സമസ്തയുടെ ദിശാവ്യതിയാനവും ശിയാധാരയോടുള്ള അടുപ്പവും

മൂസ സ്വലാഹി കാര

2024 ഒക്ടോബർ 19, 1446 റ. ആഖിർ 16

ഇസ്‌ലാമിക വശ്വാസകാര്യങ്ങളിൽ മായം ചേർത്തും സമുദായത്തെ ആത്മീയ ചൂഷണത്തിനു വിധേയമാ ക്കിയും മുന്നോട്ടു പോകുന്ന സമസ്തയുടെ മുസ്‌ലിയാക്കന്മാർ അവരുടെ പിഴച്ച നിലപാടുകളെ ചൊല്ലിയുള്ള തർക്കങ്ങൾ കാരണം തല പുകഞ്ഞിരിക്കുകയാണ്. മുശാവറയിലെ മുസ്‌ലിയാക്കന്മാരും ‘ശജറകൾ’ എന്ന പേരു സ്വീകരിച്ച ‘കശപിശ’ സംഘവും തമ്മിലുള്ള സംഘട്ടനം അണികൾക്കിടയിൽ സമസ്തയുടെ വിശ്വാസ്യതക്ക് മങ്ങലേൽപിച്ചിട്ടുണ്ട്. പ്രശ്‌നത്തിന്റെ മുഖ്യവക്താവായ അമ്പലക്കടവ് ഫൈസിയും കൂട്ടരും പ്രതികളായി പുറത്താക്കപ്പെടുമോ എന്നു ഭയന്ന് ചില അവകാശവാദങ്ങൾ ഉന്നയിക്കാനും അനുരഞ്ജനത്തിനുമൊക്കെ ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്.

‘സുപ്രഭാതം’ ദിനപത്രത്തിൽ (2024 സെപ്തംബർ 20, വെള്ളി) ‘ദിശാനിർണയത്തിൽ സമസ്തക്ക് തെറ്റിയിട്ടില്ല’ എന്ന പേരിൽ ഫൈസി എഴുതിയ ലേഖനവും കുഴപ്പങ്ങൾ കുഴക്കാതിരിക്കാൻ എസ്.കെ.എസ്.എസ്.എഫ് പ്രഖ്യാപിച്ച ‘ആദർശം അമാനത്താണ്’ എന്ന വിഷയത്തെ ആസ്പദിച്ച് ഹമീദലി ശിഹാബ് തങ്ങൾ എഴുതിയ ലേഖനവും (2024 ഒക്ടോബർ 7, തിങ്കൾ) ഈ വസ്തുത വെളിപ്പെടുത്തുന്നുണ്ട്.

ഫൈസി എഴുതുന്നു: “മതനവീകണ വാദികളെയും വ്യാജസിദ്ധന്മാരെയും തുറന്നുകാണിച്ച സമസ്ത അന്ധവിശ്വാസങ്ങൾക്കും ബിദഈ ചിന്താധാരകൾക്കും അനാചാരങ്ങൾക്കുമെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എക്കാലത്തും സ്വീകരിച്ച് പോന്നിട്ടുള്ളത്’’ (സെപ്തംബർ 20 വെള്ളി, പേജ് 6).

അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ബിദ്അത്തുകളിലും സമുദായത്തെ തളച്ചിടാൻ പാടുപെടുന്നവർ ഇങ്ങനെയൊക്കെ പറയുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു; എങ്ങനെ ഇതിനൊക്കെ ധൈര്യം വരുന്നു!

തങ്ങളുടെ വാദം കാണുക: “ശരിയായ വൈജ്ഞാനിക പാരമ്പര്യവും പൈതൃകവും മുറുകെപ്പിടിച്ച് വിശ്വാസികളെ നേർവഴിയിലേക്ക് നടത്തുന്ന അഹ്‌ലുസ്സുന്നത്തി വൽജമാഅയാണ് ഇസ്‌ലാമിക വഴികളിലെ ഋജുവായ മാർഗം. ഈ ലക്ഷ്യത്തിലും മാർഗത്തിലുമായി ഒരു നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിച്ചുവരുന്ന മഹത്തായ പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സമസ്തയുടെയും അതിന്റെ പോഷക ഘടകങ്ങളുടെയും പ്രഥമ ദൗത്യവും ലക്ഷ്യവും ആദർശ സംരക്ഷണമാണ്’’ (ഒക്ടോബർ 7 തിങ്കൾ, പേജ് 6).

