ഹജ്ജും മുസ്‌ലിയാക്കന്മാരുടെ ദുർവ്യാഖ്യാനങ്ങളും

മൂസ സ്വലാഹി കാര

2024 ജൂൺ 22, 1445 ദുൽഹിജ്ജ 15

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ പ്രധാനപ്പെട്ടതും അതിമഹത്തായതുമായ ആരാധനയാണല്ലോ ഹജ്ജ് കർമം. ആരോഗ്യപരമായും സാമ്പത്തികമായും ശേഷിയുള്ളവർ ഇതിന്റെ നിർവഹണത്തിന് സന്നദ്ധരാകണം. ഇബ്‌റാഹീം നബി(അ)യുടെ ത്യാഗനിർഭരമായ ജീവിതത്തെ അനുസ്മരിക്കുന്ന ദുൽഹിജ്ജ മാസത്തിലാണ് നാം ഇതിന് സാക്ഷികളാകുന്നത്. ഹജ്ജിനുള്ള ആഹ്വാനം അദ്ദേഹത്തിലൂടെ നടത്തപ്പെട്ടത് കാണുക; അല്ലാഹു പറയുന്നു: “(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങൾക്കിടയിൽ നീ ഹജ്ജിനെപ്പറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവർ നിന്റെയടുത്ത് വന്നുകൊള്ളും’’ (22:27).

ഏതാനും ദിവസങ്ങൾ പവിത്രമാക്കപ്പെട്ട മക്കയിൽ താമസിച്ച്, കഅ്ബയും കണ്ട്, അതിന്റെ പരിസരങ്ങളിൽ ചുറ്റിത്തിരിഞ്ഞ് എന്തെങ്കിലും കാട്ടിക്കൂട്ടുക എന്നതല്ല ഹജ്ജ്. നബിﷺ ഏത് രൂപത്തിലാണോ ഹജ്ജ് പഠിപ്പിച്ചത് അതുപോലെ ചെയ്ത് പൂർത്തിയാക്കുമ്പോഴാണ് അത് പുണ്യകർമമായി മാറുക.

തക്വ്‌വ അഥവാ സൂക്ഷ്മതയാണ് ഹജ്ജിന്റെ പ്രധാന പാഥേയം. അല്ലാഹു പറയുന്നു: “...(ഹജ്ജിനു പോകുമ്പോൾ) നിങ്ങൾ യാത്രയ്ക്കു വേണ്ട വിഭവങ്ങൾ ഒരുക്കിപ്പോകുക. എന്നാൽ യാത്രയ്ക്കു വേണ്ട വിഭവങ്ങളിൽ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക’’ (2:197).

തൗഹീദിന്റെ പ്രോജ്വല പ്രഖ്യാപന സംഗമമായ ഹജ്ജിൽ ഇഹ്‌റാം, തൽബിയ്യത്ത്, ത്വവാഫ്, സഅ്‌യ്; മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ ഒരുമിക്കൽ, ബലിയറുക്കൽ തുടങ്ങി ഓരോ കർമങ്ങളും അല്ലാഹുവിന്റെ ഏകത്വത്തെ വിളിച്ചോതുന്നതാണ്. ശിർക്കിനോടോ അതിന്റെ ആളുകളോടോ ഒരു തരി പോലും ബന്ധമില്ലെന്ന വിളംബരവും ഇവിടെ ശ്രദ്ധേയമാണ്. അല്ലാഹു പറയുന്നു: “മഹത്തായ ഹജ്ജിന്റെ ദിവസത്തിൽ മനുഷ്യരോട് (പൊതുവായി) അല്ലാഹുവിന്റെയും റസൂലിന്റെയും ഭാഗത്തുനിന്ന് ഇതാ അറിയിക്കുകയും ചെയ്യുന്നു; അല്ലാഹുവിന്നും അവന്റെ ദൂതന്നും ബഹുദൈവവിശ്വാസികളോട് യാതൊരു ബാധ്യതയുമില്ലെന്ന്’’(9:3).

