പ്രമാണവചനങ്ങളെ യുക്തിയുടെ മൂശയിൽ വാർത്തെടുക്കുകയോ?
മൂസ സ്വലാഹി കാര
2024 നവംബർ 16, 1446 ജു. ഊലാ 14

മതവിഷയങ്ങളിൽ അടിസ്ഥാനപരമായ അറിവ് നേടിയിട്ടില്ലാത്തവരും ഓരോ പ്രശ്‌നത്തെയും പ്രമാണങ്ങൾ മുൻനിർത്തി ചർച്ച ചെയ്യാനുള്ള പ്രാപ്തിയില്ലാത്തവരും തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും ഉൾക്കൊള്ളാനാകുന്ന മതകാര്യങ്ങളേ സ്വീകരിക്കുകയുള്ളൂ എന്ന് ശഠിക്കുന്നവരും പണ്ഡിത പദവി അലങ്കരിക്കുകയും പ്രബോധനം നടത്തുകയും ചെയ്യുന്നത് മതപ്രബോധന മേഖലയിൽ വലിയ ആഘാതമുണ്ടാക്കുന്നതാണ്. ഈ വിഭാഗത്തിൽ പെടുന്നവരുടെ ഒരു കൂട്ടായ്മയായി മർക്കസുദ്ദഅ്‌വ വിഭാഗം മാറിയിരിക്കുന്നു എന്നത് അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നവർക്ക് തിരിച്ചറിയാനാകും.
ചില സമയങ്ങൾക്കും സ്ഥലങ്ങൾക്കുമൊക്കെ അല്ലാഹു പ്രത്യേകതയും മഹത്ത്വവും നൽകിയതായി പ്രമാണങ്ങൾ പഠിപ്പിക്കുന്നു. അതുപോലെതന്നെ സംസം വെള്ളം, അജ്‌വ കാരക്ക പോലുള്ള ചില വസ്തുക്കൾക്കും സവിശേഷത കൽപിച്ചതായി കാണാം. അത് അവയ്ക്ക് സ്വമേധയാ ഗുണമോ ദോഷമോ വരുത്താനുള്ള വല്ല കഴിവും ഉണ്ടെന്നു വിശ്വസിക്കാനല്ല. ചില പ്രയാസങ്ങളെ പരിഹരിക്കാനുള്ള മരുന്നായി അവയെ അല്ലാഹു കാരണമാക്കിയിരിക്കുന്നു എന്നതാണ് വസ്തുത. മരുന്ന് കഴിച്ചാലും ചില രോഗങ്ങൾ ഭേദമാകാത്ത പോലെതന്നെ അല്ലാഹു ഉദ്ദേശിക്കാത്തപക്ഷം അവകൊണ്ടും ഫലം കാണണമെന്നില്ല.
അപ്രകാരം അല്ലാഹു മഹത്ത്വം കൊടുത്ത ഒന്നാണ് അജ്‌വ കാരക്ക. ഇതിനെ കുറിച്ച് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടത് അംഗീകരിക്കുന്നവരും അതിനെ അവജ്ഞയോടെ കണ്ടവരും എക്കാലത്തും ഉണ്ടായിട്ടുണ്ട്. മർക്കസുദ്ദഅ്‌വ പ്രസിദ്ധീകരണമായ ശബാബ് 2024 ഒക്ടോബർ 24 ലക്കത്തിൽ ‘അജ്‌വ കാരക്കയും വിഷബാധയും’ എന്ന പേരിൽ വന്ന കുഴിപ്പുറം സുല്ലമിയുടെ ലേഖനം അജ്‌വയുടെ ശ്രേഷ്ഠതയെ നിഷേധിക്കുന്നതും കുറെ തെറ്റുധാരണകൾ പരത്തുന്നതുമാണ്. മുജാഹിദ് പാരമ്പര്യം അവകാശപ്പെടാൻ തങ്ങളാലാകുംവിധമെല്ലാം പ്രചാരവേല ചെയ്യുന്നവർ ഇത്തരം നിഷേധങ്ങളിൽ ആരുടെ പാരമ്പര്യമാണ് പിന്തുടരുന്നതെന്ന് മുജാഹിദുകളും അല്ലാത്തവരും തിരിച്ചറിയുന്നുണ്ട്.
