ആദർശം; പുതിയ വ്യാഖ്യാനവും പഴയ നിലപാടുകളും 2
മൂസ സ്വലാഹി കാര
2024 നവംബർ 09, 1446 ജു. ഊലാ 07

അസൂയാലുവിന്റെ നോട്ടം നിമിത്തം ഉണ്ടാകാനിടയുള്ള കണ്ണേറിനെപ്പറ്റി പ്രമാണങ്ങൾ ധാരാളം പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു: “അസൂയാലു അസൂയപ്പെടുമ്പോൾ അവന്റെ കെടുതിയിൽനിന്നും’’ (113:5).
കണ്ണേറ് സത്യമാണെന്ന് നബിﷺ ഉറപ്പിച്ചു പറഞ്ഞിട്ടും മർക്കസുദ്ദഅ്‌വക്കാർ അതിനെ പരിഹസിക്കുന്നത് നോക്കൂ: “നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്നു നേരെ ഒരു വ്യക്തി നോക്കുകയോ നല്ലവണ്ണം കായ്ച്ചു നിൽക്കുന്ന ഒരു തെങ്ങിലേക്ക് നോക്കി വല്ലതും പറയുകയോ ചെയ്താൽ കെട്ടിടം കണ്ണേറിനാൽ നിലം പതിക്കുന്നു. നാക്കിന്റ പിരാക്കിനാൽ തെങ്ങ് പെട്ടെന്ന് ഉണങ്ങുന്നു. ഇതാണ് കണ്ണേറിലും പിരാക്കിലും സംഭവിക്കുന്നത് എന്നാണ് അന്ധവിശ്വാസികളുടെ
ധാരണ. എന്നാൽ അല്ലാഹുവും റസൂലും പഠിപ്പിക്കുന്നത് അവന്റെ അനുഗ്രഹം തകർക്കാൻ ഒരു കണ്ണേറിനോ പിരാക്കിനോ സാധ്യമല്ല എന്നാണ്’’ (അത്തൗഹീദ്, പേജ് 46).
സിഹ്‌റിന് പ്രതിഫലനമുണ്ടെന്നും എന്നാൽ അല്ലാഹുവിന്റെ അനുമതിയോടെയേ അത് സംഭവിക്കൂ എന്നും ക്വുർആൻ പ്രഖ്യാപിച്ച കാര്യം കഴിഞ്ഞ ലക്കത്തിൽ നാം വായിച്ചു. കണ്ണേറിന്റെ കാര്യവും അങ്ങനെ തന്നെയാണ്.
മുജാഹിദ് പ്രസ്ഥാനത്തിന്റെ പിന്തുടർച്ച അവകാശപ്പെടുകയും അത് തെളിയിക്കാനായി കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്ന ഇവർക്ക് അതിന് യാതൊരു അവകാശവുമില്ലെന്ന് നാം മനസ്സിലാക്കണം. ഏതാനും തെളിവുകൾ കാണുമ്പോൾ അത് ബോധ്യമാകും:
കെ.എം മൗലവി(റഹി) അവതാരിക എഴുതിയ അമാനി മൗലവിയുടെ തഫ്‌സീറിൽ സൂറഃ യൂസുഫിലെ 67ാം വചനത്തിന്റെ വിശദീകരണത്തിൽ കൊടുത്തത് കാണുക: “സൗന്ദര്യവും പ്രഭാവവും മുറ്റി നിൽക്കുന്ന ഒരു സംഘം ആളുകൾ, അതും ഒരേ പിതാവിന്റെ മക്കൾ ഒരേ വഴിക്ക് പ്രവേശിക്കുമ്പോൾ അത് കണ്ണേറ്(കരിങ്കണ്ണ്) ബാധിക്കുവാൻ കാരണമായേക്കും. അതിൽനിന്ന് ഒഴിവാകുവാൻ വേണ്ടിയായിരുന്നു അത്. ഇബ്‌നു അബ്ബാസ്, മുഹമ്മദുബ്‌നു കഅ്ബ്, മുജാഹിദ്, ള്വഹ്ഹാക്ക്, ക്വതാദ, സുദ്ദീ(റഹി) മുതലായവരിൽനിന്ന് ഇത് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഖുർആൻ വ്യാഖ്യാതാക്കൾ പൊതുവിൽ സ്വീകരിച്ചു കാണുന്നത് ഇതാകുന്നു. (കണ്ണേറിനെ ഭയന്നാണ് യഅ്ക്വൂബ് നബി(അ) അങ്ങനെ പറഞ്ഞതെന്നുള്ളതിന് തെളിവു കാണുന്നില്ലെങ്കിലും കണ്ണേറ് സ്ഥാപിക്കുന്ന ബലപ്പെട്ട ഹദീസുകൾ കാണാവുന്നതാണ്)’’ (വാള്യം 4/ പേജ് 2299, 2300).
