അമാനി മൗലവിയുടെ തഫ്‌സീറും ആദർശ വിരോധികളുടെ അങ്കലാപ്പും
മൂസ സ്വലാഹി കാര
2024 ഡിസംബർ 21, 1446 ജു. ഉഖ്റാ 20

അരനൂറ്റാണ്ട് കാലമായി സംഘടനാഭേദമന്യെ കേരളത്തിലെ മുസ്‌ലിം സമൂഹം സ്വീകരിച്ചുവരുന്നതും അടുത്തറിഞ്ഞതുമായ വിശുദ്ധ ക്വുർആനിന്റെ സമ്പൂർണ മലയാള ആശയ വിവർത്തനവും വിവരണവുമാണ് അമാനി മൗലവിയുടെ തഫ്‌സീർ. കെ.എം മൗലവി (റഹി)യുടെ നിർദേശത്തിലും മേൽനോട്ടത്തിലുമായി എ.അലവി മൗലവി(റഹി), പി.കെ മൂസ മൗലവി(റഹി), മുഹമ്മദ് അമാനി മൗലവി(റഹി) എന്നിവർ ഏറ്റെടുത്ത മഹത്തായ ദൗത്യം ഘട്ടം ഘട്ടമായി പൂർത്തിയാക്കപ്പെടുകയും 1985ൽ ലക്ഷ്യം കാണുകയും ചെയ്തു. കെ.എം മൗലവി അവതാരിക എഴുതിയതും കെ.പി മുഹമ്മദ് മൗലവി(റഹി) പൂർണമായും വായിച്ച് പരിശോധന നടത്തിയതുമാണ് പ്രസ്തുത തഫ്‌സീർ.
വിശുദ്ധ ക്വുർആനിലെ ഓരോ വചനത്തിന്റെയും ആശയം ചോരാതെയും അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ പണ്ഡിതന്മാർ ഏതു രീതി അവലംബിച്ചാണോ ആയത്തുകൾ വിശദീകരിച്ചത് അതനുസരിച്ചുമാണ് അവർ ഈ കാര്യം സഫലമാക്കിയത്. ഇമാമുമാരായ ഇബ്‌നു ജരീർ അത്ത്വബ്‌രി(റഹി), ഇബ്‌നു കസീർ(റഹി) പോലുള്ളവരുടെ തഫ്‌സീറുകളെ ആസ്പദമാക്കി രചിച്ചതാണ് പ്രസ്തുത വിവരണം.
തഫ്‌സീറിന് നൽകിയ അവതാരികയിൽ കെ. എം മൗലവി(റഹി) പറഞ്ഞത് വളരെ ശ്രദ്ധേയമാണ്: “ഈ ഗ്രന്ഥം എഴുതി വന്നത് മേൽ പറഞ്ഞ മൂന്നു സ്‌നേഹിതന്മാരാണെങ്കിലും ഇതിന്റെ പ്രവർത്തനങ്ങളിൽ പല നിലക്കും ഞാനും ബന്ധപ്പെട്ടുകൊണ്ടിരുന്നതിനാൽ ഈ പരിഭാഷയും ഇതിലെ വ്യഖ്യാനങ്ങളുമെല്ലാം സലഫീങ്ങളുടെ മാതൃകയനുസരിച്ചുകൊണ്ടുള്ളതാണെന്ന് എനിക്ക് തീർച്ചയായും പറയുവാൻ കഴിയുന്നതാണ്. പൗരാണിക മഹാന്മാരുടെ മാതൃക പിൻപറ്റുന്നതിലാണ് നമ്മുടെ എല്ലാ നന്മയും സ്ഥിതി ചെയ്യുന്നത്. പിൽകാലക്കാരുടെ പുത്തൻ നിർമാണങ്ങളിലാണ് എല്ലാ തിന്മയും നിലകൊള്ളുന്നത്.’’
അമാനി മൗലവി(റഹി) അതിന്റെ മുഖവുരയിൽ ക്വുർആൻ വ്യാഖ്യാനത്തിൽ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങൾ പ്രത്യേകം എണ്ണിപ്പറഞ്ഞത് കൂടി വായിക്കാം:
- മുൻഗാമികൾ ഏകോപിച്ച അഭിപ്രായത്തിനെതിരായി സ്വന്തം അഭിപ്രായം പറയരുത്.