നബിﷺ പഠിപ്പിച്ച തൽബിയ്യത്ത് അല്ലാഹുവിന്റെ ഏകത്വത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. മക്കാമുശ്‌രിക്കുകളും പണ്ടുമുതലേ ഹജ്ജ് ചെയ്തുവന്നിരുന്നു. അവർ തൽബിയ്യത്തും ചൊല്ലിയിരുന്നു. എന്നാൽ അവരുടെ തൽബിയ്യത്തിൽ ‘നിനക്ക് യാതൊരു പങ്കാളിയുമില്ല’ എന്നതിനുശേഷം ‘ഒരു പങ്കാളി ഒഴികെ; അവനും അവൻ ഉടമപ്പെടുത്തിയതും നിനക്കുള്ളതാണ്’ എന്ന അധിക വാചകം അവർ ചൊല്ലിയിരുന്നു. ലാത്ത, ഉസ്സ, മനാത്ത പോലുള്ള അവരുടെ ആരാധ്യന്മാർക്ക് ആരാധനകൾ അർപ്പിക്കുന്നതിൽ അവരുടെ വിശ്വാസം എന്തായിരുന്നു എന്ന് ഇതിൽനിന്നും വ്യക്തമാണ്. ഇതു കേട്ട നബിﷺ ‘നിങ്ങൾക്ക് നാശം; മതി, മതി’ എന്ന് പറഞ്ഞ് ആ വിശ്വാസത്തിൽനിന്നും അവരെ തടയാൻ ശ്രമിക്കുകയുണ്ടായിട്ടുണ്ട്. അല്ലാഹു ‘കൊടുത്ത കഴിവി’ൽനിന്നാണ് ഞങ്ങൾ ചോദിക്കുന്നത് എന്ന പിഴച്ചവാദത്തിന് അത്രയും പഴക്കമുണ്ടെന്നർഥം.

സമസ്തക്കാർ ശിർക്കിന്റെ കൃഷിയിടങ്ങളായി പരിപാലിച്ച് വരുന്ന ജാറങ്ങളും മക്വ‌്‌ബറകളും വ്യാജ ആത്മീയ കേന്ദ്രങ്ങളും നിലനിൽക്കുന്നതും തടിച്ചുകൊഴുക്കുന്നതും സമാന വിശ്വാസത്തിൽതന്നെയാണ്. പവിത്രമാക്കപ്പെട്ട ഹജ്ജിന്റെ ഓരോ കർമവും ചൂണ്ടിക്കാട്ടി മുസ്‌ലിയാക്കന്മാർ സമൂഹത്തെ തനിച്ച ശിർക്കിലേക്ക് നയിക്കുന്നതും ഇതേ ന്യായീകരണത്തിലൂടെയാണ്.

2024 മെയ് 16-31 ലക്കം ‘സുന്നിവോയ്‌സി’ൽ ‘മദീനാ സിയാറത്ത്,’ ‘അനുസ്മരണയുടെ ഹജ്ജ് കാലം’ എന്നീ ലേഖനങ്ങളിലൂടെ എഴുതിവിട്ട വികലവാദങ്ങൾ പരിശോധിക്കുകയാണ് ഈ ലേഖനത്തിൻ.

മുസ്‌ലിയാർ എഴുതുന്നു: “പരലോകത്ത് നബി(സ)യുടെ ശഫാഅത്ത് മോഹിച്ച് സിയാറത്തിന് വേണ്ടി തീർഥാടകർ മദീനയിലേക്കൊഴുകുന്നു. ഭൂലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരെ സ്വീകരിച്ച തീർഥാടന കേന്ദ്രം മദീനയാണ്. തിരുദൂതർ വഫാത്തായത് മുതൽ ആരംഭിച്ച വിശ്വാസി പ്രവാഹം ഇന്നുവരെ മുടങ്ങിയിട്ടില്ല’’ (പേജ് 29).