അജ്‌വയുടെ മഹത്ത്വങ്ങൾ
സഅദ് ബിൻ അബീവക്വാസ്(റ)വിൽനിന്ന്; നബിﷺ പറഞ്ഞതായി ഞാൻ കേട്ടു: “ഒരാൾ പ്രഭാതത്തിൽ ഏഴ് അജ്‌വ കാരക്ക തിന്നാൽ ആ ദിവസം അവന് വിഷം, സിഹ്‌റ് എന്നിവയാൽ ഉപദ്രവമേൽക്കുകയില്ല’’ (ബുഖാരി, മുസ്‌ലിം).
ഇത് മദീനയിലെ കാരക്കയാണെന്നും മസ്ജിദുന്നബവിയുടെ തെക്കുഭാഗത്ത് കൃഷിചെയ്തുണ്ടാക്കിയതാണെന്നും സ്വർഗത്തിലേതാണെന്നും വെറും വയറ്റിൽ ഏഴെണ്ണം കഴിക്കണമെന്നും ശമനമുണ്ടെന്നും ഇമാമുമാരായ ബുഖാരി(റഹി), മുസ്‌ലിം(റഹി), തിർമുദി(റഹി), അഹ്‌മദ്(റ), നസാഈ(റഹി) എന്നിവരെല്ലാം ഉദ്ധരിച്ച ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുമുണ്ട്. ഈ ഹദീസുകളെയെല്ലാം മർക്കസുദ്ദഅ്‌വക്കാർ നിരാകരിക്കുന്ന രീതി കാണുക:
“ഇത്തരം ശ്രേഷ്ഠത സ്ഥാപിക്കുന്ന ഹദീസുകളെ വിശകലനം ചെയ്യുന്നത് ഹദീസ് നിഷേധമായി കാണാൻ പറ്റുകയില്ല’’ (ശബാബ്, 2024 ഒക്ടോബർ 25, പേജ് 36).
നിഷേധം എന്ന് പ്രയോഗിച്ചാൽ തങ്ങളുടെ തനിനിറം പുറത്താകുമെന്ന പേടികൊണ്ടാകാം ‘വിശകലനം’ എന്ന പദം ലേഖകൻ ഉപയോഗിച്ചത്. ഇവർ നടത്തുന്നത് വിശകലനമല്ല; നിഷേധം തന്നെയാണ്. അജ്‌വ കാരക്കയുടെ ശ്രേഷ്ഠതകളെ മുഴുവനായും ഇവർ തള്ളുന്നു എന്നതാണിവിടെ തെളിയുന്നത്. ഇതൊരിക്കലും യഥാർഥ മുജാഹിദുകളുടെ സ്വഭാവമല്ല.
ഇസ്‌ലാമിന്റെ ശത്രുക്കളായ ഓറിയന്റലിസ്റ്റുകൾ ഇസ്‌ലാമിക പ്രമാണങ്ങളുടെ കടുത്ത വിമർശകരായിരുന്നു. അത്തരക്കാർക്കെതിരെ പ്രാമാണികമായി പടവെട്ടിയ പണ്ഡിതരിൽ പ്രമുഖനാണ് ഡോ. മുസ്തഫസ്സ്വബാഈ(റഹി). മുഹമ്മദ് അബൂ റയ്യ എന്ന ഓറിയന്റലിസ്റ്റിന്റെ ജൽപനങ്ങൾക്ക് 1949ൽ അദ്ദേഹം അക്കമിട്ട് മറുപടി നൽകിയ ഗ്രന്ഥമാണ് ‘മകാനതുസ്സുന്ന ഫീ തശ്‌രീഹിൽ ഇസ്‌ലാം.’ ഇത് ആവർത്തിച്ചു വായിച്ച് അതിന്റെ മൂല്യം മനസ്സിലാക്കിയ അമാനി മൗലവി(റഹി) 1973 നവംബറിൽ ‘നബിചര്യയും ഇസ്‌ലാം ശരീഅത്തിൽ അതിന്റെ സ്ഥാനവും’ എന്ന പേരിൽ അത് പരിഭാഷപ്പെടുത്തുകയും കെഎൻഎം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