‘അൽ ആദാബുൽ ഇസ്‌ലാമിയ്യ’ എന്ന പേരിൽ അമാനി മൗലവി എഴുതിയതും അദ്ദേഹത്തിന്റെ മരണ ശേഷം മക്കളുടെ അനുമതിയോടെ ‘ഇസ്‌ലാമിക ജീവിതം’ എന്ന പേരിൽ ‘അൽഹുദ’ പ്രസിദ്ധീകരിച്ചതുമായ ഗ്രന്ഥത്തിൽനിന്ന് വായിക്കാം:
ബുദ്ധികൊണ്ടും അറിവുകൊണ്ടും വളരെയൊന്നും അനുഗ്രഹിക്കപ്പെട്ടിട്ടില്ലാത്ത ചിലയാളുകൾ കണ്ണേറ് നിഷേധിക്കുന്നുണ്ട്. അത് യാഥാർത്ഥ്യമല്ല, വെറും ഊഹാപോഹമാണെന്നാണ് അവർ പറയുന്നത്. ബുദ്ധിയും അനുഭവജ്ഞാനവും മതപരമായ അറിവും കുറഞ്ഞ മൂഢന്മാരും മൂഢധാരണകളുടെ കട്ടിയേറിയ മറയ്ക്കകത്ത് കഴിയുന്നവരും അതേസമയം തൊലിക്കട്ടി കൂടിയവരുമാണവർ. മനസ്സിനെയോ ആത്മാവിനെയോ സംബന്ധിച്ചോ അവയുടെ ഗുണങ്ങളെയോ പ്രവർത്തനങ്ങളെയോ പ്രതിഫലങ്ങളെയോ സംബന്ധിച്ചോ വിദൂര ജ്ഞാനമേ അവർക്കുള്ളൂ. ജാതി-മത ഭേദമന്യേ ഒരു സമുദായത്തിലെയും ബുദ്ധിമാന്മാർ കണ്ണേറ് നിഷേധിക്കുകയോ തള്ളുകയോ ചെയ്യുന്നവരല്ല. കണ്ണേറിന്റെ കാരണത്തെപ്പറ്റി അവർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കാമെന്ന് മാത്രം’’ (പേജ് 458,459).
ഉമർ മൗലവി(റഹി) സൂറഃ യൂസുഫിലെ 67ാം വചനത്തിന്റെ വിവരണത്തിൽ പറയുന്നു: “പട്ടണത്തിന്റെ ഉള്ളിലേക്ക്-അഥവാ രാജകൊട്ടാരത്തിലേക്ക്-നിങ്ങൾ കടക്കുന്നത് എല്ലാവരും കൂടി ഒരുമിച്ച് ഒരു വാതിലിൽ കൂടി ആവരുത്. പലേ വാതിലുകളിൽ കൂടി ആകണം. ആദ്യത്തെ തവണ ഇവർക്ക് അസാധാരണ സൽക്കാരവും സ്വീകരണവും സംഭാവനയും കിട്ടിയിട്ടുള്ളതുകൊണ്ട് ഇവർ കൂട്ടമായി ഇങ്ങനെ ചെല്ലുന്നത് കണ്ടിട്ട് ചിലർക്ക് അസൂയ തോന്നുകയും അനഭിലഷണീയമായ വല്ലതും ഉണ്ടാകുകയും ചെയ്‌തേക്കാമെന്നുള്ളതുകൊണ്ടായിരിക്കണം ഇപ്രകാരം കൽപിച്ചത്. എല്ലാം അല്ലാഹുവാണ് സൂക്ഷ്മമായി അറിയുന്നവൻ. എന്തായാലും സംഭവിക്കേണ്ടത് സംഭവിക്കും’’ (തർജുമാനുൽ ഖുർആൻ, വാള്യം 2, പേജ് 843).