നബിﷺയിലൂടെ പവിത്രമാക്കപ്പെട്ട മദീന പ്രത്യേകം യാത്ര പുറപ്പെട്ട് പോകാൻ അനുവദിക്കപ്പെട്ട മസ്ജിദുന്നബവി സ്ഥിതിചെയ്യുന്ന നാടാണ്. അവിടെ നമസ്‌കരിക്കുന്നതിന് പ്രത്യേക കൂലിയുണ്ട്. മസ്ജിദുന്നബവിയുടെ ചുമര്, വാതിൽ, മതിൽ, നബിﷺയുടെ ക്വബ്ർ എന്നിവ തൊട്ടും തടവിയും ബറകത്തെടുക്കുക, പച്ചക്ക്വുബ്ബയിലേക്ക് തിരിഞ്ഞ് പ്രാർഥിക്കുക തുടങ്ങിയവയൊന്നും പ്രമാണങ്ങൾ പഠിപ്പിക്കുന്നില്ല. പ്രവാചകന്റെ ക്വബ്ർ സന്ദർശനത്തിന് പ്രതിഫലമുണ്ട്. എന്നാൽ, എന്റെ ക്വബ്ർ സന്ദർശിക്കുന്നവൻ ജീവിതത്തിൽ എന്നെ സന്ദർശിച്ചവനെ പോലെയാണ്, ശഫാഅത്ത് കിട്ടാൻ എന്റെ ക്വബ്‌റിനരികിൽ വന്ന് തേടണം എന്നൊക്കെ നബിﷺ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നവരാണ് സമസ്തയുടെ പണ്ഡിതന്മാർ. അതൊന്നും സ്വീകാര്യയോഗ്യമായ ഹദീസുകളല്ല, അവയെല്ലാം ദുർബലമായ റിപ്പോർട്ടുകളാണ്. ഹജ്ജ്, ഉംറ എന്നിവയ്ക്കായി ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത് മക്കയിലാണെന്ന കാര്യം ഇവർക്ക് അറിയില്ലെന്നോ?

നബിﷺയെ സിയാറത്ത് ചെയ്യാൻ കാര്യമായ കൽപന പ്രമാണങ്ങളിലുണ്ടെന്ന് വാദിച്ച് മുസ്‌ലിയാർ അതിനായി ക്വുർആൻ സൂക്തത്തെപോലും ദുർവ്യാഖ്യാനിക്കുകയാണ്. സൂറത്തുന്നിസാഇലെ 64ാം വചനം സൂചിപ്പിച്ച് അദേഹം എഴുതുന്നു: “ജീവിത കാലത്തെന്ന പോലെ മരണശേഷവും നബി(സ)യോട് നമുക്ക് ആവലാതി ബോധിപ്പിക്കാം. നമ്മുടെ വിഷയത്തിൽ അവിടുന്ന് ഇടപെടുകയും ചെയ്യും. ഈ ആയത്ത് കൊണ്ട് ഈ ആശയം സമർഥിക്കുമ്പോൾ നവീനവാദികൾ ചില തെറ്റിദ്ധാരണകൾ സൃഷ്ടിക്കാറുണ്ട്’’ (പേജ് 30).

കപടവിശ്വാസികൾ നബിﷺയോട് കാണിച്ച അവഗണനയുടെ അപകടവും യഥാർഥത്തിൽ അവർ ചെയ്യേണ്ടത് എന്തായിരുന്നെന്നും വ്യക്തമാക്കുന്ന ആയത്താണിത്. ജീവിതകാലത്തോ, മരണശേഷമോ അദ്ദേഹത്തോട് തേട്ടം നടത്താൻ പാടുണ്ടോ ഇല്ലയോ എന്ന ചർച്ച ഇതിലെവിടെയുമില്ല. ആരോടാണോ തെറ്റുചെയ്തത് അവരോട്, തനിക്ക് പൊറുത്തു കിട്ടാൻ അല്ലാഹുവിനോട് പ്രാർഥിക്കണമെന്ന് ആവശ്യപ്പെടുകയല്ലാതെ പാപമോചന പ്രാർഥനക്ക് എല്ലാവരും നബിസന്നിധിയിൽ എത്തണമെന്നൊരു നിയമം ഇസ്‌ലാമിലില്ല.

അല്ലാഹു പറയുന്നു: “പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചുപോയ എന്റെ ദാസൻമാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർച്ചയായും അവൻതന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനും’’ (39:53).