1986 ഏപ്രിൽ മാസത്തിൽ പുറത്തിറക്കിയ അതിന്റെ രണ്ടാം പതിപ്പ് പേജ് ൨൪൩ൽ അജ്‌വ കാരക്കയുടെ സവിശേഷത പറയുന്ന ഹദീസിനെക്കുറിച്ച് എഴുതിയത് കാണുക: “അപ്പോൾ ബുദ്ധിപരമായി നോക്കുമ്പോൾ ഒരു നിലയ്ക്കും ഈ ഹദീസിനെ പുറംതള്ളുവാൻ ന്യായമില്ല. അജ്‌വത്തിന്റെ ഈ പ്രത്യേകഗുണം കണ്ടുപിടിക്കുവാൻ ആധുനിക വൈദ്യശാസ്ത്രത്തിന്നു ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുവെച്ച് (ഒരു പക്ഷേ, അടുത്ത ഭാവിയിൽ കഴിഞ്ഞെന്നുവരുകയും ചെയ്‌തേക്കും) അതിന്നു മുതിരുന്നതു അവിവേകവും മൗഢ്യവുമാകുന്നു. സകല രോഗങ്ങളെക്കുറിച്ചും എല്ലാ ഭക്ഷണപാനീയങ്ങളെക്കുറിച്ചും മുഴുവൻ സസ്യവർഗ്ഗങ്ങളെക്കുറിച്ചും ഇനിയൊന്നും ബാക്കിയില്ലാത്തവിധം എല്ലാ കാര്യങ്ങളും ആധുനിക വൈദ്യശാസ്ത്രം പഠിച്ചുകഴിഞ്ഞിരിക്കുമോ? ഒരിക്കലുമില്ല!’’.
നിഷേധത്തിനുവേണ്ടി തട്ടിപ്പുകൾ
ഹദീസിനെ നേരിട്ട് വെട്ടാൻ കഴിയാതെ വന്നപ്പോൾ കുറുക്കുവഴിയിലൂടെ ലേഖകൻ അത് സാധിച്ചെടുക്കുന്നത് കാണുക: “ഈ ഹദീസിനെ ഇബ്‌നു ഹജർ(റ) വ്യാഖ്യാനിക്കുന്നു: ഈ ഹദീസിന്റെ പരമ്പരയിൽ വിശ്വാസയോഗ്യനല്ലാത്ത അഹ്‌മദിബ്‌നു ബശീർ അബൂബക്കർ എന്ന വ്യക്തിയുണ്ട്. ഉസ്മാനു ദാരിമി ഇബ്‌നു മഈനിൽനിന്നു ഇപ്രകാരം ഉദ്ധരിക്കുന്ന ഈ ഹദീസ് ഒഴിവാക്കപ്പെടേണ്ടതാണ്’’ (പേജ് 36).
ഇബ്‌നു ഹജർ(റഹി) പറയാത്തത് അദ്ദേഹത്തിന്റെ മേൽ ചാർത്തിയും ഇബ്‌നു മഈൻ(റഹി) തള്ളപ്പെടേണ്ടതെന്നു പറഞ്ഞത് എന്തു കാരണത്താലാണെന്നു വ്യക്തമാക്കാതെയുമാണ് ഇപ്രകാരം എഴുതി വിട്ടിരിക്കുന്നത്. ഫത്ഹുൽ ബാരിയിൽ യഥാർഥത്തിലുള്ളത് എന്താണെന്ന് വായിക്കാം:
“അവസാനമായി ഇമാം ഖത്വീബുൽ ബാഗ്ദാദി(റഹി) പറയുന്നു: ‘ഉസ്മാൻ അദ്ദാരിമിക്ക് അബൂ ജഅ്ഫർ എന്ന് സ്ഥാനപ്പേരുള്ള മറ്റൊരു അഹ്‌മദ് ബിൻ ബശീറിൽ ആശയക്കുഴപ്പമുണ്ടായതാണ്. അതാണ് ഇമാം ബുഖാരി അദ്ദേഹത്തിന്റെ പരമ്പരയിൽ കൊണ്ടുവന്ന റാവിയെ വേർതിരിക്കുന്ന നാമമായ ‘അബൂ ബക്ർ’ എന്നത് പ്രത്യേകം കൊടുത്തതിലെ രഹസ്യം’’ (ഫത്ഹുൽ ബാരി, വാള്യം 10, പേജ് 288). ഇക്കാര്യം മറച്ചുവെക്കുകയല്ലാതെ ശബാബ് ലേഖകന്റെ മുമ്പിൽ വഴികളില്ലല്ലോ.