മർകസുദ്ദഅ്‌വക്കാരുടെ കണ്ണി ൽ ഈ പണ്ഡിതന്മാരെല്ലാം അന്ധവിശ്വാസികളും പുത്തൻവാദികളു മാണ്!
ഇസ്‌ലാമിലെ മന്ത്രവും സമൂഹത്തിലെ മന്ത്രവാദവും
രോഗശമനത്തിന് ചികിത്സ തേടാൻ നിർദേശിച്ച ഇസ്‌ലാം ക്വുർആൻ ഓതിയും അല്ലാഹുവിന്റെ നാമങ്ങൾ, വ്യത്യസ്തങ്ങളായ പ്രാർഥനകൾ, ദിക്‌റുകൾ എന്നിവകൊണ്ട് മന്ത്രിക്കാനും കൽപിച്ചിട്ടുണ്ട്. ചില വ്യക്തികളെയും വസ്തുക്കളെയും മഹത്ത്വവത്ക്കരിച്ച് അവയ്‌ക്കെല്ലാം അസുഖം മാറ്റിത്തരാൻ കഴിവുണ്ടെന്ന നിലയ്ക്ക് നടത്തപ്പെടുന്ന മന്ത്രവാദ പ്രവണതകൾക്ക് മതവുമായി യാതൊരു ബന്ധവുമില്ല. എന്നാൽ മതം പറഞ്ഞ മന്ത്രത്തെ മർക്കസുദ്ദഅ്‌വക്കാർ കളിയാക്കുന്നത് കാണുക: “എല്ലാ രോഗവും ഉണ്ടാക്കുന്നത് പിശാചാണെന്നു പറഞ്ഞുകൊണ്ട് ആളുകളെ അന്ധവിശ്വാസികളാക്കുകയാണ് ചില ആളുകൾ. മന്ത്രം നടത്താനുള്ള കേന്ദ്രങ്ങൾ സ്ഥാപിച്ച് കാശുണ്ടാക്കുന്ന ഏർപ്പാടിലാണിവർ’’ (അത്തൗഹീദ്, പേജ് 42).
മുജാഹിദ് പണ്ഡിതന്മാർ പറഞ്ഞതെന്ത്?
കെ.എം മൗലവി(റഹ്) ഈ വിഷയകമായി പറഞ്ഞത് വായിക്കാം: “എന്നാൽ ക്വുർആനിലെ ആയത്തുകൾ, അല്ലാഹുവിന്റെ നാമങ്ങൾ, ഗുണങ്ങൾ, നബി(സ)യിൽനിന്ന് ലഭിച്ചിട്ടുള്ള പ്രാർഥനകൾ എന്നിവയെക്കൊണ്ട് മേൽ പറഞ്ഞ അവസരങ്ങളിൽ മാരണമോ പിശാച് ബാധയോ ഏറ്റിട്ടുണ്ടെന്ന് വിചാരിക്കപ്പെടുന്ന അവസരങ്ങളിൽ ചികിത്സ നടത്തുന്നതുകൊണ്ടു ദോഷമില്ല’’ (കെ.എം മൗലവി ഫത്‌വകൾ, പേജ് 18).