ഈ ആയത്തിനെ ദുർവ്യാഖ്യാനം ചെയ്യാൻ ‘ഉതുബി’ എന്ന വ്യക്തിയുമായി ബന്ധപ്പെട്ടുള്ള ഒരു സ്വപ്നക്കഥ മുസ്‌ലിയാർ ചേർത്തിട്ടുണ്ട്. ആ കഥയുടെ പരമ്പര ദുർബലമാണെന്നും ആരുടെയെങ്കിലും സ്വപ്നം നബിﷺയിലൂടെ പൂർത്തിയാക്കപ്പെട്ട മതത്തിൽ എങ്ങനെയാണ് തെളിവാകുക എന്നും കാലങ്ങളായി ഇവരോട് ചോദിച്ചുകൊണ്ടിരിക്കുകയാണ്. വിശ്വാസകാര്യങ്ങൾക്ക് മുതവാത്തിറായ റിപ്പോർട്ടുകൾ വേണമെന്ന അശ്അരി വാദത്തിൽ ഉറച്ച ഇവർക്ക് ഇതെങ്ങനെ തെളിവാകും? അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതന്മാർ ആരും ഇത് ഉദ്ധരിച്ച് ഇങ്ങനെയൊരു വിശ്വാസം പഠിപ്പിച്ചിട്ടുമില്ല.

അടിച്ചമർത്തപ്പെടുന്ന സാഹചര്യങ്ങളിൽ തന്റെ മതം സംരക്ഷിക്കുന്നതിനും ജീവിതത്തിൽ ഗുണം കിട്ടുന്നതിന്നും അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് പലായനം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സൂറത്തുന്നിസാഇലെ 100ാം വചനത്തെയും അതിന്റെ ലക്ഷ്യം തെറ്റിച്ച് ഈ വിശ്വാസ പ്രചാരണത്തിന് വേണ്ടി മുസ്‌ലിയാർ ഉപയോഗിക്കുന്നുണ്ട്.

ഹജ്ജിനെ തങ്ങളുടെ അനാചാരങ്ങൾക്ക് തെളിവാക്കാൻ മുസ്‌ലിയാർ ശ്രമിക്കുന്നത് കാണുക: “ഔലിയാക്കളെയും സ്വാലിഹീങ്ങളെയും ആദരിക്കുക, അവരുടെ മഖ്ബറകളെ ബഹുമാനിക്കുക, അവരുടെ കാൽപാദങ്ങൾ പതിഞ്ഞ ഇടങ്ങളെ മാനിക്കുക, അവരെ അനുസ്മരിക്കുന്ന മാല മൗലിദുകൾ ജീവിതത്തിൽ പതിവാക്കുക, അവരെ കൊണ്ട് ബറകത്തെടുക്കുക, അവർ നിസ്‌കരിച്ച സ്ഥലത്ത് ഇബാദത്ത് നിർവഹിക്കുക പോലുള്ള കാര്യങ്ങൾ ചെയ്യുന്നത് സുന്നികളാണ്. എന്നാൽ സജ്ജനങ്ങളുടെ മഖ്ബറകൾ ശിർക്കിന്റെ കൂടാരമാണെന്നും അവിടേക്ക് സിയാറത്ത് യാത്ര പാടില്ലെന്നുമുള്ള വികലവാദങ്ങൾ ഉന്നയിക്കുന്ന അവാന്തര വിഭാഗങ്ങൾക്കെങ്ങനെ ഹജ്ജിനെ പൂർണാർഥത്തിൽ ഉൾക്കൊള്ളാൻ കഴിയും? ചുറ്റും നബിമാരുടെ ഖബ്‌റുകളുള്ള കഅ്ബയെ വലയം ചെയ്യാൻ അവർക്കു കഴിയുമോ? കഅ്ബയെ ലക്ഷ്യം വെച്ചുള്ള യാത്രയാണ് ഹജജ്’’ (പേജ് 40).

കഅ്ബയെ മക്വ‌്‌ബറകളുമായി ബന്ധിപ്പിക്കുന്നതും സിയാറത്ത് യാത്രയാക്കി ചിത്രീകരിക്കുന്ന തുമൊക്കെ എന്തിനെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. കഅ്ബക്ക് ചുറ്റും നബിമാരുടെ ക്വബ്‌റുകളുണ്ടെന്ന ശിയാജൽപനങ്ങളാണ് ഇവർ ഏറ്റുപിടിക്കുന്നത്. ഹജ്ജിന്റെ മഹത്തായ ലക്ഷ്യങ്ങളെ കഅ്ബ കാണുക എന്നാക്കി ചുരുക്കിയതും അതുകൊണ്ടാണ്.