മറ്റൊരു ഭീമമായ കബളിപ്പിക്കൽ കൂടി കാണുക: “അജ്‌വ കാരക്ക എല്ലാ വിഷത്തിനും പറ്റുന്നതല്ല എന്നും അഭിപ്രായമുണ്ട്. ഇബ്‌നു ഹജർ(റ) പറയുന്നു: ‘ഇത് വയറ്റിൽ രോഗാണു ഉണ്ടാക്കുന്ന ചില വിഷത്തിനു മാത്രമെ ശമനം നൽകൂ. എല്ലാ വിഷത്തിനും പറ്റുന്നതല്ല എന്ന സൂചനയും അദ്ദേഹം (ബുഖാരി) നൽകുന്നുണ്ട്.’ ഇബ്‌നു ഹജർ(റ) ചോദിക്കുന്നു: അത്(അജ്‌വ കാരക്ക) സിഹ്‌റിനെ എന്ത് ചെയ്യാനാണ്?’’ (പേജ് 36,37).
ഇബ്‌നുൽ ക്വയ്യിം(റഹി) ഹദീസിൽ വന്ന വിഷം വയറ്റിൽ പുഴുക്കളുണ്ടാക്കുന്നതാണ്; അല്ലാതെ എല്ലാ വിഷവുമല്ല എന്ന് പ്രത്യേകമാക്കി പറഞ്ഞതിനെയാണ് ഇമാം ബുഖാരി(റ)യുടെ മേൽ വെച്ചുകെട്ടിയത്. അതിനെ വിശദീകരിച്ച ഇബ്‌നു ഹജർ(റഹി)യുടെ വാക്കിനെക്കുറിച്ച് തെറ്റുധാരണ പരത്തി വായനക്കാരെ തിരിപ്പിക്കുന്നതിന്റെ ശരി എന്താണെന്ന് ഫത്ഹുൽ ബാരിയിൽനിന്നുതന്നെ വായിക്കാം:
“എന്നാൽ ഹദീസിന്റെ സന്ദർഭം തേടുന്നത് പൊതുവായ കാര്യമാണ്. മാരണം ബാധിക്കില്ല എന്ന് പറഞ്ഞതിൽ ഏത് എന്നില്ല. വിഷത്തിന്റെ കാര്യത്തിൽ പ്രത്യേകത സങ്കൽപിച്ചാൽ സിഹ്‌റിൽ എന്ത് ചെയ്യും?’’ (വാള്യം 10, പേജ് 279). ലേഖകൻ ആഗ്രഹിച്ചതിനനുസരിച്ച് ഇതിൽനിന്ന് തോണ്ടിയെടുക്കാൻ കാണിച്ച സാമർഥ്യം സത്യം തുറന്നെഴുതാൻ കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
കളവു പറഞ്ഞ് നിരസിക്കുന്നു
ശൈത്വാന്റെ ഉപദ്രവവുമായി ബന്ധപ്പെട്ട് പ്രമാണങ്ങൾ പഠിപ്പിച്ച ഓരോന്നിനോടും വെറുപ്പ് പ്രകടിപ്പിച്ച് നടക്കുന്ന ഇക്കൂട്ടരുടെ കണ്ടെത്തൽ കാണുക: “പിശാചിന്റെ ശർറ് തടുക്കാൻ ഖുർആൻ കൊണ്ടു മാത്രമെ സാധിക്കൂ’’(പേജ് 37).