എം.സി.സി അബ്ദുറഹ്‌മാൻ മൗലവി പറഞ്ഞത് വായിക്കാം: “മരുന്നുകൾക്ക് പുറമെ രോഗശമനത്തിന് കാരണമായി ചില മന്ത്രങ്ങളെയും നബി തിരുമേനിﷺ പഠിപ്പിച്ച് തന്നിട്ടുണ്ട്. ആ മന്ത്രങ്ങൾ ഉപയോഗിക്കുന്നത് രോഗശമന ഹേതുവായി ഗണിക്കാവുന്നതാണ്. ആ മന്ത്രങ്ങൾക്ക് പുറമെ മറ്റു വല്ല മന്ത്രവും മൂലം രോഗം മാറിയതായി അനുഭവം തെളിയിച്ചാൽ തന്നെയും ആ മന്ത്രങ്ങൾ നിരുപാധികമായി ഉപയോഗിക്കുവാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. അതിൽ ശിർക്കുപരമായ വല്ല വാചകവും -അതായത് അല്ലാത്തവരോട് അപേക്ഷിക്കുക അല്ലാഹുവല്ലാത്തവരെക്കൊണ്ടു സഹായം തേടുക പോലെയുള്ള വല്ല വാക്കും-അതിലുണ്ടോ എന്നു പരിശോധിച്ചു നോക്കേണ്ടതും ശിർക്കുപരമായ യാതൊന്നുമില്ലെങ്കിൽ മാത്രം ഉപയോഗിക്കാവുന്നതുമാണെന്നാകുന്നു ഇസ്‌ലാം മതം പഠിപ്പിച്ചിട്ടുള്ളത്’’ (പരപ്പനങ്ങാടി വാദപ്രതിവാദം, പേജ് 45).
അമാനി മൗലവി(റഹ്) ആർക്കും തിരിയുംവിധം വ്യക്തമാക്കിത്തന്നത് നോക്കൂ: “മന്ത്രത്തോടും അതുപോലുള്ള ചികിത്സയോടും മിക്കവാറും രണ്ട് തരത്തിലുള്ള സമീപനമാണ് ആളുകൾക്കുള്ളത്. ഒന്ന് തീരെ അവിശ്വസിക്കുക. ഖുർആൻ കൊണ്ടുള്ള മന്ത്രമോ മാമൂൽ മന്ത്രമോ ഏതായാലും ഈ സമീപനക്കാർക്ക് അതിൽ വിശ്വാസമുണ്ടായില്ല. മാത്രമല്ല അവർക്കതിനോടൊക്കെ പുച്ഛമായിരിക്കും. ഏത് മന്ത്രവാദിയുടെയും പിന്നാലെ പോകുന്നവരാണ് രണ്ടാം തരക്കാർ. ഒന്നാം വിഭാഗക്കാർ പരിഷ്‌ക്കാരത്തിന്റെ പേരിലാണ് അവരുടെ സമീപനം സ്വീകരിക്കുന്നതെങ്കിൽ രണ്ടാം തരക്കാർ അജ്ഞതയും അന്ധവിശ്വാസവും കാരണം വഞ്ചിക്കപ്പെടുകയാണ് ചെയ്യുന്നത്. സത്യവിശ്വാസിയായ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം കരണീയമായിട്ടുള്ളത് രോഗം വന്നാൽ മരുന്നുപയോഗിച്ച് ചികിത്സിക്കുകയും അതോടൊപ്പം ഹദീസുകളിൽ വന്ന ദിക്‌റുകളും ദുആകളും മുഖേന ആത്മീയ ശാന്തി നേടുകയാണ്’’ (ഇസ്‌ലാമിക ജീവിതം, പേജ് 455).