അല്ലാഹു പറയുന്നു: “ഇബ്‌റാഹീമിന് ആ ഭവനത്തിന്റെ (കഅ്ബയുടെ) സ്ഥാനം നാം സൗകര്യപ്പെടുത്തിക്കൊടുത്ത സന്ദർഭം (ശ്രദ്ധേയമത്രെ). യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേർക്കരുത് എന്നും ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്ക് വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാർഥിക്കുന്നവർക്ക് വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും (നാം അദ്ദേഹത്തോട് നിർദേശിച്ചു)’’ (22:26).

ഹജറുൽ അസ്‌വദ് ചുംബിക്കുക എന്ന സുന്നത്തിനെ കാരണമാക്കി മുസ്‌ലിയാർ എഴുതുന്നു: “അവിശ്വാസി ഒരു കല്ലിനെ പൂജിക്കുന്നതും ഒരു മുസ്‌ലിം ഹജറുൽ അസ്‌വദിനെ ആദരിക്കുകയും തൊട്ട് മുത്തുകയും ചെയ്യുന്നത് തമ്മിൽ പ്രവർത്തിപരമായി സമാനതയുണ്ടെങ്കിലും ഒന്ന് ശിർക്കും മറ്റേത് തൗഹീദുമാണ്. മഹാന്മാരുടെ ജാറത്തിങ്കൾ പോകുമ്പോഴും ആ ഖബ്‌റിനെ ആരാധിക്കുകയല്ല, മറിച്ച് അവിടെയുള്ള സ്വാലിഹീങ്ങളെ ബഹുമാനിക്കുകയും അവരെ കൊണ്ട് ബറകത്തെടുക്കുയാണ്. ആ മഹാനോ ഖബ്ർ കെട്ടിപ്പൊക്കിയ കല്ലിനോ സ്വന്തമായി കഴിവുണ്ടെന്ന വിശ്വാസം മുസ്‌ലിംങ്ങൾക്കില്ല. ഇത് മനസ്സിലാക്കിയ ഒരു മുഅ്മിനും ബിദ്അത്തിന്റെ കെണിയിൽ കുടുങ്ങില്ലെന്ന് ഉറപ്പാണ്’’ (പേജ് 42).

ഹജറുൽ അസ്‌വദിനെ മുത്തുക അല്ലെങ്കിൽ അതിനു നേരെ ആംഗ്യം കാണിക്കുക എന്നത് നബിചര്യയാണ്. അതിനെ ജാറപൂജക്കുള്ള തെളിവാക്കുവാനാണ് മുസ്‌ലിയാരുടെ ശ്രമം. ഹജറുൽ അസ്‌വദിനെ മുത്തുന്നതിന് പ്രവാചക ജീവിതത്തിൽ മാതൃകയുണ്ട്. എന്നാൽ ക്വബ്ർ കെട്ടിപ്പടുക്കാനും അതിന്മേൽ ചുംബിക്കാനും അതിൽ കിടക്കുന്ന വ്യക്തിയോട് സഹായം തേടാനും അയാളെ ഇടയാളനാക്കാനുമൊക്കെ എവിടെയാണ് മാതൃക?

ഉമർ(റ) ഹജറുൽ അസ്‌വദിനെ ചുംബിച്ചുകൊണ്ട് പറഞ്ഞു: “അല്ലാഹു തന്നെയാണെ, നീ ഒരു കല്ലാണെന്ന് എനിക്കറിയാം. നിനക്ക് ഉപകാരം ചെയ്യാനോ ഉപദ്രവം തടുക്കാനോ കഴിയില്ല. എന്റെ പ്രവാചകൻ നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇത് ചെയ്യില്ലായിരുന്നു’’ (മുസ്‌ലിം).