മന്ത്രമായും അഭയതേട്ടമായും നബിﷺ പഠിപ്പിച്ച നിരവധി പ്രാർഥനകളെയാണ് ഈ വരിയിലൂടെ ലേഖകൻ തട്ടിക്കളയുന്നത്. സൂറഃ അൽഅഅ്‌റാഫിലെ 200, 201 ആയത്തുകൾ അതിനായി ലേഖകൻ ദുർവ്യാഖ്യാനിക്കുകയും ചെയ്തു. തെറ്റായ വാദത്തിന് തെളിവാക്കിയ ഈ വചനങ്ങൾവരെ അദ്ദേഹത്തിന് മറുപടിയാണെന്നത് പോലും ചിന്തിക്കാതെയാണ് ഈ പണി കാണിച്ചിരിക്കുന്നത്. ‘(അല്ലാഹുവെപ്പറ്റി) ഓർമവരുന്നതാണ്’ എന്ന ഭാഗം വിശദീകരിക്കവെ ഇബ്‌നു കസീർ (റഹി) പല പ്രാർഥനകളും അവിടെ ചേർത്തിട്ടുണ്ട്.
ലേഖകന്റെ മറ്റൊരു കളവ് കാണുക: “നിശ്ചയം അജ്‌വ കാരക്ക സ്വർഗത്തിലെ പഴത്തിൽ പെട്ടതാണ്’ (അഹ്‌മദ് -മുസ്‌നദ്). ഈ റിപ്പോർട്ട് നാസിറുദ്ദീൻ അൽബാനി(റഹി) സ്വഹീഹാക്കിയിട്ടുണ്ടെങ്കിലും ഹദീസ് നിദാനശാസ്ത്ര പ്രകാരം സ്വഹീഹല്ല. ഭൂരിപക്ഷ മുസ്‌ലിം പണ്ഡിതന്മാർ നിർമിതമോ ദുർബലമോ ആക്കിയ പല ഹദീസുകളെയും അൽബാനി(റ) സ്വഹീഹാക്കിയിട്ടുണ്ട്. ഈ ഹദീസ് ശാദ്ദും ഖുർആൻ വിരുദ്ധവുമാണ്. സ്വർഗത്തിലെ ഒരു വിഭവവും ദുനിയാവിൽ കാണുന്നതല്ല എന്നാണ് അല്ലാഹുവും റസൂ ലും പഠിപ്പിക്കുന്നത്’’(പേജ് 25).
കഴമ്പില്ലാത്ത ആരോപണങ്ങളുമായി ശൈഖ് അൽബാനി(റ)യെ പോലുള്ള ഒരു മഹാപണ്ഡിതനെ വിമർശിക്കാനുള്ള അർഹത ലേഖകനുണ്ടോ എന്നത് മർക്കസ്സുദ്ദഅ്‌വക്കാർ ആലോചിക്കട്ടെ! അദ്ദേഹത്തിന്റെ അറിവും പ്രാവീണ്യവും ഉപയോഗപ്പെടുത്തി നബിചര്യയുടെ വിഷയത്തിൽ ആത്മാർഥമായി ചെയ്ത സേവനങ്ങൾക്ക് നേരെയാണീ നിന്ദ്യത. ഹദീസിന്റെ പരമ്പര സ്വീകാര്യയോഗ്യമാണെന്ന് ഉറപ്പ് വരുത്തിയി ട്ടാണ് അത് സ്വഹീഹാണെന്ന നിലപാട് അദ്ദേഹം കൈക്കൊള്ളുക.
ഭൂരിപക്ഷ പണ്ഡിതന്മാരെ ഇതിൽ പ്രതികളാക്കി എന്നതും സ്വർഗത്തിൽ നിന്നാണെന്നതിന്റെ താൽപര്യം അത് ക്ഷീണവും പ്രയാസവും നീക്കുമെന്നാണെന്നതും; ഗുണം, പുണ്യം എന്നിവയിൽ പ്രത്യേകമാണെന്നതും പണ്ഡിതന്മാർ വിശദീകരിച്ചത് മനസ്സിലാക്കാത്തതും ഇദ്ദേഹത്തിന്റെ അജ്ഞതയെ തുറന്ന് കാണിക്കുന്നുണ്ട്.