ഉമർ മൗലവി(റഹ്)യുടെ നിലപാട് കൂടി ശ്രദ്ധിക്കാം: “മന്ത്രങ്ങൾ അനുവദനീയമാകണമെങ്കിൽ മൂന്ന് നിബന്ധനകൾ യോജിച്ച് വരണമെന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു: 1. അല്ലാഹുവിന്റെ വാക്യമോ (ഖുർആൻ ആയത്തോ) അവന്റെ നാമങ്ങളോ ഗുണവിശേഷങ്ങളോ കൊണ്ടായിരിക്കണം. 2. അറബി ഭാഷയിലോ അർഘം അറിയുന്ന മറ്റു ഭാഷയിലോ ആയിരിക്കണം. 3.ഫലം ചെയ്യാൻ സ്വന്തം കഴിവില്ല, അല്ലാഹു മാത്രമാണ് ഫലം തരുന്നവൻ എന്ന അടിയുറച്ച വിശ്വാസം ഉണ്ടായിരിക്കണം’’ (തർജുമാനുൽ ഖുർആൻ, വാള്യം 6, പേജ് 2205, 2206).
ശിർക്കിനും കുഫ്‌റിനും ഫലമുണ്ടാകുമോ എന്ന് ചോദിച്ചും ചില എഴുത്തുകളിൽ മനഃപൂർവം ഈ നിഷേധം ചേർത്തത് എടുത്തുകാട്ടിയും ഈ വിഷയങ്ങളിൽ അണികളെ കൂടുതൽ അപകടത്തിലേക്ക് ഉന്തിയിടാൻ ശ്രമിക്കുന്ന ഇവർ ഈ പണ്ഡിതന്മാരെയെല്ലാം ശിർക്കിലും കുഫ്‌റിലും പെടുത്തുമോ? പ്രമാണങ്ങളിൽ വന്നത് ഇവർക്ക് തിരിയുന്നില്ലെങ്കിൽ അവ മുന്നിൽ വെച്ച് നടത്തപ്പെട്ട ചർച്ചകളെങ്കിലും ആത്മാർഥമായി ഇവർക്കൊന്ന് വായിച്ചുകൂടേ? ഉമർ മൗലവി(റഹ്)യുടെ ഈ വാക്കുകൾ കൂടി ശ്രദ്ധിക്കൂ:
“സിഹ്‌റും മന്ത്രവാദവും വഴി പല തരത്തിലുള്ള പൈശാചിക ഉപദ്രവങ്ങളും ഉണ്ടാകും. മന്ത്രം, ഉറുക്ക്, ഹോമം, ജ്യോത്സ്യം, മുട്ടറുക്കൽ, മാരണം, ഇസ്മിന്റെ പണി, ത്വൽസമാത്ത് തുടങ്ങിയ പല പേരുകളിലാണിത് അറിയപ്പെടുന്നത്. നഷ്ടപ്പെട്ട വസ്തു കിട്ടാൻ, രോഗം സുഖമാകാൻ, ഭാഗ്യം കിട്ടാൻ, നിർഭാഗ്യം ഒഴിവാക്കാൻ, ആപത്ത് തടുക്കാൻ, തമ്മിൽ പിണക്കമുണ്ടാക്കാൻ, ബന്ധം അകറ്റാൻ... ഇങ്ങനെ വിവിധങ്ങളായ ഉദ്ദേശ്യങ്ങൾക്കാണ് ആളുകൾ ആഭിചാര(സാഹിർ)ക്കാരെ സമീപിക്കുന്നത്. ചില മാപ്പിള സാഹിറുകൾ അറബിയിൽ പലതും എഴുതും. ചില ഖുർആൻ ആയത്തുകളോ ദിക്‌റുകളോ അസ്ഹാബുൽ കഅ്ഫിന്റെ പേരുകളോ ഒക്കെ കൂട്ടിക്കലർത്തും. പാത്രത്തിലെഴുതി കുടിപ്പിക്കുക, എഴുതി ഉറുക്കോ മറ്റോ ആക്കി കെട്ടുക, കുപ്പിയിലിട്ട് കുഴിച്ചിടുകയോ കെട്ടിത്തുക്കുകയോ ചെയ്യുക ഇങ്ങനെ പല വേലകളും അവർ ചെയ്യും. പിശാച് സേവയും പൂജയും ഇതിൽ അനിവാര്യമാണ്. വൻ പാപങ്ങളിൽപെട്ടതാണ് സിഹ്‌റ് എന്നതിന് പുറമെ പിശാചുപൂജയുള്ളത് കൊണ്ട് കുഫ്‌റുമാണ്’’ (തർജുമാനുൽ ഖുർആൻ, വാള്യം 6, പേജ് 2205).