ഇതിലെ ആദ്യത്തെ വാചകം വളരെ ശരിയാണ്. എന്നാൽ ശേഷം പറഞ്ഞത് വാസ്തവ വിരുദ്ധവും. ലോക മുസ്‌ലിംകൾക്കിടയിൽ അപകടം വിതച്ച ശിയാക്കൾ, സൂഫികൾ, ബറേൽവികൾ എന്നീ വ്യതിയാന കക്ഷികളെ അനുഗമിച്ച് പോരുന്ന ഇക്കൂട്ടരുടെ, തങ്ങൾ അഹ്‌ലുസ്സുന്നയുടെ മാർഗത്തിലാണ് എന്ന വാദത്തിൽ അൽപം പോലും കഴമ്പില്ലെന്നത് ബോധ്യപ്പെടാൻ മതത്തിന്റെ മർമമായ തൗഹീദിൽ ഇവർ ആർക്കൊപ്പമാണെന്ന് മാത്രം പരിശോധിച്ചാൽ മതി. അവർ എഴുതിയ വരികളിൽനിന്നുതന്നെ ഓരോന്നും നമുക്ക് വായിക്കാം:

“അടിസ്ഥാന വിശ്വാസമായ തൗഹീദിൽ സുന്നികളും ശിയാക്കളും യോജിക്കുന്നു’’ (അൽമുബാറക്, 1989 ആഗസ്റ്റ് 16, പേജ് 5).

ശിർക്കും അതിലേക്ക് എത്തിക്കുന്ന വഴികളും സമുദായത്തിൽ തുറന്നിട്ട ശിയാക്കളോട് സമസ്തക്കുള്ള ബന്ധം പരസ്യപ്പെടുത്തിയത് അവരുടെ വിശ്വാസങ്ങളെ സമസ്ത പുൽകിയതിന്റെ പ്രകടമായ തെളിവാണ്. തൗഹീദിന്റെ ഭാഗമായി വരുന്ന ഓരോന്നിലും ഇവർ ശിയാധാരയിൽ തന്നെയാണുളളതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ നോക്കാം:

ഇസ്തിഗാസ: “മരിച്ചുപോയ പ്രവാചകന്മാർക്കും ഔലിയാഅ് എന്ന് പറയുന്ന പുണ്യാത്മാക്കൾക്കും അവരുടെ മരണശേഷവും ഭൗതികലോകത്തെ കാര്യങ്ങളിൽ ഇടപെടാനും ലോകരെ സഹായിക്കാനും വേണമെങ്കിൽ ഉപദ്രവിക്കാനും അല്ലാഹു കഴിവ് നൽകുമെന്നാണ് അശ്അരി, മാതുരീദി സുന്നികളുടെ വിശ്വാസം. ഇതു തന്നെയാണ് ശിയാക്കളും വിശ്വസിക്കുന്നത്’’ (അൽമുബാറക്, പേജ് 5).

അദൃശ്യമറിയൽ: ജിഫ്രി തങ്ങൾ എഴുതുന്നു: “മുജാഹിദ് പ്രസ്ഥാനത്തിന്റെ മറ്റൊരു വിതണ്ഡവാദമാണ് മറഞ്ഞ കാര്യങ്ങൾ അല്ലാഹുവിനല്ലാതെ അറിയാൻ കഴിയുകയില്ലെന്നത്. അല്ലാഹുവിന്റെ ഔലിയാക്കൾക്കും സ്വാലിഹീങ്ങൾക്കും മറഞ്ഞ കാര്യങ്ങൾ കാണാനാവും’’ (സുന്നിഅഫ്കാർ, 2023 ജൂലൈ 16-31, പേജ് 8).