വഹ്‌യിന്റെ അടിസ്ഥാനത്തിലാണ് നബിﷺ അജ്‌വയുടെ മഹത്ത്വം പഠിപ്പിച്ചത് എന്നിരിക്കെ അതിനെ ലബോറട്ടറി പരിശോധനകൾക്ക് വിധേയമാക്കണമെന്നും അവിടുന്ന് പറഞ്ഞത് കേവല ഭൗതിക അഭിപ്രായമാണെന്നും പറയാൻ ലേഖകൻ തുനിഞ്ഞത് കാണാം. ഈത്തപ്പഴത്തിന്റെ പരാഗണം സംബന്ധിച്ച് ‘അത് പ്രയോജനം ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല’ എന്ന് പ്രവാചകൻﷺ പറഞ്ഞതിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം എഴുതിയത് നോക്കൂ: “ഇതിൽനിന്നു മനസ്സിലാക്കേണ്ട കാര്യം, നബി(സ) ഭൗതികമായി തന്റെ അഭിപ്രായം വല്ല വിഷയത്തിലും പറഞ്ഞാൽ അത് പ്രയോജനം ചെയ്യുമെങ്കിൽ സ്വീകരിച്ചാൽ മതി. മതപരമായി വല്ലതും കൽപിക്കുന്നപക്ഷം അത് നിർബന്ധവുമാണ്’’ (പേജ് 38).
അജ്‌വയെപ്പറ്റി പറഞ്ഞത് ഭൗതികമായ അഭിപ്രായമായിട്ടല്ല; സ്പഷ്ടമായ വഹ്‌യിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതുതന്നെയാണ്. ഒരു കാര്യത്തെ എതിർക്കാൻ തെളിവ് നിരത്തുമ്പോൾ അതിന് പറ്റിയതാണോ എന്നെങ്കിലും നോക്കേണ്ടിയിരുന്നു! പരാഗണ വിഷയത്തിൽ പ്രവാചകൻﷺ പറഞ്ഞതും ഇതും തമ്മിൽ ഏത് നിലക്കുള്ള ബന്ധമാണുള്ളത്? ബുദ്ധി ഉപയോഗിക്കണമെന്ന് എപ്പോഴും പറയുന്ന ഇവർക്ക് ഇതിലൊന്നും അത് വേണ്ട എന്നാണോ?
കരിഞ്ചീരകത്തിന്റെ മഹത്ത്വം പറയുന്ന ഹദീസിനെയും ലേഖകൻ നിഷേധിക്കുന്നത് കാണുക: “കരിഞ്ചീരകത്തിന്റെ ഹദീസ് ബുഖാരിയും മുസ്‌ലിമും സംയുക്തമായി ഉദ്ധരിച്ചതാണ്. അത് വഹ്‌യിൽ പെട്ടതല്ല’’ (പേജ് 38).
വല്ലാത്തൊരു വിചിത്ര വാദം തന്നെയാണിത്! രണ്ട് ഇമാമുമാരും ഉദ്ധരിച്ച ഹദീസ്, ഏറ്റവും സ്വീകാര്യമായ പരമ്പര. എന്നിട്ടും അതിനെ പ്രവാചകന്റെ സ്വന്തം അഭിപ്രായമെന്ന് വിശേഷിപ്പിക്കുന്നു. അതിനു തെളിവെന്ത്? സ്വന്തം ദുർബുദ്ധിതന്നെ!
എന്തിനേറെ പറയുന്നു; ക്വുർആൻ ശമനമാണെന്ന് പറഞ്ഞ തേനിന്റെ കാര്യവും അപ്പടി അംഗീകരി ക്കാൻ ലേഖകന്റെ ‘മഹാബുദ്ധി’ സമ്മതിക്കുന്നില്ല! “കരിഞ്ചീരകം മരണമൊഴിച്ചുള്ള എല്ലാ രോഗങ്ങൾക്കും ശമനമാണെന്ന് ഖുർആനിൽ പറഞ്ഞിട്ടില്ല. ആകെ ശമനമുണ്ടെന്ന് പറഞ്ഞത് തേനിനെ സംബന്ധിച്ച് മാത്രമാണ്. അതും ഇന്ന രോഗത്തിന് ശിഫയാണെന്ന് പറഞ്ഞിട്ടില്ല. പ്രമേഹക്കാർക്ക് തേൻ കഴിച്ചാൽ ഷുഗർ വർധിക്കും’’ (പേജ് 38).
ക്വുർആനിൽ വ്യക്തമായി വന്നൊരു കാര്യത്തെ നിഷേധിക്കാൻ ഇങ്ങനെ സംശയമുണ്ടാക്കുന്നതുതന്നെ നിഷേധമാണ്!
