ (പ്രാര്‍ഥനയും ആരാധനയും/ പേജ് 18).

പി.കെ മൂസ മൗലവി(റഹ്) ഇതേ ആശയം കെ.എം മൗലവിയുടെ ജീവചരിത്രത്തിന് അവതാരിക നല്‍കിയപ്പോള്‍ എഴുതിയത് നേര്‍പഥം എടുത്തുകൊടുത്തത് ശബാബുകാരന് വല്ലാതെ പൊള്ളലേല്‍പിച്ചിട്ടുണ്ട്. അത് ഒന്നുകൂടി ഉദ്ധരിക്കാം.

“അപ്പോള്‍ അഭൗതികമായ മാര്‍ഗങ്ങളിലൂടെ സൃഷ്ടികള്‍ക്ക് ഗുണമോ ദോഷമോ വരുത്തിത്തീര്‍ക്കുവാന്‍ ആരെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്നു വിചാരിച്ചുകഴിഞ്ഞാല്‍ ആ വിചാരവും ആ വിശ്വാസവും പ്രവൃത്തികളും തൗഹീദിനെതിരായി ഭവിക്കുന്നു. അല്ലെങ്കില്‍ ശിര്‍ക്കായിത്തീരുന്നു.’’

ശബാബ് ലേഖകന്‍ തുടരുന്നു: “ജിന്നുകളും മലക്കുകളും ഗൈബിയായി മനുഷ്യനെ സഹായിക്കുമെന്ന വിശ്വാസവും കൂടോത്രവും കണ്ണേറും ഫലിക്കുമെന്ന വിശ്വാസവും ജിന്നുകളെ ആരാധിക്കുകയും പൂജിക്കുകയും ചെയ്താല്‍ അവര്‍ സഹായിക്കും എന്ന വാദവുമൊക്കെ ശിര്‍ക്കാണെന്ന വസ്തുത ഉള്‍ക്കൊള്ളുന്ന ഈ വരികള്‍ വിസ്ഡം ആദര്‍ശങ്ങളെ കടപുഴക്കുന്നതാണ് എന്നതിനാലാണ് ഇതില്‍നിന്ന് ചെറിയൊരു ഭാഗം മാത്രം അടര്‍ത്തി മാറ്റി ലേഖകന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്’’ (പേജ് 36).

അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നതിന്റെ നിരര്‍ഥകത വിശദീകരിച്ച അദ്ദേഹത്തിന്റെ വരികളെടുത്ത് അണികളെ ഇങ്ങനെ കബളിപ്പിക്കേണ്ട ഗതികേടിലാണിവര്‍. അതേ നിലപാടില്‍തന്നെ ഉറച്ചുനിന്ന് തൗഹീദിന്റെ പ്രചാരണരംഗത്ത് സജീവമായി നിലകൊള്ളുന്നവരെ ജിന്നാരാധകരും ജിന്ന് പൂജകരുമായി അപഹസിക്കുന്നവരുടെ കാര്യം ഞങ്ങള്‍ പരലോത്തേക്ക് വിടുകയാണ്.

വാസ്തവത്തില്‍ ഇവര്‍ രൂപപ്പെടുത്തിയ പുതിയ വിശ്വാസത്തിന്റെ അടിവേരറുക്കുന്നതാണ് മൗലവിയുടെ വാചകങ്ങള്‍. ജിന്ന്, മലക്ക്, ശൈത്വാന്‍, സിഹ്ര്‍, മന്ത്രം, കണ്ണേറ് പോലുള്ള വിഷങ്ങള്‍ പ്രതിപാദിക്കുന്ന ഹദീസുകളില്‍ ഏതെങ്കിലും ഒന്നില്‍ അദ്ദേഹം സംശയിച്ചതോ, അല്ലെങ്കില്‍ നിഷേധിച്ചതോ ആയി തെളിയിക്കാന്‍ ഇവര്‍ക്കു കഴിയുമോ? ഇനി ജിന്നിനും മലക്കിനും അഭൗതികത കല്‍പിക്കുന്ന പക്ഷത്തേക്ക് മൗലവിയെ വലിക്കുകയാണെങ്കില്‍ വൈരുധ്യവാദികളാകുന്നത് ഇവര്‍ തന്നെയാണ്.