ആരാധനയാകുന്ന സഹായതേട്ടവും അല്ലാഹുവിന്റെ മാത്രം സവിശേഷതയായ അദൃശ്യമറിയലും സൃഷ്ടികൾക്ക് വകവെച്ച് കൊടുത്ത അഹ്‌ലുസ്സുന്നയിൽപെട്ട പണ്ഡിതൻമാർ ആരൊക്കെയാണ്? നബി(സ)യെക്കാൾ വലിയൊരു മഹാനുണ്ടോ? അദ്ദേഹത്തോട് പ്രഖ്യാപിക്കുവാൻ അല്ലാഹു പറഞ്ഞത് കാണുക: “(നബിയേ,) പറയുക: എന്റെ സ്വന്തം ദേഹത്തിനുതന്നെ ഉപകാരമോ ഉപദ്രവമോ വരുത്തൽ എന്റെ അധീനത്തിൽ പെട്ടതല്ല; അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കിൽ ഞാൻ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു’’ (7:188). ജിഫ്രി തങ്ങൾ ഈ ആയത്തിൽ പറഞ്ഞതിനെയും വിതണ്ഡവാദമായി കാണുന്നുണ്ടോ?

വിശ്വാസ-കർമ കാര്യങ്ങളിലെ പിഴവ്: “ഇസ്‌ലാമിൽ കർമപരവും വിശ്വാസപരവുമായ കാര്യങ്ങളുണ്ട്. വിശ്വാസകാര്യങ്ങൾ ഇമാം അശ്അരിയും ഇമാം മാതുരീദിയും ക്രോഡീകരിച്ചിട്ടുണ്ട്. അതിനെതിരായ വിശ്വാസം ഇസ്‌ലാമിന്റെ വിശ്വാസമല്ല. കർമ്മപരമായ കാര്യങ്ങൾ നാലിലൊരു മദ്ഹബനുസരിച്ചാവലും അനിവാര്യമാണ്. വിശ്വാസവും കർമ്മവും ഇപ്പറഞ്ഞതിനെതിരായാൽ അത് ഇസ്‌ലാമല്ലാത്തതാണ്. ഇങ്ങനെയാണ് മുസ്‌ലിം ലോകത്തിന്റെ ഏകകണ്ഠമായ തീരുമാനം’’ (ഇവരെ എന്തുകൊണ്ട് അകറ്റണം?, ചാലിയം എ.പി അബൂബക്കർ മുസ്‌ലിയാർ, പേജ് 19).

ഇങ്ങനെയൊരു നിലപാടെടുക്കാൻ എന്താണു തെളിവ്? അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ലകാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും’’ (4:59).

ക്വബ്ർ കെട്ടിപ്പൊക്കൽ: “സുന്നികളും ശിയാക്കളും അമ്പിയാഅ്, ഔലിയാഅ്, സ്വാലിഹീങ്ങൾ തുടങ്ങിയവരുടെ ഖബറുകൾ സിയാറത്ത് സൗകര്യാർത്ഥം കെട്ടിപ്പടുക്കാമെന്നാണ് പറയുന്നത്’’ (അൽമുബാറക്, പേജ് 5).

ജാറ നിർമാണം മതനിയമത്തിലെവിടെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ നബിﷺ അത് വിലക്കുമായിരുന്നോ? വൻപാപത്തിൽ പെട്ടതുകൊണ്ടല്ലേ മരണത്തിന്റെ ഏതാനും ദിവസം മുമ്പുപോലും അതിനെതിരെ താക്കീത് നൽകിയത്? നാല് ഖലീഫമാർ ഭരണം നടത്തിയ കാലയളവിലോ അതിന് ശേഷമോ സ്വഹാബിമാരിൽ ആരെങ്കിലുമൊരാൾ ഇത്തരമൊരു ഏർപ്പാടിന് തുടക്കമിട്ടതായി ചരിത്രത്തിലുണ്ടോ? പലയിടങ്ങളിലും പ്രവാചകന്മാരുടെയും അഹ്‌ലുസ്സുന്നയുടെ ഇമാമുമാരുടെയും പേരിൽ ശിയാക്കളും സൂഫികളും നിർമിച്ചുവച്ചിട്ടുള്ള നൂറുകണക്കിന് ജാറങ്ങളുടെ ചിത്രങ്ങൾ കാണിച്ച് എത്ര കാലമായി മുസ്‌ലിയാക്കന്മാർ ജനങ്ങളെ കബളിപ്പിക്കുന്നു! ജാറങ്ങൾ നിർമിച്ച്, ഇല്ലാത്ത പോരിശകൾ പ്രചരിപ്പിച്ച് സൃഷ്ടിപൂജയിലേക്ക് ആളുകളെ ക്ഷണിക്കുന്നവർ എങ്ങനെയാണ് നബിﷺയുടെ മാർഗത്തിലാവുക?

അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: ഇതാണ് എന്റെ മാർഗം. ദൃഢബോധ്യത്തോടുകൂടി അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു; ഞാനും എന്നെ പിൻപറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധൻ! ഞാൻ (അവനോട്) പങ്കുചേർക്കുന്ന കൂട്ടത്തിലല്ല തന്നെ’’ (12:108).

ജന്മദിനാഘോഷവും ചരമദിനം അനുസ്മരിക്കലും: “മീലാദുന്നബി പോലെയുള്ള പുണ്യാത്മാക്കളുടെ ജന്മദിനം ആഘോഷിക്കലും ചരമദിനം അനുസ്മരിക്കലും സുന്നീ-ശിയാ വിശ്വാസപ്രകാരം പുണ്യകർമ്മങ്ങളാണ്’’ (അൽമുബാറക്, പേജ് 5).

ജനനം ആഘോഷിക്കലും മരണം അനുസ്മരിക്കിലും പുണ്യകരമാണെന്ന് പ്രമാണങ്ങളിൽ എവിടെയെങ്കിലുമുണ്ടോ? ഒട്ടേറെ പ്രവാചകന്മാരുടെ ത്യാഗങ്ങളും മേന്മകളും വിശുദ്ധ ക്വുർആൻ വിവരിച്ചപ്പോൾ ഒരു വരിയിലെങ്കിലും ഇത്തരം കാര്യങ്ങൾ പരാമർശിച്ചതായി കാണുന്നില്ലല്ലോ! ജന്മദിനാഘോഷം പുണ്യമാണെങ്കിൽ എന്തുകൊണ്ടാണ് നബിﷺയും ഉത്തമ തലമുറയിൽപ്പെട്ടവരും അത് ചെയ്യാതെ പോയത്? അവരെല്ലാം നന്മയിൽ വീഴ്ചവരുത്തിയെന്നാണോ ഇവരുടെ വാദം? വാസ്തവത്തിൽ ഇതൊന്നും ഇസ്‌ലാമല്ല, ജൂത-ക്രൈസ്തവ വിഭാഗങ്ങളുടെ ചര്യകളാണ്.

സ്വർഗത്തിലേക്കുള്ള ഏക വഴിയാണ് സ്വിറാത്തുൽ മുസ്തക്വീം. സമസ്തക്ക് അത് വരിയിലും വാക്കിലും മാത്രമേയുള്ളൂ. ആരൊക്കെയോ പടച്ച ത്വരീക്വത്തുകളുടെ പിടിയിലമർന്ന ഇവർ ഇതിലും പിൻപറ്റുന്നത് ശിയാക്കളെത്തന്നെയാണ്.

“സൂഫിസവും അതിന്റെ വിവിധങ്ങളായ ത്വരീഖത്തുകളും ദൈവസാമീപ്യം കൈവരിക്കാനുള്ള മഹത്തായ മാർഗങ്ങളായിട്ടാണ് സുന്നികളും ശിയാക്കളും കരുതുന്നത്. വഹാബികളെ സംബന്ധിച്ചിടത്തോളം സൂഫിസവും ത്വരീഖത്തുകളും മാർഗഭ്രംശങ്ങളാണ്’’ (അൽമുബാറക്, പേജ് 5).