തൗഹീദും ശിർക്കും വേർതിരിച്ച് തരുന്ന വിഷയങ്ങളോട് നിഷേധമനോഭാവം കൊണ്ടുനടക്കുന്നർക്ക് മുജാഹിദ് പ്രസ്ഥാനത്തിന്റെ എന്ത് ആദർശ പാരമ്പര്യമാണുള്ളത്? എങ്ങനെ പ്രമാണങ്ങൾക്കൊപ്പം എന്ന നിലപാട് അവകാശപ്പെടാനാകും? സത്യത്തിനെതിരായി നിൽക്കുന്നവരെപ്പറ്റി ക്വുർആൻ നൽകിയ മുന്നറിയിപ്പിനെ ഇവർ ഭയക്കട്ടെ. അല്ലാഹു പറയുന്നു: “ആ പിശാച് കുത്തിച്ചെലുത്തുന്ന കാര്യത്തെ ഹൃദയങ്ങളിൽ രോഗമുള്ളവർക്കും ഹൃദയങ്ങൾ കടുത്തുപോയവർക്കും ഒരു പരീക്ഷണമാക്കിത്തീർക്കുവാൻ വേണ്ടിയത്രെ അത്. തീർച്ചയായും അക്രമികൾ (സത്യത്തിൽ നിന്ന്) വിദൂരമായ കക്ഷിമാത്സര്യത്തിലാകുന്നു’’ (22:53).
ഐക്യത്തിലെ അനൈക്യം
പ്രമാണങ്ങളെ നിഷേധിച്ചുകൊണ്ട് നടക്കുന്ന മർക്കസുദ്ദഅ്‌വക്കാർക്ക് സിഡി ടവർ വിഭാഗം കെഎൻഎം നേതൃത്വം 2010ത്തോടെ സ്വാഗതമരുളാൻ തുടങ്ങി. തൗഹീദിന്റെ മാർഗത്തിൽ അടിയുറച്ചു നിൽക്കുന്നവരെ ശിർക്കിന്റെ പ്രചാരകരാക്കി മുദ്രകുത്താൻ ധാർഷ്ട്യം കാണിച്ച ഇക്കൂട്ടരും പ്രമാണ നിഷേധത്തിലും പരിഹാസത്തിലും തന്നെയാണ് ചെന്നു ചാടിയിരിക്കുന്നത്. കെ.എൻ.എം മുഖപത്രമായ അൽമനാറിൽ വന്നത് കാണുക:
“മനുഷ്യജീവിതത്തിലെ എല്ലാ വിഷമങ്ങളും രോഗങ്ങളും സിഹ്‌റ് ബാധയും കണ്ണേറും ജിന്ന് ബാധയു മായി ചിത്രീകരിച്ച് കാടൻ ചികിത്സ വിധിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന മന്ത്രവാദികളും മാരണ ക്കാരും മതബോധവും സംസ്‌കാരവുമുള്ള ഒരു സമൂഹത്തിന് ശല്യമാണ്’’ (2013 മെയ്, പേജ് 7).
ആത്മീയ ചൂഷണങ്ങൾക്കെതിരെ തൗഹീദി മുന്നേറ്റം എന്ന പേരിൽ 2023 ജനുവരി-ഏപ്രിൽ കാലയളവിൽ ഇവർ നടത്തിയ കാമ്പയ്ൻ ലഘുലേഖയിൽ എഴുതിയത് കാണുക:
“തൗഹീദി ആദർശത്തിൽ വളർന്നവരെ പോലും ചൂഷണം ചെയ്യുകയാണ് ചിലർ. ഖുർആൻ തെറാപ്പി യുടെ പേരിൽ, റുഖ്‌യ ശറഇയ്യയുടെ മറവിൽ അവർ ഇരകളെ തെരയുകയാണ്. തൗഹീദിന് വേണ്ടി സ്ഥാപിച്ച പള്ളികൾ ജിന്ന് ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റാൻ ആഗ്രഹിച്ചവരാണവർ. അടി ചികിത്സ നടത്താൻ തെളിവുകൾ ഉണ്ടാക്കിയവരാണവർ.’’