ഭൗതികം, സൃഷ്ടി കഴിവ്, കാര്യകാരണ ബന്ധങ്ങള്‍ക്ക് അധീനം, അധീതം... ഇതെല്ലാം തൗഹീദും ശിര്‍ക്കും വേര്‍തിരിച്ച് പഠിപ്പിക്കാന്‍ പണ്ഡിതന്മാര്‍ പ്രയോഗിച്ച് പോന്നതാണ്. അല്ലാഹുവല്ലാത്തതെല്ലാം ആലമാണെന്നും ഓരോന്നിനും അതിന്റെ പ്രകൃതമനുസരിച്ച് വ്യത്യാസമുണ്ടെന്നും പഠിപ്പിക്കപ്പെട്ടവരാണ് നാം. കണ്ണില്‍ കാണാത്തത് എന്നര്‍ഥത്തിലുള്ള പ്രയോഗങ്ങളെ തൗഹീദും ശിര്‍ക്കും വേര്‍തിരിക്കുന്ന സാക്ഷാല്‍ അഭൗതികതയാക്കി മാറ്റിയതാണ് വിമര്‍ശകര്‍ക്ക് പറ്റിയ ഭീമാബദ്ധം. മുന്‍കാല മുജാഹിദ് നേതാക്കന്മാരുടെ രചനകളില്‍ കാണുന്ന സൃഷ്ടി കഴിവ്, മനുഷ്യ കഴിവ് എന്നിവയെ മനുഷ്യ കഴിവ് എന്നതില്‍ മാത്രം പരിമിതപ്പെടുത്തി പുതിയ വ്യാഖ്യാനങ്ങള്‍ ചമച്ചതും ഇവര്‍ക്ക് സംഭവിച്ച വലിയ വ്യതിയാനമാണ്. അദൃശ്യ സൃഷ്ടികളായ ജിന്ന്, മലക്ക് എന്നിവയെ അഭൗതിക ശക്തികളായും ജിന്നിന്റെയും മലക്കിന്റെയും മനുഷ്യ ജീവിതത്തിലെ ഇടപെടലുകളെ അഭൗതിക ഇടപെടലുകളായി വ്യാഖ്യാനിച്ചതുമാണ് മുജാഹിദുകള്‍ക്ക് നേരെ ശിര്‍ക്കാരോപിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. സത്യത്തില്‍ മുജാഹിദ് പ്രബോധന ചരിത്രത്തിലെ ഒരു കറുത്ത അധ്യായം തന്നെയായിരുന്നു ഇവരുടെ ആദര്‍ശ വ്യതിചലനം! ആ വ്യതിയാനപ്പുരയുടെ പുറത്ത് കയറിയാണവര്‍ മുവഹ്ഹിദുകള്‍ക്ക് നേരെ ശിര്‍ക്ക്, കുഫ്‌റ്, നവയാഥാസ്ഥികത എന്നെല്ലാം വിളിച്ച് കൂവിയത്. ശബാബുകാരന് വലിയ കുരുക്കായ ആ വരികള്‍ ഒരിക്കല്‍ കൂടി വായിക്കാം:

“മലക്കുകള്‍ക്കും ജിന്നുകള്‍ക്കും നമ്മെ സഹായിക്കാന്‍ സാധിക്കുമെന്ന് വല്ലവനും വിശ്വസിച്ചാല്‍ അവന്റെ വിശ്വാസത്തില്‍ ശിര്‍ക്കും കുഫ്‌റും സംഭവിക്കുന്നു’’ (തൗഹീദും നവയാഥാസ്ഥികരുടെ വ്യതിയാനവും/പേജ് 11).