- അവർക്കിടയിൽ അഭിപ്രായ വ്യത്യാസം കാണുന്നിടത്ത് പ്രത്യേക ലക്ഷ്യം കൂടാതെ ഒന്നിന് മറ്റേതിനെക്കാൾ മുൻഗണന നൽകരുത്.
- ക്വുർആന്റെ ഭാഷാസാഹിത്യത്തിൽനിന്നും മതവിജ്ഞാനങ്ങളിൽനിന്നും ലഭിക്കുന്ന വ്യാഖ്യാനം സ്വീകരിക്കുവാൻ പണ്ഡിതന്മാർക്ക് അവകാശമുണ്ട്. എന്നാലവ മുൻഗാമികൾ സ്വീകരിച്ചതിന് വിശുദ്ധമാകരുത്.
- മറ്റെല്ലാ പ്രസ്താവനകളെക്കാളും നബിﷺയുടെ സുന്നത്തിനാണ് വില കൽപിക്കേണ്ടത്. രണ്ടാമതായി സ്വഹാബികളുടെ പ്രസ്താവനകൾക്കും.
- അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയാവതല്ലാത്ത കാര്യങ്ങളിൽ ക്വുർആന്റെ പ്രസ്താവനകളിൽ നിന്ന് നേർക്കുനേരെ സ്പഷ്ടമായി മനസ്സിലാക്കുന്നതിനപ്പുറം കടന്നു വ്യാഖ്യാനിച്ചു കൂടാത്തതാണ്.
- നബിﷺമുഖേന മാത്രം അറിയാവുന്ന കാര്യങ്ങളിൽ നബി ﷺയിൽ നിന്ന് ലഭിച്ച വ്യാഖ്യാനം മാത്രമേ സ്വീകരിക്കാവൂ. ബാക്കിയുള്ള വിഷയങ്ങളിൽ മാത്രമാണ് മേൽ ചൂണ്ടിക്കാട്ടിയ തത്വങ്ങൾ സ്വീകരിക്കേണ്ടത്.
- ഈ അടിസ്ഥാനത്തിൽ അല്ലാത്ത വ്യാഖ്യാനങ്ങൾ സ്വന്തം അഭിപ്രായത്തിനൊത്ത വ്യാഖ്യാനത്തിൽ ഉൾപ്പെടുന്നു.
ഇസ്‌ലാമിക വിശ്വാസത്തിനും മുജാഹിദ് പ്രസ്ഥാനത്തിെൻറ ആദർശ പാരമ്പര്യത്തിനും നിരക്കാത്ത ആശയങ്ങൾ തട്ടിക്കൂട്ടി വർഷങ്ങളായി വ്യതിയാനത്തിലൂടെ സഞ്ചരിക്കുന്ന മർക്കസുദ്ദഅ്‌വ വിഭാഗം ഈ തഫ്‌സീറിന് ഖണ്ഡനം എഴുതി പുതിയ രണ്ട് വ്യാഖ്യാനങ്ങൾ ഇറക്കിയിരിക്കുന്നു. അബ്ദുൽ ഹമീദ് മദീനി എഴുതിയതും 2022 നവംബറിൽ അവരുടെ ജംഇയ്യത്തുൽ ഉലമ ‘ഫത്ഹുൽ അസീസ് ഫീ തഫ്‌സീരിൽ ഖുർആനിൽ മജീദ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ചതാണ് ഒന്ന്.