അപകടകരമായ ഈ രോഗം എവിടെനിന്നോ ഇക്കൂട്ടരെ ബാധിച്ചതല്ല, മറിച്ച് 2000ത്തിൽ വ്യതിചലിച്ച വരിൽനിന്ന് പടർന്നതാണ്. മർക്കസുദ്ദഅ്‌വക്കാർ പറഞ്ഞത് നോക്കൂ:
“ജിന്നുകൂടിയവരെ അടിച്ചിറക്കി അവർ മാതൃക കാണിക്കുകകൂടി ചെയ്യുന്നു. സാധാരണമായി നടത്തേണ്ട പ്രാർഥനകൾ റുഖിയ്യ ശറഇയ്യ എന്ന പേരിട്ട് നിഗൂഢത വരുത്തി ഖുർആൻ തെറാപ്പിയും ക്ലിനിക്കുകളും നടത്തി തുടങ്ങിയിരിക്കുന്നു’’ (വിശ്വാസ വിശുദ്ധി, ലഘുലേഖ MC02/’13/പേജ് 8).
ഇത്തരം നുണ പ്രചാരണങ്ങളിൽ ഇരുവരും വാശിയോടെ മത്സരിക്കുകയാണ്. അണികളെ ചിരിപ്പിക്കാനും പുരോഹിതന്മാർക്ക് വിമർശിക്കാനുളള അവസരം തുറന്നുകൊടുക്കാനും കഴിയുന്നു എന്നതല്ലാതെ ഇവർക്ക് ഇതുകൊണ്ടുള്ള ലാഭമെന്താണ്?
2016ലെ ഐക്യത്തോടെ സിഹ്‌റിന് ഫലമുണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിലെ തലതിരിഞ്ഞ തീരുമാനം കൂടി വായിക്കാം: “മാരണം, കൂടോത്രം എന്നീ അർഥത്തിലുള്ള സിഹ്‌റ് സംബന്ധമായി വ്യത്യസ്ത വീക്ഷണങ്ങൾ നേരത്തെയുള്ളതിനാൽ ആ വീക്ഷണങ്ങൾ അതേപോലെ നിലനിർത്താം. (ഉദാ: മർക്കസുദ്ദഅ്‌വ വിഭാഗം മാരണത്തിന് ഹഖീഖത്തും തഅ്‌സീറും ഇല്ല എന്നും മാരണം കൊണ്ട് ഒരു ചുക്കും ആർക്കും ആരെയും ചെയ്യാൻ കഴിയില്ല എന്നും ആദർശമായി സ്വീകരിക്കുകയും അക്കാര്യം കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ലോകത്തുള്ള മുഴുവൻ മാരണക്കാരെയും വെല്ലുവിളിച്ച് വ്യക്തമാക്കിയതുമാണ്). സിഹ്‌റ് വിഷയത്തിൽ മർക്കസുദ്ദഅ്‌വ വിഭാഗത്തിന് ഈ ആദർശം നിലനിർത്താമെന്നാണ് ഐക്യ കരാറിന്റെ വ്യക്തമായ പൊരുൾ’’ (വെളിച്ചം സമ്മേളന സുവനീർ 2024, പേജ് 127).
ഇപ്രകാരം ഒന്നിച്ചതിലെ അസ്വസ്ഥത കാരണമാണല്ലോ ഐക്യം ഉടഞ്ഞത്. ആദർശത്തെ പ്രധാനമായി കാണുന്ന ആരെങ്കിലും ഇതിന് മുതിരുമോ?