പുതുതായി കണ്ടെത്തിയ ഈ തത്ത്വം കൊണ്ട് വലഞ്ഞതിനാലാണ് മലക്കുകള്‍ക്കും ജിന്നുകള്‍ക്കും മനുഷ്യരുമായുള്ള കാര്യകാരണബന്ധം പഠിപ്പിക്കപ്പെട്ട ആയത്തുകളെ തെറ്റായി വിശദീകരിക്കാനും ഹദീസുകളെ പരിഹസിച്ചുതള്ളാനും ഇവര്‍ നിര്‍ബന്ധിതരായത്.

സുല്ലമിയുടെ വരികളെ ‘വെട്ടിമാറ്റി’യെന്ന് ആരോപിച്ച് ശബാബ്കാരന്‍ പറയുന്നു: “എത്ര വ്യക്തമാണ് ഈ വരികള്‍! ഇതിനകത്തെ ഒരു വരി മാത്രം എടുത്താണ് വിപരീതാര്‍ഥത്തിലേക്ക് വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ ജിന്നുതേട്ട വാദത്തിലേക്ക് ആളുകളെ പ്രചോദിപ്പിക്കാന്‍ കുതന്ത്രം പയറ്റുന്നത്’’ (പേജ് 37).

ഈ വരികള്‍ക്ക് ശേഷമുള്ള രണ്ട് പേജുകള്‍ അധികമെടുത്തെഴുതിയാല്‍ ഈ വാദം ഇല്ലാതാകുമോ? അദ്ദേഹത്തിന്റെ തൗഹീദ് പഴയ നിലയിലാണെങ്കില്‍ ശിര്‍ക്കും കുഫ്‌റും വിധിച്ചതിന്റെ ലക്ഷ്യമെന്താണ്? താഴേക്ക് വായിക്കും തോറും അദ്ദേഹത്തിന്റെ പുതിയ തൗഹീദിനെ സ്ഥാപിക്കാനുള്ള കരണം മറിയല്‍ മാത്രമെ കാണാനാകൂ! സുല്ലമി കണ്ടെത്തിയത് പ്രകാരം ശിര്‍ക്കിലും കുഫ്‌റിലും പെടാത്തവരായി ഇസ്‌ലാഹി പ്രസ്ഥാനത്തിലെ ഏതെങ്കിലും പണ്ഡിതനുണ്ടാകുമോ എന്നതുകൂടി അറിയേണ്ടതുണ്ട്. ചെറിയമുണ്ടത്തിന്റെ വിശ്വാസം കൂടി സൂചിപ്പിക്കാം; കാരണം അത് ഇവര്‍ക്കുള്ള കനത്ത മറുപടിയാണ്. അദ്ദേഹം എഴുതിയത് വായിക്കാം:

“ജിന്നുകള്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവ് മനുഷ്യ കഴിവിന്ന് അതീതമെങ്കിലും അതിനെ അഭൗതികമെന്നു വിശേഷിപ്പിക്കുന്നത് ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല. അഭൗതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്‍ക്കാര്‍ക്കും നല്‍കിയിട്ടില്ലാത്ത് കഴിവാണ്’’ (പ്രാര്‍ഥന, തൗഹീദ്: ചോദ്യങ്ങള്‍ക്ക് മറുപടി /പേജ് 78).

‘ന്യായീകരണം’ മാത്രം തെളിവാക്കി കൂടെയുള്ളവരെ ആശങ്കയില്‍പ്പെടുത്താതെ ഏതാണ് ശരിയെന്ന് കൂടി ഇവര്‍ പ്രഖ്യാപികട്ടെ!

(അടുത്ത ലക്കത്തില്‍: അല്ലാഹുവിന്റെ ചില വിശേഷണങ്ങളെയും നിഷേധിക്കുന്നു!)