‘വിശുദ്ധ ഖുർആൻ ആശയ വിവർത്തനം’ എന്ന പേരിട്ട് 2024 ജനുവരിയിൽ പുറത്തിറക്കിയതാണ് രണ്ടാമത്തെത്. അവർക്ക് ഏറെ അലോസരമുണ്ടാക്കിയ സിഹ്‌റ്, കണ്ണേറ് എന്നീ വിഷയങ്ങൾ സംബന്ധിച്ച ആയത്തുകളുടെ അർഥവും വിശദീകരണവും മാറ്റി ഹദീസ് നിഷേധത്തിന് പുറമെ ക്വുർആൻ നിഷേധം തന്നെ നടത്തിയിരിക്കുകയാണിവർ! യഥാർഥ മുജാഹിദുകളുടെ വിചാരണക്ക് മുമ്പിൽ വീർപ്പുമുട്ടിയ ഇക്കൂട്ടർക്ക് ഇത്തരമൊരു പണി തലവേദനയായി തീർന്നിട്ടുമുണ്ട്. അവർ അവകാശപ്പെടുന്നത് കാണുക:
‘പദാനുപദ വിവർത്തന രീതി വിട്ട് ഖുർആൻ മുന്നോട്ടു വെക്കുന്ന ആശയം ചോർന്നു പോകാതെ വിവർത്തനം ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്’’ (പേജ് 16).
സൂറത്തുൽ ബക്വറയിലെ 102ാം വചനത്തിന് അമാനി മൗലവിയുടെ തഫ്‌സീറിൽ നിന്നുള്ള അർഥം വായിക്കാം: “സുലൈമാന്റെ രാജവാഴ്ചയെപ്പറ്റി പിശാചുക്കൾ ഓതി(പ്രചരിപ്പിച്ചു) വന്നിരുന്നതിനെ അവർ പിൻപറ്റുകയും ചെയ്തു. സുലൈമാൻ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും മനുഷ്യർക്ക് സിഹ്ർ (ആഭിചാരം) പഠിപ്പിച്ചുകൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്. ബാബിലിൽ (ബാബിലോണിൽ) ഹാറൂത്തും മാറൂത്തുമെന്ന രണ്ടു മലക്കുകൾക്ക് ഇറക്കപ്പെട്ടതും (അവർ പിൻപറ്റി). (അവരാകട്ടെ) ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ്, അതിനാൽ നീ അവിശ്വസിച്ചു പോകരുത് എന്ന് പറയാതെ ഒരാൾക്കും അവർ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല. എന്നാൽ മനുഷ്യന്റെയും അവന്റെ ഇണയുടെയും ഇടയിൽ ഭിന്നിപ്പിക്കുന്ന കാര്യം അവർ ആ രണ്ടാളിൽനിന്നും പഠിച്ചിരുന്നു. (വാസ്തവത്തിൽ) അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ഒരാൾക്കും തന്നെ അതുകൊണ്ട് അവർ ഉപദ്രവം വരുത്തുന്നവരല്ലതാനും. അവർക്ക് ഉപദ്രവം വരുത്തുകയും അവർക്ക് ഉപകാരം ചെയ്യാതിരിക്കുകയും ചെയ്യും. തീർച്ചയായും അവർ അറിഞ്ഞിട്ടുണ്ട്; അതിനെ ആർ വാങ്ങിയോ അവന് പരലോകത്തിൽ യാതൊരു ഓഹരിയും ഇല്ലെന്ന.് യാതൊന്നിന് (പകരം) അവർ തങ്ങളുടെ സ്വന്തങ്ങളെ വിറ്റു(കളഞ്ഞു)വോ അത് വളരെ ചീത്ത തന്നെ! അവർ അറിഞ്ഞിരുന്നുവെങ്കിൽ (നന്നായേനെ)!’’
പ്രമുഖ ക്വുർആൻ വ്യാഖ്യാതാക്കൾ അംഗീകരിച്ച ഈ ആശയം ഇവർക്ക് പിടിക്കാത്തതിനാൽ വേണ്ടിടത്തെല്ലാം പലനിലക്കും തിരുത്തി. ‘പിശാചുക്കൾ എന്നിടത്ത് ‘യഹൂദ നേതാക്കളായ പിശാചുക്കൾ പ്രചരിപ്പിക്കുന്നത്’ എന്നും മലക്കുകൾക്ക് ഇറക്കപ്പെട്ടത് എന്നതിനെ ‘രണ്ടു മലക്കുകൾക്ക് ആഭിചാരം ഇറക്കപ്പെട്ടിട്ടില്ല’ എന്നും മനുഷ്യനും ഇണക്കുമിടയിൽ ഭിന്നിപ്പിക്കുന്ന കാര്യം എന്നത് ‘ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ ഭിന്നിപ്പിക്കുന്നത് അവർ പഠിക്കുകുയോ ചെയ്തിട്ടുമില്ല’ എന്നൊക്കെയാക്കി ഇവർ മാറ്റി. (പേജ്/38,39).