‘പഞ്ചമഹാ പ്രതിഭകൾ’ എന്ന വിശേഷണം കൽപിച്ച് മുസ്‌ലിയാക്കന്മാർ ഇന്നും വേണ്ടപ്പെട്ടതായി കാണുന്ന ത്വരീഖത്തുകളാണ് ജീലാനി, രിഫാഈ, ബദവി, ദസൂഖി, ശാദുലി എന്നിവ. 1933ലെ 8ാം പ്രമേയത്തിൽ ഇവയിൽ മൂന്നെണ്ണത്തെ പ്രത്യേകം എടുത്ത് പറയുകയും അതനുസരിക്കാത്തവർ സുന്നികളല്ലെന്നും അവരെ ഖാദി, ഖത്വീബ്, ഇമാം എന്നീ സ്ഥാനങ്ങളിലേക്ക് അർഹരല്ലാത്തവരുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കള്ളക്കഥകളും സ്വപ്‌നക്കഥകളുമൊക്കെ കുത്തിനിറച്ച് രചിക്കപ്പെട്ട മാലകളിലൂടെ അന്ധവിശ്വാസങ്ങൾ ഒഴുകുന്നതും ഈ ത്വരീക്വത്തുകൾ മൂലമാണ്. പ്രത്യേകം ശ്രേഷഠതയുള്ള എത്ര സ്വഹാബികൾ; അവരാരെങ്കിലും ത്വരീക്വത്തുണ്ടാക്കിയോ? അലി(റ)വിന്റെ പേരിൽ ശിയാക്കൾ പ്രത്യേക ചേരിയാകാൻ ഒരുമ്പെട്ടപ്പോൾ അദ്ദേഹം അവരെ ആട്ടിയകറ്റുകയാണ് ചെയ്തിട്ടുള്ളത്. ഇത്തരം മനുഷ്യനിർമിത വഴികളെല്ലാം പൈശാചികത പതുങ്ങിയിരിക്കുന്നവയാണ്. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ പരിപൂർണമായി കീഴ്വണക്കത്തിൽ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക. തീർച്ചയായും അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു. നിങ്ങൾക്ക് വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിനു ശേഷവും നിങ്ങൾ വഴുതിപ്പോകുകയാണെങ്കിൽ നിങ്ങൾ മനസ്സിലാക്കണം; അല്ലാഹു പ്രതാപിയും യുക്തിമാനുമാണെന്ന്’’ (2:208,209).

അഹ്‌ലുൽ കസാഅ വിശ്വാസം: നബിﷺ, അലി(റ), ഫാത്വിമ(റ), ഹസൻ(റ), ഹുസൈൻ(റ) എന്നിവർക്ക് മാത്രമായി ‘അഹ്‌ലുൽ കസാഅ’ എന്ന പേര് നൽകി തെറ്റായ ആദരവും ബഹുമാനവും നൽകുന്ന സ്വഭാവം ശിയാക്കളുടെതാണ്. മുസ്‌ലിയാക്കന്മാർ എഴുതിക്കൂട്ടിയ പലതിലും ഇത് കാണാം. ‘ഔലിയാഇൽ രാജകിളി തൃപ്പനച്ചി ഉസ്താദ്’എന്ന പുസ്തകം അതിനൊരു ഉദാഹരമാണ്.

ലോകം നിയന്ത്രിക്കൽ: ഔലിയാക്കൾക്ക് ലോകം നിയന്ത്രിക്കാൻ കഴിവ് നൽകപ്പെട്ടിട്ടുണ്ടെന്നും നബിﷺയും അലി(റ)വുമൊക്കെ അതിൽ ആദ്യത്തെതും പിന്നീട് ശിയാക്കളുടെ ഇമാമുരാണെന്നും അവർ വിശ്വസിച്ച് പോരുന്നു. മുഹ്‌യിദ്ദീൻ ശൈഖ് മുതൽ സി.എം മടവൂർവരെ സമസ്ത ഔദ്യോഗികമായി കാണുന്ന ലോകനിയന്ത്രകർ ഒരു പാടുണ്ട്. കായൽ പട്ടണത്തുകാരൻ സ്വദഖത്തുല്ലാഹിൽ ഖാഹിരി, പാങ്ങിൽ മുസ്‌ലിയാർ എന്നിവർ രചിച്ച ഖുതുബിയ്യത്തിലും ഖാളി മുഹമ്മദ്, നാലകത്ത് കുഞ്ഞിമൊയ്തീൻ കുട്ടി മുസ്‌ലിയാർ എന്നിവർ എഴുതിക്കൂട്ടിയ മാലകളിലും ഈ വിശ്വാസമാണ് നിറഞ്ഞ് നിൽക്കുന്നത്. മടവൂർ മുസ്‌ലിയാർ ആണയിട്ട് പറഞ്ഞത് കാണുക: “സത്യമായും ഞാൻ ഖുതുബുൽ അഖ്ത്വാബാണ്, അതിലൊരു സംശയവുമില്ല’’ (സി.എം വലിയ്യുല്ലാഹ്; കറാമത്തുകളും അനുഭവങ്ങളും, കഴക്കൂട്ടം, പേജ് 75).