ഞങ്ങളുടെ ആരാധ്യന്മാർക്ക് സ്വന്തമായി കഴിവില്ലെന്നും അല്ലാഹു കൊടുത്ത കഴിവിൽനിന്നാണ് ഞങ്ങളെ ചോദിക്കുന്നതെന്നുമുള്ള മക്കാമുശ്‌രിക്കുകളുടെ അതേ വാദം തന്നെയാണ് സമസ്തക്കാർക്ക് ഉള്ളതെന്ന് ‘സ്വന്തമായി കഴിവുണ്ടെന്ന വിശ്വാസം മുസ്‌ലിംങ്ങൾക്കില്ല’ എന്നതിലൂടെ മുസ്‌ലിയാർ ഇവിടെ സമ്മതിച്ചിരിക്കുകയാണ്. ഇവർ തമ്മിൽ ആശയപരമായി എന്തൊക്കൊയാണ് വ്യത്യാസമെന്ന് ഇക്കൂട്ടർ സമൂഹത്തെ ബോധപ്പെടുത്തട്ടെ!

മഹാന്മാരുടെയോ ആ പേരിൽ അറിയപ്പെടുന്നവരുടെയോ ജാറങ്ങൾ ഉണ്ടാക്കുക എന്നതും അഹ്‌ലുസ്സുന്നയുടെ സംസ്‌കാരമല്ല. ജൂതക്രൈസ്തവരിൽനിന്ന് ശിയാക്കളും സൂഫികളും പകർത്തിയതാണത്. ജാറങ്ങളിലെത്തി അതിന്റെ ചുമരിലും നിലത്തുമൊക്കെ പലരും ‘പറ്റിക്കിടക്കുന്നത്’ അവർക്ക് ഉപകാരം ചെയ്തുതരാൻ കഴിയും എന്ന വിശ്വാസം കൊണ്ടുതന്നെയാണ്. ക്വുർആനിന്റെ ചോദ്യത്തെ ഇവർ ശ്രദ്ധിക്കട്ടെ. അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങൾക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങൾ ആരാധിക്കുന്നത്? അല്ലാഹുവാകട്ടെ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു’’ (5:76)

മക്വാമു ഇബ്‌റാഹീമിലും മുസ്‌ലിയാർ ശിർക്കിന് തെളിവു കണ്ടെത്തുന്നത് നോക്കൂ: “സുന്നികളെ സംബന്ധിച്ചിടത്തോളം ഈ കാഴ്ച്ചകൾ തങ്ങളുടെ വിശ്വാസ-ആചാരങ്ങളെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു. കാരണം മഹാന്മാരുമായി ബന്ധപ്പെട്ടതൊക്കെ വളരെ പവിത്രവും ആദരണീയവുമായി കരുതുന്നത് സുന്നികൾ മാത്രമാണ്. ഈ ആദരവിന് അല്ലാഹു വലിയ മഹത്ത്വം കൽപിക്കുകയും ചെയ്യുന്നു’’ (പേജ് 41).

അവിടെയും ‘മക്വാം’ ഉണ്ടെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണിത്. കേരളത്തിൽ മക്വ‌്‌ബറ വ്യവസായം നടത്തുന്നതിനുള്ള തെളിവ് മക്വാമു ഇബ്‌റാഹീമിൽ കണ്ടത്താനുള്ള ശ്രമം. ത്വവാഫിന് ശേഷം രണ്ടു റക്അത്ത് നമസ്‌കരിക്കാനുള്ള ഭാഗം എന്നതാണ് മക്വാമിന്റെ താൽപര്യമെന്ന് മുഫസ്സിറുകൾ വിശദീകരിച്ചിട്ടുണ്ട്. ഇതെല്ലാം ആദരിക്കപ്പെടേണ്ട മതചിഹ്നങ്ങളാണെന്ന അധ്യാപനം നന്നായി പരിഗണിക്കുന്നവരാണ് സലഫികൾ. ആദരിക്കാൻ പറഞ്ഞതിനെ ആരാധിക്കുന്ന, സ്വന്തമായി മതചിഹ്നങ്ങൾ നിശ്ചയിക്കുന്ന സ്വഭാവം സലഫികൾക്കില്ല.