അമാനി മൗലവിയുടെ വിവരണത്തിൽനിന്നും ഇവർ നിർമിച്ച ആശയത്തിലേക്ക് വഴിതെറ്റിച്ച് കൊണ്ടു പോകുന്നത് കാണുക:
“കാര്യകാരണബന്ധങ്ങൾക്ക പ്പുറത്ത് ഉപദ്രമോ ഉപകാരമോ ചെയ്യാൻ കഴിയുക അല്ലാഹുവിനു മാത്രമാണ് എന്ന ഖുർആനിന്റെ അടിസ്ഥാന ആദർശത്തോട് യോജിക്കുന്നതും ആ അർഥകൽപനയാണ്. സന്ദർഭത്തിന്റെ താൽപര്യവും അതു തന്നെ’’ (പേജ് 39).
“അതിനാൽ മാരണത്തിന് യാഥാർത്ഥ്യമോ പ്രതിഫലനമോ ഉണ്ടാകുമെന്ന് കരുതുന്നത് ശിർക്കിന് പ്രതിഫലനമുണ്ടാകുമെന്ന് കരുതുന്നതു പോലെ തന്നെയാണ്’’ (പേജ് 40).
“വമാഹും ബിളാർരീന ബിഹി എന്നു പറഞ്ഞതിലൂടെ സിഹ്‌റ് മുഖാന്തിരം യാതൊരു ഫലസിദ്ധിയും ഉണ്ടാവുകയില്ല എന്ന് അല്ലാഹു തീർത്തു പറഞ്ഞിരിക്കുന്നു’’ (പേജ് 41).
“മാരണമെന്ന വൻപാപം പഠിപ്പിക്കാൻ മലക്കുകളെ ഇറക്കി എന്ന് പറയുന്നത് അല്ലാഹുവിന്റെയും മലക്കുകളുടെയും പരിശുദ്ധിക്ക് ചേർന്നതല്ല’’ (പേജ് 40).
“മലക്കുകളെ പരീക്ഷണമായി ബാബിലോണിൽ ഇറക്കി എന്നത് യാതൊരു പ്രാമാണികതയുമില്ലാത്ത കെട്ടുകഥയാണ്’’ (പേജ് 40).
നോക്കൂ, എത്ര വലിയ കള്ളത്തരങ്ങളും കബളിപ്പിക്കലുമാണിതെല്ലാം! മുൻകാല ഇമാമുമാരുടെ വിവരണങ്ങൾ പരതി ദീർഘമായി മൗലവി നൽകിയ വ്യാഖ്യാനം വായിച്ചവർക്ക് ഈ തട്ടിപ്പ് പെട്ടെന്ന് തിരിച്ചറിയാനാകും.
സിഹ്‌റിന്റെ യാഥാർഥ്യത്തെ നിഷേധിക്കാൻ ഈ ആയത്തിന്റെ തഫ്‌സീറിൽ വളരെയധികം പ്രയാസപ്പെടുന്ന മദീനി സിഹ്‌റിനെപ്പറ്റി പരാമർശമുള്ള മൂന്ന് ആയത്തുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുംവിധം എഴുതിയത് കാണുക: ‘പ്രസ്തുത മൂന്ന് സൂക്തങ്ങളിൽ നിന്ന് സിഹ്‌റിന്ന് യാഥാർത്ഥ്യമില്ലെന്നും അത് കേവലം തോന്നലും കൺകെട്ടും ചതിയുമാണെന്നും ഏതൊരാൾക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്’’ (പേജ് 129).