നബിപ്രകാശം: അല്ലാഹുവിന്റെ ആദ്യസൃഷ്ടി നബിﷺയുടെ പ്രകാശമാണെന്ന വാദം ശിയാ, സൂഫികളിൽ പ്രസിദ്ധമാണ്. സമസ്തയുടെ ‘വിലപ്പെട്ട പ്രമാണ’മായ മൻഖൂസ് മൗലിദിൽ പറഞ്ഞത് കാണുക: “ലോകം സൃഷ്ടിക്കുന്നതിന് മുമ്പ് നബിയുടെ പ്രകാശം അവൻ സൃഷ്ടിച്ചു’’ (പേജ് 14). നിർമിത ഹദീസുകളല്ലാതെ സ്വീകാര്യയോഗ്യമായ ഒരു തെളിവും ഈ വാദത്തിനില്ല.

ശിയാക്കൾ പ്രാധാന്യം നൽകുന്ന ശകുനവിശ്വാസം സമസ്തയുടെ ആദർശത്തിലും സംവിധാനങ്ങളിലും ഒട്ടിക്കിടക്കുന്നു. താബിഉകൾക്ക് പോലും കിട്ടാത്തതാണ് നബിﷺയുടെ തിരുശേഷിപ്പുകൾ. എന്നാൽ എവിടെനിന്നോ സംഘടിപ്പിച്ച മുടി, വടി, പൊടി, വസ്ത്രം, പാത്രം എന്നിവയൊക്കെ നബിﷺയുടെ തിരുശേഷിപ്പുകളാണെന്നു പറഞ്ഞ് ഇക്കൂട്ടർ കാശുണ്ടാക്കുന്നു. അതിന്റെ പേരിൽ ആരോപണ പ്രത്യാരോപണങ്ങളും അവർക്കിടയിൽ നടന്നുവരുന്നു. ഇസ്മ്-ത്വൽസ്വമാത്ത് തട്ടിപ്പ് ചികിത്സകളും അദ്വൈത, അവതാര വാദങ്ങളും ഇപ്പോഴും തുടരുന്നു. എം.പി മുസ്തഫൽ ഫൈസി എഴുതിയത് കാണുക: “പൂർണാർത്ഥത്തിൽ അല്ലാഹു തന്റെ കയ്യും കാലും കണ്ണും കാതുമെല്ലാമെല്ലാമാകുന്ന മഹാത്മാവ് എല്ലാം മറന്നു സ്വതവും മറന്നു അല്ലാഹുവിൽ ലയിക്കുമ്പോൾ ഞാൻ അല്ലാഹു എന്നു പറഞ്ഞേക്കാം’’ (ത്രിമാനതീർത്ഥം, പേജ് 321). ഇങ്ങനെയൊരു ‘ലയന കഥ’ അല്ലാഹുവിന്റെ മതം പഠിപ്പിക്കുന്നില്ല.

മടവൂർ പടച്ചോനാണെന്ന ഗുരുതരമായ വാദത്തിന്റെ യഥാർഥ കാരണക്കാർ സമസ്ത പുരോഹിതന്മാർ തന്നെയാണെന്ന് സലഫികൾ പറയാനുള്ള കാരണവും ഇതുതന്നെ. അല്ലാഹു പറയുന്നു: “പറയുക: രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാൻ തേടുകയോ? അവനാകട്ടെ മുഴുവൻ വസ്തുക്കളുടെയും രക്ഷിതാവാണ്’’ (6:164).