‘അജ്‌വ കാരക്ക തിന്ന് വരൂ, എന്നിട്ട് ഞാൻ തരുന്ന വിഷം കഴിക്കാൻ തയ്യാറുണ്ടോ, വിഷമേൽക്കില്ല എന്നല്ലേ നിങ്ങളുടെ വാദം’ എന്ന് വെല്ലുവിളിക്കുന്ന മർകസുദ്ദഅ്‌വക്കാരുണ്ട്. പ്രമാണങ്ങളോടുള്ള വെല്ലു വിളിയാണിത്. ‘അല്ലാഹുവിനോട് പ്രാർഥിച്ചാൽ ഉത്തരം കിട്ടും എന്നല്ലേ നിങ്ങൾ പറയുന്നത്; എങ്കിൽ ഈ സ്റ്റേജ് പൊളിഞ്ഞുവീഴാൻ നിങ്ങൾ അല്ലാഹുവിനോടൊന്നു പ്രാർഥിക്കൂ, പൊളിഞ്ഞുവീഴുന്നത് ഞങ്ങളൊന്ന് കാണട്ടെ’ എന്ന്, അല്ലാഹുവല്ലാത്തവരോട് പ്രാർഥിക്കുന്നതാണ് ഉത്തമമെന്ന് വിശ്വസിക്കുന്ന ഒരു മുസ്‌ലിയാർ പ്രസംഗിച്ചതായി കണ്ടിട്ടുണ്ട്. മർകസുദ്ദഅ്‌വക്കാർക്ക് എന്തു മറുപടിയാണിതിന് പറയാനു ള്ളത്? രണ്ടുകൂട്ടരുടെയും ചോദ്യങ്ങൾ സമാനമല്ലേ?
എന്നാൽ ഇത്തരം നിഷേധാത്മക ചോദ്യങ്ങൾ യഥാർഥ മുജാഹിദുകൾ ചോദിക്കില്ല. അല്ലാഹുവിന്റെ തീരുമാനമനുസരിച്ചേ എന്തും സംഭവിക്കുകയുള്ളൂ. എപ്പോൾ, എങ്ങനെ, എവിടെവെച്ച്, ആർക്ക് എന്നൊക്കെ അവനാണ് തീരുമാനിക്കുന്നത്.
ജൂതന്മാർക്ക് വിശ്വാസികളോടുണ്ടായിരുന്ന അസൂയനിമിത്തം അവർ സ്വയം പിഴക്കുകയും നാശം അവരെ വിഴുങ്ങുകയുമായിരുന്നു. അവരുടെ കുഴപ്പങ്ങളെ കുറിച്ച് ക്വുർആൻ പറയുന്നു: “വേദക്കാരിൽ ഒരു വിഭാഗം, നിങ്ങളെ വഴിതെറ്റിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് കൊതിക്കുകയാണ്. യഥാർഥത്തിൽ അവർ വഴിതെറ്റിക്കുന്നത് അവരെത്തന്നെയാണ്. അവരത് മനസ്സിലാക്കുന്നില്ല. വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടികലർത്തുകയും അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യുന്നത്?’’ (3:70,71).
ഇപ്പറഞ്ഞ ‘അസുഖങ്ങൾ’ പിടിപെട്ടാൽ പിന്നെ രക്ഷയില്ല. തെറ്റായ ആശയങ്ങൾ സ്ഥാപിക്കാൻ ഇവർ പ്രസിദ്ധമായ ഗ്രന്ഥങ്ങളെ ദുരുപയോഗം ചെയ്യുന്നു. എന്നാൽ, ഓരോന്നിന്റെയും പൊരുളറിയാൻ അവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നവരെ അടച്ചാക്ഷേപിക്കുകയും ചെയ്യുന്നു. ഇതാണ് ശുദ്ധ ഇരട്ടത്താപ്പ്!
അബദ്ധം സംഭവിച്ചുപോയാൽ തിരുത്തുക എന്നതാണ് വിശ്വാസിക്ക് കരണീയം. മർകസുദ്ദഅ്‌വക്കാർ അനുയായികളെ പ്രമാണനിഷേധത്തിൽനിന്ന് തടയണം. അതിനുവേണ്ടത് തെറ്റുകൾ തിരുത്തുക എന്നതാണ്.