മുജാഹിദ് പ്രസ്ഥാനത്തിന്റെ പണ്ഡിതരെയും ആദർശ പാരമ്പര്യത്തെയും പ്രതിക്കൂട്ടിലാക്കുന്ന പണിയാണിവർ നടത്തിയിട്ടുള്ളത്. മഹാനായ കെ.എം മൗലവി(റഹി) വരെ ഈ വചനം തെളിവാക്കി സിഹ്‌റിന് ഫലമുണ്ടെന്ന് മറുപടി നൽകിയ ഫത്‌വ നമുക്കൊന്ന് വായിക്കാം: നാലാം ചോദ്യത്തിന്റെ ഉത്തരം: “ഭാര്യാഭർത്താക്കന്മാരെ തമ്മിൽ ഭിന്നിപ്പിച്ച് അന്യോന്യം വിരോധികളാക്കിത്തീർക്കുക എന്നത് സിഹ്‌റിന്റെ (ആഭിചാരത്തിന്റെ) ഫലത്തിൽ പെട്ടതാകുന്നു. ക്വുർആനിൽ അല്ലാഹു പറയുന്നത് കാണുക...’’ (കെ എം മൗലവി ഫത്‌വകൾ/പേജ് 19).
ഇത് രേഖപ്പെടുത്തിയ പുസ്തകം വിറ്റ് കാശുണ്ടാക്കുന്നവർക്ക് വരുമാനം മുഖ്യമായേക്കാം. എന്നാൽ യഥാർഥ മുജാഹിദുകൾക്ക് പ്രധാനം ആദർശമാണ്.
സൂറത്തുൽ ഫലക്വിലെ ‘കെട്ടുകളിൽ (മന്ത്രിച്ചു) ഊതുന്നവരുടെ കെടുതിയിൽ നിന്നും അസൂയക്കാരൻ അസൂയപ്പെടുമ്പോൾ അവന്റെ കെടുതിയിൽ നിന്നും (ശരണം തേടുന്നു)’ എന്നീ വചനങ്ങളുടെ വിവരണത്തിൽ അമാനി മൗലവി (റഹി) പഠിപ്പിച്ചത് വായിക്കാം:
“നൂലിലോ കയറിന്റെ കഷ്ണത്തിലോ കെട്ടുകളുണ്ടാക്കി അതിൽ ഊതലും അത്തരക്കാർ ചെയ്യുന്നു. അതുകൊണ്ടാണ് മിക്ക മുഫസ്സിറുകളും-മുൻഗാമികൾ വിശേഷിച്ചും-അങ്ങനെ വിവക്ഷ നൽകുവാൻ കാരണം. മന്ത്രക്കാരും സിഹ്‌റുകാരും വരുത്തിത്തീർക്കുന്ന വിനകൾ ഭയങ്കരവും ദുർഗ്രാഹ്യവുമായിരിക്കുന്ന തുകൊണ്ടാണ് അല്ലാഹു അതു പ്രത്യേകം എടുത്തു പറഞ്ഞത്.’’
“സിഹ്‌റിനു യാഥാർഥ്യമില്ല, ഗുണമായോ ദോഷമായോ ഉള്ള എന്തെങ്കിലും ഫലമുണ്ടാകുന്ന തരത്തിൽ ഒരു സിഹ്‌റുമില്ല, കേവലം മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടിവിദ്യകൾക്കു മാത്രമുള്ള പേരാണ് സിഹ്ർ എന്നിങ്ങനെ ചില അഭിപ്രായങ്ങൾ മുമ്പും ഇപ്പോഴുമുണ്ട്. മുഅ്തസില വിഭാഗക്കാരിൽ നിന്നാണ് ഇതിന്റെ ഉൽഭവം. വിശദാംശങ്ങളിൽ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും മൊത്തത്തിൽ ഈ അഭിപ്രായം ഖുർആനും നബിവചനങ്ങൾക്കും എതിരാകുന്നു.’’