സമസ്ത എവിടേക്കാണ് ദിശ തിരിച്ചതെന്നും ഏത് ആദർശത്തോടാണ് അമാനത്ത് കാട്ടുന്നതെന്നും ബോധ്യപ്പെടാൻ ഇതിലധികം തെളിവുകൾ ആവശ്യമില്ലല്ലോ.

“പാരമ്പര്യ ഇസ്‌ലാമിനെക്കുറിച്ചുള്ള പുച്ഛമനോഭാവമാണ് നവീനവാദികളുടെ ആശയത്തിന്റെ അടിസ്ഥാനം. അവരുടെ അവജ്ഞ പതുക്കെ ഇസ്‌ലാമിന്റെ പ്രമാണങ്ങളോടും പിന്നെ ഇസ്‌ലാമിനോടുതന്നെയും അകൽച്ചയുണ്ടാക്കുന്ന തരത്തിലേക്ക് എത്തിക്കുന്നു’’ (സുപ്രഭാതം, പേജ് 6). നബി ﷺയുടെയും സ്വഹാബത്തിന്റെയും പാരമ്പര്യത്തിലേക്ക് മടങ്ങണമെന്നു പറയുന്ന സലഫികൾ ഏതായാലും ‘പാരമ്പര്യ ഇസ്‌ലാമിനെക്കുറിച്ചുള്ള പുച്ഛമനോഭാവമുള്ള’വരല്ലെന്നു വ്യക്തം. പിന്നെ അതാരാണെന്ന് പ്രത്യേകം വിശദീകരിക്കേണ്ടതില്ലല്ലോ.

വിശ്വാസികൾക്ക് സമാധാനം അല്ലാഹുവിന്റെ വാഗ്ദാനത്തിലാണ്. ക്വുർആൻ പറയുന്നു: “തീർച്ചയായും നാം നമ്മുടെ ദൂതൻമാരെയും വിശ്വസിച്ചവരെയും ഐഹികജീവിതത്തിലും സാക്ഷികൾ രംഗത്തു വരുന്ന ദിവസത്തിലുംസഹായിക്കുക തന്നെ ചെയ്യും’’ (40:51)

സമസ്തയെ ലീഗിൽനിന്നും അടർത്തി ഇടതുപാളയത്തിൽ കെട്ടിയിടാനുള്ള തന്റെ ശ്രമം പാളിയപ്പോൾ അമ്പലക്കടവ് ഫൈസി ലീഗിന്റെയും സമസ്തയുടെയും മഹിമ പറഞ്ഞ് രക്ഷകനാകാൻ ശ്രമിക്കുന്നത് കാണുക: “...ഇതുകൊണ്ട് മുഖ്യ സാമുദായിക രാഷ്ട്രീയ പാർട്ടിയായ മുസ്‌ലിം ലീഗിനോ ഇതര മുസ്‌ലിംകൾക്കോ സമസ്ത ഒരു പ്രശ്‌നവും സൃഷ്ടിച്ചില്ല. മുസ്‌ലിംകളുടെ ഈമാനും വ്യക്തിത്വവും കാത്തു സൂക്ഷിക്കാൻ സമസ്തയും മുസ്‌ലിംകളുടെ ഇന്ത്യയിലെ അഭിമാനകരമായ അസ്തിത്വം കാത്തുസൂക്ഷിക്കാൻ മുസ്‌ലിം ലീഗും പ്രവർത്തിച്ചുവരുന്നു. ഇത് രണ്ടിനും ഇടയിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവർ അകത്തു നിന്നായാലും പുറത്തു നിന്നായാലും കരുതിയിരിക്കേണ്ടതാണ്’’ (സുപ്രഭാതം പേജ് 6).

ആദർശ വ്യത്യാസം മറന്ന് എല്ലാ വിഭാഗത്തിൽപെട്ടവരും ഒന്നിച്ചു കൈകോർത്ത് ഉയർത്തിക്കൊണ്ടുവന്ന സമുദായ രാഷ്ട്രീയ പ്രസ്ഥാനത്തെക്കുറിച്ച് വ്യാജ ചരിത്രം പ്രചരിപ്പിച്ച് രാഷ്ട്രീയ ഐക്യം തകർക്കാൻ സമസ്തയുടെ അകത്തിരുന്നു പണിയെടുക്കുന്നവരാരെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.