ഹിജ്ർ ഇസ്മാഈലിനെ കുറിച്ചും ഇവർക്കുള്ളത് ശിയാവിശ്വാസമാണ്. മുസ്‌ലിയാർ എഴുതുന്നു: “ഹിജ്ർ ഇസ്മാഈൽ ചുറ്റുമ്പോൾ അവിടെ മറപെട്ട് കിടക്കുന്ന ഹാജർ ബീവി(റ)യുടെയും ഇസ്മാഈൽ നബി(അ)യുടെയും ഖബറിടം കൊണ്ട് ധന്യമാണീ പുണ്യസ്ഥലമെന്ന് ഓർക്കുക. അവർ നേരിട്ട പരീക്ഷണങ്ങൾ ഓർക്കലും അവരെ ആദരിക്കലും സിയാറത്ത് ചെയ്യലും ഇതിലൂടെ സംഭവിക്കുന്നുവെന്ന യാഥാർത്ഥ്യം തിരിച്ചറിയുക’’ (പേജ് 41).

ഹിജ്ർ ഇസ്മാഈൽ ചുറ്റുക എന്നൊരു കർമം ഹജ്ജിൽ ഇല്ല. ഹിജ്ർ ഇസ്മാഈൽ കഅ്ബയുടെ ഒരു ഭാഗമാണ്. കഅ്ബയെ ത്വവാഫ് ചെയ്യുമ്പോൾ സ്വാഭാവികമായും അതും ഉൾപ്പെടുമെന്നു മാത്രം. അല്ലാഹു എന്നു കേട്ടാൽ തോന്നാത്ത ഭയഭക്തി ക്വബ്ർ എന്നു കേട്ടാൽ ഇവർക്കുണ്ടാകുന്നു എന്നത് അത്ഭുതകരമാണ്. നബിﷺയുടെ ക്വബ്ർ ഉള്ളതുകൊണ്ടല്ല മസ്ജിദുന്നബവിയിലെ നമസ്‌കാരത്തിന് മറ്റു പള്ളികളിലെ നമസ്‌കാരത്തെക്കാൾ ആയിരം ഇരട്ടി പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്.

മിനയിൽ നിർവഹിക്കപ്പെടുന്ന ആരാധനകളെ സംബന്ധിച്ച് മുസ്‌ലിയാർ എഴുതുന്നു: “മഹാന്മാരുടെ ജാറങ്ങൾ ശിർക്കിന്റെ കേന്ദ്രങ്ങളാണെന്ന് കൊട്ടിഘോഷിക്കുന്ന അവാന്തര കക്ഷികൾ ഹജ്ജ് സമയം മിനായിലെത്തിയാൽ മസ്ജിദുൽ ഖൈഫിൽ നിസ്‌കരിക്കുമോ? മഹാന്മാർ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്തു വെച്ച് നിസ്‌കരിക്കുമ്പോൾ വസ്വീലത്തു ശിർക്ക് വരില്ലേ’’ (പേജ് 43).

മസ്ജിദുൽ ഖൈഫ് എന്നറിയപ്പെടുന്ന മിനയിലെ പള്ളിയിൽ പ്രത്യേക നമസ്‌കാരങ്ങളൊന്നുമില്ല. എഴുപതോളം പ്രവാചകന്മാർ അവിടെ നമസ്‌കരിച്ചു എന്ന ദുർബല റിപ്പോർട്ട് പ്രചരിപ്പിക്കുന്നത് ശിയാക്കളാണ്. വിശ്വാസ യോഗ്യമായ ഒരു റിപ്പേർട്ടും ഈ വിഷയത്തിൽ വന്നിട്ടില്ല. അവിടെ നമസ്‌കരിച്ച നബിﷺയും സ്വഹാബികളും വസ്വീലത്തു ശിർക്കിൽ അകപ്പെട്ടൂ എന്നിവർ പറയുമോ? ‘ക്വബ്‌റുകളിലേക്ക് നിങ്ങൾ നമസ്‌കരിക്കരുത്’ എന്ന് പറഞ്ഞ നബി(സ) അതിനെതിരായി ചെയ്തുവെന്നാണോ ഇവർ വിശ്വസിക്കുന്നത്?

ശിർക്കിന്റെ വേരറുക്കുന്ന പരിശുദ്ധ ഹജ്ജിന്റെ മറവിലാണിതെല്ലാം മുസ്‌ലിയാക്കന്മാർ പ്രചരിപ്പിക്കുന്നത്. വിശുദ്ധ ക്വുർആനിന്റെ അധ്യാപനങ്ങളെയും ഹജ്ജിന്റെ ലക്ഷ്യങ്ങളെയും അവഗണിക്കുന്ന രീതിയാണിത്.