“വിശ്വാസ വ്യതിയാനത്തിൽ ഉറച്ച് പോയ ഇവർ ഈ നിലപാടിനും മറുപടി എഴുതിയത് കാണുക: ‘ഈ വചനത്തിലും തുടർന്നുള്ള വചനത്തിലും യഥാക്രമം ആഭിചാര ക്രിയകൾ ചെയ്യുന്നവന്റെയും അസൂയാലുവിന്റെയും ദ്രോ
ഹത്തിൽ നിന്ന് അല്ലാഹുവിൽ രക്ഷ തേടാൻ പഠിപ്പിക്കുന്നു. മാരണക്രിയകളാൽ ഒരാളെയും ഉപദ്രവിക്കാനാവില്ലെന്ന് ഖുർആൻ ഖണ്ഡിതമായി പറഞ്ഞിരിക്കെ മാരണക്കാരൻ ജനങ്ങളിൽ ഭയം ജനിപ്പിക്കാനും തന്റെ ക്ഷുദ്രകർമങ്ങൾക്ക് ഫലമുണ്ടെന്ന് വരുത്തിത്തീർക്കാനും പലവിധ മാനുഷിക ഉപദ്രവങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും അങ്ങനെ ബന്ധങ്ങൾ താറുമാറാക്കുകയും ചെയ്‌തേക്കുമെന്നതിനാൽ വിശ്വാസികൾ അത്തരക്കാരുടെ ദ്രോഹത്തിൽനിന്ന് വിധാതാവായ അല്ലാഹുവിനോട് സദാ രക്ഷ തേടേണ്ടതുണ്ട്’’ (പേജ് 908).
ക്വുർആൻ വ്യക്തമായും തുറന്നും പറഞ്ഞ ഈ വിഷയത്തെ ഇങ്ങനെയൊക്കെ തള്ളുന്നത് എത്ര ഗുരുതരമായ തെറ്റാണ്. ജൂതന്മാരുടെ ഇത്തരം സ്വഭാവം കടമെടുത്ത് അതെല്ലാം പ്രമാണമാണെന്ന് പറയുമ്പോൾ ക്വുർആനിന്റെ പേരിലാണല്ലോ ഈ കളവെല്ലാം എഴുതി വിടുന്നത്! അല്ലാഹു നൽകിയ താക്കീത് നോക്കൂ: “നാം വേദഗ്രന്ഥം നൽകിയിട്ടുള്ളവർ സ്വന്തം മക്കളെ അറിയുന്നത് പോലെ അത് അറിയുന്നുണ്ട്. സ്വദേഹങ്ങളെ നഷ്ടത്തിലാക്കിയവരത്രെ അവർ. അതിനാൽ അവർ വിശ്വസിക്കുകയില്ല. അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങൾ തള്ളിക്കളയുകയോ ചെയ്തവനെക്കാൾ കടുത്ത അക്രമി ആരുണ്ട്? അക്രമികൾ വിജയം വരിക്കുകയില്ല; തീർച്ച’’ (6:20,21).
അല്ലാഹു ക്വുർആനിലൂടെ അറിയിച്ച മറ്റൊരു കാര്യമാണ് ‘നസ്ഖ്’ അഥവാ ഒരു വിധിയെ ദുർബലപ്പെ ടുത്തുക എന്നത്. അല്ലാഹു പറയുന്നു: “വല്ല ‘ആയത്തും’ നാം ദുർബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുക യോ ചെയ്യുകയാണെങ്കിൽ പകരം അതിനെക്കാൾ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവ രുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിന്നും കഴിവുള്ളവനാണെന്ന്?’’(2:106).
മറ്റൊരു ആയത്ത് കൂടി കാണുക: “ഒരു വേദവാക്യത്തിന്റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാൽ-അല്ലാഹുവാകട്ടെ താൻ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ് താനും-അവർ പറയും; നീ കെട്ടിച്ചമച്ചു പറയുന്നവൻ മാത്രമാകുന്നു എന്ന്. അല്ല, അവരിൽ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല’’ (16:101).
മതവിധികൾ എളുപ്പമാക്കിത്തരുക എന്ന ലക്ഷ്യത്തിൽ അല്ലാഹു നിശ്ചയിച്ചതും ക്വുർആൻ സ്ഥിരപ്പെടുത്തിയതുമായ ഈ കാര്യത്തെ ചോദ്യം ചെയ്യാതെ തന്നെ അഹ്‌ലുസ്സുന്നത്തി വൽജമാഅ സ്വീകരിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളും ഈ വിഷയത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്. നിഷേധവും ദേഹേച്ഛയും നിമിത്തം ജൂതന്മാർ ഈ കാര്യത്തെ അവഗണിച്ചിട്ടുമുണ്ട്.
നസ്ഖിനെ സംബന്ധിച്ചുള്ള അമാനി മൗലവിയുടെ നിലപാട് വായിക്കാം: “ഇത്രയും പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇതാണ്: ഖുർആനിൽ തീരെ നസ്ഖ് ഇല്ലെന്നു പറയുന്നത് ശരിയല്ല. വിശദീകരണത്തിലും ഉദാഹരണത്തിലും അഭിപ്രായ വ്യത്യാസമുണ്ടാകുമെങ്കിലും ഖുർആനിൽ നസ്ഖ് ഉണ്ടെന്നുള്ളത് തർക്കമറ്റതാകുന്നു’’ (വാള്യം 1/പേജ് 77).
ജൂതന്മാർ ഇതിനെ എതിർത്ത രീതിയെ കുറിച്ചും അദ്ദേഹം പറയുന്നു: “ഖുർആനിൽ പോലും നസ്ഖ് ഉള്ളതായി കാണുന്നു. ഇതെല്ലാം എങ്ങിനെ സംഭവിക്കുന്നു? അല്ലാഹു ഒരിക്കൽ അവതരിപ്പിച്ചത് പിന്നീട് അവൻ തന്നെ മാറ്റുകയോ? ആദ്യത്തെ വിധിയിൽ അവനു അബദ്ധം പിണഞ്ഞതുകൊണ്ടാണോ അത്? എന്നൊക്കെയായിരുന്നു അവരുടെ ആക്ഷേപത്തിന്റെ സ്വഭാവം’’ (വാള്യം 1/ പേജ് 226).
ഖണ്ഡിതമായി ക്വുർആൻ പറഞ്ഞ ഈ കാര്യത്തിന്റെ യഥാർഥ പൊരുൾ മനസ്സിലാക്കാതെ മർക്കസുദ്ദഅ്‌വക്കാർ ഇതും തള്ളുന്നത് കാണുക:
“നസ്ഖ് ചെയ്യേണ്ടി വരുന്നത് രണ്ട് ആയത്തുകൾ തമ്മിൽ വൈരുദ്ധ്യമാവുകയും ആ വൈരുദ്ധ്യം തീർക്കാൻ ഒരു മാർഗവുമില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യുന്ന അവസരത്തിലാണ്. അങ്ങനെ വരുമ്പോൾ അവസാനം വന്ന ആയത്ത് ആദ്യം വന്ന ആയത്തിനെ ദുർബലപ്പെടുത്തുന്നു. ഇത്തരത്തിലുള്ള നസ്ഖ് പരിശുദ്ധ ഖുർആനിൽ ഒരിക്കലും ഉണ്ടാവാൻ പാടില്ല. അങ്ങനെ വൈരുദ്ധ്യം ഉണ്ടാകുന്നത് പരിശുദ്ധ ഖുർആന്റെ അമാനുഷികതയെ ചോദ്യം ചെയ്യലാണ്’’ (ഫത്ഹുൽ അസീസ്/പേജ് 20).
“ഖുർആനിൽ നസ്ഖ് ഉണ്ടെന്ന് പറയുന്നവർ ഉദ്ധരിക്കുന്ന വചനങ്ങൾ നാം വേണ്ട വിധത്തിൽ പഠന വിധേയമാക്കിയാൽ അതിൽ വൈരുദ്ധ്യമില്ലെന്നും ഖുർആൻ വചനങ്ങൾ ഒന്നും മൻസൂഖ് അഥവാ ദുർബലപ്പെട്ടതല്ലെന്നും ബോധ്യപ്പെടുന്നതാണ്’’ (പേജ് 20).
“ഖുർആനിൽ മൻസൂഖ് (ദുർബലപ്പെടുത്തപ്പെട്ട വചനങ്ങൾ) ഇല്ല. അങ്ങനെ ഉണ്ടാവണമെങ്കിൽ ഇന്ന വചനം കൊണ്ട് ഇന്ന വചനത്തെ ദുർബലപ്പെടുത്തി എന്ന് അല്ലാഹുവോ റസൂൽﷺയോ പറയണം. അതൊരിക്കലും ഉണ്ടായിട്ടില്ല. അതിനാൽ ഖുർആനും സുന്നത്തും നേർക്കുനേരെ അംഗീകരിക്കാത്ത ഒരു കാര്യം സ്ഥാപിച്ചെടുക്കാൻ നാം സാഹസപ്പെടേണ്ടതില്ല’’ (പേജ് 142).
“ഇങ്ങനെ മൻസൂഖാണെന്ന് പറയുന്ന ഓരോ ആയത്തുകൾ എടുത്ത് പരിശോധിച്ചാൽ അതെല്ലാം എന്നും നിലനിൽക്കേണ്ട നിയമങ്ങളാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. പലരും മൻസൂഖാണെന്ന് പറയുന്ന ആയത്തുകൾ പരിശോധിച്ച് വിശകലനം ചെയ്താൽ അതൊന്നും മൻസൂഖല്ലെന്ന് ബോധ്യപ്പെടും’’(പേജ്,146)
കളവിലൂടെ കാര്യം സ്ഥാപിക്കേണ്ട ദുരവസ്ഥയിലാണല്ലോ ഇവർ അകപ്പെട്ടിരിക്കുന്നത്! നസ്ഖ് നിഷേധത്തിനായി ദുർവ്യാഖ്യാനിച്ച ആയത്ത് ഇക്കാലംവരെയും ആരും കണ്ടില്ലേ? ക്വുർആൻ തുറന്ന് പറഞ്ഞ ഒന്നിനെ നിരാകരിക്കാൻ ഇവർക്കെങ്ങനെ കഴിയുന്നു! പ്രമാണ നിരാകരണത്തിന് തല വെച്ചുകൊടുത്താൽ ഇത്തരം ഭീമാബന്ധങ്ങൾ പ്രചരിപ്പിക്കേണ്ടി വരികയും അവസാനം അടിസ്ഥാന തെളിവുകളിൽനിന്ന് തെറിച്ച് പോകേണ്ട അവസ്ഥയിലെത്തുകയും ചെയ്യും.
ഇതെല്ലാം വിശ്വാസ വിഷയങ്ങളായതിനാൽ, കേവല അഭിപ്രായ പ്രകടനമാണ് അല്ലെങ്കിൽ വീക്ഷണ വ്യത്യാസമാണ് എന്നെല്ലാം പറഞ്ഞ് ഒഴിവാക്കാവതല്ല. ഒരു സംഘടനയുടെ ഔദ്യോഗിക നിലപാടായി ഇതെല്ലാം പുറപ്പെടുവിക്കുമ്പോൾ അതിന്റെ ലക്ഷ്യം അത്ര നല്ലതല്ലെന്ന് വ്യക്തമാകാൻ അതിബുദ്ധിയൊന്നും വേണ്ട.
പൂർവികരുടെ പ്രാമാണിക നിലപാടുകളിൽനിന്ന് ശ്രദ്ധ തിരിപ്പിക്കുന്ന ഇത്തരം ശ്രമങ്ങൾ പാഴ്വേലകൾ മാത്രമാണ്. അല്ലാഹു പറയുന്നു: “അവൻ (അല്ലാഹു) ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോൾ ആ ഒഴുക്ക് പൊങ്ങി നിൽക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാൻ ആഗ്രഹിച്ചുകൊണ്ട് അവർ തീയിലിട്ടു കത്തിക്കുന്ന ലോഹത്തിൽനിന്നും അത് പോലുള്ള നുരയുണ്ടാകുന്നു. അതുപോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാൽ ആ നുര ചവറായി പോകുന്നു. മനുഷ്യർക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയിൽ തങ്ങിനിൽക്കുന്നു. അപ്രകാരം അല്ലാഹു ഉപമകൾ വിവരിക്കുന്നു’’ (13:17).

